പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തര്‍ പ്രദേശിലെ ആസംഗഢില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

Posted On: 10 MAR 2024 3:54PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വേദിയില്‍ സന്നിഹിതരായിട്ടുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ശ്രീ ഭൂപേന്ദ്ര ചൗധരി ജി, ഉത്തര്‍പ്രദേശിലെ ബഹുമാനപ്പെട്ട മന്ത്രിമാരേ, പാര്‍ലമെന്റ് അംഗങ്ങളേ, മറ്റ് വിശിഷ്ട വ്യക്തികളേ, ആസംഗഢിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരെ,

ഇന്ന് ആസംഗഢിന്റെ നക്ഷത്രം മിന്നിത്തിളങ്ങുകയാണ്. ഡല്‍ഹിയില്‍ ഒരു പരിപാടി നടന്നാല്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും അതില്‍ ചേരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, ആസംഗഢില്‍ ഒരു പരിപാടി നടക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനുപേർ നമുക്കൊപ്പം ചേർന്നിരിക്കുന്നു. നമുക്കൊപ്പം ചേര്‍ന്ന ആയിരക്കണക്കിനുപേരെ ഞാന്‍ സ്വാഗതം ചെയ്യുന്നു; അഭിവാദ്യം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, ആസംഗഢിന്റെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ വികസനത്തിനുമായി നിരവധി വികസന പദ്ധതികളാണ് ഇന്ന് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഒരുകാലത്ത് രാജ്യത്തെ പിന്നാക്കപ്രദേശമായി കണക്കാക്കപ്പെട്ടിരുന്ന ആസംഗഢ് ഇപ്പോള്‍ രാജ്യത്ത് വികസനത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ്. ഏകദേശം 34,000 കോടി രൂപയുടെ പദ്ധതികള്‍ ഇന്ന് ആസംഗഢില്‍ നിന്ന് നിരവധി സംസ്ഥാനങ്ങള്‍ക്കായി ആരംഭിക്കുകയോ ഉദ്ഘാടനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. ആസംഗഢിനൊപ്പം ശ്രാവസ്തി, മുറാദാബാദ്, ചിത്രകൂട്, അലീഗഢ്, ജബല്‍പുര്‍, ഗ്വാളിയര്‍, ലഖ്‌നൗ, പുണെ, കോൽഹാപുര്‍, ഡല്‍ഹി, ആദംപുര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും പുതിയ ടെര്‍മിനല്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു. വെറും 16 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ഗ്വാളിയറിലെ വിജയരാജെ സിന്ധ്യ വിമാനത്താവളം ഈ ടെര്‍മിനലുകളുടെ ജോലികള്‍ എത്രത്തോളം വേഗത്തില്‍ പൂര്‍ത്തിയായി എന്നതിന്റെ ഉദാഹരണമാണ്. കഡപ്പ, ബെലഗാവി, ഹുബ്ബള്ളി വിമാനത്താവളങ്ങളില്‍ പുതിയ ടെര്‍മിനല്‍ കെട്ടിടങ്ങള്‍ക്കും ഇന്ന് തറക്കല്ലിട്ടു. ഈ ശ്രമങ്ങളെല്ലാം രാജ്യത്തെ സാധാരണക്കാര്‍ക്ക് വിമാന യാത്ര കൂടുതല്‍ സൗകര്യപ്രദവും പ്രാപ്യവുമാക്കും.

