ധനകാര്യ മന്ത്രാലയം

കേന്ദ്ര ബജറ്റ് 2024-2025ന്റെ സംഗ്രഹം

Posted On: 23 JUL 2024 1:21PM by PIB Thiruvananthpuram

ഇന്ത്യയുടെ പണപ്പെരുപ്പം താഴ്ന്നതും സുസ്ഥിരവും 4 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും തുടരുന്നു

5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിലും നൈപുണ്യവും മറ്റ് അവസരങ്ങളും സുഗമമാക്കുന്നതിന് 2 ലക്ഷം കോടി രൂപയുടെ 5 പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രധാനമന്ത്രിയുടെ പാക്കേജ്.

'വികസിത ഭാരതം' പിന്തുടരുന്നതിനായി, എല്ലാവർക്കും വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് 9 മുൻഗണനകളിൽ സുസ്ഥിരമായ ശ്രമങ്ങൾ ബജറ്റ് വിഭാവനം ചെയ്യുന്നു.

2024-25 ബജറ്റ് തൊഴിൽ, വൈദഗ്ധ്യം, എംഎസ്എംഇ, മധ്യവർഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

32 വയൽ- ഹോർട്ടികൾച്ചർ വിളകളുടെ ഉയർന്ന വിളവു നൽകുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ 109 പുതിയ ഇനങ്ങൾ കർഷകർക്ക് കൃഷിക്കായി നൽകും.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള ഒരു കോടി കർഷകർ പ്രകൃതികൃഷിയിലേക്കു കടക്കും

കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി ഈ വർഷം 1.52 ലക്ഷം കോടി രൂപ വകയിരുത്തും.

1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ നവീകരിക്കും

ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നിവ ഉൾക്കൊള്ളുന്ന കിഴക്കൻ മേഖലയുടെ സമഗ്ര വികസനത്തിനായി ഗവണ്മെന്റ് പൂർവോദയ എന്ന പദ്ധതി രൂപീകരിക്കും.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിന്, സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനപ്പെടുന്ന പദ്ധതികൾക്കായി 3 ലക്ഷം കോടി രൂപയിലധികം ബജറ്റിൽ വകയിരുത്തി.

ഈ വർഷം ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ വകയിരുത്തി

മുദ്ര വായ്പകളുടെ പരിധി നിലവിലെ 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തും

5 വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് 500 പ്രമുഖ കമ്പനികളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിന് ഗവണ്മെന്റ് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കും

പിഎം ആവാസ് യോജന അർബൻ 2.0 ന് കീഴിൽ, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിൽ ഒരു കോടി നഗര ദരിദ്രരുടെയും ഇടത്തരം കുടുംബങ്ങളുടെയും ഭവന ആവശ്യങ്ങൾ പരിഹരിക്കും.

25,000 ഗ്രാമീണ വാസസ്ഥലങ്ങളിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പർക്കസൗകര്യം നൽകുന്നതിന് പിഎംജിഎസ്‌വൈയുടെ നാലാം ഘട്ടം ആരംഭിക്കും.

1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഉപയോഗിച്ച് അടുത്ത 10 വർഷത്തിനുള്ളിൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ 5 മടങ്ങ് വികസിപ്പിക്കുന്നതിന് ഊന്നൽ നൽകും.

ആദായനികുതിയിൽ 4 കോടി ശമ്പളക്കാർക്കും വ്യക്തികൾക്കും പെൻഷൻകാർക്കും വലിയ ആശ്വാസം

പുതിയ നികുതി വ്യവസ്ഥയിലുള്ളവർക്ക് നികുതിയിളവ് 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി ഉയർത്തി

കുടുംബ പെൻഷൻ കിഴിവ് ₹ 15,000 ൽ നിന്ന് ₹ 25,000 ആയി ഉയർത്തി

പുതിയ ഭരണത്തിന് കീഴിൽ 58 ശതമാനത്തിലധികം കോർപ്പറേറ്റ് നികുതി രസീതുകൾ ശേഖരിച്ചു

വ്യക്തിഗത ആദായനികുതിദായകരിൽ മൂന്നിൽ രണ്ടു പേർ പുതിയ ആദായ നികുതി വ്യവസ്ഥയിലേക്ക് മാറി

സ്റ്റാർട്ടപ്പുകളും നിക്ഷേപങ്ങളും ഉത്തേജിപ്പിക്കുന്നതിനായി എല്ലാ വിഭാഗം നിക്ഷേപകർക്കും ഏഞ്ചൽ ടാക്സ് നിർത്തലാക്കി

നിക്ഷേപം ക്ഷണിക്കുന്നതിനായി വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി 40ൽ നിന്ന് 35 ശതമാനമായി കുറച്ചു

നിരവധി പണമിടപാടുകളിലെ 5 ശതമാനം ടിഡിഎസ് 2 ശതമാനം ടിഡിഎസിലേക്ക് ലയിപ്പിച്ചു

താഴ്ന്ന, ഇടത്തരം വരുമാനക്കാർക്ക് പ്രയോജനപ്പെടുന്നതിന് മൂലധന നേട്ട ഇളവ് പരിധി പ്രതിവർഷം 1.25 ലക്ഷം രൂപയായി ഉയർത്തി

എക്‌സ്‌റേ പാനലുകൾ, മൊബൈൽ ഫോണുകൾ, പിസിബിഎ എന്നിവയുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചു

സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ വില കുറയും, കസ്റ്റംസ് തീരുവ 6 ശതമാനമായി കുറച്ചു

