പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി 7 ഉച്ചകോടിക്കിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 14 JUN 2024 5:11PM by PIB Thiruvananthpuram

ഇറ്റലിയിലെ അപുലിയയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തി. തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പ്രധാനമന്ത്രി സുനക് അദ്ദേഹത്തെ അഭിനന്ദിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പങ്കാളിത്ത പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.

2. മാര്‍ഗ്ഗരേഖ 2030 നടപ്പിലാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ത നേതാക്കള്‍, തുടര്‍ച്ചയായ ഉന്നതതല രാഷ്ട്രീയ കൂടിക്കാഴ്ചകള്‍, പ്രതിരോധം, സുരക്ഷ, വ്യാപാര-സാമ്പത്തിക സഹകരണം, നിര്‍ണ്ണായകവും ഉയര്‍ന്നതുമായ സാങ്കേതിക മേഖലകള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഉള്‍പ്പെടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ എല്ലാ മേഖലകളിലെയും പുരോഗതിയില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചകളിലെ പുരോഗതിയിലും ഇരുവരും സംതൃപ്തി രേഖപ്പെടുത്തി. ഇരു നേതാക്കളും പരസ്പര താല്‍പ്പര്യത്തിലുള്ള പ്രാദേശികവും ബഹുമുഖവുമായ കാര്യങ്ങളും ചര്‍ച്ച ചെയ്തു.


3. അടുത്ത മാസം പൊതു തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ബ്രിട്ടണിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

 

SK



(Release ID: 2025373) Visitor Counter : 37