എന്നാല്‍ സുഹൃത്തുക്കളേ,

കഴിഞ്ഞ കുറേ ദിവസങ്ങളായി, സമയപരിമിതി മൂലം രാജ്യത്തുടനീളം ഒരേ സ്ഥലത്ത് നിന്ന് നിരവധി പദ്ധതികള്‍ ഞാന്‍ ഉദ്ഘാടനം ചെയ്യുകയാണ്. രാജ്യത്ത്  നിരവധി വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഐഐഎമ്മുകള്‍, എയിംസ് എന്നിവയെല്ലാം ഒരേസമയം വികസിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഏവരും ആശ്ചര്യപ്പെടുന്നു. ചിലപ്പോള്‍, പഴയ ചിന്താഗതികള്‍ മുറുകെ പിടിക്കുന്നവര്‍, തങ്ങളുടെ മുന്‍ധാരണകളുമായി ഇത് പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുന്നു. അവരെന്താണ് പിന്നെ പറയുന്നത്? ഓ, ഇത് തിരഞ്ഞെടുപ്പ് കാലമാണ്! നേരത്തെ തിരഞ്ഞെടുപ്പ് കാലത്ത് എന്താണ് സംഭവിച്ചത്? മുന്‍ ഗവണ്‍മെന്റിലുള്ളവർ  പൊതുജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രം പദ്ധതികള്‍ പ്രഖ്യാപിക്കുമായിരുന്നു. ചിലപ്പോള്‍ പാര്‍ലമെന്റില്‍ പുതിയ റെയില്‍വേ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പോലും അവര്‍ ധൈര്യപ്പെട്ടിരുന്നു. പിന്നീട് ആരും അവരെ ചോദ്യം ചെയ്യില്ല. ഞാന്‍ അത് വിശകലനം ചെയ്തപ്പോള്‍, പ്രഖ്യാപനങ്ങള്‍ 30-35 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയതാണെന്നും ചിലപ്പോള്‍ അവ തിരഞ്ഞെടുപ്പിന് മുമ്പ് തറക്കല്ലിടുമെന്നും അതിനുശേഷം അവ അപ്രത്യക്ഷമാകുമെന്നും കണ്ടെത്തി. കല്ലുകളും അപ്രത്യക്ഷമാകും, നേതാക്കളും അപ്രത്യക്ഷമാകും. പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമായിരുന്നു അത്. 2019 ല്‍ ഞാന്‍ ഏതെങ്കിലും പദ്ധതി പ്രഖ്യാപിക്കുമ്പോഴോ തറക്കല്ലിടുമ്പോഴോ ആദ്യത്തെ തലക്കെട്ട് എല്ലായ്‌പ്പോഴും 'നോക്കൂ, ഇത് തിരഞ്ഞെടുപ്പ് കാരണമാണ്' എന്നായിരിക്കും എന്നത് ഞാന്‍ ഓര്‍ക്കുകയാണ്. മോദി വാക്ക് പാലിക്കുന്ന വ്യക്തിയാണ് എന്നതിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. 2019 ല്‍ ഞങ്ങള്‍ ആരംഭിച്ച പദ്ധതികള്‍ തിരഞ്ഞെടുപ്പിന് വേണ്ടിയല്ല. ഇന്ന്, അവ നടപ്പിലാക്കുന്നതും ഉദ്ഘാടനം ചെയ്യുന്നതും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ദയവായി ഈ പദ്ധതികളെ 2024 ലെ തിരഞ്ഞെടുപ്പിന്റെ കണ്ണിലൂടെ കാണരുത്. എന്റെ അനന്തമായ വികസന യാത്രയുടെ യജ്ഞമാണിത്, 2047 ഓടെ ‘വികസിത് ഭാരത്’ (വികസിത ഇന്ത്യ) കെട്ടിപ്പടുക്കുക എന്ന ദൃഢനിശ്ചയത്തിലേക്ക് ഞാന്‍ അതിവേഗം ഓടുകയാണ്, രാജ്യത്തെ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയാണ് എന്റെ സുഹൃത്തുക്കളേ. ഇന്ന് രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ആസംഗഢില്‍ നിന്നുള്ള സ്‌നേഹവും വാത്സല്യവും കാണാന്‍ കഴിയും. പന്തലില്‍ ഇരിക്കുന്നവരെക്കാള്‍ കൂടുതല്‍ പേർ സൂര്യതാപം സഹിക്കുന്നതായി ഞാന്‍ കാണുന്നു. ഈ സ്‌നേഹം അവിശ്വസനീയമാണ്.

സുഹൃത്തുക്കളേ,

വിമാനത്താവളങ്ങള്‍, ഹൈവേകള്‍, റെയില്‍വേ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ക്കൊപ്പം, ആസംഗഢില്‍ വിദ്യാഭ്യാസം, ജലം, പരിസ്ഥിതിസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വികസന പദ്ധതികളും ഞങ്ങള്‍ ത്വരിതപ്പെടുത്തി. ഈ വികസന പദ്ധതികള്‍ക്ക് ഉത്തര്‍പ്രദേശിലെയും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി വന്‍തോതില്‍ എത്തിയ ആസംഗഢിലെ ജനങ്ങളോട് ഞാന്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ആസംഗഢിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, മോദിയുടെ ഒരു ഉറപ്പ് കൂടി ഞാന്‍ പറയട്ടെ? ഞാന്‍ പറയണോ? നോക്കൂ, ഇന്നത്തെ ആസംഗഢ് ഇന്നലത്തെ ആസംഗഢ് അല്ല; അത് ഇപ്പോള്‍ ഒരു കോട്ടയാണ്. അത് വികസനത്തിന്റെ കോട്ടയായി ശാശ്വതമായി നിലനില്‍ക്കും. വികസനത്തിന്റെ ഈ കോട്ട നിത്യത വരെ നിലനില്‍ക്കും. ഇത് മോദിയുടെ ഉറപ്പാണ് സുഹൃത്തുക്കളേ.

