പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേരളത്തിലെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 27 FEB 2024 5:05PM by PIB Thiruvananthpuram

കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ജി, എന്റെ സഹപ്രവര്‍ത്തകനും സഹമന്ത്രിയുമായ ശ്രീ വി. മുരളീധരന്‍, ഐഎസ്ആര്‍ഒ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍, നമസ്‌കാരം!

എന്റെ പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ്, ഈ നാല് ധീരസുഹൃത്തുക്കളെ എഴുന്നേറ്റു നിന്നു കൈയടി നല്‍കി ആദരിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
വളരെ നന്ദി.

വര്‍ത്തമാനകാലത്തെ മാത്രമല്ല, ഭാവി തലമുറയെയും നിര്‍വചിക്കുന്ന നിമിഷങ്ങള്‍ ഓരോ രാജ്യത്തിന്റെയും വികസന യാത്രയിലുണ്ട്. ഭാരതത്തിന് ഇന്ന് അത്തരമൊരു നിമിഷമാണ്. നമ്മുടെ ഇന്നത്തെ തലമുറ വളരെ ഭാഗ്യമുള്ളവരാണ്, ജലത്തിലും കരയിലും ആകാശത്തും ബഹിരാകാശത്തും ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിച്ചതിന് അംഗീകാരങ്ങള്‍ ലഭിക്കുന്നു. ഇത് ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് കുറച്ചു മുമ്പ് ഞാന്‍ അയോധ്യയില്‍ പറഞ്ഞു. ഈ പുതിയ യുഗത്തില്‍, ആഗോള ക്രമത്തില്‍ ഭാരതം അതിന്റെ ഇടം തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുകയാണ്. നമ്മുടെ ബഹിരാകാശ പരിപാടിയിലും ഇത് പ്രകടമാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ വര്‍ഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ആദ്യ രാജ്യമായി ഭാരതം മാറി. ഇന്ന്, ശിവശക്തി പോയിന്റ് ഭാരതത്തിന്റെ കഴിവുകള്‍ ലോകത്തെ മുഴുവന്‍ പരിചയപ്പെടുത്തുകയാണ്. ഇപ്പോഴിതാ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ മറ്റൊരു ചരിത്ര യാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് നാമെല്ലാവരും. കുറച്ച് മുമ്പ്, ഗഗന്‍യാന്‍ ബഹിരാകാശ യാത്രികരെ ആദ്യമായി രാജ്യത്തിന് പരിചയപ്പെടുത്തി. ഇവര്‍ വെറും നാല് പേരുകളും നാല് വ്യക്തികളും അല്ല; 140 കോടി ജനങ്ങളുടെ അഭിലാഷങ്ങള്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന നാല് ശക്തികളാണ് അവര്‍. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നത്. എന്നാല്‍ ഇത്തവണ, സമയം നമ്മുടേതാണ്, കൗണ്ട്ഡൗണ്‍ നമ്മുടേതാണ്, റോക്കറ്റും നമ്മുടേതാണ്. ഇന്ന് ഈ ബഹിരാകാശയാത്രികരെ കാണാനും അവരുമായി സംവദിക്കാനും അവരെ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കാനുമുള്ള പദവി ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ സഖാക്കള്‍ക്ക് മുഴുവന്‍ രാജ്യത്തിനും വേണ്ടി ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ വിജയവുമായി ഇപ്പോള്‍ നിങ്ങളുടെ പേരും ബന്ധപ്പെട്ടിരിക്കുന്നു.
നിങ്ങളാണ് ഇന്നത്തെ ഭാരതത്തിന്റെ ആശ്രയം. ഇന്നത്തെ ഭാരതത്തിന്റെ വീര്യവും ധൈര്യവും അച്ചടക്കവും നിങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ബഹിരാകാശത്ത് ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ നിങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാവും പകലും അധ്വാനിച്ചുകൊണ്ട് ഭാരതത്തിന്റെ അഭിമാനം ഉയര്‍ത്തി. വെല്ലുവിളികളെ വെല്ലുവിളിക്കാന്‍ അഭിനിവേശമുള്ള ഭാരതത്തിന്റെ 'അമൃത'തലമുറയെ നിങ്ങള്‍ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ കഠിനമായ പരിശീലന മൊഡ്യൂളില്‍ യോഗ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യമുള്ള മനസ്സിന്റെയും ആരോഗ്യമുള്ള ശരീരത്തിന്റെയും സമന്വയം ഈ ദൗത്യത്തില്‍ നിര്‍ണായകമാണ്. സ്ഥിരോത്സാഹത്തോടെ തുടരുക, ശക്തരായിരിക്കുക. രാജ്യത്തിന്റെ അനുഗ്രഹങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, രാജ്യത്തിന്റെ ആശംസകള്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങളെ പരിശീലിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെയും ഗഗന്‍യാന്‍ പദ്ധതിയുടെയും എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
എന്നിരുന്നാലും, ചില ആളുകള്‍ക്ക് കയ്‌പേറിയതായി തോന്നിയേക്കാവുന്ന ചില ആശങ്കകള്‍ പ്രകടിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ നാല് കൂട്ടാളികളും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അംഗീകാരം തേടാതെ സ്ഥിരമായി പരിശീലിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നു. ഇത് എന്റെ രാജ്യത്തെ ജനങ്ങളോടുള്ള, പ്രത്യേകിച്ച് മാധ്യമങ്ങളോടുള്ള എന്റെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥനയാണ്. എന്നാല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, അവര്‍ക്ക് ബുദ്ധിമുട്ടുള്ള നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരും. അവര്‍ ഇനിയും ശാരീരികമായും മാനസികമായും കൂടുതല്‍ മുന്നോട്ട് പോകേണ്ടതുണ്ട്. എന്നാല്‍ നമ്മുടെ പ്രകൃതി പോലെ, ഈ നാല് (ബഹിരാകാശ സഞ്ചാരികള്‍) ഇപ്പോള്‍ സെലിബ്രിറ്റികളായി മാറിയിരിക്കുന്നു. അവര്‍ എവിടെയെങ്കിലും പോകുമ്പോള്‍, ഒരു സെല്‍ഫിയോ ഫോട്ടോയോ വേണമെന്ന പറഞ്ഞും, അവരുടെ ഓട്ടോഗ്രാഫ് വാങ്ങാനും ആരെങ്കിലുമൊക്കെ തിരക്കുകൂട്ടും. മാധ്യമപ്രവര്‍ത്തകരും അവരുടെ മെക്കുകളുമായി നില്‍ക്കുകയും അവരുടെ കുടുംബങ്ങള്‍ ഉബുദ്ധിമുട്ടിക്കപ്പെടുകയും ചെയ്യും. 'എങ്ങനെയായിരുന്നു അവരുടെ കുട്ടിക്കാലം? അവര്‍ എങ്ങനെ ഇവിടെ എത്തി?' അവര്‍ അവരുടെ അധ്യാപകരിലേക്കും സ്‌കൂളുകളിലേക്കും പോകും. ചുരുക്കത്തില്‍, അവരുടെ ആത്മനിയന്ത്രണ യാത്രയില്‍ അവര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകാവുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടേക്കാം.
അതിനാല്‍, യഥാര്‍ത്ഥ കഥ ഇപ്പോള്‍ ആരംഭിക്കട്ടെ എന്നാണ് എന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന. നമ്മള്‍ അവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നു, അവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നു, അങ്ങനെ അവര്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണതകള്‍ കുറയും. അവരുടെ ശ്രദ്ധ അവരുടെ കൈകളിലെ ത്രിവര്‍ണ്ണ പതാകയിലും മുന്നിലുള്ള ഇടത്തിലും 140 കോടി പൗരന്മാരുടെ സ്വപ്നത്തിലും ആയിരിക്കട്ടെ - അതാണ് നമ്മുടെ ദൃഢനിശ്ചയവും വികാരവും. നമുക്ക് കഴിയുന്നത്ര ഉള്‍ക്കൊള്ളണം, രാജ്യത്തിന്റെ പിന്തുണ നിര്‍ണായകമാണെന്ന് ഞാന്‍ കരുതുന്നു. എന്റെ മാധ്യമ സഹപ്രവര്‍ത്തകരുടെ സഹകരണം വളരെ പ്രധാനമാണ്. ഇതുവരെ, അവരുടെ പേര് വെളിപ്പെടുത്തുന്നത് വരെ എല്ലാം സുഗമമായി നടന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ചില വെല്ലുവിളികള്‍ ഉണ്ടായേക്കാം. 'നമുക്ക് ഒരു സെല്‍ഫിയെടുക്കാം, എന്താണ് ദോഷം?' എന്ന് അവര്‍ക്കും തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അത്തരം പ്രലോഭനങ്ങളില്‍ നിന്ന് നാം ഒഴിഞ്ഞുമാറണം.

