പ്രധാനമന്ത്രിയുടെ ഓഫീസ്
മുംബൈയിലെ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
13 JUL 2024 8:28PM by PIB Thiruvananthpuram
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ബൈസ് ജി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ പിയൂഷ് ഗോയല്‍ ജി, രാംദാസ് അത്താവലെ ജി, ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, അജിത് ദാദാ പവാര്‍ ജി, സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാരായ മംഗള്‍ പ്രഭാത് ജി, ദീപക് കേസര്‍കര്‍ ജി, കൂടാതെ മറ്റു പ്രമുഖരേ, സ്ത്രീകളേ മാന്യവ്യക്തിത്വങ്ങളേ!
മഹാരാഷ്ട്രയിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ആശംസകള്‍!
മഹാരാഷ്ട്രയിലും മുംബൈയിലുമായി 30,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിക്കാനുളള സവിശേഷ അവസരമാണ് ഇന്ന് എനിക്ക് ലഭ്യമായിട്ടുള്ളത്. ഈ പദ്ധതികള്‍ മുംബൈയുടെയും പരിസര പ്രദേശങ്ങളുടെയും കണക്റ്റിവിറ്റി ഗണ്യമായി വര്‍ദ്ധിപ്പിക്കും. റോഡ്, റെയില്‍ പദ്ധതികള്‍ക്ക് പുറമേ, മഹാരാഷ്ട്രയിലെ യുവാക്കളുടെ നൈപുണ്യ വികസനത്തിന് ഒരു പ്രധാന പദ്ധതിയും ഉണ്ട്, ഇത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നിങ്ങള്‍ ഇതിനെക്കുറിച്ച് പത്രങ്ങളില്‍ വായിച്ചിരിക്കാം അല്ലെങ്കില്‍ ടിവിയില്‍ കണ്ടിരിക്കാം. രണ്ടോ മൂന്നോ ആഴ്ച മുമ്പ് മഹാരാഷ്ട്രയ്ക്കുള്ള വാധവന്‍ തുറമുഖത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 76,000 കോടി രൂപയുടെ ഈ പദ്ധതി മേഖലയില്‍ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഒരു മാസമായി, ഭാരതത്തില്‍ നിന്നും വിദേശത്തു നിന്നുമുള്ള നിക്ഷേപകര്‍ക്കിടയില്‍ മുംബൈ ഒരു ആഘോഷത്തിന് സാക്ഷ്യം വഹിച്ചു. ചെറുതോ വലുതോ ആയ എല്ലാ നിക്ഷേപകരും നമ്മുടെ സര്‍ക്കാരിന്റെ മൂന്നാം ടേമിനെ ആവേശത്തോടെ സ്വാഗതം ചെയ്തിട്ടുണ്ട്. സ്ഥിരത നല്‍കാന്‍ എന്‍ഡിഎ സര്‍ക്കാരിന് മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത ശേഷം, ഈ മൂന്നാം ടേമില്‍ എന്‍ഡിഎ സര്‍ക്കാര്‍ മൂന്നിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു. ഇന്ന് ഈ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ് നാം കാണുന്നത്.