സുഹൃത്തുക്കളേ,

ഇന്ന് ആസംഗഢില്‍ പുതിയ ചരിത്രം രചിക്കപ്പെടുകയാണ്. ഇന്ന് ആസംഗഢില്‍ താമസിക്കുന്നവര്‍മുതല്‍ ഇവിടെ നിന്ന് വിദേശത്ത് സ്ഥിരതാമസമാക്കിയവര്‍വരെ എല്ലാവരും വളരെ സന്തുഷ്ടരാണ്. ഇതാദ്യമായല്ല; മുമ്പ് ഞാന്‍ പൂര്‍വാഞ്ചല്‍ അതിവേഗപാത ഉദ്ഘാടനം ചെയ്തപ്പോള്‍ ആസംഗഢിലെ എല്ലാവരും പറഞ്ഞു, ഇപ്പോള്‍ ലഖ്നൗവില്‍ ഇറങ്ങിക്കഴിഞ്ഞാല്‍, നമുക്ക് ഇവിടെ രണ്ടര മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുമെന്ന്. ഇപ്പോള്‍, ആസംഗഢിന് സ്വന്തമായി വിമാനത്താവളം ലഭിച്ചു. ഇതിനുപുറമെ, മെഡിക്കല്‍ കോളേജും സര്‍വകലാശാലയും സ്ഥാപിതമായതിനാല്‍, വിദ്യാഭ്യാസത്തിനും വൈദ്യചികിത്സയ്ക്കുമായി ബനാറസിലേക്ക് പോകേണ്ട ആവശ്യമില്ല.

സുഹൃത്തുക്കളേ,

നിങ്ങളുടെ സ്‌നേഹവും ആസംഗഢിന്റെ വികസനവും ജാതീയത, സ്വജനപക്ഷപാതം, വോട്ട് ബാങ്കുകള്‍ എന്നിവയില്‍ ആശ്രയിക്കുന്ന ഐഎന്‍ഡിഐ സഖ്യത്തിന്റെ ഉറക്കം കെടുത്തുകയാണ്. ജാതീയതയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളായി പൂര്‍വാഞ്ചല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഈ പ്രദേശം വികസനത്തിന്റെ രാഷ്ട്രീയത്തിനും സാക്ഷ്യം വഹിച്ചു, കഴിഞ്ഞ 7 വര്‍ഷമായി യോഗി ജിയുടെ നേതൃത്വത്തില്‍ അത് കൂടുതല്‍ ശക്തി പ്രാപിച്ചു. മാഫിയ രാജ്, തീവ്രവാദം എന്നിവയുടെ വിപത്തുകള്‍ കണ്ടവരാണ് ഇവിടുത്തെ ജനങ്ങള്‍. ഇപ്പോള്‍ അവര്‍ നിയമവാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഒരുകാലത്ത് ചെറുതും പിന്നോക്കവുമായ നഗരങ്ങളായി കണക്കാക്കപ്പെട്ടിരുന്ന ഉത്തര്‍പ്രദേശിലെ അലീഗഢ്, മുറാദാബാദ്, ചിത്രകൂട്, ശ്രാവസ്തി തുടങ്ങിയ നഗരങ്ങള്‍ക്ക് ഇന്ന് പുതിയ വിമാനത്താവള ടെര്‍മിനലുകള്‍ ലഭിച്ചു. ഈ നഗരങ്ങളെ ആരും പരിപാലിച്ചിരുന്നില്ല. ഇപ്പോള്‍, ഈ നഗരങ്ങളില്‍ ദ്രുതഗതിയിലുള്ള വികസനം നടക്കുന്നതിനാലും വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ഇവിടെ വികസിക്കുന്നതിനാലും വിമാന സര്‍വീസുകള്‍ പോലും ഇവിടെ നിന്ന് ആരംഭിക്കുന്നു. നമ്മുടെ ഗവണ്‍മെന്റ് ക്ഷേമപദ്ധതികള്‍ മെട്രോ നഗരങ്ങള്‍ക്കപ്പുറം ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചതുപോലെ, ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഞങ്ങള്‍ ആധുനിക അടിസ്ഥാനസൗകര്യ പദ്ധതികള്‍ എത്തിക്കുന്നു. വലിയ മെട്രോ നഗരങ്ങളെപ്പോലെ ചെറിയ പട്ടണങ്ങളും നല്ല വിമാനത്താവളങ്ങളും ഹൈവേകളും അര്‍ഹിക്കുന്നു. 30 വര്‍ഷം മുമ്പ് ആസൂത്രണം ചെയ്യേണ്ടിയിരുന്ന ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം ഭാരതത്തില്‍ നടന്നില്ല. അത് മനസ്സില്‍ വച്ച്, നഗരവല്‍ക്കരണം അവസാനിക്കാതിരിക്കാനും ഒരു അവസരമായി മാറാനും രണ്ടാംനിര, മൂന്നാം നിര നഗരങ്ങളെ ഞങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഈ ദിശയിലാണ് നാം പ്രവര്‍ത്തിക്കുന്നത്. 'സബ്കാ സാഥ്, സബ്കാ വികാസ്' (കൂട്ടായ പരിശ്രമം ഏവരുടെയും വികസനം) എന്നതാണ് ഇരട്ട എൻജിന്‍ ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാന തത്വം.

സുഹൃത്തുക്കളേ,

ഇന്ന്, ആസംഗഢ്, മൗ, ബലിയ എന്നിവയ്ക്ക് നിരവധി റെയില്‍വേ പദ്ധതികൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്. കൂടാതെ, ആസംഗഢ് റെയില്‍വേ സ്റ്റേഷന്റെ വികസനവും നടക്കുന്നു. സീതാപുര്‍, ഷാജഹാന്‍പുര്‍, ഗാസിപുര്‍, പ്രയാഗ്‌രാജ്, ആസംഗഢ് തുടങ്ങി നിരവധി ജില്ലകളുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനങ്ങളും തറക്കല്ലിടല്‍ ചടങ്ങുകളും നടന്നു. പ്രയാഗ്‌രാജ്-റായ്ബറേലി, പ്രയാഗ്‌രാജ്-ചകേരി, ഷാംലി-പാനീപത്ത് എന്നിവയുള്‍പ്പെടെ നിരവധി ഹൈവേകളുടെ ഉദ്ഘാടനങ്ങളും തറക്കല്ലിടല്‍ ചടങ്ങുകളും ഇപ്പോള്‍ നടന്നു. പ്രധാൻമന്ത്രി ഗ്രാംസഡക് യോജനയ്ക്ക് കീഴില്‍ 5000 കിലോമീറ്ററിലധികം റോഡുകള്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ദ്ധിച്ചുവരുന്ന സമ്പര്‍ക്കസൗകര്യം പൂര്‍വാഞ്ചലിലെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സംരംഭകര്‍ക്കും ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്നു.

