പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക പൈതൃക സമിതിയുടെ 46-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 21 JUL 2024 9:33PM by PIB Thiruvananthpuram

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, എസ്. ജയശങ്കര്‍ ജി, ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ ജി, മന്ത്രിസഭയിലെ മറ്റ് അംഗങ്ങളായ റാവു ഇന്ദര്‍ജിത് സിംഗ് ജി, സുരേഷ് ഗോപി ജി, ലോക പൈതൃക സമിതി ചെയര്‍മാന്‍ വിശാല്‍ ശര്‍മ്മ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേയും, 

ഇന്ന് ഭാരതം ഗുരുപൂര്‍ണിമയുടെ വിശുദ്ധ ഉത്സവം ആഘോഷിക്കുകയാണ്. അറിവിന്റെയും ആത്മീയതയുടെയും ഈ ഉത്സവത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എല്ലാ രാജ്യവാസികള്‍ക്കും ഞാന്‍ ആദ്യം ആശംസകള്‍ നേരുന്നു. ഇത്തരമൊരു സുപ്രധാന ദിനത്തിലാണ് ലോക പൈതൃക സമിതിയുടെ 46-ാമത് സമ്മേളനം ആരംഭിക്കുന്നത്. ഭാരതത്തില്‍ ആദ്യമായിട്ടാണ് ഈ പരിപാടി നടക്കുന്നത്, സ്വാഭാവികമായും ഇത് ഞാനുള്‍പ്പെടെ എല്ലാ രാജ്യക്കാര്‍ക്കും പ്രത്യേക സന്തോഷം നല്‍കുന്നു. ഈ അവസരത്തില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ എല്ലാ വിശിഷ്ട വ്യക്തിത്വങ്ങളേും അതിഥികളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ചും, യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെയ്ക്ക് ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. എല്ലാ ആഗോള സംഭവങ്ങളെയും പോലെ ഭാരതത്തിലെ ഈ പരിപാടിയും വിജയത്തിന്റെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

വിദേശത്ത് നിന്ന് കൊണ്ടുവന്ന പുരാതന പൈതൃകങ്ങളുടെ പ്രദര്‍ശനം ഞാന്‍ വെറുതെ നോക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഭാരതത്തിന്റെ 350-ലധികം പുരാതന പൈതൃകങ്ങള്‍ ഞങ്ങള്‍ തിരികെ കൊണ്ടുവന്നു. പുരാതന പൈതൃകത്തിന്റെ തിരിച്ചുവരവ് ആഗോള ഉദാരതയും ചരിത്രത്തോടുള്ള ആദരവും കാണിക്കുന്നു. ഇവിടുത്തെ ഇമ്മേഴ്സീവ് എക്സിബിഷനും അതിമനോഹരമായ ഒരു അനുഭവമാണ്. സാങ്കേതികവിദ്യ വികസിക്കുമ്പോള്‍, ഈ മേഖലയില്‍ ഗവേഷണത്തിനും വിനോദസഞ്ചാരത്തിനുമുള്ള അപാരമായ സാധ്യതകളും ഉയര്‍ന്നുവരുന്നു.

