തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനുള്ള പണം ഉള്‍പ്പടെയുള്ളവ പിടിച്ചെടുക്കുന്നതില്‍  ചരിത്രനേട്ടത്തിലേക്ക്  ഇസിഐ

Posted On: 15 APR 2024 12:19PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 15  ഏപ്രിൽ 2024

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനുള്ള പണം ഉള്‍പ്പടെയുള്ള സാധന സാമഗ്രികള്‍ പിടിച്ചെടുക്കുന്നതില്‍ രാജ്യത്തെ 75 വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ  ഏറ്റവും വലിയ നേട്ടവുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍.  18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ 4650 കോടി രൂപയുടെ റിക്കാര്‍ഡ് പിടിച്ചെടുക്കലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ നടത്തിയിട്ടുള്ളത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ കാലയളവിലും പിടിച്ചെടുത്ത 3475 കോടി രൂപയേക്കാൾ കുത്തനെയുള്ള വർധനവാണിത്. പിടിച്ചെടുത്തവയില്‍ 45 % മയക്കുമരുന്നുകളാണ്. കമ്മീഷന്‍ ഇവയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട് .

ഇലക്ഷന്‍ സീഷര്‍ മാനേജ്‌മെന്റ് സിസ്റ്റം (ഇഎസ്എംഎസ്) ഡിജിറ്റൽ പാതകൾ സുഗമമാക്കുകയും  പിടിച്ചെടുത്ത വസ്തുക്കളെ സംബന്ധിച്ച വിവരങ്ങള്‍ ഒറ്റ 
മൗസ് ക്ലിക്കില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ഇത് എല്ലാ തലത്തിലുമുള്ള അവലോകനം വേഗത്തിലും സമയബന്ധിതമായി നിര്‍വ്വഹിക്കുന്നതിനും  സഹായിക്കുന്നു. കണ്ടെത്തലുകളും പിടിച്ചെടുക്കലുകളും സംബന്ധിച്ച തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പോര്‍ട്ടല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തന്നെ വികസിപ്പിച്ചെടുത്തതാണ്. കണക്കുകള്‍ പ്രകാരം, വിവിധ ഏജന്‍സികളുടെ 6398 ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍, 734 സംസ്ഥാന നോഡല്‍ ഓഫീസര്‍മാര്‍, 59000 ഫ്‌ളയിംഗ് സ്്ക്വാഡുകള്‍ (എഫ്എസ്), സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍ (എസ്എസ്ടി) എന്നിവ തത്സമയ നിരീക്ഷണത്തിനും വിവരങ്ങള്‍ നല്‍കുന്നതിനുമായി ഇഎസ്എംഎസ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എല്ലാ നോഡൽ ഉദ്യോഗസ്ഥർക്കും ESMS ഉപയോഗിക്കുന്നതിൻ്റെ വിവിധ വശങ്ങളിൽ പരിശീലനം നൽകിയിട്ടുണ്ട്.


തെരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനം തടയേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുമ്പ് 2024 ജനുവരി മുതല്‍, ഇലക്ഷന്‍ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു.  തിരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തിക സ്രോതസ്സുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കൂടുതൽ ജാഗ്രത പുലർത്താൻ ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ, എൻഫോഴ്‌സ്‌മെൻ്റ് ഏജൻസി മേധാവികൾ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഫീല്‍ഡ് ലെവല്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അവലോകനങ്ങള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ (സിഇഒമാര്‍), നിരീക്ഷകര്‍, ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍ (ഡിഇഒമാര്‍) എന്നിവര്‍ നിരന്തരം നടത്തുന്നുണ്ട്. ബന്ധപ്പെട്ട ഏജന്‍സികളുടെ സംയുക്ത സംഘങ്ങള്‍ക്ക് കമ്മീഷന്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

നോഡല്‍ ഏജന്‍സികള്‍ സന്ദര്‍ശിച്ച അവസരങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ശ്രീ രാജീവ് കുമാര്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിരുന്നു. മയക്കുമരുന്ന് കടത്തിന്റെ പ്രധാന വഴികളും ഇടനാഴികളും കണ്ടെത്തുന്നതിനും ഫലപ്രദമായ പ്രതിരോധ നടപടികള്‍ നിലവിലുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഡയറക്ടറേറ്റ് ജനറലുമായും അതിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കമ്മീഷന്‍ സഹകരിക്കുന്നു.

123 ലോക്‌സഭാ മണ്ഡലങ്ങള്‍ അമിത ചെലവുകള്‍ക്കു സാദ്ധ്യതയുള്ളവയായി കണ്ടെത്തി കൂടുതല്‍ ജാഗ്രതപുലര്‍ത്തുന്നുണ്ട് . മുമ്പ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നതോ അല്ലങ്കില്‍ മയക്കുമരുന്ന്, പണം, മദ്യം എന്നിവ ഒഴുക്കുന്നതിനു സാദ്ധ്യതയുള്ള അന്തര്‍-സംസ്ഥാന, അന്തര്‍ദേശീയ അതിര്‍ത്തികളുമായി ചേര്‍ന്നുള്ളതോ ആണ് ഈ മണ്ഡലങ്ങള്‍.

ആകെ 656 ചെലവു നിരീക്ഷകരെ ലോക്‌സഭാ മണ്ഡലങ്ങളിലും 125 പേരെ നിയമസഭാ മണ്ഡലങ്ങളിലും വിന്യസിച്ചിട്ടുണ്ട്. വോട്ടര്‍മാരെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ  കമ്മീഷന്റെ cVigil ആപ്പ് വഴി പൗരന്മാരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നത് ചെലവു സംബന്ധിച്ച നിരീക്ഷണം കൂടുതല്‍ ഫലപ്രമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് ശേഷം, പണം, മദ്യം, സൗജന്യങ്ങള്‍ എന്നിവയുടെ വിതരണവുമായി ബന്ധപ്പെട്ട് ആകെ 3262 പരാതികള്‍ ലഭിച്ചു.


(Release ID: 2017941) Visitor Counter : 67