പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി7 അപൂലിയ ഉച്ചകോടിക്കായി ഇറ്റലിയിലേക്കു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

Posted On: 13 JUN 2024 5:36PM by PIB Thiruvananthpuram

ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണപ്രകാരം, 2024 ജൂൺ 14നു നടക്കുന്ന ജി7 ഔട്ട്‌റീച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞാൻ ഇറ്റലിയിലെ അപൂലിയ മേഖലയിലേക്കു പോകുകയാണ്.

ജി-7 ഉച്ചകോടിക്കായി തുടർച്ചയായി മൂന്നാം തവണയും ഇറ്റലിയിലേക്കാണ് എന്റെ ആദ്യ സന്ദർശനം എന്നതിൽ എനിക്കു സന്തോഷമുണ്ട്. 2021-ലെ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഞാൻ ഇറ്റലി സന്ദർശിച്ചത് ഊഷ്മളമായി ഓർക്കുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മെലോണി നടത്തിയ രണ്ട് ഇന്ത്യാസന്ദർശനങ്ങൾ നമ്മുടെ ഉഭയകക്ഷി കാര്യപരിപാടിക്ക് ആക്കം കൂട്ടുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യ-ഇറ്റലി തന്ത്രപ്രധാന പങ്കാളിത്തം ഏകീകരിക്കുന്നതിനും ഇന്തോ-പസഫിക്, മെഡിറ്ററേനിയൻ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഔട്ട്‌റീച്ച് സെഷനിലെ ചർച്ചകൾ നിർമിതബുദ്ധി, ഊർജം, ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴിൽ നടന്ന ജി 20 ഉച്ചകോടിയുടെയും വരാനിരിക്കുന്ന ജി 7 ഉച്ചകോടിയുടെയും ഫലങ്ങൾക്കിടയിൽ കൂടുതൽ സമന്വയം കൊണ്ടുവരാനും ഗ്ലോബൽ സൗത്തിലെ നിർണായകമായ വിഷയങ്ങൾ ചർച്ച ചെയ്യാനുമുള്ള അവസരമാണിത്.

ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനും ഞാൻ കാത്തിരിക്കുന്നു. 

***

NK



(Release ID: 2025131) Visitor Counter : 280