സുഹൃത്തുക്കളേ,

കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ശരിയായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങളുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണന. ഇന്ന്, വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ താങ്ങുവില (എംഎസ്പി) മുമ്പത്തേക്കാള്‍ ഗണ്യമായി വര്‍ദ്ധിച്ചു. കരിമ്പ് കര്‍ഷകര്‍ക്ക് ഈ വര്‍ഷം ലാഭകരമായ വിലയില്‍ 8% വര്‍ധനയുണ്ടായി. ഇപ്പോള്‍, കരിമ്പിന്റെ ആദായകരമായ വില ക്വിന്റലിന് 315 രൂപയില്‍ നിന്ന് 340 രൂപയായി ഉയര്‍ന്നു. കരിമ്പ് ബെല്‍റ്റുകളില്‍ ഒന്നായി ആസംഗഢ് കണക്കാക്കപ്പെടുന്നു. ഉത്തര്‍പ്രദേശിലെ മുന്‍ ഭരണസംവിധാനങ്ങളിൽ കരിമ്പ് കര്‍ഷകരോട് ഗവണ്‍മെന്റ് എങ്ങനെയാണ് പെരുമാറിയതെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? അവര്‍ അവരെ പീഡിപ്പിക്കാറുണ്ടായിരുന്നു. അവരുടെ പണം തടഞ്ഞുവയ്ക്കുകയും ചിലപ്പോള്‍ നല്‍കാതിരിക്കുകയും ചെയ്തു. കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള ആയിരക്കണക്കിന് കോടി രൂപയുടെ കുടിശ്ശിക തീര്‍ത്തത് ബിജെപി ഗവണ്‍മെന്റാണ്. ഇന്ന്, കരിമ്പ് കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് കൃത്യസമയത്ത് ശരിയായ വില ലഭിക്കുന്നു. മറ്റ് പുതിയ മേഖലകളിലും കരിമ്പ് കര്‍ഷകര്‍ക്കും ഗവണ്‍മെന്റ് പിന്തുണ നല്‍കുന്നു. പെട്രോളില്‍ മിശ്രണം ചെയ്യാൻ കരിമ്പില്‍ നിന്നാണ് എഥനോള്‍ ഉൽപ്പാദിപ്പിക്കുന്നത്. വിളകളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് പഞ്ചസാര വില്‍ക്കുന്നതിനാല്‍ പഞ്ചസാര മില്ലുകള്‍ അടച്ചുപൂട്ടുന്നതിനും ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിച്ചിരുന്നു. ഇപ്പോള്‍, പഞ്ചസാര മില്ലുകള്‍ വീണ്ടും തുറക്കുകയാണ്. കരിമ്പ് കര്‍ഷകരുടെ വിധി മാറുകയാണ്. പിഎം-കിസാന്‍ സമ്മാന്‍ നിധി നല്‍കുന്ന കേന്ദ്ര ഗവണ്‍മെന്റും ഇവിടുത്തെ കര്‍ഷകര്‍ക്ക് ഗുണം ചെയ്തു. ആസംഗഢില്‍ മാത്രം ഏകദേശം 8 ലക്ഷം കര്‍ഷകര്‍ക്ക് പിഎം-കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് 2,000 കോടി രൂപ ലഭിച്ചു.

സുഹൃത്തുക്കളേ,

ശരിയായ ഉദ്ദേശ്യത്തോടെയും സത്യസന്ധതയോടെയും ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഇത്രയും വലിയ തോതിലുള്ള ദ്രുതഗതിയിലുള്ള വികസനം സാധ്യമാകൂ. അഴിമതി നിറഞ്ഞ കുടുംബകേന്ദ്രീകൃത ഗവണ്‍മെന്റുകള്‍ക്ക് ഇത്രയും വലിയ തോതിലുള്ള വികസന പദ്ധതികള്‍ അസാധ്യമായിരുന്നു. മുന്‍ ഗവണ്‍മെന്റുകളില്‍ നിന്നും ആസംഗഢും പൂര്‍വാഞ്ചലും പിന്നാക്കാവസ്ഥയുടെ വേദന നേരിട്ടുവെന്ന് മാത്രമല്ല, അക്കാലത്ത് പ്രദേശത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ നിന്നും അവര്‍ പിന്മാറുകയും ചെയ്തില്ല. യോഗിജി അത് വളരെ നന്നായി വിവരിച്ചിട്ടുണ്ട്; ഞാന്‍ അത് ആവര്‍ത്തിക്കുന്നില്ല. ഭീകരവാദത്തിനും കായബലത്തിനും മുന്‍ ഗവണ്‍മെന്റുകള്‍ നല്‍കിയ സംരക്ഷണം രാജ്യം മുഴുവന്‍ കണ്ടതാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനും ഇവിടുത്തെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കാനുമാണ് ഇരട്ട എൻജ‌ിന്‍ ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ഭരണത്തില്‍ മഹാരാജ സുഹേല്‍ദേവ് രാജ്യ വിശ്വവിദ്യാലയത്തിന് തറക്കല്ലിട്ടു, അതിന്റെ ഉദ്ഘാടനവും നടന്നു. വളരെക്കാലമായി ആസംഗഢ് മണ്ഡലത്തിലെ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനായി ബനാറസ്, ഗോരഖ്പുര്‍, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലേക്ക് പോകേണ്ടിവന്നു കുട്ടികളെ മറ്റ് നഗരങ്ങളിലേക്ക് പഠിക്കാന്‍ അയക്കേണ്ടിവരുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക ഭാരം ഞാന്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍, ആസംഗഢിലെ ഈ സര്‍വകലാശാല നമ്മുടെ യുവജനങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസം എളുപ്പമാക്കും. ആസംഗഢ്, മൗ, ഗാസിപുര്‍, ചുറ്റുമുള്ള മറ്റ് നിരവധി ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ ഈ സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടാന്‍ കഴിയും. ഇപ്പോള്‍ പറയൂ, ഈ സര്‍വകലാശാല അസംഗഡ്, മൗ, സമീപ പ്രദേശങ്ങള്‍ എന്നിവയ്ക്ക് ഗുണം ചെയ്യുമോ? ചെയ്യുമോ ഇല്ലയോ?

