ആഭ്യന്തരകാര്യ മന്ത്രാലയം

ആഭ്യന്തര മന്ത്രാലയം സംസ്ഥാന/കേന്ദ്രഭരണ പ്രദേശ പോലീസ്, NCB, CBI, RBI, മറ്റ് നിയമ നിർവ്വഹണ ഏജൻസികൾ എന്നിവയുടെ പേരിൽ ആൾമാറാട്ടം നടത്തുന്ന സൈബർ കുറ്റവാളികളുടെ 'ബ്ലാക്ക്‌മെയിൽ', 'ഡിജിറ്റൽ അറസ്റ്റ്' സംഭവങ്ങൾക്കെതിരെ മുന്നറിയിപ്പ്

Posted On: 14 MAY 2024 4:15PM by PIB Thiruvananthpuram


 പോലീസ് അധികാരികൾ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നിവയുടെ പേരിൽ സൈബർ കുറ്റവാളികൾ നടത്തുന്ന ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്‌മെയിൽ ചെയ്യൽ, കൊള്ളയടിക്കൽ, "ഡിജിറ്റൽ അറസ്റ്റുകൾ" എന്നിവ സംബന്ധിച്ച് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻസിആർപി) ധാരാളം പരാതികളാണ് വരുന്നത്. 

ഈ തട്ടിപ്പുകാർ സാധാരണയായി ഇരയാകാൻ സാധ്യതയുള്ള വ്യക്തിയെ വിളിക്കുകയും, നിയമവിരുദ്ധമായ ചരക്കുകൾ, മയക്കുമരുന്ന്, വ്യാജ പാസ്‌പോർട്ടുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും നിരോധിത വസ്‌തുക്കൾ എന്നിവ ഉൾപ്പെടുന്ന പാഴ്‌സൽ നിങ്ങളുടെ പേരിൽ അയച്ചിട്ടുണ്ടെന്നു പറയുകയും ചെയ്യുന്നു. ചിലപ്പോൾ, ഇരയുടെ പ്രിയപ്പെട്ടവരോ ബന്ധുക്കളോ ഒരു കുറ്റകൃത്യത്തിലോ അപകടത്തിലോ ഉൾപ്പെട്ടതായി പറയുകയും അവരുടെ കസ്റ്റഡിയിലാണെന്നു അറിയിക്കുകയും ചെയ്യുന്നു. "കേസ്" ഒത്തുതീർപ്പ് ആക്കുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ, ഇരകളെ "ഡിജിറ്റൽ അറസ്റ്റിന്" വിധേയരാക്കുകയും ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ തട്ടിപ്പുകാർ  സ്കൈപ്പിലോ മറ്റ് വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമിലോ അവരുമായി സംവദിക്കുകയും ചെയ്യുന്നു. തട്ടിപ്പുകാർ പോലീസ് സ്‌റ്റേഷനുകളുടെയും സർക്കാർ ഓഫീസുകളുടെയും മാതൃകയിലുള്ള സ്റ്റുഡിയോകൾ ഉപയോഗിക്കുകയും യഥാർത്ഥ വേഷം ധരിക്കുകയും ചെയ്യുന്നു. രാജ്യത്തുടനീളം നിരവധി ഇരകൾക്ക് ഇത്തരം കുറ്റവാളികൾ കാരണം വലിയ തുക നഷ്ടമായിട്ടുണ്ട്. ഇതൊരു സംഘടിത ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യമാണ്. അതിർത്തി കടന്നുള്ള ക്രൈം സിൻഡിക്കേറ്റുകളാണ് ഇത് കൈകാര്യം ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഈ തട്ടിപ്പുകളെ പ്രതിരോധിക്കാൻ ആഭ്യന്തര മന്ത്രാലയം  മറ്റ് മന്ത്രാലയങ്ങളുമായും അവരുടെ ഏജൻസികളുമായും RBIയുമായും മറ്റ് സംഘടനകളുമായും അടുത്ത് പ്രവർത്തിക്കുന്നു. കേസുകൾ തിരിച്ചറിയുന്നതിനും അന്വേഷിക്കുന്നതിനുമായി സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസ് അധികാരികൾക്ക് നിർദ്ദേശങ്ങളും  സാങ്കേതിക പിന്തുണയും I4C നൽകുന്നു. മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 1,000-ലധികം സ്കൈപ്പ് ഐഡികളും I4C ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകാർ ഉപയോഗിക്കുന്ന സിം കാർഡുകൾ, മൊബൈൽ ഉപകരണങ്ങൾ, മ്യൂൾ അക്കൗണ്ടുകൾ എന്നിവ ബ്ലോക്ക് ചെയ്യാനും ഇത് സഹായിക്കുന്നു. I4C സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'സൈബർദോസ്തിൽ' ഇൻഫോഗ്രാഫിക്സിലൂടെയും വീഡിയോകളിലൂടെയും വിവിധ മുന്നറിയിപ്പുകൾ  നൽകിയിട്ടുണ്ട്. X, Facebook, Instagram എന്നിവ ഇതിനായി ഉപയോഗിക്കുന്നു. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൗരന്മാർ ജാഗ്രത പാലിക്കാനും അവബോധം പ്രചരിപ്പിക്കാനും നിർദ്ദേശിക്കുന്നു. അത്തരം കോളുകൾ ലഭിച്ചാൽ, സഹായത്തിനായി പൗരന്മാർ ഉടൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ലോ www.cybercrime.gov.in-ലോ സംഭവം റിപ്പോർട്ട് ചെയ്യണം.

 

NK



(Release ID: 2020591) Visitor Counter : 132