സുഹൃത്തുക്കളേ,

ലോക പൈതൃക സമിതിയുടെ പരിപാടി ഭാരതത്തിന് അഭിമാനകരമായ നേട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ 'മൈദം' യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. ഇത് ഭാരതത്തിന്റെ 43-ാമത് ലോക പൈതൃക സ്ഥലവും സാംസ്‌കാരിക ലോക പൈതൃക പദവി ലഭിക്കുന്ന വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പൈതൃകവുമായിരിക്കും. മൈദാം അതിന്റേതായ പ്രത്യേകതകളാല്‍ വളരെ സവിശേഷമാണ്. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷം അതിന്റെ ജനപ്രീതിയും ആഗോള ആകര്‍ഷണവും വര്‍ദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ഇന്നത്തെ ഇവന്റിനായി ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും എത്തിയ വിദഗ്ധര്‍ ഈ ഉച്ചകോടിയുടെ സമ്പന്നതയെ പ്രതിഫലിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളിലൊന്നായ ഭാരതത്തിന്റെ മണ്ണിലാണ് ഈ സംഭവം നടക്കുന്നത്. ലോകത്ത് വിവിധ പൈതൃക കേന്ദ്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഭാരതം വളരെ പുരാതനമാണ്, ഇവിടെ വര്‍ത്തമാനകാലത്തിന്റെ ഓരോ പോയിന്റും മഹത്തായ ഭൂതകാലത്തിന്റെ കഥ പറയുന്നു. ഡല്‍ഹിയുടെ ഉദാഹരണമെടുക്കാം... ഭാരതത്തിന്റെ തലസ്ഥാന നഗരമായിട്ടാണ് ഡല്‍ഹിയെ ലോകം അറിയുന്നത്. പക്ഷേ, ഈ നഗരം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പൈതൃകത്തിന്റെ കേന്ദ്രം കൂടിയാണ്. ഇവിടെ ഓരോ ഘട്ടത്തിലും ചരിത്രപരമായ പൈതൃകം കാണാം. ഇവിടെ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെ നിരവധി ടണ്‍ ഭാരമുള്ള ഇരുമ്പ് തൂണുണ്ട്. 2000 വര്‍ഷമായി തുറസ്സായ സ്ഥലത്ത് നില്‍ക്കുന്നതും ഇപ്പോഴും തുരുമ്പെടുക്കാത്തതുമായ ഒരു തൂണാണിത്. ഭാരതത്തിന്റെ ലോഹശാസ്ത്രം അക്കാലത്ത് എത്രത്തോളം പുരോഗമിച്ചിരുന്നുവെന്ന് ഇത് കാണിക്കുന്നു. ഭാരതത്തിന്റെ പൈതൃകം കേവലം ചരിത്രമല്ലെന്ന് വ്യക്തമാണ്. ഭാരതത്തിന്റെ പൈതൃകം ഒരു ശാസ്ത്രവുമാണ്.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ പൈതൃകം മികച്ച എഞ്ചിനീയറിംഗിന്റെ മഹത്തായ യാത്രയും കാണിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് ഏതാനും നൂറ് കിലോമീറ്റര്‍ അകലെ കേദാര്‍നാഥ് ക്ഷേത്രം 3,500 മീറ്റര്‍ ഉയരത്തിലാണ്. ഇന്നും ആ സ്ഥലം ഭൂമിശാസ്ത്രപരമായി വളരെ വിദൂരമാണ്, ആളുകള്‍ക്ക് കിലോമീറ്ററുകള്‍ നടക്കുകയോ ഹെലികോപ്റ്ററില്‍ പോകുകയോ വേണം. ഇന്നും ഏത് നിര്‍മ്മാണത്തിനും ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണ്... വര്‍ഷത്തില്‍ ഭൂരിഭാഗവും മഞ്ഞ് കാരണം അവിടെ ജോലി ചെയ്യാന്‍ കഴിയില്ല. പക്ഷേ, കേദാര്‍നാഥ് താഴ്വരയിലെ ഇത്രയും വലിയ ക്ഷേത്രം എട്ടാം നൂറ്റാണ്ടിലാണ് പണിതത് എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. കഠിനമായ പരിസ്ഥിതിയും ഹിമപാളികളേയും കണക്കിലെടുത്തു വേണം അതിന്റെ എഞ്ചിനീയറിംഗിനെ വിലയിരുത്താന്‍. മാത്രമല്ല, ക്ഷേത്രത്തില്‍ തേക്കാനായി എന്തെങ്കിലും മിശ്രിതം ഉപയോഗിച്ചിട്ടില്ല. പക്ഷേ, ക്ഷേത്രം ഇന്നും ഉറച്ചുനില്‍ക്കുന്നു. അതുപോലെ, തെക്ക് രാജ ചോളന്‍ പണികഴിപ്പിച്ച ബൃഹദീശ്വര ക്ഷേത്രത്തിന്റെ ഉദാഹരണവുമുണ്ട്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ രൂപരേഖ, തിരശ്ചീനവും ലംബവുമായ അളവുകള്‍, ശില്‍പങ്ങള്‍ ... ക്ഷേത്രത്തിന്റെ ഓരോ ഭാഗവും അതിശയിപ്പിക്കുന്നതാണ്.