ഭാഗം എ

ആഗോള സമ്പദ്‌വ്യവസ്ഥ നയപരമായ അനിശ്ചിതത്വങ്ങളുടെ പിടിയിലാണെങ്കിലും, ഇന്ത്യയുടെ സാമ്പത്തിക വളർച്ച തിളങ്ങുന്ന അപവാദമായി തുടരുന്നു, വരും വർഷങ്ങളിലും അതങ്ങനെ തുടരും. ഇന്ത്യയുടെ പണപ്പെരുപ്പം താഴ്ന്നതും സ്ഥിരതയുള്ളതും 4 ശതമാനം ലക്ഷ്യത്തിലേക്ക് നീങ്ങുന്നതുമാണെന്ന് ഇന്ന് പാർലമെന്റിൽ 2024-25 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു. പ്രധാന പണപ്പെരുപ്പം (ഭക്ഷ്യേതര, ഇന്ധനേതര) നിലവിൽ 3.1 ശതമാനമാണ്, നശിച്ചുപോകുന്ന വസ്തുക്കളുടെ വിതരണം വിപണിയിൽ ആവശ്യത്തിന് എത്തുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്.

ഇടക്കാല ബജറ്റ്

ഇടക്കാല ബജറ്റിൽ പരാമർശിച്ചതുപോലെ, ‘ഗരീബ്’ (ദരിദ്രർ), ‘മഹിളായേം’ (സ്ത്രീകൾ), ‘യുവ’ (യുവജനങ്ങൾ), ‘അന്നദാതാ’ (കർഷകൻ) എന്നിങ്ങനെ 4 പ്രധാന വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

ബജറ്റ് പ്രമേയം

ഈ വർഷമാകെയും അതിനപ്പുറവും ശ്രദ്ധകേന്ദ്രീകരിച്ച്, ഈ ബജറ്റിൽ ഞങ്ങൾ തൊഴിൽ, വൈദഗ്ധ്യം, എംഎസ്എംഇകൾ, ഇടത്തരം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകുന്നുവെന്ന് ബജറ്റ് പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. 5 വർഷ കാലയളവിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിനുള്ള 5 പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രധാനമന്ത്രിയുടെ പാക്കേജ് അവർ പ്രഖ്യാപിച്ചു. ഈ വർഷം വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ധ്യം എന്നിവയ്ക്കായി 1.48 ലക്ഷം കോടി രൂപ വകയിരുത്തി.

 

ബജറ്റ് മുൻഗണനകൾ

'വികസിത ഭാരതം' എന്ന ലക്ഷ്യത്തോടെ, എല്ലാവർക്കും വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് താഴെപ്പറയുന്ന 9 മുൻഗണനകളിൽ സുസ്ഥിരമായ ശ്രമങ്ങളാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

1.       കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമതയും അതിജീവനശേഷിയും

2.     തൊഴിലും വൈദഗ്ധ്യവും

3.     ഏവരെയും ‌ഉൾക്കൊള്ളുന്ന മാനവ വിഭവശേഷി വികസനവും സാമൂഹിക നീതിയും

4.     നിർമ്മാണവും സേവനങ്ങളും

5.     നഗരവികസനം

6.     ഊർജസുരക്ഷ

7.      അടിസ്ഥാനസൗകര്യങ്ങൾ

8.     നൂതനാശയങ്ങളും ഗവേഷണവും വികസനവും

9.     ഒപ്പം, അടുത്തതലമുറ പരിഷ്കാരങ്ങളും

 

മുൻഗണന 1: കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമതയും അതിജീവനശേഷിയും

ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കാർഷിക ഗവേഷണ സജ്ജീകരണത്തിന്റെ സമഗ്രമായ അവലോകനം ഗവണ്മെന്റ് ഏറ്റെടുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 32 വയൽ, ഹോർട്ടികൾച്ചർ വിളകളുടെ ഉയർന്ന വിളവ് നൽകുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ പുതിയ 109 ഇനങ്ങൾ കർഷകർക്കു കൃഷിക്കായി നൽകും.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ, രാജ്യത്തുടനീളമുള്ള ‌ഒരു കോടി കർഷകർ അംഗീകരണത്തിന്റെയും ബ്രാൻഡിങ്ങിന്റെയും പിന്തുണയോടെ പ്രകൃതിക്കൃഷിയിലേക്ക് കടക്കും.

ആവശ്യാനുസരണം 10,000 ബയോ ഇൻപുട്ട് റിസോഴ്‌സ് സെന്ററുകൾ സ്ഥാപിക്കും.

പയർവർഗങ്ങളിലും എണ്ണക്കുരുക്കളിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിന്, കടുക്, നിലക്കടല, എള്ള്, സോയാബീൻ, സൂര്യകാന്തി തുടങ്ങിയ എണ്ണ വിത്തുകളുടെ ഉത്പാദനവും സംഭരണവും വിപണനവും ഗവണ്മെന്റ് ശക്തിപ്പെടുത്തുകയും ‘ആത്മനിർഭരത’ കൈവരിക്കുകയും ചെയ്യും.

സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ, കർഷകരുടെയും അവരുടെ ഭൂമിയുടെയും സംരക്ഷണത്തിനായി കാർഷിക മേഖലയിൽ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ (ഡിപിഐ) 3 വർഷത്തിനുള്ളിൽ ഗവണ്മെന്റ് നടപ്പിലാക്കും.

ഈ വർഷം കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തിയതായി ശ്രീമതി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

മുൻഗണന 2: തൊഴിലും നൈപുണ്യവും

പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി 'തൊഴിൽബന്ധിത ആനുകൂല്യ’ത്തിനായി ഗവണ്മെന്റ് 3 പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇവ ഇപിഎഫ്ഒയിലെ എൻറോൾമെന്റിനെ അടിസ്ഥാനമാക്കിയായിരിക്കും, കൂടാതെ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവരെ അംഗീകരിക്കുന്നതിലും ജീവനക്കാർക്കും തൊഴിലുടമകൾക്കുമുള്ള പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കും.