സുഹൃത്തുക്കളേ,
മഹത്തായ ചരിത്രവും സുദൃഢമായ വര്‍ത്തമാനവും സമൃദ്ധമായ ഭാവിയുടെ സ്വപ്നവുമുണ്ട് മഹാരാഷ്ട്രയ്ക്ക്. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ മഹാരാഷ്ട്രയ്ക്ക് വലിയ പങ്കുണ്ട്. ഇതിന് വ്യാവസായിക ശക്തിയും കാര്‍ഷിക ശക്തിയും ശക്തമായ സാമ്പത്തിക മേഖലയും ഉണ്ട്. ഈ ശക്തി മുംബൈയെ രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായി സ്ഥാപിച്ചു. മഹാരാഷ്ട്രയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി കേന്ദ്രമാക്കി മാറ്റാനും മുംബൈയെ ലോകത്തിന്റെ ഫിന്‍ടെക് തലസ്ഥാനമാക്കി മാറ്റാനും ഈ ശക്തി പ്രയോജനപ്പെടുത്തുക എന്നതാണ് എന്റെ ലക്ഷ്യം. വിനോദസഞ്ചാരത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്ര ഭാരതത്തിന്റെ മുന്‍നിര സംസ്ഥാനമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ വീര്യത്തിന് സാക്ഷ്യം വഹിക്കുന്ന അതിമനോഹരമായ കോട്ടകള്‍, കൊങ്കണിലെ മോഹിപ്പിക്കുന്ന ബീച്ചുകള്‍, സഹ്യാദ്രി മലനിരകളിലൂടെയുള്ള ആവേശകരമായ യാത്രകള്‍ എന്നിവ ഇവിടെയുണ്ട്. കോണ്‍ഫറന്‍സ് ടൂറിസത്തിനും മെഡിക്കല്‍ ടൂറിസത്തിനും ഇവിടെ ധാരാളം അവസരങ്ങളുണ്ട്. ഭാരതത്തിന്റെ വികസനത്തില്‍ ഒരു പുതിയ അധ്യായം രചിക്കാന്‍ മഹാരാഷ്ട്ര ഒരുങ്ങുകയാണ്, നാമെല്ലാവരും ഈ യാത്രയുടെ ഭാഗമാണ്. ഇന്നത്തെ പരിപാടി മഹായുതി സര്‍ക്കാരിന്റെ ഈ ലക്ഷ്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു.
സുഹൃത്തുക്കളേ,
21-ാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ അഭിലാഷങ്ങള്‍ ഇപ്പോള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. ഈ നൂറ്റാണ്ടിന്റെ ഏകദേശം 25 വര്‍ഷങ്ങള്‍ കടന്നുപോയി, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കാന്‍ ലക്ഷ്യമിട്ട് നമ്മുടെ രാജ്യത്തെ ജനങ്ങള്‍ അതിവേഗ വികസനത്തിനായി ഉത്സുകരാണ്. പ്രത്യേകിച്ച് മുംബൈയ്ക്കും പൊതുവെ മഹാരാഷ്ട്രയ്ക്കും ഈ ശ്രമത്തില്‍ കാര്യമായ പങ്കുണ്ട്. മഹാരാഷ്ട്രയിലെയും മുംബൈയിലെയും എല്ലാവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാല്‍, മുംബൈയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ യോജിച്ച ശ്രമങ്ങള്‍ നടത്തുന്നു. മുംബൈയിലെ തീരദേശ റോഡും അടല്‍ സേതുവും ഇപ്പോള്‍ പൂര്‍ത്തിയായി. അടല്‍ സേതുവിന്റെ നിര്‍മ്മാണ വേളയില്‍ വളരെയധികം എതിര്‍പ്പുകളും അത് വൈകിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. എന്നിരുന്നാലും, ഇന്ന് എല്ലാവര്‍ക്കും അതിന്റെ മഹത്തായ ഗുണങ്ങള്‍ കാണാന്‍ കഴിയും. പ്രതിദിനം ഏകദേശം 20,000 വാഹനങ്ങള്‍ ഇത് ഉപയോഗിക്കുന്നതിനാല്‍ പ്രതിദിനം 20-25 ലക്ഷം രൂപയുടെ ഇന്ധനം ലാഭിക്കുന്നുവെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഇപ്പോള്‍ പന്‍വേലില്‍ എത്താന്‍ ഏകദേശം 45 മിനിറ്റ് കുറച്ച് എടുക്കും, ഇത് സമയ ലാഭവും പാരിസ്ഥിതിക നേട്ടങ്ങളും ഉണ്ടാക്കുന്നു. ഈ സമീപനത്തിലൂടെ ഞങ്ങള്‍ മുംബൈയിലെ ഗതാഗത സംവിധാനം നവീകരിക്കുകയാണ്. മുംബൈ മെട്രോയുടെ വിപുലീകരണവും അതിവേഗം പുരോഗമിക്കുകയാണ്. പത്ത് വര്‍ഷം മുമ്പ് മുംബൈയില്‍ എട്ട് കിലോമീറ്റര്‍ മാത്രമായിരുന്നു മെട്രോ പാതയെങ്കില്‍ ഇന്ന് അത് 80 കിലോമീറ്ററിനടുത്താണ്. കൂടാതെ, മുംബൈയില്‍ ഏകദേശം 200 കിലോമീറ്റര്‍ മെട്രോ ശൃംഖലയുടെ ജോലികള്‍ നടക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യന്‍ റെയില്‍വേയുടെ പരിവര്‍ത്തനം മുംബൈയ്ക്കും മഹാരാഷ്ട്രയ്ക്കും ഏറെ ഗുണം ചെയ്യുന്നു. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, നാഗ്പൂര്‍, അജ്‌നി സ്റ്റേഷനുകളുടെ പുനര്‍വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഇന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിലും ലോകമാന്യ തിലക് സ്റ്റേഷനിലും പുതിയ പ്ലാറ്റ്ഫോമുകള്‍ ഉദ്ഘാടനം ചെയ്തു. ഈ സ്റ്റേഷനുകളില്‍ നിന്ന് 24 കോച്ചുകളുള്ള ദൈര്‍ഘ്യമേറിയ ട്രെയിനുകളുടെ പ്രവര്‍ത്തനം ഇത് സാധ്യമാക്കും.
സുഹൃത്തുക്കളേ,
കഴിഞ്ഞ ദശകത്തില്‍ മഹാരാഷ്ട്രയിലെ ദേശീയപാതകളുടെ നീളം മൂന്നിരട്ടിയായി. ഗോരേഗാവ്-മുലുന്ദ് ലിങ്ക് റോഡ് പദ്ധതി വികസനവും പരിസ്ഥിതിയും തമ്മിലുള്ള യോജിപ്പിന്റെ ഉദാഹരണമാണ്. ഇന്ന്, താനെ മുതല്‍ ബോറിവലി വരെയുള്ള ഇരട്ട ടണല്‍ പദ്ധതിയുടെ ജോലിയും ആരംഭിക്കുന്നു, ഇത് ഈ രണ്ട് സ്ഥലങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം കുറച്ച് മിനിറ്റുകളായി കുറയ്ക്കും. ഞങ്ങളുടെ തീര്‍ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനും തീര്‍ഥാടകര്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും എന്‍ഡിഎ സര്‍ക്കാര്‍ നിരന്തരം പരിശ്രമിക്കുന്നു. നിലവില്‍ ലക്ഷക്കണക്കിന് ഭക്തര്‍ പണ്ടാരപ്പൂര്‍ വാരിയില്‍ പൂര്‍ണ ഭക്തിയോടെ പങ്കെടുക്കുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പൂനെയില്‍ നിന്ന് പണ്ഡര്‍പൂരിലേക്കുള്ള യാത്ര സുഗമമാണെന്നും ഭക്തര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. സന്ത് ജ്ഞാനേശ്വര്‍ പാല്‍ഖി മാര്‍ഗിലെ ഏകദേശം 200 കി.മീ ദൂരത്തിന്റെ പണി പൂര്‍ത്തിയായി, സന്ത് തുക്കാറാം പാല്‍ഖി മാര്‍ഗിന്റെ 110 കി.മീ. ഈ രണ്ട് റൂട്ടുകളും തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിന് ഉടന്‍ സജ്ജമാകും. (പ്രധാനമന്ത്രി മറാത്തി ഭാഷയില്‍ ചില പരാമര്‍ശങ്ങള്‍ നടത്തുന്നു.)
സഹോദരീ സഹോദരന്മാരേ,
ഇത്തരം കണക്ടിവിറ്റി അടിസ്ഥാനസൗകര്യം ടൂറിസം, കൃഷി, വ്യാവസായിക മേഖല എന്നിവയ്ക്ക് ഗുണം ചെയ്യുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട കണക്റ്റിവിറ്റി സ്ത്രീകള്‍ക്ക് സൗകര്യവും സുരക്ഷയും നല്‍കുകയും അവരുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ ഈ സംരംഭങ്ങള്‍ പാവപ്പെട്ടവരെയും കര്‍ഷകരെയും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുകയാണ്. മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാരും ഇതേ പ്രതിബദ്ധത പങ്കിടുന്നു. പ്രതിവര്‍ഷം 10 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിജ്ഞയെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി യുവ കാര്യ പ്രശിക്ഷന്‍ യോജനയ്ക്ക് കീഴിലുള്ള പരിശീലന വേളയില്‍ സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നു.