സുഹൃത്തുക്കളേ,

എന്റെ സംസ്ഥാനമായ ഗുജറാത്തില്‍ ധോലവീര, ലോഥല്‍ തുടങ്ങിയ സ്ഥലങ്ങളുണ്ട്. ബിസി 3000 മുതല്‍ 1500 വരെയുള്ള ധോളവീരയിലെ നഗരാസൂത്രണം.... ജല മാനേജ്മെന്റ് സംവിധാനവും ക്രമീകരണങ്ങളും... എന്നിവ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വിദഗ്ധരെ വിസ്മയിപ്പിക്കുന്നു. ലോത്തലിലെ കോട്ടയുടെയും താഴത്തെ പട്ടണത്തിന്റെയും ആസൂത്രണം... തെരുവുകളുടെയും അഴുക്കുചാലുകളുടെയും ക്രമീകരണം... ഇത് ആ പുരാതന നാഗരികതയുടെ ആധുനിക തലമാണ് വ്യക്തമാക്കുന്നത്. 

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ ചരിത്രവും നാഗരികതയും സാധാരണ ചരിത്രപരമായ അറിവുകളേക്കാള്‍ വളരെ പുരാതനവും വിപുലവുമാണ്. പുതിയ വസ്തുതകള്‍ വെളിച്ചത്തുവരുമ്പോള്‍... ചരിത്രത്തിന്റെ ശാസ്ത്രീയ പരിശോധന നടക്കുമ്പോള്‍... ഭൂതകാലത്തെ വീക്ഷിക്കുന്നതിനുള്ള പുതിയ കാഴ്ചപ്പാടുകള്‍ നാം വികസിപ്പിക്കേണ്ടതുണ്ട്. ഉത്തര്‍പ്രദേശിലെ സിനൗലിയില്‍ കണ്ടെത്തിയ തെളിവുകളെക്കുറിച്ച് ഇവിടെയുള്ള ലോക വിദഗ്ധര്‍ അറിഞ്ഞിരിക്കണം. സിനൗലിയുടെ കണ്ടെത്തലുകള്‍ ചെമ്പ് യുഗത്തിലേതാണ്. പക്ഷേ, അവ സിന്ധുനദീതട സംസ്‌കാരത്തേക്കാള്‍ വൈദിക നാഗരികതയുമായി പൊരുത്തപ്പെടുന്നു. 2018-ല്‍ 4,000 വര്‍ഷം പഴക്കമുള്ള ഒരു രഥം അവിടെ കണ്ടെത്തി, അത് കുതിര ഓടിച്ചതാണ്. ഈ ഗവേഷണങ്ങള്‍, ഈ പുതിയ വസ്തുതകള്‍ പറയുന്നത് ഭാരതത്തെ മനസ്സിലാക്കാന്‍ മുന്‍വിധികളില്‍ നിന്ന് മുക്തമായ ഒരു പുതിയ ചിന്ത ആവശ്യമാണെന്ന്. പുതിയ വസ്തുതകളുടെ വെളിച്ചത്തില്‍ ചരിത്രത്തെക്കുറിച്ചുള്ള ഈ പുതിയ ധാരണയുടെ ഭാഗമാകാനും അത് മുന്നോട്ട് കൊണ്ടുപോകാനും ഞാന്‍ നിങ്ങളെ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