 

വ്യവസായവുമായി സഹകരിച്ച് വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ സ്ഥാപിക്കുന്നതിലൂടെയും ശിശുസംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെയും തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ ഉയർന്ന പങ്കാളിത്തം ഗവണ്മെന്റ് സുഗമമാക്കും.

 

 

നൈപുണ്യ വികസനപരിപാടിയെ പരാമർശിച്ച്, സംസ്ഥാന ഗവണ്മെന്റുകളുമായും വ്യവസായങ്ങളുമായും സഹകരിച്ച് നൈപുണ്യത്തിനായി പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിലുള്ള നാലാമത്തെ പദ്ധതിയായി ധനമന്ത്രി പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രഖ്യാപിച്ചു. 5 വർഷ കാലയളവിൽ 20 ലക്ഷം യുവാക്കൾ വൈദഗ്ധ്യം നേടുകയും 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ ഹബ്ബിൽ നവീകരിക്കുകയും ഫലത്തെ അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്യും.

ഓരോ വർഷവും 25,000 വിദ്യാർത്ഥികളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗവണ്മെന്റ് ഫണ്ടിൽ നിന്നുള്ള ഈടോടെ 7.5 ലക്ഷം രൂപ വരെ വായ്പകൾ സുഗമമാക്കുന്നതിന് മാതൃക നൈപുണ്യ വായ്പാ പദ്ധതി പരിഷ്കരിക്കുമെന്നും അവർ പ്രഖ്യാപിച്ചു.

ഗവണ്മെന്റ് പദ്ധതികൾക്കും നയങ്ങൾക്കും കീഴിൽ യാതൊരു ആനുകൂല്യത്തിനും അർഹതയില്ലാത്ത യുവാക്കളെ സഹായിക്കുന്നതിന്, ഗാർഹിക സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഈ ആവശ്യത്തിനുള്ള വായ്പ തുകയുടെ 3 ശതമാനം വാർഷിക പലിശയിളവിന് ഓരോ വർഷവും ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് ഇ-വൗച്ചറുകൾ നേരിട്ട് നൽകും.

മുൻഗണന 3: ഏവരെയും ഉൾക്കൊള്ളുന്ന മാനവ വിഭവശേഷി വികസനവും സാമൂഹിക നീതിയും

പരിപൂർണതാസമീപനത്തെക്കുറിച്ച് സംസാരിച്ച ധനമന്ത്രി, കരകൗശലത്തൊഴിലാളികൾ, സ്വയം സഹായ സംഘങ്ങൾ, പട്ടികജാതി-പട്ടികവർഗ-വനിതാ സംരംഭകർ, വഴിയോര കച്ചവടക്കാർ, പിഎം വിശ്വകർമ്മ, പിഎം സ്വനിധി, ദേശീയ ഉപജീവന ദൗത്യങ്ങൾ, സ്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങിയവയുടെ സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത് ത്വരിതപ്പെടുത്തുമെന്ന് വ്യക്തമാക്കി.

പൂർവോദയ

ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നിവ ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ കിഴക്കൻ മേഖലയുടെ സർവ്വതോമുഖ വികസനത്തിനായി ഗവണ്മെന്റ് പൂർവോദയ പദ്ധതി ആവിഷ്‌കരിക്കും. ഈ മേഖലയെ വികസിത ഭാരതമെന്ന ലക്ഷ്യം നേടുന്നതിനുള്ള യന്ത്രമാക്കി മാറ്റുന്നതിനുള്ള മാനവ വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

 

പ്രധാനമന്ത്രി ജനജാതീയ ഉന്നത് ഗ്രാമ അഭിയാൻ

ഗോത്ര സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി, 63,000 ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ഗോത്ര ഭൂരിപക്ഷ ഗ്രാമങ്ങളിലെയും വികസനം കാംക്ഷിക്കുന്ന ജില്ലകളിലെയും ഗോത്ര കുടുംബങ്ങളി‌ലെ 5 കോടി ഗോത്രവർഗക്കാർക്ക് പ്രയോജനം നൽകിക്കൊണ്ട്, ഗവണ്മെന്റ് പ്രധാനമന്ത്രി ജൻജാതീയ ഉന്നത് ഗ്രാമ അഭിയാൻ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

 

 

ബാങ്കിങ് സേവനങ്ങൾ വിപുലീകരിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ നൂറിലധികം ശാഖകൾ വടക്കു കിഴക്കൻ മേഖലയിൽ സ്ഥാപിക്കും.

 

ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഗ്രാമവികസനത്തിനായി ഈ വർഷം 2.66 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

 

 

 

 

മുൻഗണന 4: നിർമ്മാണവും സേവനങ്ങളും

എംഎസ്എംഇകളുടെ പ്രോത്സാഹനത്തിനു പിന്തുണ

ഈ ബജറ്റ് എംഎസ്എംഇകൾക്കും ഉൽപ്പാദനത്തിനും പ്രത്യേക ശ്രദ്ധ നൽകുന്നുവെന്ന് ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. പ്രത്യേകം രൂപീകരിച്ച സ്വാശ്രയ ഗ്യാരന്റി ഫണ്ട്, ഓരോ അപേക്ഷകനും 100 കോടി രൂപ വരെ ഗ്യാരണ്ടി പരിരക്ഷ നൽകും, അതേസമയം വായ്പ തുക വലുതായിരിക്കാം. അതുപോലെ, പൊതുമേഖലാ ബാങ്കുകൾ ബാഹ്യ മൂല്യനിർണ്ണയത്തെ ആശ്രയിക്കുന്നതിനുപകരം വായ്പയ്ക്കായി എംഎസ്എംഇ -കളെ വിലയിരുത്തുന്നതിനുള്ള ആന്തരിക ശേഷി വികസിപ്പിക്കും. എംഎസ്എംഇകൾക്ക് അവരുടെ പ്രതിസന്ധി കാലയളവിൽ ബാങ്ക് വായ്പയുടെ തുടർച്ച സുഗമമാക്കുന്നതിനുള്ള പുതിയ സംവിധാനവും അവർ പ്രഖ്യാപിച്ചു.

