തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനും സംശുദ്ധമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് പൗരന്മാര്‍



കഴിഞ്ഞ രണ്ട് മാസത്തിനിടെ സി-വിജിലിലൂടെ ലഭിച്ചത് 4.24 ലക്ഷം പരാതികള്‍; 99.9% കേസുകളും തീര്‍പ്പാക്കി

ജിയോ ടാഗിങ്ങിന്റെ സഹായത്തോടെ ഫ്ളൈയിങ് സ്‌ക്വാഡുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിയമലംഘനം നടന്ന സ്ഥലത്തെത്തുന്നു


Posted On: 18 MAY 2024 1:23PM by PIB Thiruvananthpuram

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍, പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അറിയിക്കാനായി ജനങ്ങളുടെ പക്കലുള്ള ഫലപ്രദമായ സങ്കേതമായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി-വിജില്‍ ആപ്ലിക്കേഷന്‍ മാറി. 2024ലെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം, 2024 മെയ് 15 വരെ 4.24 ലക്ഷത്തിലധികം പരാതികള്‍ ഈ ആപ്ലിക്കേഷന്‍ വഴി ലഭിച്ചു. ഇതില്‍ 4,23,908 പരാതികള്‍ തീര്‍പ്പാക്കി. ശേഷിക്കുന്ന 409 കേസുകളിൽ നടപടി പുരോഗമിക്കുന്നു. ഏകദേശം, 89% പരാതികളും 100 മിനിറ്റിനുള്ളില്‍ പരിഹരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വാക്കുപാലിച്ചു.

നിര്‍ദ്ദിഷ്ട സമയത്തിനും ശബ്ദപരിധിക്കും അപ്പുറമുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം, നിരോധന കാലയളവിലെ പ്രചാരണം, അനുമതിയില്ലാതെ ബാനറുകളോ പോസ്റ്ററുകളോ സ്ഥാപിക്കല്‍, അനുവദനീയമായ പരിധിക്കപ്പുറമുള്ള വാഹനവിന്യാസം, സ്വത്ത് നശിപ്പിക്കല്‍, തോക്കുകള്‍ പ്രദര്‍ശിപ്പിക്കല്‍ / ഭീഷണിപ്പെടുത്തല്‍, സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ പരിശോധിക്കല്‍ എന്നിവയ്ക്കായി പൗരന്മാര്‍ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചു. ഇനം തിരിച്ചുള്ള പരാതികള്‍ ചുവടെ നല്‍കിയിരിക്കുന്നു:

ഉത്തരവാദിത്വബോധമുള്ള പൗരന്മാരെ ജില്ലാ കണ്‍ട്രോള്‍ റൂം, റിട്ടേണിങ് ഓഫീസര്‍, ഫ്‌ളൈയിംഗ് സ്‌ക്വാഡ് ടീമുകള്‍ എന്നിവയുമായി കൂട്ടിയിണക്കുന്ന ഉപയോക്തൃ സൗഹൃദവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമായ ആപ്ലിക്കേഷനാണ് സി-വിജില്‍. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തിരക്കുകൂട്ടാതെ തന്നെ  പൗരന്മാര്‍ക്ക് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലേക്ക് രാഷ്ട്രീയ ദുരുപയോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. സി-വിജില്‍ ആപ്ലിക്കേഷനിൽ പരാതി അയച്ചാലുടന്‍ പരാതിക്കാരന് പ്രത്യേക ഐഡി ലഭിക്കും. അതിലൂടെ പരാതിക്കാരന് അവരുടെ മൊബൈലില്‍ പരാതിയുടെ നില പരിശോധിക്കാൻ കഴിയും.

ഒരേസമയം പ്രവര്‍ത്തിക്കുന്ന മൂന്നു ഘടകങ്ങൾ സി-വിജിലിനെ വിജയകരമാക്കുന്നു. ഉപയോക്താക്കള്‍ക്ക് ശബ്ദമോ ചിത്രങ്ങളോ അല്ലെങ്കില്‍ വീഡിയോയോ തത്സമയം പകര്‍ത്താനാകും. പരാതികളോട് സമയബന്ധിതമായി പ്രതികരിക്കുന്നതിന് '100 മിനിറ്റ്' കൗണ്ട്ഡൗണ്‍ സി-വിജില്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ലംഘനം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഉപയോക്താവ് സി-വിജിലിലെ ക്യാമറ ഓണാക്കിയാലുടന്‍ ആപ്ലിക്കേഷന്‍ സ്വയമേവ ജിയോ-ടാഗിങ് സവിശേഷത പ്രവര്‍ത്തനക്ഷമമാക്കുന്നു. അതിലൂടെ ഫ്‌ലൈയിംഗ് സ്‌ക്വാഡുകള്‍ക്ക് ലംഘനം നടന്ന കൃത്യമായ സ്ഥാനം അറിയാന്‍ കഴിയും. കൂടാതെ പൗരന്മാര്‍ പകര്‍ത്തിയ ചിത്രം കോടതിയില്‍ തെളിവായി ഉപയോഗിക്കാനുമാകും. പൗരന്മാര്‍ക്കു പേര് വെളിപ്പെടുത്താതെ പരാതികള്‍ അറിയിക്കാം. ദുരുപയോഗം തടയുന്നതിന്, ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങള്‍, റിപ്പോര്‍ട്ടുചെയ്യുന്നതിനുള്ള സമയപരിധി, സമാനമായതോ അല്ലെങ്കില്‍ ന‌ിസാരമായതോ ആയ പരാതികള്‍ തരംതിരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ സി- വിജില്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും സൗകര്യമൊരുക്കുന്നതിനും കമ്മീഷന്‍ നിര്‍മ്മിച്ച ആപ്ലിക്കേഷനുകളുടെ ശേഖരത്തിലുള്ളതാണ് ഈ ആപ്ലിക്കേഷന്‍.

 

SK



(Release ID: 2021001) Visitor Counter : 46