സുഹൃത്തുക്കളേ,

ഉത്തര്‍പ്രദേശ് രാജ്യത്തിന്റെ രാഷ്ട്രീയത്തെ സ്വാധീനിക്കുക മാത്രമല്ല, രാജ്യത്തിന്റെ വികസനത്തിന്റെ ദിശ നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. യുപിയില്‍ ഇരട്ട എൻജ‌ിന്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായയും ഭാഗധേയവും മാറി. ഇന്ന്, കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായതുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്. കണക്കുകള്‍ സ്വയം സംസാരിക്കുന്നു, ഇന്ന് ഉത്തര്‍പ്രദേശ് മുന്‍പന്തിയില്‍ മുന്നേറിയിരിക്കുന്നു എന്നാണ് യാഥാര്‍ത്ഥ്യം നമ്മോട് പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് നടത്തിയത്. ഇത് യുപിയുടെ അടിസ്ഥാനസൗകര്യങ്ങളെ മാറ്റിമറിക്കുക മാത്രമല്ല, യുവാക്കള്‍ക്ക് ദശലക്ഷക്കണക്കിന് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സംസ്ഥാനത്തേക്ക് വരുന്ന റെക്കോര്‍ഡ് നിക്ഷേപമാണ് ഇന്ന് യുപിയുടെ സ്വത്വം രൂപപ്പെടുത്തുന്നത്. തറക്കല്ലിടല്‍ ചടങ്ങുകളില്‍ നിന്നാണ് ഇന്ന് യുപിയുടെ സ്വത്വം കെട്ടിപ്പടുക്കുന്നത്. അത‌ിവേഗപാതകളുടെയും ഹൈവേകളുടെയും ശൃംഖലയിലൂടെയാണ് ഇന്ന് യുപിയുടെ സ്വത്വം സ്ഥാപിക്കപ്പെടുന്നത്. യുപിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ മെച്ചപ്പെട്ട ക്രമസമാധാനത്തെ ചുറ്റിപ്പറ്റിയാണ്. അയോധ്യയിലെ പ്രൗഢഗംഭീരമായ രാമക്ഷേത്രത്തിനായുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാത്തിരിപ്പും സഫലമായി. അയോധ്യ, ബനാറസ്, മഥുര, കുശിനഗര്‍ എന്നിവയുടെ വികസനം കാരണം യുപിയിലെ വിനോദസഞ്ചാരം അതിവേഗ വളര്‍ച്ച കൈവരിച്ചു. ഇത് സംസ്ഥാനത്തിന് മുഴുവന്‍ പ്രയോജനകരമാണ്. 10 വര്‍ഷം മുമ്പ് മോദി നല്‍കിയ ഉറപ്പും ഇതായിരുന്നു. ഇന്ന്, ആ ഉറപ്പ് നിങ്ങളുടെ അനുഗ്രഹത്താല്‍ നിറവേറ്റപ്പെടുന്നു.