മുദ്ര വായ്പകൾ

‘തരുൺ’ വിഭാഗത്തിന് കീഴിൽ മുൻ വായ്പകൾ നേടുകയും വിജയകരമായി തിരിച്ചടക്കുകയും ചെയ്തിട്ടുള്ള സംരംഭകർക്ക് മുദ്ര വായ്പകളുടെ പരിധി നിലവിലെ 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തും.

ഭക്ഷ്യവികിരണം, ഗുണനിലവാരം, സുരക്ഷാപരിശോധന എന്നിവയ്ക്കുള്ള എംഎസ്എംഇ യൂണിറ്റുകൾ

എംഎസ്എംഇ മേഖലയിൽ 50 വിവിധോൽപ്പന്ന ഭക്ഷ്യ വികിരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകും. എൻഎബിഎൽ അക്രഡിറ്റേഷനോടെ 100 ഭക്ഷ്യ ഗുണനിലവാര- സുരക്ഷാ പരിശോധനാ ലാബുകൾ സ്ഥാപിക്കുന്നതിനും സൗകര്യമൊരുക്കും. എംഎസ്എംഇകളെയും പരമ്പരാഗത കരകൗശല വിദഗ്ധരെയും അവരുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണികളിൽ വിൽക്കാൻ പ്രാപ്തമാക്കുന്നതിന്, പൊതു-സ്വകാര്യ-പങ്കാളിത്ത (പിപിപി) സംവിധാനത്തിൽ ഇ-കൊമേഴ്‌സ് കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കും.

മുൻനിര കമ്പനികളിൽ ഇന്റേൺഷിപ്പ്

പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിലുള്ള അഞ്ചാമത്തെ പദ്ധതിയെന്ന നിലയിൽ 5 വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് 500 പ്രമുഖ കമ്പനികളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുന്നതിനുള്ള സമഗ്ര പദ്ധതി ഗവണ്മെന്റ് ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

മുൻഗണന 5: നഗര വികസനം

നഗര ഭവനനിർമാണം

പ്രധാനമന്ത്രി ആവാസ് യോജന അർബൻ 2.0 പ്രകാരം, 10 ലക്ഷം കോടി രൂപ മുതൽമുടക്കിൽ ഒരു കോടി നഗര ദരിദ്രരുടെയും ഇടത്തരം കുടുംബങ്ങളുടെയും ഭവന ആവശ്യങ്ങൾ പരിഹരിക്കും. അടുത്ത 5 വർഷത്തിനുള്ളിൽ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ഇതിൽ ഉൾപ്പെടും.

ജലവിതരണവും ശുചിത്വവും

സംസ്ഥാന ഗവണ്മെന്റുകളുമായും ബഹുമുഖ വികസന ബാങ്കുകളുമായും സഹകരിച്ച്, 100 വൻ നഗരങ്ങൾക്കുള്ള ജലവിതരണം, മലിനജല സംസ്കരണം, ഖരമാലിന്യ സംസ്കരണ പദ്ധതികളും സേവനങ്ങളും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കും.

പിഎം സ്വനിധി

വഴിയോരക്കച്ചവടക്കാരുടെ ജീവിതം പരിവർത്തനം ചെയ്യുന്നതിൽ പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ വിജയം അടിസ്ഥാനമാക്കി, ഓരോ വർഷവും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ 100 പ്രതിവാര 'ഹാട്ടുകൾ' അല്ലെങ്കിൽ തെരുവ് ഭക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി ഗവണ്മെന്റ് വിഭാവനം ചെയ്യുന്നുവെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.

മുൻഗണന 6 : ഊർജസുരക്ഷ

ഇടക്കാല ബജറ്റിലെ പ്രഖ്യാപനത്തിന് അനുസൃതമായി, ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജന ആരംഭിച്ചതായി ധനമന്ത്രി പറഞ്ഞു. 1.28 കോടിയിലധികം രജിസ്‌ട്രേഷനുകളും 14 ലക്ഷം അപേക്ഷകളും ശ്രദ്ധേയമായ ഈ പദ്ധതിക്കു ലഭിച്ചു.

വികസിത ഭാരതത്തിന്റെ ഊർജമിശ്രണത്തി്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് ആണവോർജം എന്ന് പ്രതീക്ഷിക്കുന്നു.

മുൻഗണന 7: അടിസ്ഥാന സൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും കേന്ദ്രഗവണ്മെന്റ് വർഷങ്ങളായി നടത്തിയ സുപ്രധാന നിക്ഷേപം സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ നേട്ടങ്ങൾ ഉണ്ടാക്കിയതായി ധനമന്ത്രി പറഞ്ഞു. മറ്റ് മുൻഗണനകളുടെയും സാമ്പത്തിക ഏകീകരണത്തിന്റെയും അനിവാര്യതകൾക്കൊപ്പം, അടുത്ത 5 വർഷങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ശക്തമായ സാമ്പത്തിക പിന്തുണ നിലനിർത്താൻ ഗവണ്മെന്റ് ശ്രമിക്കും. ഈ വർഷം മൂലധനച്ചെലവുകൾക്കായി 11,11,111 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് നമ്മുടെ ജിഡിപിയുടെ 3.4 ശതമാനമാണ്.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)

ജനസംഖ്യാ വർദ്ധന കണക്കിലെടുത്ത് യോഗ്യരായ 25,000 ഗ്രാമീണ ആവാസവ്യവസ്ഥകൾക്ക് എല്ലാ കാലാവസ്ഥയിലും സമ്പർക്കസൗകര്യം നൽകുന്നതിന് PMGSY യുടെ നാലാം ഘട്ടം ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

