ധനകാര്യ മന്ത്രാലയം

കാര്‍ഷിക വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള വാഗ്ദാന സ്രോതസ്സുകളായി ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അനുബന്ധ മേഖലകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്: സാമ്പത്തിക സര്‍വേ


2014-15 നും 2022-23 നും ഇടയില്‍ കന്നുകാലി മേഖലയില്‍ വളര്‍ച്ച സി.എ.ജി.ആര്‍ 7.38 ശതമാനവും; ഫിഷറീസ് മേഖല സി.എ.ജി.ആര്‍ 8.9 ശതമാനവും വളര്‍ന്നു

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ജി.വി.എ 2013-14ലെ 1.30 ലക്ഷം കോടിയില്‍ നിന്ന് 2022-23ല്‍ 1.92 ലക്ഷം കോടിയായി വര്‍ദ്ധിച്ചു

Posted On: 22 JUL 2024 2:57PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ജൂലൈ 22

കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ 2023-24 വര്‍ഷത്തെ സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു. ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ അനുബന്ധ മേഖലകള്‍ ശക്തമായ വളര്‍ച്ചാ കേന്ദ്രങ്ങളായും കാര്‍ഷിക വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള വാഗ്ദാന സ്രോതസ്സുകളായും ക്രമാനുഗതമായി ഉയര്‍ന്നുവരുന്നതായി സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. കന്നുകാലിവളര്‍ത്തല്‍ മേഖല 2014-15 മുതല്‍ 2022-23 വരെ, സ്ഥിര വിലയില്‍ 7.38 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സി.എ.ജി.ആര്‍) വളര്‍ന്നു. കാര്‍ഷിക, അനുബന്ധ മേഖലകളിലെ മൊത്തം ജി.വി.എയില്‍ (സ്ഥിര വിലയില്‍) കന്നുകാലിവളര്‍ത്തല്‍ മേലഖയുടെ സംഭാവന 2014-15ലെ 24.32 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 30.38 ശതമാനമായി ഉയര്‍ന്നു. പാല്‍, മുട്ട, മാംസം എന്നിവയുടെ പ്രതിശീര്‍ഷ ലഭ്യത ഗണ്യമായി ഉയര്‍ത്തികൊണ്ട് 2022-23 ല്‍, കന്നുകാലി മേഖല മൊത്തം ജി.വി.എയുടെ 4.66 ശതമാനം സംഭാവന ചെയ്തു, കാര്‍ഷിക ജിവിഎയുടെ ഏകദേശം 6.72 ശതമാനം വരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണ്ണായക സംഭാവന നല്‍കുന്ന മത്സ്യമേഖല, 2014-15 നും 2022-23 നും ഇടയില്‍ (സ്ഥിര വിലയില്‍) 8.9 ശതമാനം സംയുക്ത വാര്‍ഷിക നിരക്കില്‍ വളര്‍ന്നു. ഏകദേശം 30 ദശലക്ഷം ആളുകളെ, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും ദുര്‍ബലവുമായ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ ''സൂര്യോദയ മേഖല''.

 

