സാംസ്‌കാരിക മന്ത്രാലയം

46-ാമത് ലോക പൈതൃക സമിതി യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചു.

Posted On: 31 JUL 2024 3:58PM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: ജൂലൈ 31, 2024  

ലോക പൈതൃക സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യ മുൻപ് തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതായി, പൈതൃക സംരക്ഷണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. 46-ാമത് ലോക പൈതൃക സമിതി യോഗത്തിൻ്റെ വിജയകരമായ സമാപനത്തോടനുബന്ധിച്ച് ഇന്ന് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ജൂലൈ 21 മുതൽ 31 വരെ ലോക പൈതൃക സമിതിയുടെ 46-ാമത് യോഗത്തിന്, അഭിമാനത്തോടെ ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ചു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച ഈ സുപ്രധാന പരിപാടി 1977-ൽ ആരംഭിച്ച ലോക പൈതൃക സമ്മേളനവുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധത്തിൽ ഒരു നാഴികക്കല്ല് സൃഷ്ടിച്ചു.

2024 ജൂലൈ 21 ന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ 46-ാമത് ലോക പൈതൃക സമിതി യോഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ, "വികാസ് ഭി, വിരാസത് ഭി" എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി പ്രധാനമന്ത്രി മോദി, യുനെസ്കോ ലോക പൈതൃക കേന്ദ്രത്തിന് ഒരു ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ചു. ഈ സംഭാവന ശേഷി വർദ്ധിപ്പിക്കൽ, സാങ്കേതിക സഹായം, സംരക്ഷണ ശ്രമങ്ങൾ എന്നിവയ്ക്ക്, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക്, പിന്തുണ നൽകും.

24 പുതിയ ലോക പൈതൃക കേന്ദ്രങ്ങളുടെ അംഗീകാരത്തിന് ഡബ്ലിയു എച്ച് സി യുടെ 46-ാമത് സമ്മേളനം സാക്ഷ്യം വഹിച്ചതായി, ഈ യോഗത്തെ കുറിച്ചു മാധ്യമങ്ങളോട് വിശദീകരിച്ച മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. ഇതിൽ സാംസ്കാരിക രംഗത്തെ 19 കേന്ദ്രങ്ങളും പ്രകൃതിദത്തമായ 4 കേന്ദ്രങ്ങളും ഒരു സമ്മിശ്ര കേന്ദ്രവും ഉൾപ്പെടുന്നു. അസമിൽ നിന്നുള്ള മൊയ്‌ദംസ് ഇന്ത്യയുടെ 43-ാമത് ലോക പൈതൃക കേന്ദ്രമായി മാറി. ഈ അംഗീകാരം ലഭിക്കുന്ന അസമിൽ നിന്നുള്ള ആദ്യത്തെ സാംസ്‌കാരിക കേന്ദ്രം എന്ന നിലയിൽ ഇത് ഒരു സുപ്രധാന നേട്ടമാണ്.

സാംസ്‌കാരിക സ്വത്തുക്കളുടെ അനധികൃത വ്യാപാരത്തെ ചെറുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പിച്ചുകൊണ്ട് ഇന്ത്യയും യു.എസ്.എയും തമ്മിൽ സാംസ്‌കാരിക സ്വത്തവകാശ ഉടമ്പടി ഒപ്പുവെച്ചതായി കേന്ദ്ര സാംസ്‌കാരിക മന്ത്രി വ്യക്തമാക്കി. കൂടാതെ, ശേഷി വർദ്ധിപ്പിക്കുന്നതിനും അമൂല്യ പൈതൃകത്തെക്കുറിച്ചുള്ള ഗവേഷണത്തിനുമായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ), ICCROM-മായി ഒരു കരാറിൽ ഏർപ്പെട്ടു. 46-ാമത് ലോക പൈതൃക സമിതി യോഗത്തിൽ, പൈതൃക സംരക്ഷണത്തിൽ ആഗോള വൈദഗ്ദ്ധ്യത്തിന്റെ സാനിധ്യം വര്ധിപ്പിക്കുന്നതിന്, യംഗ് ഹെറിറ്റേജ് പ്രൊഫഷണൽസ് ഫോറം, സൈറ്റ് മാനേജേഴ്സ് ഫോറം എന്നിവയും പങ്കെടുത്തു. ഈ യോഗത്തിന്റെ ഭാഗമായി മറ്റ് 33 പരിപാടികളും സംഘടിപ്പിക്കപ്പെട്ടു.

സംരക്ഷണം, അന്താരാഷ്ട്ര സഹായം, വിവിധ രാജ്യങ്ങളുമായും സംഘടനകളുമായും ഉഭയകക്ഷി യോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിപുലമായ ചർച്ചകളോടെ ലോക പൈതൃക സമിതി യോഗത്തിൻ്റെ 46-ാമത് സെഷൻ സമാപിച്ചു.

************************



(Release ID: 2040046) Visitor Counter : 23