സുഹൃത്തുക്കളേ,
നൈപുണ്യ വികസനവും വന്‍തോതിലുള്ള തൊഴിലും ഭാരതത്തിന് അനിവാര്യമാണ്. ഈ ലക്ഷ്യങ്ങള്‍ക്കായി നമ്മുടെ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 4-5 വര്‍ഷത്തിനിടയില്‍, COVID-19 പോലുള്ള വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും, ഭാരതം റെക്കോര്‍ഡ് തലത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പുറത്തിറക്കി, കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ രാജ്യത്ത് ഏകദേശം 8 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി പറയുന്നു. ഈ കണക്കുകള്‍ തൊഴിലിനെക്കുറിച്ച് തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിശബ്ദരാക്കി. ഇത്തരം തെറ്റായ വിവരണങ്ങള്‍ നിക്ഷേപത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഭാരതത്തിന്റെ പുരോഗതിക്കും ഹാനികരമാണ്. അവരുടെ ഓരോ നയങ്ങളും യുവാക്കളെ ഒറ്റിക്കൊടുക്കാനും തൊഴില്‍ തടസ്സപ്പെടുത്താനും ലക്ഷ്യമിടുന്നു. എന്നിരുന്നാലും, അവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍ ഇപ്പോള്‍ തുറന്നുകാട്ടപ്പെടുന്നു, ഭാരതത്തിലെ ജനങ്ങള്‍ ജ്ഞാനികളാണ്, അതിനാല്‍ അവരുടെ നുണകളും വഞ്ചനകളും നിരസിക്കുന്നു. ഒരു പാലം പണിയുമ്പോഴോ, ഒരു റെയില്‍വേ ട്രാക്ക് സ്ഥാപിക്കുമ്പോഴോ, ഒരു റോഡ് നിര്‍മ്മിക്കുമ്പോഴോ, അല്ലെങ്കില്‍ ഒരു ലോക്കല്‍ ട്രെയിന്‍ കോച്ച് നിര്‍മ്മിക്കുമ്പോഴോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഭാരതത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത വര്‍ദ്ധിക്കുന്നതിനനുസരിച്ച് തൊഴിലവസരങ്ങളുടെ തോതും വര്‍ദ്ധിക്കുന്നു. വരും കാലങ്ങളില്‍ പുതിയ നിക്ഷേപങ്ങളോടെ, ഈ അവസരങ്ങള്‍ കൂടുതല്‍ വളരുകയേ ഉള്ളൂ.