ബീഹാറിലെ ജലസേചനത്തിനും വെള്ളപ്പൊക്ക ലഘൂകരണത്തിനുമായി, ത്വരിതപ്പെടുത്തിയ ജലസേചന ആനുകൂല്യ പരിപാടിയ‌ിലൂടെയും മറ്റ് സ്രോതസ്സുകളിലൂടെയും കോസി-മേച്ചി അന്തർ സംസ്ഥാന ലിങ്ക് പോലുള്ള 11,500 കോടി രൂപയുടെ പദ്ധതികൾക്കും ബാരേജുകൾ, നദീ മലിനീകരണ ലഘൂകരണം, ജലസേചന പദ്ധതികൾ എന്നിവയുൾപ്പെടെ നിലവിലുള്ളതും പുതിയതുമായ 20 പദ്ധതികൾക്കും ഗവണ്മെന്റ് സാമ്പത്തിക സഹായം നൽകും. അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ കൈകാര്യം ചെയ്യൽ, അനുബന്ധ പദ്ധതികൾ എന്നിവയ്ക്കും ഗവണ്മെന്റ് സഹായം നൽകും.

മുൻഗണന 8: നവീകരണവും ഗവേഷണവും വികസനവും

അടിസ്ഥാന ഗവേഷണത്തിനും പ്രോട്ടോടൈപ്പ് വികസനത്തിനുമായി ഗവണ്മെന്റ് അനുസന്ധാൻ ദേശീയ ഗവേഷണ നിധി പ്രവർത്തനക്ഷമമാക്കുമെന്നും ഇടക്കാല ബജറ്റിലെ പ്രഖ്യാപനത്തിന് അനുസൃതമായി ഒരു ലക്ഷം കോടി രൂപയുടെ ധനസഹായത്തോടെ വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ മേഖലയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ബഹിരാകാശ സമ്പദ്‌വ്യവസ്ഥ

അടുത്ത 10 വർഷത്തിനുള്ളിൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 5 മടങ്ങ് വർദ്ധിപ്പിക്കുന്നതിന് തുടർച്ചയായ ഊന്നൽ നൽകി, 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കും.

മുൻഗണന 9: അടുത്തതലമുറ പരിഷ്കാരങ്ങൾ

 

സാമ്പത്തിക നയ ചട്ടക്കൂട്

സാമ്പത്തിക വികസനത്തോടുള്ള സമഗ്രമായ സമീപനം വ്യക്തമാക്കുന്നതിനും തൊഴിലവസരങ്ങൾ സുഗമമാക്കുന്നതിനും ഉയർന്ന വളർച്ച നിലനിർത്തുന്നതിനുമായി അടുത്തതലമുറ പരിഷ്കാരങ്ങളുടെ വ്യാപ്തി നിശ്ചയിക്കുന്നതിനുമായി ഗവണ്മെന്റ് സാമ്പത്തിക നയ ചട്ടക്കൂട് രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

തൊഴിൽ സംബന്ധമായ പരിഷ്കാരങ്ങൾ

തൊഴിലിനും നൈപുണ്യവികസനത്തിനുമുൾപ്പെടെ തൊഴിലാളികൾക്ക് വിപുലമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഗവണ്മെന്റ് സൗകര്യമൊരുക്കും. മറ്റ് പോർട്ടലുകളുമായുള്ള ഇ-ശ്രമം പോർട്ടലിന്റെ സമഗ്രമായ സംയോജനം അത്തരത്തിലുള്ള ഒറ്റത്തവണ പരിഹാരം സുഗമമാക്കും. വ്യാവസായിക- വ്യാപാര ചട്ടങ്ങൾ പാലിക്കൽ എളുപ്പമാക്കുന്നതിന് ശ്രം സുവിധ, സമാധാൻ പോർട്ടലുകൾ നവീകരിക്കും.

കാലാവസ്ഥാ പൊരുത്തപ്പെടുത്തലിനും ലഘൂകരണത്തിനുമുള്ള മൂലധന ലഭ്യത വർദ്ധിപ്പിക്കുന്നതിന് കാലാവസ്ഥാ ധനകാര്യത്തിനായി ഗവണ്മെന്റ് ടാക്സോണമി വികസിപ്പിക്കും.

നേരിട്ടുള്ള വിദേശനിക്ഷേപവും വിദേശനിക്ഷേപവും

(1) നേരിട്ടുള്ള വിദേശ നിക്ഷേപം സുഗമമാക്കൽ, (2) മുൻഗണന നൽകൽ, (3) വിദേശ നിക്ഷേപങ്ങൾക്കുള്ള കറൻസിയായി ഇന്ത്യൻ രൂപ ഉപയോഗിക്കുന്നതിനുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്കായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വിദേശ നിക്ഷേപങ്ങൾക്കുമുള്ള നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കും.

എൻപിഎസ് വാത്സല്യ

പ്രായപൂർത്തിയാകാത്തവർക്കായി മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും സംഭാവനകൾക്കായുള്ള എൻപിഎസ്-വാത്സല്യ പദ്ധതി ആരംഭിക്കും. പ്രായപൂർത്തിയാകുമ്പോൾ, പദ്ധതി തടസ്സമില്ലാതെ സാധാരണ എൻപിഎസ് അക്കൗണ്ടാക്കി മാറ്റാം.