പൈതൃകം എന്നത് കേവലം ചരിത്രമല്ല, മറിച്ച് മാനവികതയുടെ ഒരു പങ്കുവയ്ക്കപ്പെട്ട അവബോധമാണ്. ലോകത്ത് എവിടെയെങ്കിലും പൈതൃകത്തിന്റെ അവശേഷിപ്പ് കാണുമ്പോള്‍, നിലവിലെ ഭൗമ-രാഷ്ട്രീയ ഘടകങ്ങളെക്കാള്‍ നമ്മുടെ മനസ്സ് ഒരു പടി മുകളിലാകും. പൈതൃകത്തിന്റെ ഈ സാധ്യതകള്‍ ലോകത്തിന്റെ പുരോഗതിക്കായി നാം ഉപയോഗിക്കണം. നമ്മുടെ പൈതൃകത്തിലൂടെ ഹൃദയങ്ങളെ ബന്ധിപ്പിക്കണം. ഇന്ന്, 46-ാമത് വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി മീറ്റിംഗിലൂടെ, ഭാരതം മുഴുവന്‍ ലോകത്തോടും ആഹ്വാനം ചെയ്യുന്നു... പരസ്പരം പൈതൃകം മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിക്കാം... മനുഷ്യ ക്ഷേമത്തിന്റെ ചൈതന്യം വികസിപ്പിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ചേരാം! നമ്മുടെ പൈതൃകം സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നമുക്കെല്ലാവര്‍ക്കും ഒന്നിക്കാം.

സുഹൃത്തുക്കളേ,

വികസനത്തിനായുള്ള ഓട്ടത്തിനിടയില്‍ പൈതൃകത്തെ അവഗണിച്ച ഒരു കാലമാണ് ലോകം കണ്ടത്. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ നാം കൂടുതല്‍ ബോധവാന്മാരാണ്. ഭാരതത്തിന്റെ കാഴ്ചപ്പാട് ഇതാണ് - 'വികാസ് ഭി, വിരാസത് ഭി' (വികസനവും അതുപോലെ പൈതൃകവും)! കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഭാരതം ആധുനിക വികസനത്തിന്റെ പുതിയ മാനങ്ങള്‍ സ്പര്‍ശിച്ചു, അതേസമയം 'വിരാസത് പര്‍ ഗര്‍വ്വ്' (പൈതൃകത്തില്‍ അഭിമാനം) പ്രതിജ്ഞയെടുത്തു. പൈതൃക സംരക്ഷണത്തിനായി നാം അഭൂതപൂര്‍വമായ നടപടികള്‍ സ്വീകരിച്ചു. വാരണാസിയിലെ കാശി വിശ്വനാഥ് ഇടനാഴി ആയാലും, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമായാലും, പുരാതന നളന്ദ സര്‍വകലാശാലയുടെ ആധുനിക കാമ്പസിന്റെ നിര്‍മ്മാണമായാലും, രാജ്യത്തുടനീളം ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പൈതൃകത്തോടുള്ള ഭാരതത്തിന്റെ ദൃഢനിശ്ചയം മാനവരാശിയെ സേവിക്കാനുള്ള ചൈതന്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭാരതത്തിന്റെ സംസ്‌കാരം 'സ്വയം' (സ്വയം) എന്നതിനേക്കാള്‍ 'വയം' (നാം) എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഭാരതത്തിന്റെ ആത്മാവ് - ഞാനല്ല, മറിച്ച് നമ്മളാണ്! ഈ ചിന്താഗതിയില്‍ ഭാരതം എന്നും ലോകക്ഷേമത്തില്‍ പങ്കാളിയാകാന്‍ ശ്രമിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന് ലോകം മുഴുവന്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ഇന്ന് ലോകം ആയുര്‍വേദ ശാസ്ത്രം പ്രയോജനപ്പെടുത്തുന്നു. ഈ യോഗയും ആയുര്‍വേദവും ഭാരതത്തിന്റെ ശാസ്ത്രീയ പൈതൃകങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ജി-20 ഉച്ചകോടിക്കും ആതിഥേയത്വം വഹിച്ചിരുന്നു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതായിരുന്നു ഈ ഉച്ചകോടിയുടെ വിഷയം. ഈ പ്രചോദനം നമുക്ക് എവിടെ നിന്ന് ലഭിച്ചു? 'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന ആശയത്തില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഈ പ്രചോദനം ലഭിച്ചത്. ഭക്ഷണവും വെള്ളവും പോലുള്ള വെല്ലുവിളികളെ നേരിടാന്‍ ഭാരതം തിനയെ പ്രോത്സാഹിപ്പിക്കുന്നു... നമ്മുടെ ചിന്ത ഇതാണ് - 'മാതാ ഭൂമിഃ: പുത്രോഹം പൃഥിവ്യാ' അതായത്, ഈ ഭൂമി നമ്മുടെ അമ്മയാണ്, നാം അവളുടെ മക്കളാണ്. ഈ ചിന്തയോടെ ഭാരതം ഇന്ന് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്, മിഷന്‍ ലൈഫ് തുടങ്ങിയ പരിഹാരങ്ങള്‍ മുന്നോട്ട് വെക്കുന്നു.