സുഹൃത്തുക്കളേ,
എന്‍ഡിഎ സര്‍ക്കാരിന്റെ വികസന മാതൃക സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗത്തിന് മുന്‍ഗണന നല്‍കുന്നു. പതിറ്റാണ്ടുകളായി സാമൂഹികമായ തട്ടില്‍ ഏറ്റവും താഴെയുള്ളവരില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തയുടന്‍, പാവപ്പെട്ടവര്‍ക്ക് പക്കാ വീടുകള്‍ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുകയും കര്‍ഷകരുടെ ക്ഷേമത്തിനായി സുപ്രധാന നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. ഇതുവരെ 4 കോടി പാവങ്ങള്‍ക്ക് പക്കാ വീടുകള്‍ ലഭിച്ചു. മഹാരാഷ്ട്രയിലെ ലക്ഷക്കണക്കിന് പാവപ്പെട്ട, ദലിത്, പിന്നോക്ക, ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ 3 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അടുത്ത വര്‍ഷങ്ങളില്‍ പക്കാ വീടുകള്‍ ലഭിക്കും. ഒരു നല്ല വീട് എല്ലാ കുടുംബത്തിനും ആവശ്യം മാത്രമല്ല, അന്തസ്സും കൂടിയാണ്. അതിനാല്‍, നഗരങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സുഹൃത്തുക്കളേ,
തെരുവ് കച്ചവടക്കാര്‍ മാന്യമായ ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. SVANIdhi യോജന ഇക്കാര്യത്തില്‍ വളരെയധികം പ്രയോജനകരമാണ്. ഈ പദ്ധതിക്ക് കീഴില്‍ ഇതുവരെ 90 ലക്ഷം വായ്പകള്‍ അനുവദിച്ചിട്ടുണ്ട്, ഇതില്‍ 13 ലക്ഷത്തോളം വായ്പകള്‍ മഹാരാഷ്ട്രയിലെ വെണ്ടര്‍മാര്‍ക്കാണ്. മുംബൈയില്‍ മാത്രം 1.5 ലക്ഷം വഴിയോരക്കച്ചവടക്കാര്‍ക്ക് SVANIdhi യോജനയുടെ പ്രയോജനം ലഭിച്ചു. SVANidhi മുഖേനയുള്ള ബാങ്കുകളില്‍ നിന്നുള്ള പിന്തുണ അവരുടെ ബിസിനസുകളെ ശക്തിപ്പെടുത്തുന്നു, കൂടാതെ സ്‌കീമുമായി ബന്ധപ്പെട്ടവരുടെ പ്രതിമാസ വരുമാനം ഏകദേശം 2,000 രൂപ വര്‍ദ്ധിച്ചതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു, ഇപ്രകാരംപ്രതിവര്‍ഷം 20,000-25,000 രൂപ അധികാമയി ലഭിക്കുന്നു.
സുഹൃത്തുക്കളേ,
SVANhidhi പദ്ധതിയുടെ മറ്റൊരു പ്രധാന വശം എടുത്തുകാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പാവപ്പെട്ട സഹോദരീസഹോദരന്മാരുടെ ആത്മാഭിമാനവും സത്യസന്ധതയും പ്രതിഫലിപ്പിക്കും വിധം ഈ ലോണുകള്‍ സ്വീകര്‍ത്താക്കള്‍ ഉത്സാഹപൂര്‍വം പൂര്‍ണ്ണമായും തിരിച്ചടയ്ക്കുന്നു. ശ്രദ്ധേയ SVANidhi ഗുണഭോക്താക്കള്‍ ഇതുവരെ 3.25 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തി എന്നതും ശ്രദ്ധേയമാണ്. ഇത് ഡിജിറ്റല്‍ ഇന്ത്യയെ ശാക്തീകരിക്കുക മാത്രമല്ല നമ്മുടെ രാഷ്ട്രത്തിന് ഒരു പുതിയ വ്യക്തിത്വം നല്‍കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഭാരതത്തിലെ സാംസ്‌കാരിക, സാമൂഹിക, ദേശീയ അവബോധത്തിന് മഹാരാഷ്ട്ര ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ഛത്രപതി ശിവാജി മഹാരാജ്, ബാബാസാഹേബ് അംബേദ്കര്‍, മഹാത്മാ ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫുലെ, അണ്ണാഭൗ സാത്തേ, ലോകമാന്യ തിലക്, വീര്‍ സവര്‍ക്കര്‍ തുടങ്ങി നിരവധി മഹാന്മാരുടെ പൈതൃകങ്ങളുള്ള നാടാണിത്. ഈ പ്രഗത്ഭരായ വ്യക്തികള്‍ വിഭാവനം ചെയ്യുന്ന യോജിപ്പുള്ള സമൂഹത്തിനും ശക്തമായ രാഷ്ട്രത്തിനും വേണ്ടി നാം പരിശ്രമിക്കണം. സമൃദ്ധിയുടെ പാത യോജിപ്പിലും സുമനസ്സിലുമാണ് എന്ന് ഓര്‍ക്കേണ്ടത് പ്രധാനമാണ്. ഈ വികാരത്തോടെ, ഈ വികസന പദ്ധതികളില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. വളരെ നന്ദി!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെ നന്ദി.
--NS--.
(Release ID: 2034428)
Read this release in:
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada