തെരഞ്ഞെടുപ്പ് കമ്മീഷന്‍

2024ലെ പൊതുതെരഞ്ഞെടുപ്പു സമാധാനപരവും പ്രലോഭനരഹിതവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും പൊലീസ് ഡയറക്ടർ ജനറൽമാർക്കും കേന്ദ്ര ഏജൻസികളുടെ മേധാവികൾക്കും നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ


വ്യാജമദ്യം, പണം, മയക്കുമരുന്ന്, ആയുധങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയുടെ വരവു തടയാൻ സംസ്ഥാന-ദേശീയ അതിർത്തികളിൽ കർശന ജാഗ്രത പുലർത്തണം

Posted On: 03 APR 2024 6:31PM by PIB Thiruvananthpuram

സ്വതന്ത്രവും നീതിയുക്തവും സമാധാനപരവും പ്രലോഭനരഹിതവുമായ തെരഞ്ഞെടുപ്പിനായി 2024ലെ ലോക്‌സഭാ-സംസ്ഥാന നിയമസഭാ പൊതുതെരഞ്ഞെടുപ്പിൽ ക്രമസമാധാന നില, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ, പിടിച്ചെടുക്കൽ, സംസ്ഥാന-ദേശീയ അതിർത്തികളിലുടനീളമുള്ള കർശന ജാഗ്രത എന്നിവ അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്ന് എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും നിർണായക യോഗം വിളിച്ചു. അതിർത്തികൾ കാക്കുന്ന കേന്ദ്ര ഏജൻസികൾക്കൊപ്പം അയൽ സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള തടസമില്ലാത്ത ഏകോപനത്തിനും സഹകരണത്തിനുമായി ബന്ധപ്പെട്ട എല്ലാവരെയും ഒരേ വേദിയിൽ കൊണ്ടുവരിക എന്നതായിരുന്നു സംയോജിത അവലോകനത്തിന്റെ ലക്ഷ്യം. കമ്മീഷൻ വിശദമായി, ഓരോ സംസ്ഥാനവുമായും/കേന്ദ്രഭരണപ്രദേശവുമായും ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ അവലോകനം ചെയ്തു.

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ (സിഇസി) ശ്രീ രാജീവ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷണർമാരായ ശ്രീ ജ്ഞാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിങ് സന്ധു എന്നിവർക്കൊപ്പം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും അതിർത്തി കാക്കുന്ന കേന്ദ്ര ഏജൻസികളിൽനിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

സ്വതന്ത്രവും നീതിയുക്തവും സമാധാനപരവും പ്രലോഭവനരഹിതവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള കമ്മീഷന്റെ പ്രതിബദ്ധത അടിവരയിട്ട്, തെരഞ്ഞെടുപ്പു പ്രക്രിയയുടെ സമഗ്രത ഉയർത്തിപ്പിടിക്കാനും തുല്യത ഉറപ്പാക്കാനും തടസ്സമില്ലാതെ പ്രവർത്തിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും സിഇസി രാജീവ് കുമാർ ആഹ്വാനം ചെയ്തു. ഭയമോ ഭീഷണിയോ കൂടാതെ ഓരോ സമ്മതിദായകനും അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ അദ്ദേഹം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകി. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവും ഭീഷണിരഹിതവുമായ തെരഞ്ഞെടുപ്പിനായി തങ്ങളുടെ ‘ദൃഢനിശ്ചയം’ ഉറപ്പുള്ള ‘നടപടികളാ’ക്കി മാറ്റാൻ സിഇസി എല്ലാ സംസ്ഥാനങ്ങളോടും/കേന്ദ്രഭരണപ്രദേശങ്ങളോടും ഏജൻസികളോടും ആഹ്വാനം ചെയ്തു.

 

അയൽ സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത, എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണപ്രദേശങ്ങളിലും മതിയായ രീതിയിൽ CAPFന്റെ വിന്യാസം, സംസ്ഥാനങ്ങളിലേക്ക്/കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് പോകുന്ന CAPF ഉദ്യോഗസ്ഥരുടെ നീക്കത്തിനും ഗതാഗതത്തിനുമുള്ള ലോജിസ്റ്റിക്കൽ പിന്തുണ, തെരഞ്ഞെടുപ്പു പ്രക്രിയയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന അതിർത്തി പ്രദേശങ്ങളിലെ ഫ്ലാഷ് പോയിന്റുകളുടെ തിരിച്ചറിയലും നിരീക്ഷണവും, മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമുദായിക സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിള്ളലുള്ള അതിർത്തികൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകത എന്നീ സുപ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. അന്താരാഷ്ട്ര അതിർത്തികളിലൂടെ മയക്കുമരുന്ന്, മദ്യം, ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള നിരോധിത വസ്തുക്കളുടെ നീക്കം തടയുന്നതിനായി കർശന ജാഗ്രതയുടെ പ്രാധാന്യത്തിനും കമ്മീഷൻ ഊന്നൽ നൽകി. അതിർത്തികളിലൂടെ മദ്യവും പണവും കൊണ്ടുപോകുന്നതിനുള്ള പ്രവേശന-ബഹിർഗമന കേന്ദ്രങ്ങൾ തിരിച്ചറിയുന്നതിനും ചില സംസ്ഥാനങ്ങളിലെ അനധികൃത കഞ്ചാവുകൃഷി തടയുന്നതിനും നിർദേശം നൽകി.