സുഹൃത്തുക്കളേ,

ഈ പരിപാടിക്കു മുമ്പ് ഗഗന്‍യാനിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും എനിക്ക് നല്‍കിയിരുന്നു. വിവിധ ഉപകരണങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും എനിക്ക് വിവരങ്ങള്‍ നല്‍കി. ഗഗന്‍യാനില്‍ ഉപയോഗിക്കുന്ന മിക്ക ഉപകരണങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഒന്നാകാന്‍ ഭാരതം പരിശ്രമിക്കുമ്പോള്‍, അതേ സമയം, നമ്മുടെ ബഹിരാകാശ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഭാരതത്തിന്റെ ഗഗന്‍യാന്‍ ദൗത്യം ഒരുങ്ങുന്നു എന്നത് ഒരു സുപ്രധാന യാദൃശ്ചികതയാണ്. ഇന്ന് നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ഇവിടെ നടന്നു. മാത്രമല്ല
ഇത് ലോകോത്തര സാങ്കേതിക രംഗത്ത് രാജ്യത്തിന്റെ കഴിവുകള്‍ വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

നമ്മുടെ ബഹിരാകാശ മേഖലയില്‍ സ്ത്രീ ശക്തിക്ക് കാര്യമായ പ്രാധാന്യം നല്‍കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അത് ചന്ദ്രയാന്‍ ആയാലും ഗഗന്‍യാന്‍ ആയാലും, വനിതാ ശാസ്ത്രജ്ഞരില്ലാതെ ഏതൊരു ദൗത്യത്തെയും സങ്കല്‍പ്പിക്കുക അചിന്തനീയമാണ്. ഇന്ന്, 500-ലധികം സ്ത്രീകള്‍ ഐഎസ്ആര്‍ഒയില്‍ നേതൃസ്ഥാനങ്ങള്‍ വഹിക്കുന്നു. ഇവിടെയുള്ള എല്ലാ വനിതാ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും എഞ്ചിനീയര്‍മാരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അഭിനന്ദിക്കുന്നു. ഇത് പുരുഷ അംഗങ്ങള്‍ക്കിടയില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കരുത്; ഇവര്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കുന്നല്ലോ എന്ന്.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ ബഹിരാകാശ മേഖലയുടെ വലിയ സംഭാവനയുണ്ട; അത് പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. യുവാക്കള്‍ക്കിടയില്‍ ശാസ്ത്രീയ മനോഭാവത്തിന്റെ വിത്ത് പാകുന്നതിലാണ് ഈ സംഭാവന. ഐഎസ്ആര്‍ഒയുടെ വിജയം കണ്ടറിഞ്ഞ്, വളര്‍ന്നുവരുമ്പോള്‍ ശാസ്ത്രജ്ഞരാകാന്‍ പല കുട്ടികളും ആഗ്രഹിക്കുന്നു. റോക്കറ്റുകളുടെ കൗണ്ട്ഡൗണും ലിഫ്റ്റ് ഓഫും കാണുന്നത് ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നു. പറക്കുന്ന എയറോനോട്ടിക്കല്‍ എഞ്ചിനീയറുടെ കടലാസ് വിമാനം കാണുന്ന ഓരോ കുടുംബങ്ങളും നിങ്ങളെപ്പോലെ ഒരു എഞ്ചിനീയര്‍ ആകാന്‍ ആഗ്രഹിക്കുന്നു, ഒരു ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിക്കുന്നു. ഏതൊരു രാജ്യത്തോടുമുള്ള യുവതലമുറയുടെ ആവേശം ഒരു വലിയ സമ്പത്താണ്. ചന്ദ്രയാന്‍-2 ലാന്‍ഡിംഗ് സമയം ആസന്നമായപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ആ നിമിഷം വീക്ഷിക്കുന്നുണ്ടായിരുന്നു. ആ നിമിഷത്തില്‍ നിന്ന് അവര്‍ ഒരുപാട് പഠിച്ചു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23-ന് ചന്ദ്രയാന്‍ വിജയകരമായി നിലത്തിറക്കിയത് യുവാക്കളില്‍ പുത്തന്‍ ആവേശം നിറച്ചു. ഈ ദിവസം ബഹിരാകാശ ദിനമായി നമ്മള്‍ അംഗീകരിച്ചു. ഭാരതത്തിന് നേട്ടങ്ങളുടെ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് നിങ്ങള്‍ ഓരോരുത്തരും രാജ്യത്തിന്റെ ബഹിരാകാശ യാത്രയില്‍ സംഭാവന ചെയ്തിട്ടുണ്ട്. ബഹിരാകാശ മേഖലയില്‍ നാം നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയിലെത്തുന്നതില്‍ നമ്മള്‍ വിജയിച്ചു. ഒരു ദൗത്യത്തില്‍ നൂറിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന രാജ്യമാണ് നമ്മുടെ ഭാരതം. ചന്ദ്രയാന്‍ വിജയിച്ചതിന് ശേഷവും നിങ്ങള്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് നിങ്ങള്‍ ആദിത്യ-എല്‍1 സുരക്ഷിതമായി നാവിഗേറ്റ് ചെയ്തു. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമേ ഇത് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. 2024 ആരംഭിച്ച് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ, എന്നിട്ടും നിങ്ങള്‍ XPoSat, INSAT-3 DS എന്നിവയിലൂടെ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വിജയം കൈവരിച്ചു.

സുഹൃത്തുക്കളേ,

നിങ്ങള്‍ എല്ലാവരും ഒരുമിച്ച് ഭാവിയിലേക്കുള്ള സാധ്യതകളുടെ പുതിയ വഴികള്‍ തുറക്കുകയാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഭാരതത്തിന്റെ ബഹിരാകാശ സമ്പദ്വ്യവസ്ഥ അഞ്ചിരട്ടിയായി വളരുമെന്നും 44 ലക്ഷം കോടി ഡോളറിലെത്തുമെന്നും കണക്കാക്കപ്പെടുന്നു. ബഹിരാകാശ മേഖലയില്‍ ഒരു സുപ്രധാന ആഗോള വാണിജ്യ കേന്ദ്രമായി മാറാന്‍ ഭാരതം ഒരുങ്ങുകയാണ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ വീണ്ടും ചന്ദ്രനിലേക്ക് പോകും. ഈ വിജയത്തിന് ശേഷം നാം നമ്മുടെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തി. ഇപ്പോള്‍ നമ്മുടെ ദൗത്യങ്ങള്‍ സാങ്കേതിക വീക്ഷണകോണില്‍ നിന്ന് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരിക്കും. നാം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും. ഇത് ചന്ദ്രനെക്കുറിച്ചുള്ള നമ്മുടെ അറിവും ധാരണയും വര്‍ദ്ധിപ്പിക്കും. ഇതിന് പിന്നാലെ ശുക്രനും ഐഎസ്ആര്‍ഒയുടെ ലക്ഷ്യങ്ങളിലൊന്നാണ്. 2035 ഓടെ, ഭാരതത്തിന് ബഹിരാകാശത്ത് സ്വന്തമായി ഒരു ബഹിരാകാശ നിലയം ഉണ്ടാകും, അത് ബഹിരാകാശത്തിന്റെ അജ്ഞാതമായ വിസ്തൃതികള്‍ പര്യവേക്ഷണം ചെയ്യാന്‍ നമ്മെ സഹായിക്കും. അത് മാത്രമല്ല, അമൃതകാലത്ത് ഭാരതത്തിന്റെ സ്വന്തം റോക്കറ്റ് ഉപയോഗിച്ച് ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയും ചന്ദ്രനില്‍ ഇറങ്ങും.

സുഹൃത്തുക്കളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതം, അത് വികസിക്കുമ്പോള്‍, അതിന്റെ കഴിവുകള്‍ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നാം ഏകദേശം 400 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു, എന്നാല്‍ അതിനു മുമ്പുള്ള 10 വര്‍ഷങ്ങളില്‍ 33 ഉപഗ്രഹങ്ങള്‍ മാത്രമാണ് വിക്ഷേപിച്ചത്. 10 വര്‍ഷം മുമ്പ് രാജ്യത്ത് ഒന്നോ രണ്ടോ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവയുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു. ഈ സ്റ്റാര്‍ട്ടപ്പുകളില്‍ ഭൂരിഭാഗവും നമ്മുടെ യുവാക്കള്‍ ആരംഭിച്ചതാണ്. അവരില്‍ ചിലര്‍ ഇന്ന് നമ്മുടെ ഇടയിലുണ്ട്. അവരുടെ കാഴ്ചപ്പാട്, കഴിവ്, മുന്‍കൈ എന്നിവയെ ഞാന്‍ അഭിനന്ദിക്കുന്നു. സമീപകാല ബഹിരാകാശ പരിഷ്‌കാരങ്ങള്‍ ഈ മേഖലയ്ക്ക് പുതിയ ആക്കം കൂട്ടി. കഴിഞ്ഞയാഴ്ച ബഹിരാകാശ മേഖലയില്‍ പുതിയ നേരിട്ടുള്ള വിദേശ നിക്ഷേപ നയവും (എഫ്ഡിഐ) ഞങ്ങള്‍ പുറത്തിറക്കിയിരുന്നു. ഈ നയത്തിന് കീഴില്‍ ബഹിരാകാശ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഈ പരിഷ്‌കരണത്തിലൂടെ, ലോകമെമ്പാടുമുള്ള പ്രമുഖ ബഹിരാകാശ ഏജന്‍സികള്‍ ഭാരതത്തിലേക്ക് വരും, ഇത് നമ്മുടെ യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ ലോകമെമ്പാടും പ്രദര്‍ശിപ്പിക്കാനുള്ള അവസരം നല്‍കും.

സുഹൃത്തുക്കളേ,

2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാന്‍ നമ്മള്‍ ഒരുമിച്ച് തീരുമാനിച്ചിരിക്കുന്നു. ഈ ദൃഢനിശ്ചയം കൈവരിക്കുന്നതില്‍ ബഹിരാകാശ മേഖലയുടെ പങ്ക് വളരെ വലുതാണ്. ബഹിരാകാശ ശാസ്ത്രം റോക്കറ്റ് ശാസ്ത്രം മാത്രമല്ല; ഏറ്റവും വലിയ സാമൂഹിക ശാസ്ത്രം കൂടിയാണിത്. ബഹിരാകാശ സാങ്കേതികവിദ്യയില്‍ നിന്ന് സമൂഹത്തിന് ഏറ്റവും പ്രയോജനം ലഭിക്കുന്നു; എല്ലാവര്‍ക്കും പ്രയോജനം. ഇന്ന്, നമ്മുടെ ദൈനംദിന ജീവിതത്തില്‍ ബഹിരാകാശ സാങ്കേതികവിദ്യ വിവിധ വശങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിളകള്‍ നിരീക്ഷിക്കുക, കാലാവസ്ഥാ പ്രവചനങ്ങള്‍, ചുഴലിക്കാറ്റുകള്‍, മറ്റ് ദുരന്തങ്ങള്‍, ജലസേചന സ്രോതസ്സുകള്‍, അല്ലെങ്കില്‍ കാര്‍ ഓടിക്കുമ്പോള്‍ നാവിഗേഷനായി ഭൂപടങ്ങള്‍ ഉപയോഗിക്കുക എന്നിവയായാലും, ഉപഗ്രഹ വിവരങ്ങള്‍ ഉപയോഗിച്ചാണ് പല ജോലികളും ചെയ്യുന്നത്. നാവിക് വഴി ഭാരതത്തിലെ ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിന് പിന്നില്‍ ബഹിരാകാശത്തിന്റെ കരുത്ത് വ്യക്തമാണ്. നമ്മുടെ ഉപഗ്രഹങ്ങള്‍ നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ മാത്രമല്ല, വിദൂര പ്രദേശങ്ങളിലേക്ക് വിദ്യാഭ്യാസം, ആശയവിനിമയം, ആരോഗ്യ സേവനങ്ങള്‍ എന്നിവ നല്‍കാനും സഹായിക്കുന്നു. അതിനാല്‍, നിങ്ങള്‍ എല്ലാവരും, ഐഎസ്ആര്‍ഒയ്ക്കും, മുഴുവന്‍ ബഹിരാകാശ മേഖലയ്ക്കും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ കാര്യമായ പങ്കുണ്ട.്
ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. 140 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി ഞാന്‍ ഗഗന്‍യാന്‍ ടീമിനെ പ്രത്യേകം അഭിനന്ദിക്കുന്നു! ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു, വളരെ നന്ദി!
....

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസംഗം.


NS



(Release ID: 2015152) Visitor Counter : 36