പുതിയ പെൻഷൻ പദ്ധതി (NPS)

എൻപിഎസ് അവലോകനം ചെയ്യുന്നതിനുള്ള സമിതി അതി്റെ പ്രവർത്തനത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും സാധാരണ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തിക വിവേകം നിലനിർത്തി, പ്രസക്തമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന സംവിധാനം വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

2024-25 ബജറ്റ് എസ്റ്റിമേറ്റ്

2024-25 വർഷത്തിൽ കടമെടുപ്പ് ഒഴികെയുള്ള ആകെ വരവുകളും മൊത്തം ചെലവും യഥാക്രമം 32.07 ലക്ഷം കോടി രൂപയും 48.21 ലക്ഷം കോടി രൂപയുമായാണ് കണക്കാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു. മൊത്തം നികുതി വരുമാനം 25.83 ലക്ഷം കോടി രൂപയും ധനക്കമ്മി ജിഡിപിയുടെ 4.9 ശതമാനവുമാണ്.

2024-25 കാലയളവിൽ ഡേറ്റഡ് സെക്യൂരിറ്റികൾ വഴിയുള്ള മൊത്ത- അറ്റ വിപണി വായ്പകൾ യഥാക്രമം 14.01 ലക്ഷം കോടി രൂപയും 11.63 ലക്ഷം കോടി രൂപയുമായാണ് കണക്കാക്കിയിരിക്കുന്നതെന്ന് അവർ പറഞ്ഞു.

2021 ൽ പ്രഖ്യാപിച്ച ധന ഏകീകരണ പാത സമ്പദ്‌വ്യവസ്ഥയെ നന്നായി സഹായിച്ചുവെന്നും അടുത്ത വർഷം കമ്മി 4.5 ശതമാനത്തിൽ താഴെയെത്തിക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്നും ശ്രീമതി നിർമല സീതാരാമൻ ഊന്നിപ്പറഞ്ഞു.

ഭാഗം ബി

രാജ്യത്തെ നാല് കോടി ശമ്പളക്കാർക്കും പെൻഷൻകാർക്കും പ്രത്യക്ഷ നികുതിയിൽ ഇളവ് നൽകുന്നതിന് പുറമെ, അടുത്ത ആറ് മാസത്തിനുള്ളിൽ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾ സമഗ്രമായി അവലോകനം ചെയ്യാനും അവ ലളിതമാക്കാനും നികുതി ബാധ്യതകളും ചട്ടങ്ങൾ പാലിക്കൽ കുറയ്ക്കാനും കേന്ദ്ര ബജറ്റ് 2024-25 ശ്രമിക്കുന്നു. നികുതി അടിത്തറ മെച്ചപ്പെടുത്തുന്നതിനും ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനുമായി കസ്റ്റം തീരുവ നിരക്ക് ഘടനയുടെ അവലോകനത്തോടൊപ്പം ജിഎസ്‌ടി നികുതി ഘടന സമഗ്രമായി യുക്തിസഹമാക്കലും ബജറ്റ് നിർദ്ദേശിക്കുന്നു. ആദായ നികുതി നിയമത്തിന്റെ സമഗ്രമായ അവലോകനം, തർക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കുന്നതിനും നിയമം വ്യക്തവും സംക്ഷിപ്തവും വായിക്കാൻ എളുപ്പവുമാക്കുന്നതിനും ലക്ഷ്യമിടുന്നു. കോർപ്പറേറ്റ്, വ്യക്തിഗത ആദായനികുതിക്കുള്ള ഇളവുകളും കിഴിവുകളുമില്ലാതെ നികുതി വ്യവസ്ഥകൾ ലളിതമാക്കിയത് നികുതിദായകർ അഭിനന്ദിച്ചിട്ടുണ്ടെന്ന് ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. കാരണം കോർപ്പറേറ്റ് നികുതിയുടെ 58 ശതമാനവും 2022-23 ൽ ലളിതമാക്കിയ നികുതി വ്യവസ്ഥയിൽ നിന്നാണ് വന്നത്, മൂന്നിൽ രണ്ട് നികുതിദായകരും പുതിയ വ്യക്തിഗത ആദായ നികുതി വ്യവസ്ഥയിലേക്ക് മാറി.

2024-25 ബജറ്റിൽ പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്ന ശമ്പളക്കാരുടെ നികുതിയിളവ് 50,000 രൂപയിൽ നിന്ന് 75,000 രൂപ ആയി വർദ്ധിപ്പിച്ചു. അതുപോലെ, പെൻഷൻകാർക്കുള്ള കുടുംബ പെൻഷന്റെ കിഴിവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. കണക്കിൽ കാണിക്കാത്ത വരുമാനം 50 ലക്ഷത്തിൽ കൂടുതലാണെങ്കിൽ മാത്രമേ ഇപ്പോൾ മൂല്യനിർണ്ണയം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം മൂല്യനിർണ്ണയ വർഷാവസാനം മുതൽ 5 വർഷം വരെ വീണ്ടും പരിശോധിക്കാൻ കഴിയൂ. ശമ്പളമുള്ള ജീവനക്കാരന് ആദായനികുതിയിൽ 17,500 രൂപ വരെ ആനുകൂല്യങ്ങൾ നൽകുന്നതിനായി പുതിയ നികുതി വ്യവസ്ഥയുടെ ഘടനയും പരിഷ്‌കരിച്ചു.