പാല്‍ സംസ്‌ക്കരണം, മാംസസംസ്‌ക്കരണം, മൃഗങ്ങളുടെ തീറ്റ സസ്യങ്ങള്‍, വിത്തുമെച്ചപ്പെടുത്തല്‍ സാങ്കേതിക വിദ്യ (ബ്രീഡ് ഇംപ്രൂവ്‌മെന്റ് ടെക്‌നോളജി) എന്നിവയ്ക്കുള്ള നിക്ഷേപം വ്യക്തിഗത സംരംഭകര്‍, സ്വകാര്യ കമ്പനികള്‍, എഫ്.പി.ഒകള്‍, സെക്ഷന്‍ 8 കമ്പനികള്‍, ഡയറി കോഓപ്പറേറ്റീവുകള്‍(എ.എച്ച്.ഐ.ഡി.എഫ് ഫണ്ടില്‍ ഡയറി പ്രോസസിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് സംയോജിപ്പിച്ചത്) എന്നിവയ്ക്ക് അനിമല്‍ ഹസ്ബന്‍ഡറി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (എ.എച്ച്.ഐ.ഡി.എഫ്) സുഗമമാക്കുന്നുവെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. വായ്പയെടുക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് 3 ശതമാനം പലിശ ഇളവും മൊത്തം വായ്പയുടെ 25 ശതമാനം വരെ ക്രെഡിറ്റ് ഗ്യാരണ്ടിയും നല്‍കുന്നു. 2024 മെയ് വരെ, 42 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് പ്രയോജനം നല്‍കുന്നതും 40,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ 13.861 കോടി രൂപയുടെ 408 പദ്ധതികള്‍ക്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍/നബാര്‍ഡ്/എന്‍.ഡി.ഡി.ബി എന്നിവ അംഗീകാരം നല്‍കിയിട്ടുമുണ്ട്.
ആഗോളതലത്തില്‍ മൂന്നാം സ്ഥാനവും ആഗോള ഉല്‍പാദനത്തിന്റെ 8 ശതമാനവും കരസ്ഥമാക്കികൊണ്ട് 2022-23ല്‍ ഇന്ത്യ 17.54 ദശലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് മത്സ്യ ഉല്‍പ്പാദനം കൈവരിച്ചു. ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിന്, വിത്ത്, മത്സ്യ ഉല്‍പ്പാദനം, മറ്റ് വിപുലീകരണ സേവനങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) എന്ന തരത്തില്‍ ഒരു സമഗ്രമായ ഇടപെടല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മേഖലയുടെ അടിസ്ഥാന സൗകര്യ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി, 2018-19 മൊത്തം 7520 കോടി രൂപയുടെ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് (എഫ്.ഐ.ഡി.എഫ്) അവതരിപ്പിക്കുകയും ചെയ്തു. ഇതുവരെ ഇളവു നിരക്കായി 5.590 കോടിരൂപയുടെ 121 നിര്‍ദ്ദേശങ്ങള്‍ ശിപാര്‍ശ ചെയ്തിട്ടുമുണ്ട്.

ഭക്ഷ്യ സംസ്‌കരണ മേഖല:
സാമ്പത്തിക സര്‍വേ പ്രകാരം, ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യവും പഴങ്ങള്‍, പച്ചക്കറികള്‍, പഞ്ചസാര എന്നിവയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരുമാണ് ഇന്ത്യ. സംഘടിത മേഖലയിലെ മൊത്തം തൊഴിലില്‍ 12.02 ശതമാനം വിഹിതമുള്ള ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായം രാജ്യത്തെ സംഘടിത ഉല്‍പ്പാദനമേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണ്. 2022-23 കാലയളവില്‍ സംസ്‌കരിച്ച ഭക്ഷ്യ കയറ്റുമതി ഉള്‍പ്പെടെയുള്ള കാര്‍ഷിക ഭക്ഷ്യ കയറ്റുമതിയുടെ മൂല്യം 46.46 ബില്യണ്‍ യു.എസ്. ഡോളര്‍ ആയിരുന്നു. ആയിരുന്നു, ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 11.7 ശതമാനം വരും. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയുടെ വിഹിതവും 2017-18ലെ 14.9 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 23.4 ശതമാനമായി ഉയര്‍ന്നു.

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ജി.വി.എ 2013-14ലെ 1.30 ലക്ഷം കോടി രൂപയില്‍ നിന്ന് 2022-23ല്‍ 1.92 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. 2011-12 ലെ വിലയില്‍ 2022-23ല്‍ ഉല്‍പ്പാദനമേഖലയിലെ ജി.വി.എയുടെ 7.66 ശതമാനം ഈ മേഖലയില്‍ നിന്നാണ്.

--NS--

 



(Release ID: 2035228) Visitor Counter : 18