ധനകാര്യ മന്ത്രാലയം

ഇന്ത്യയെ ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം  നിക്ഷേപത്തെ ഉത്തേജിപ്പിക്കുകയും മറ്റ് മേഖലകൾക്ക് സാമ്പത്തിക അവസരങ്ങൾ തുറന്നു നൽകുകയും ചെയ്യും: ശ്രീമതി നിർമ്മല സീതാരാമൻ

Posted On: 23 JUL 2024 12:45PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 23, 2024  

ഇന്ത്യയെ ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നിക്ഷേപത്തെ ഉത്തേജിപ്പിക്കുകയും മറ്റ് മേഖലകൾക്ക് സാമ്പത്തിക അവസരങ്ങൾ തുറന്നു നൽകുകയും ചെയ്യുമെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2024-25 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

വിജയകരമായി പൂർത്തിയാക്കിയ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ മാതൃകയിൽ ബിഹാറിലെ ഗയയിൽ വിഷ്ണുപദ് ക്ഷേത്ര ഇടനാഴിയുടെയും ബോധ് ഗയയിൽ മഹാബോധി ക്ഷേത്ര ഇടനാഴിയുടെയും സമഗ്ര വികസനത്തിന് പിന്തുണ നൽകുമെന്ന് ശ്രീമതി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും മതപരമായ പ്രാധാന്യമുള്ള രാജ്ഗിറിൻ്റെ സമഗ്ര വികസന സംരംഭം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

നളന്ദ സർവകലാശാലയെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം നളന്ദയെ ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ പിന്തുണ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഒഡീഷയിലെ ക്ഷേത്രങ്ങൾ, സ്മാരകങ്ങൾ, കരകൗശല വിദ്യകൾ, വന്യജീവി സങ്കേതങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, പ്രാകൃതമായ ബീച്ചുകൾ എന്നിവയുടെ വികസനത്തിന് സർക്കാർ സഹായം നൽകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

SKY

*******



(Release ID: 2035929) Visitor Counter : 9