സുഹൃത്തുക്കളേ,

ആഗോള പൈതൃകം സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായി ഭാരതം കരുതുന്നു. അതിനാല്‍, ഞങ്ങള്‍ ഇന്ത്യന്‍ പൈതൃകം സംരക്ഷിക്കുക മാത്രമല്ല, ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളില്‍ പൈതൃക സംരക്ഷണത്തിനായി സഹകരിക്കുകയും ചെയ്യുന്നു. കംബോഡിയയിലെ അങ്കോര്‍ വാട്ട്, വിയറ്റ്‌നാമിലെ ചാം ക്ഷേത്രങ്ങള്‍, മ്യാന്‍മറിലെ ബഗാനിലെ സ്തൂപങ്ങള്‍ തുടങ്ങി നിരവധി പൈതൃകങ്ങളുടെ സംരക്ഷണത്തില്‍ ഭാരതം സഹായിക്കുന്നു. ഈ ദിശയില്‍, ഞാന്‍ ഇന്ന് മറ്റൊരു പ്രധാന പ്രഖ്യാപനം നടത്തുകയാണ്. യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സെന്ററിന് ഭാരത് ഒരു മില്യണ്‍ ഡോളര്‍ നല്‍കും. ഈ ഗ്രാന്റ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സാങ്കേതിക സഹായം, ലോക പൈതൃക സൈറ്റുകളുടെ സംരക്ഷണത്തിനും, പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്ക് പ്രയോജനം ചെയ്യും. യുവ പ്രൊഫഷണലുകള്‍ക്കായി വേള്‍ഡ് ഹെറിറ്റേജ് മാനേജ്മെന്റില്‍ ഒരു സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമും ഭാരതത്തില്‍ ആരംഭിച്ചു. സാംസ്‌കാരികവും സര്‍ഗ്ഗാത്മകവുമായ വ്യവസായം ആഗോള വളര്‍ച്ചയില്‍ ഒരു പ്രധാന ഘടകമായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

അവസാനം, വിദേശത്ത് നിന്ന് വന്ന എല്ലാ അതിഥികളോടും ഒരു അഭ്യര്‍ത്ഥന കൂടി ഞാന്‍ ആഗ്രഹിക്കുന്നു... ഭാരതത്തില്‍ പര്യവേക്ഷണം നടത്തുക. നിങ്ങളുടെ സൗകര്യാര്‍ത്ഥം ജനപ്രിയ പൈതൃക കേന്ദ്രങ്ങളിലേക്ക് ഞങ്ങള്‍ ഒരു ടൂര്‍ സീരീസും ആരംഭിച്ചിട്ടുണ്ട്. ഈ അനുഭവം നിങ്ങളുടെ സന്ദര്‍ശനത്തെ അവിസ്മരണീയമാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരിക്കല്‍ കൂടി, ലോക പൈതൃക സമിതി യോഗത്തിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. വളരെ നന്ദി, നമസ്‌തേ.

-NS-



(Release ID: 2036058) Visitor Counter : 38