 

അരുണാചൽ പ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര തുടങ്ങിയ 11 സംസ്ഥാനങ്ങളിലെ വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളിൽ പോളിങ് സംഘങ്ങളെ കടത്തിവിടാൻ ഇന്ത്യൻ വ്യോമസേനയുടെയും വ്യോമയാന വകുപ്പിന്റെയും പിന്തുണ കമ്മീഷൻ അവലോകനം ചെയ്തു. ഭീഷണിയുടെ അടിസ്ഥാനത്തിൽ, പ്രത്യേകിച്ച് ഛത്തീസ്ഗഢ്, ജമ്മു കശ്മീർ പോലുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പ്രവർത്തകരെയും സ്ഥാനാർഥികളെയും സംരക്ഷിക്കുന്നതിനു മതിയായ സുരക്ഷാനടപടികൾക്കു നിർദേശം നൽകിയിട്ടുണ്ട്. മണിപ്പുരിൽ അടുത്തിടെയുണ്ടായ അക്രമങ്ങളും പ്രക്ഷുബ്ധതയും സമാധാനപരമായ തെരഞ്ഞെടുപ്പു നടത്തിപ്പിലെ അനന്തരഫലങ്ങളും അഭിസംബോധന ചെയ്തു. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരെ സഹായിക്കാനും തെരഞ്ഞെടുപ്പു പ്രക്രിയയിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും കമ്മീഷൻ ത്വരിതഗതിയിലുള്ള നടപടി ആവശ്യപ്പെട്ടു.

ഇനിപ്പറയുന്ന പൊതുവായ നിർദേശങ്ങൾ നൽകി:

 

ക്രമസമാധാനവുമായി ബന്ധപ്പെട്ടത്:

1.       കർശന നിരീക്ഷണത്തിനായി ദേശീയ-സംസ്ഥാന അതിർത്തികളിൽ സംയോജിത ചെക്ക് പോസ്റ്റുകൾ

2.     അതിർത്തിജില്ലകൾക്കിടയിൽ കുറ്റവാളികളെയും സാമൂഹ്യവിരുദ്ധരെയും കുറിച്ചുള്ള സൂചനകൾ പങ്കിടൽ

3.     അവസാന 48 മണിക്കൂറിനുള്ളിൽ കള്ളവോട്ടു തടയുന്നതിനായി അന്തർസംസ്ഥാന അതിർത്തികൾ അടയ്ക്കൽ

4.     അതിർത്തിജില്ലകളുടെ പതിവ് അന്തർസംസ്ഥാന ഏകോപനയോഗങ്ങൾ

5.    സംസ്ഥാനങ്ങളുടെ അതിർത്തിജില്ലകളിൽ സംസ്ഥാന പൊലീസ് പട്രോളിങ് ശക്തമാക്കൽ

6.     അതിർത്തിസംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചു തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ അധിക ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കൽ

7.      വോട്ടെടുപ്പുദിവസം സംസ്ഥാന അതിർത്തികൾ അടയ്ക്കൽ

8.     അതിർത്തി സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണപ്രദേശങ്ങളിലെ എക്സൈസ് കമ്മീഷണർമാർ പെർമിറ്റുകൾ യഥാർഥമാണോ എന്നു പരിശോധിക്കും; മദ്യവിൽപ്പനശാലകളിൽ, പ്രത്യേകിച്ച് അതിർത്തിജില്ലകളിൽ, പെട്ടെന്നുള്ള പരിശോധനകൾ നടത്തും.