വരുമാന സ്ലാബുകൾ

നികുതിനിരക്ക്

0 – 3 ലക്ഷം രൂപ

ഇല്ല

3 – 7 ലക്ഷം രൂപ

5 ശതമാനം

7 – 10 ലക്ഷം രൂപ

10 ശതമാനം

10 – 12 ലക്ഷം രൂപ

15 ശതമാനം

12 – 15 ലക്ഷം രൂപ

20 ശതമാനം

15 ലക്ഷം രൂപയ്ക്കു മുകളിൽ

30 ശതമാനം

 

 പട്ടിക 1: പുതിയ നികുതി വ്യവസ്ഥ നികുതി ഘടന

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി, എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകർക്കും ഏഞ്ചൽ ടാക്‌സ് നിർത്തലാക്കി. സംരംഭകത്വ മനോഭാവത്തിനും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്കും ബജറ്റ് ഉത്തേജനം നൽകി. കൂടാതെ, ആഭ്യന്തര ക്രൂയിസുകൾ നടത്തുന്ന വിദേശ ഷിപ്പിങ് കമ്പനികൾക്ക് ക്രൂയിസ് വിനോദസഞ്ചാരത്തിന്റെ മഹത്തായ സാധ്യതകൾ കണക്കിലെടുത്ത് ലളിതമായ നികുതി വ്യവസ്ഥ നിർദ്ദേശിച്ചു. രാജ്യത്ത് അസംസ്‌കൃത വജ്രങ്ങൾ വിൽക്കുന്ന വിദേശ ഖനന കമ്പനികൾക്ക് ഇപ്പോൾ സുരക്ഷിത ഹാർബർ നിരക്കിൽ നിന്ന് പ്രയോജനം നേടാം. ഇത് വജ്ര വ്യവസായത്തിന് ഗുണം ചെയ്യും. കൂടാതെ, വിദേശ മൂലധനം ആകർഷിക്കുന്നതിനായി വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 40 ൽ നിന്ന് 35 ശതമാനമായി കുറച്ചു.

ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള പ്രത്യക്ഷ നികുതി വ്യവസ്ഥ, TDS നിരക്ക് ഘടന, മൂലധന നേട്ട നികുതി എന്നിവ ബജറ്റ് കൂടുതൽ ലളിതമാക്കി. ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള രണ്ട് നികുതി ഇളവ് വ്യവസ്ഥകൾ ഒന്നായി ലയിപ്പിക്കും. നിരവധി പണമിടപാടുകളുടെ 5 ശതമാനം TDS 2 ശതമാനം TDS ആയി ലയിപ്പിക്കുകയും മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ UTI സ്റ്റാൻഡുകൾ വഴി യൂണിറ്റുകൾ തിരികെ വാങ്ങുമ്പോൾ 20 ശതമാനം TDS പിൻവലിക്കുകയും ചെയ്യും. ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാരുടെ ടിഡിഎസ് നിരക്ക് ഒരു ശതമാനത്തിൽ നിന്ന് 0.1 ശതമാനമായി കുറച്ചു. ഇപ്പോൾ TCS-ന്റെ ക്രെഡിറ്റ് ശമ്പളത്തിൽ നിന്ന് കുറയ്ക്കുന്ന TDS-ൽ നൽകും. TDS സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യുന്ന തീയതി വരെയുള്ള TDS പേയ്‌മെന്റിന്റെ കാലതാമസം ബജറ്റിൽ കുറ്റവിമുക്തമാക്കി. ടിഡിഎസ് ഡിഫോൾട്ടുകൾക്കായുള്ള ലളിതവും യുക്തിസഹവുമായ സംയുക്ത മാർഗ്ഗനിർദ്ദേശങ്ങൾക്കായി അംഗീകൃത നടപടിക്രമം ഉടൻ കൊണ്ടുവരും.

മൂലധന നേട്ടത്തിൽ, ഹ്രസ്വകാല നേട്ടങ്ങൾക്ക് ഇനി മുതൽ ചില സാമ്പത്തിക ആസ്തികളിൽ 20 ശതമാനം നിരക്ക് ഈടാക്കും. എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്തികളിലും ദീർഘകാല നേട്ടം 12.5 ശതമാനം നിരക്ക് ആകർഷിക്കും. താഴ്ന്ന, ഇടത്തരം വരുമാനക്കാരായ വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്നതിന് മൂലധന നേട്ടത്തിന്റെ പരിധി പ്രതിവർഷം 1.25 ലക്ഷം രൂപയായി ഉയർത്തി. ഒരു വർഷത്തിലേറെയായി കൈവശം വച്ചിരിക്കുന്ന പട്ടികപ്പെടുത്തിയ സാമ്പത്തിക ആസ്തികളും രണ്ട് വർഷത്തിൽ കൂടുതലായി കൈവശം വച്ചിരിക്കുന്ന പട്ടികപ്പെടുത്താത്ത ആസ്തികളും (സാമ്പത്തികവും സാമ്പത്തികേതരവും) ദീർഘകാല ആസ്തികളായി തരംതിരിക്കും. പട്ടികപ്പെടുത്താത്ത ബോണ്ടുകളും ഡിബഞ്ചറുകളും, ഡെറ്റ് മ്യൂച്വൽ ഫണ്ടുകളും മാർക്കറ്റ് ലിങ്ക്ഡ് ഡിബഞ്ചറുകളും ബാധകമായ മൂലധന നേട്ട നികുതി ആകർഷിക്കുന്നത് തുടരും.

 

ജിഎസ്‌ടി സാധാരണക്കാരുടെ മേലുള്ള നികുതി നിരക്ക് കുറയ്ക്കുകയും അത് വലിയ അനുപാതങ്ങളുടെ വിജയമായി വിശേഷിപ്പിക്കുകയും ചെയ്ത കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ, ജിഎസ്‌ടി വ്യാപാര-വ്യവസായ മേഖലകൾക്ക് ചട്ടങ്ങൾ പാലിക്കൽ ഭാരവും ലോജിസ്റ്റിക് ചെലവും കുറച്ചതായി പറഞ്ഞു. ഇപ്പോൾ ഗവണ്മെന്റ് നികുതി ഘടനയെ കൂടുതൽ ലഘൂകരിക്കുകയും യുക്തിസഹമാക്കുകയും അത് അവശേഷിക്കുന്ന മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നു. കസ്റ്റംസിന്റെയും ആദായനികുതിയുടെയും ബാക്കിയുള്ള സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവൽക്കരിക്കാനും കടലാസ്‌രഹിതമാക്കാനും ബജറ്റ് നിർദ്ദേശിച്ചു.

