മന്ത്രിസഭ

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ നാഷണല്‍ ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ഹാന്‍സ്‌മെന്റ് സ്‌കീമിന് (എന്‍.എഫ്.എല്‍.ഇ.എസ്.) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


കാമ്പസുകള്‍, ലാബുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍ എന്നിവയ്ക്കായി 2254.43 കോടി രൂപയുടെ സാമ്പത്തിക വിഹിതം

Posted On: 19 JUN 2024 8:05PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2024-25 മുതല്‍ 2028-29 വരെയുള്ള കാലയളവിലേക്കായി സമര്‍പ്പിച്ച 2254.43 കോടി രൂപ സാമ്പത്തിക സഹായത്തോടുകൂടിയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ നാഷണൽ ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ഹാന്‍സ്മെന്റ് സ്‌കീമിനു (എന്‍.എഫ്.ഐ.ഇ.എസ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പദ്ധതിക്ക് വേണ്ട സാമ്പത്തിക വിഹിതം ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വന്തം ബജറ്റില്‍ നിന്ന് ലഭ്യമാക്കും.

താഴെപ്പറയുന്ന ഘടകങ്ങള്‍ക്ക് പദ്ധതിക്ക് കീഴില്‍ മന്ത്രിസഭ അംഗീകാരം നല്‍കി:

  • നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ (എന്‍.എഫ്.എസ്.യു.) കാമ്പസുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കല്‍.
  • രാജ്യത്ത് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍ സ്ഥാപിക്കല്‍.
  • എന്‍.എഫ്.എസ്.യുവിന്റെ ഡല്‍ഹി കാമ്പസിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍.

തെളിവുകളുടെ ശാസ്ത്രീയവും സമയോചിതവുമായ ഫോറന്‍സിക് പരിശോധനയെ അടിസ്ഥാനമാക്കി ഫലപ്രദവും കാര്യക്ഷമവുമായ ക്രിമിനല്‍ നീതിന്യായ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. കാര്യക്ഷമമായ ക്രിമിനൽ നീതിന്യായ പ്രക്രിയയ്‌ക്കായി തെളിവുകളുടെ സമയോചിതവും ശാസ്ത്രീയവുമായ പരിശോധനയും, ഉയർന്ന നിലവാരമുള്ള, പരിശീലനം ലഭിച്ച ഫോറൻസിക് പ്രൊഫഷണലുകളുടെ പ്രാധാന്യവും ഈ പദ്ധതിയിൽ അടിവരയിട്ടു പറയുന്നു. മാത്രമല്ല, ഇതുമൂലം സാങ്കേതികവിദ്യയിലെ പുരോഗതിയെ പരമാവധി പ്രയോജനപ്പെടുത്തുവാനും കഴിയും.

7 വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് ഫോറൻസിക് അന്വേഷണം നിർബന്ധമാക്കുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നതോടെ, ഫോറൻസിക് സയൻസ് ലബോറട്ടറികളുടെ ജോലിഭാരത്തിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നു. കൂടാതെ, രാജ്യത്തെ ഫോറൻസിക് സയൻസ് ലബോറട്ടറികളിൽ (എഫ്.എസ്.എൽ.) പരിശീലനം ലഭിച്ച ഫോറൻസിക് വിദഗ്ധരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്.

ഈ ആവശ്യകത നിറവേറ്റുന്നതിന്, ദേശീയ ഫോറൻസിക് ഇൻഫ്രാസ്ട്രക്ചറിൽ ഗണ്യമായ നിക്ഷേപവും മെച്ചപ്പെടുത്തലും അനിവാര്യമാണ്. നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയുടെയും (NFSU) പുതിയ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറികളുടെയും (CFSLs) അധിക ഓഫ് കാമ്പസുകൾ സ്ഥാപിക്കുന്നത്, പരിശീലനം ലഭിച്ച ഫോറൻസിക് വിദഗ്ദ്ധരുടെ കുറവ് പരിഹരിക്കുകയും ഫോറൻസിക് ലബോറട്ടറികളുടെ കേസ് ലോഡ് / പെൻഡൻസി ലഘൂകരിക്കുകയും സർക്കാരുമായി യോജിപ്പിക്കുകയും ചെയ്യും. 90 ശതമാനത്തിലധികം ഉയർന്ന ശിക്ഷാ നിരക്ക് ഉറപ്പാക്കുക എന്നതാണ് ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ലക്ഷ്യം.

--SK--



(Release ID: 2026792) Visitor Counter : 48