ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പുതിയ നൈപുണ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ നവീകരണത്തിനും മുൻഗണന നൽകാൻ സർക്കാർ - 2023-24 ലെ സാമ്പത്തിക സർവേ

Posted On: 22 JUL 2024 2:37PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 22, 2024  

വിദ്യാഭ്യാസ-നൈപുണ്യ മേഖലയിലെ ഇന്ത്യയുടെ നയങ്ങൾ സൂക്ഷ്മവേധിയായ പഠനത്തിലും നൈപുണ്യ ഫലസിദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും പരസ്പരപൂരകമായിരിക്കുകയും വേണം. കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിന്റെ മേശപ്പുറത്ത് വെച്ച സാമ്പത്തിക സർവേ 2023-24-ൽ പ്രസ്താവിച്ചതുപോലെ, വികസിത് ഭാരത് @2047 എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ആറ് പ്രധാന സ്തംഭങ്ങളിൽ ഒന്നാണത്. NEP (പുതിയ വിദ്യാഭ്യാസ നയം) 2020 ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് പ്രദാനം ചെയ്യുന്നു എന്ന് വിശേഷിപ്പിച്ചുകൊണ്ട്, പുതിയ നൈപുണ്യ സംരംഭങ്ങളും നിലവിലുള്ള നൈപുണ്യ സംരംഭങ്ങളുടെ നവീകരണവും സർക്കാരിന്റെ ഉയർന്ന മുൻഗണനയായി തുടരണമെന്ന് സർവേ വ്യക്തമാക്കുന്നു.

എല്ലാ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളിലുമുള്ള നൈപുണ്യയുക്തരായ വ്യക്തികളുടെ അനുപാതത്തിലെ ഗണ്യമായ പുരോഗതി എടുത്തുകാണിച്ചുകൊണ്ട്, 15-29 വയസ് പ്രായക്കാരിൽ 4.4 ശതമാനം യുവാക്കൾക്ക് ഔപചാരിക തൊഴിൽ/സാങ്കേതിക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും 16.6 ശതമാനം പേർക്ക് അനൗപചാരിക ഉറവിടങ്ങൾ വഴിയുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സർവേ പരാമർശിക്കുന്നു.

ഇന്ത്യൻ യുവ ജനസംഖ്യയിലെ, ശരാശരി 28 വയസ്‌ പ്രായമുള്ളവരിൽ, തൊഴിൽ നൈപുണ്യവും വ്യാവസായിക ആവശ്യങ്ങൾക്ക് സജ്ജവുമായ തൊഴിൽ ശക്തിയെ പരിപോഷിപ്പിക്കുന്നതിലൂടെ ജനസംഖ്യാപരമായ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിയുമെന്നും സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.

അതിവേഗം വളരുന്ന ഇന്ത്യയിലെ ജനസംഖ്യയുടെ അറുപത്തിയഞ്ച് ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണെന്ന് സർവേ പരാമർശിക്കുന്നു. കൂടാതെ ഏകദേശം 51.25 ശതമാനം യുവാക്കളും തൊഴിൽ ചെയ്യാൻ പ്രാപ്തിയുള്ളവരാണെന്നും കണക്കാക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഇത് ഏകദേശം 34 ശതമാനത്തിൽ നിന്ന് 51.3 ശതമാനമായി മെച്ചപ്പെട്ടുവെന്നത് ശ്രദ്ധേയമാണെന്നും സർവേ കൂട്ടിച്ചേർക്കുന്നു.

 

വളർച്ചയ്ക്കും ശാക്തീകരണത്തിനും ഉത്പാദനക്ഷമമായ ജോലികൾ സുപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടുന്ന സർവ്വേ, ഇന്ത്യയുടെ തൊഴിൽ ശക്തി ഏകദേശം 56.5 കോടിയാണെന്നും 2044 വരെ വളർച്ച തുടരുമെന്നും വ്യക്തമാക്കുന്നു. വർദ്ധിച്ചുവരുന്ന തൊഴിൽ ശക്തിയെ തൃപ്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കാർഷികേതര മേഖലകളിൽ പ്രതിവർഷം 78.51 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും, കാർഷിക മേഖലയിലെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനോടൊപ്പം, ഇത്രയധികം തൊഴിലവസരങ്ങൾ കാർഷിക മേഖലയ്ക്ക് പുറത്ത് സൃഷ്ടിക്കുന്നതിന്, സംഘടിത ഉത്പാദനത്തിലും സേവനങ്ങളിലും, ഉത്പാദനക്ഷമതയുള്ള തൊഴിലുകളുടെ വളർച്ചയ്ക്കും ഉള്ള അനുകൂല സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും സർവേ കൂട്ടിച്ചേർക്കുന്നു.
 
*****

(Release ID: 2035087) Visitor Counter : 69