വ്യാപാരം എളുപ്പമാക്കുന്നതിനും തർക്കങ്ങൾ കുറയ്ക്കുന്നതിനുമായി കസ്റ്റംസ് തീരുവകൾ യുക്തിസഹമാക്കുന്നതിനും പരിഷ്കരിക്കുന്നതിനുമായി നിർദേശിച്ചിട്ടുണ്ട്. ക്യാൻസർ രോഗികൾക്ക് ആശ്വാസം നൽകി, ട്രസ്റ്റുസുമാബ് ഡെറക്‌സ്റ്റേക്കൻ, ഒസിമെർട്ടിനിബ്, ദുർവാലുമാബ് എന്നിങ്ങനെ ക്യാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റം തീരുവയിൽ നിന്ന് ബജറ്റ് പൂർണ്ണമായും ഒഴിവാക്കി. എക്സ്-റേ മെഷീൻ ട്യൂബുകളുടെയും ഫ്ലാറ്റ് പാനൽ ഡിറ്റക്ടറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവയിൽ (ബിസിഡി) കുറവുണ്ടാകും. മൊബൈൽ ഫോണുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലി (പിസിബിഎ), മൊബൈൽ ചാർജറുകൾ എന്നിവയിലെ ബിസിഡി 15 ശതമാനമായി കുറച്ചു. നിർണ്ണായകമായ ധാതുക്കളുടെ സംസ്കരണത്തിനും ശുദ്ധീകരണത്തിനും ഉത്തേജനം നൽകാൻ, ലിഥിയം പോലെയുള്ള 25 അപൂർവ ഭൗമ ധാതുക്കളുടെ കസ്റ്റംസ് തീരുവകൾ ബജറ്റ് പൂർണ്ണമായും ഒഴിവാക്കുകയും അവയിൽ രണ്ടെണ്ണത്തിന്റെ ബിസിഡി കുറയ്ക്കുകയും ചെയ്തു. സൗരോർജ പാനലുകളുടെ നിർമ്മാണത്തിനുള്ള മൂലധന ചരക്കുകൾ ഒഴിവാക്കുന്നതിന് ബജറ്റ് നിർദ്ദേശിച്ചു. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി, ബ്രൂഡ്സ്റ്റോക്ക്, പോളിചെയിറ്റ് പുഴുക്കൾ, ചെമ്മീൻ, മത്സ്യത്തീറ്റ എന്നിവയുടെ ബിസിഡി 5 ശതമാനമായി കുറച്ചു. ഇന്ത്യൻ തുകൽ, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതി ഉൽപന്നങ്ങളുടെ മത്സരക്ഷമതയെ ബജറ്റ് പ്രോത്സാഹിപ്പിക്കും. സ്പാൻഡെക്സ് നൂൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെത്തിലീൻ ഡിഫെനൈൽ ഡൈസോസയനേറ്റിൽ (എംഡിഐ) ബിസിഡി 7.5 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറഞ്ഞു. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.4 ശതമാനമായും കുറച്ചു. ഫെറോ നിക്കലിലെയും ബ്ലിസ്റ്റർ കോപ്പറിലെയും ബിസിഡി നീക്കം ചെയ്‌തു. അതേസമയം, പൈപ്പ്‌ലൈനിലെ നിലവിലുള്ളതും പുതിയതുമായ ശേഷികളെ പിന്തുണയ്ക്കുന്നതിനായി അമോണിയം നൈട്രേറ്റിലെ ബിസിഡി 7.5 മുതൽ 10 ശതമാനം വരെ വർധിച്ചു. അതുപോലെ, പരിസ്ഥിതിക്കുണ്ടാകുന്ന അപകടം കണക്കിലെടുത്ത്, പിവിസി ഫ്ലെക്‌സ് ബാനറുകളിൽ ബിസിഡി 10-ൽ നിന്ന് 25 ശതമാനമായി വർദ്ധിപ്പിച്ചു. ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്, പ്രത്യേക ടെലികോം ഉപകരണങ്ങളുടെ പിസിബിഎയിൽ ബിസിഡി 10ൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു.

 

 

തർക്ക പരിഹാരത്തിനും തീർപ്പാക്കൽ ബാക്ക്‌ലോഗുകൾക്കുമായി, അപ്പീലിൽ തീർപ്പുകൽപ്പിക്കാത്ത ചില ആദായനികുതി തർക്കങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര ധനമന്ത്രി ‘വിവാദ് സേ വിശ്വാസ് സ്കീം 2024’ നിർദ്ദേശിച്ചു. ഹൈക്കോടതികളിലും സുപ്രീം കോടതികളിലും ട്രിബ്യൂണലുകളിലും നേരിട്ടുള്ള നികുതി, എക്സൈസ്, സേവന നികുതി എന്നിവയുമായി ബന്ധപ്പെട്ട അപ്പീലുകൾ ഫയൽ ചെയ്യുന്നതിനുള്ള പണ പരിധി യഥാക്രമം  60 ലക്ഷം രൂപ,  2 കോടി രൂപ,  5 കോടി രൂപ എന്നിങ്ങനെ വർദ്ധിപ്പിച്ചു. വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനും അന്താരാഷ്‌ട്ര നികുതിയിൽ ഉറപ്പ് നൽകുന്നതിനും, സുരക്ഷിത തുറമുഖ നിയമങ്ങളുടെ വ്യാപ്തി വിപുലീകരിക്കുകയും വിലനിർണ്ണയ നടപടികൾ കാര്യക്ഷമമാക്കുകയും ചെയ്യും.

****

--NS--

 



(Release ID: 2035921) Visitor Counter : 40