9.     ലൈസൻസുള്ള ആയുധങ്ങൾ സമയബന്ധിതമായി ഹാജരാക്കുകയും ജാമ്യമില്ലാ വാറന്റുകൾ നടപ്പിലാക്കുകയും ചെയ്യൽ

10.   ഒളിച്ചോടിയവർ, ക്രിമിനൽ പശ്ചാത്തലമുള്ളവർ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ എന്നിവർക്കെതിരെ നടപടി

11.     രാഷ്ട്രീയ പ്രവർത്തകർക്ക്/ സ്ഥാനാർഥികൾക്ക് ഭീഷണിയുടെ അടിസ്ഥാനത്തിൽ മതിയായ സുരക്ഷാ പരിരക്ഷ

ചെലവു നിരീക്ഷണം:

1.       ദേശീയ-സംസ്ഥാന അതിർത്തികളിലൂടെയുള്ള അനധികൃത മദ്യം, പണം, മയക്കുമരുന്ന് എന്നിവയുടെ വരവു തടയൽ.

2.     സിസിടിവി ക്യാമറ സ്ഥാപിച്ച് ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കൽ

3.     പൊലീസ്, എക്സൈസ്, ഗതാഗതം, ജിഎസ്‌ടി, വനം വകുപ്പ് എന്നിവയുടെ സംയുക്ത പരിശോധനയും പ്രവർത്തനങ്ങളും

4.     ഹെലിപ്പാഡുകൾ, വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കർശന നിരീക്ഷണം

5.     മദ്യ-മയക്കുമരുന്നു മാഫിയകൾക്കെതിരെ കർശന നടപടി; നാടൻ മദ്യത്തിന്റെ ഒഴുക്കു തടയൽ; വ്യവസ്ഥാപിതമായി തുടരുന്നതിനു പ്രത്യേക സംവിധാനമൊരുക്കൽ

6.     മദ്യം, പണം, മയക്കുമരുന്ന്, ആനുകൂല്യങ്ങൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള സെൻസിറ്റീവ് പാതകളുടെ നിരീക്ഷണം

കേന്ദ്ര ഏജൻസികൾക്കുള്ള നിർദേശങ്ങൾ:

1.       ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന്റെ കർശന നിരീക്ഷണം; ഇൻഡോ നേപ്പാൾ അതിർത്തിയിൽ SSB, പ്രത്യേകിച്ച് നേപ്പാളിലേക്ക് കടക്കാനിടമുള്ള അതിർത്തിപ്രദേശങ്ങളിൽ; ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയും പടിഞ്ഞാറൻ അതിർത്തികളും ബിഎസ്എഫ്; ITBP മുഖേന ഇന്ത്യ-ചൈന അതിർത്തി, തീരപ്രദേശമുള്ള സംസ്ഥാനങ്ങളിൽ  ഇന്ത്യൻ കോസ്റ്റ് ഗാർഡ്.

2.     അസം റൈഫിൾസ് സംസ്ഥാന പൊലീസ്, CAPF മുതലായവയുമായി പതിവായി സംയുക്ത സുരക്ഷാ ഏകോപന യോഗങ്ങൾ നടത്തൽ.

3.     വോട്ടെടുപ്പിന് 72 മണിക്കൂർ മുമ്പ്, ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടോ എന്നറിയാൽ നേപ്പാൾ, ബംഗ്ലാദേശ് എന്നിവയുമായുള്ള അന്താരാഷ്ട്ര അതിർത്തികൾ SSB കർശനമായി നിരീക്ഷിക്കൽ.

4.     സിവിൽ അഡ്മിനിസ്ട്രേഷനുമായി ഏകോപിപ്പിച്ച് പുതുതായി ഉൾപ്പെടുത്തിയ CAPF കമ്പനികൾക്ക് മേഖലാപരിചയം ഉറപ്പാക്കൽ.

5.     സംസ്ഥാന പൊലീസുമായി ഏകോപിപ്പിച്ച് സംയുക്ത ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കൽ

ചീഫ് സെക്രട്ടറി, ഡിജിപി, പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തരം), പിആർ സെക്രട്ടറി (എക്സൈസ്), ചീഫ് ഇലക്ടറൽ ഓഫീസർ, എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും സംസ്ഥാന പൊലീസ് നോഡൽ ഓഫീസർ, അതിർത്തി സുരക്ഷാ സേന, അസം റൈഫിൾസ്, സശസ്ത്ര സീമ ബൽ, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നീ കേന്ദ്ര ഏജൻസികളുടെ തലവൻമാർ, സിആർപിഎഫ് തലവൻമാർ, സെൻട്രൽ സിഎപിഎഫ് നോഡൽ ഓഫീസർ, ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടറി, ഡിഫൻസ്, റെയിൽവേ മന്ത്രാലയ പ്രതിനിധികൾ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

NK



(Release ID: 2017100) Visitor Counter : 66