സുഹൃത്തുക്കളേ,

ഉത്തര്‍പ്രദേശ് വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ തൊടുമ്പോള്‍, പ്രീണനത്തിന്റെ വിഷത്തിനും ശക്തി നഷ്ടപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, കുടുംബം തങ്ങളുടെ ശക്തികേന്ദ്രമായി കരുതിയിടത്ത് ദിനേശിനെപ്പോലൊരു യുവാവ് അതിനെ താഴെയിറക്കിയെന്ന് ആസംഗഢിലെ ജനങ്ങള്‍ കാണിച്ചുതന്നു. അതുകൊണ്ട് തന്നെ കുടുംബവാഴ്ചയിലേക്ക് ചായ്‌വുള്ളവര്‍ എല്ലാ ദിവസവും മോദിയെ തുടര്‍ച്ചയായി ശപിക്കുകയാണ്. മോദിക്ക് സ്വന്തമായൊരു കുടുംബമില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. രാജ്യത്തെ 140 കോടി ജനങ്ങളാണ് മോദിയുടെ കുടുംബമെന്ന് അവര്‍ മറക്കുന്നു; ഇതാണ് മോദിയുടെ കുടുംബം. അതുകൊണ്ടാണ് ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നും ശബ്ദങ്ങള്‍ പ്രതിധ്വനിക്കുന്നത്, എല്ലാവരും പറയുന്നു- ഞാന്‍ മോദിയുടെ കുടുംബമാണ്! ഞാന്‍ മോദിയുടെ കുടുംബമാണ്! ഞാന്‍ മോദിയുടെ കുടുംബമാണ്! ഞാന്‍ മോദിയുടെ കുടുംബമാണ്! ഇത്തവണയും ഉത്തര്‍പ്രദേശിന്റെ സമ്പൂര്‍ണ വിജയത്തില്‍ ആസംഗഢ് പിന്നിലാകരുത്. ആസംഗഢ് എന്തെങ്കിലും ആഗ്രഹിക്കുമ്പോള്‍ അത് നിറവേറ്റുമെന്ന് എനിക്ക് നന്നായി അറിയാം.

അതിനാല്‍, രാജ്യം എന്താണ് പറയുന്നത്, ഉത്തര്‍പ്രദേശ് എന്താണ് പറയുന്നത്, ആസംഗഢ് എന്താണ് പറയുന്നത് എന്നതില്‍ നിന്ന് ഈ നാട്ടില്‍ നിന്നുള്ള എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതുമാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഇത്തവണ... 400 സീറ്റിന് മുകളില്‍! ഇത്തവണ... 400 സീറ്റിന് മുകളില്‍! ഇത്തവണ... 400 സീറ്റിന് മുകളില്‍! ഇത്തവണ... 400 സീറ്റിന് മുകളില്‍! ഇന്നത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. ആസംഗഢിന്റെ ചരിത്രത്തിലാദ്യമായി നിരവധി വികസന പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇത് വികസനത്തിന്റെ ഉത്സവമാണ്. ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ പറയുന്നത് കേള്‍ക്കുമോ? നിങ്ങള്‍ എന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയാണെങ്കില്‍, എല്ലാവരും ഉച്ചത്തില്‍ പറയട്ടെ, അപ്പോള്‍ മാത്രമേ ഞാന്‍ നിങ്ങളോട് പറയൂ. ഞാന്‍ പറയുന്നത് കേള്‍ക്കുമോ? നിങ്ങള്‍ അത് ചെയ്യുമോ? ശരി, നമുക്ക് ഇത് ചെയ്യാം, ആദ്യം നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പുറത്തെടുക്കുക, നിങ്ങളുടെ മൊബൈല്‍ ഫോണുകളുടെ ഫ്‌ളാഷ് ലൈറ്റുകള്‍ ഓണാക്കുക, എല്ലാവരും നിങ്ങളുടെ മൊബൈല്‍ ഫോണുകളുടെ ഫ്‌ളാഷ് ലൈറ്റുകള്‍ ഓണാക്കുക, വേദിയിലുള്ളവര്‍ പോലും, അവര്‍ക്ക് മൊബൈല്‍ ഫോണുകള്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ മൊബൈല്‍ ഫോണുകളുടെ ഫ്‌ളാഷ് ലൈറ്റുകള്‍ ഓണാക്കുക. നോക്കൂ, ഇത് വികസനത്തിന്റെ ആഘോഷമാണ്, ഇത് പുരോഗതിയുടെ ആഘോഷമാണ്, ഇത് 'വികസിത ഭാരത'മെന്ന ദൃഢനിശ്ചയമാണ്. ഇതാണ് 'വികസിത് ആസംഗഢിന്റെ' ദൃഢനിശ്ചയം.

എന്നോടൊപ്പം പറയൂ:

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

 

വളരെ അധികം നന്ദി.

 

NS

 


(Release ID: 2015146) Visitor Counter : 72