വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

'ടെലികമ്മ്യൂണിക്കേഷൻസ് (ഡിജിറ്റൽ ഭാരത് നിധിയുടെ ഭരണം) ചട്ടങ്ങൾ, 2024', ടെലി-കമ്മ്യൂണിക്കേഷൻസ് വകുപ്പ് വിജ്ഞാപനം ചെയ്തു

Posted On: 02 SEP 2024 9:29AM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: സെപ്റ്റംബർ 2, 2024

ടെലികമ്മ്യൂണിക്കേഷൻസ് നിയമം, 2023 (44 ഓഫ് 2023)ന് കീഴിലെ ആദ്യ സെറ്റ് ചട്ടങ്ങൾ - ‘ടെലികമ്മ്യൂണിക്കേഷൻസ് (ഡിജിറ്റൽ ഭാരത് നിധിയുടെ ഭരണം) ചട്ടങ്ങൾ 2024’, കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇന്ത്യ ഗസറ്റിൽ (ജി.എസ്.ആർ. 530 ഇ) 2024 ഓഗസ്റ്റ് 20-ന് പ്രസിദ്ധീകരിച്ചു. ഇതേ കരട് നിയമങ്ങൾ 30 ദിവസത്തെ പൊതു നിർദ്ദേശങ്ങൾക്കായി 2024 ജൂലൈ 4-ന് പ്രസിദ്ധീകരിച്ചിരുന്നു.

1885 ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമ പ്രകാരം സൃഷ്‌ടിച്ച യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട്, ഇപ്പോൾ 2024 ലെ ടെലികമ്മ്യൂണിക്കേൻ നിയമത്തിലെ വകുപ്പ് 24(1) പ്രകാരം ഡിജിറ്റൽ ഭാരത് നിധി എന്ന് പുനർനാമകരണം ചെയ്‌തു.

ടെലികോം സേവനങ്ങളുടെ ലഭ്യത എല്ലാവർക്കും തുല്യമായി ഉറപ്പാക്കാനും 2047-ൽ വികസിത ഭാരതം എന്ന ഇന്ത്യയുടെ ദൗത്യം ശക്തിപ്പെടുത്താനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ പുതിയ ചട്ടങ്ങളെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ എക്സ് പോസ്റ്റിൽ കുറിച്ചു .

ഡിജിറ്റൽ ഭാരത് നിധിയുടെ നിർവഹണ-ഭരണസംവിധാനങ്ങളിൽ മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്തമുള്ള അധികാരിയുടെ പ്രവർത്തനങ്ങളും അധികാരങ്ങളും സംബന്ധിച്ച് ഈ ചട്ടങ്ങൾ പ്രതിപാദിക്കുന്നു.

ടെലികോം സേവനങ്ങൾ കുറവായ പ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും ടെലികോം സേവനങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതികൾക്കും, സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ തുടങ്ങിയവർക്ക് വേണ്ടിയുള്ള ടെലികോം പദ്ധതികൾക്കും ആണ് ഡിജിറ്റൽ ഭാരത് നിധിയിൽ നിന്ന് ഫണ്ട് വിനിയോഗിക്കേണ്ടത് എന്ന് ഈ ചട്ടങ്ങൾ അനുശാസിക്കുന്നു.

ഒരു ടെലികമ്മ്യൂണിക്കേഷൻ ശൃംഖല സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും അല്ലെങ്കിൽ വിപുലീകരിക്കുന്നതിനുമായി ഡിജിറ്റൽ ഭാരത് നിധിയിൽ നിന്ന് ധനസഹായം സ്വീകരിക്കുന്ന, ഇതുമായി ബന്ധപ്പെട്ട ഏതൊരു നിർവഹകനും, അത്തരം ടെലികമ്മ്യൂണിക്കേഷൻ ശൃംഖല /സേവനങ്ങൾ തുറന്നതും വിവേചനരഹിതവുമായ അടിസ്ഥാനത്തിൽ എല്ലാവർക്കും പങ്കിടുകയും ലഭ്യമാക്കുകയും ചെയ്യണമെന്നും ചട്ടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

***************************************



(Release ID: 2050818) Visitor Counter : 21