പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ-മൗറീഷ്യസ്: പദ്ധതികളുടെ വെർച്വൽ സമാരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

Posted On: 29 FEB 2024 3:06PM by PIB Thiruvananthpuram

ആദരണീയനായ പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നോത് ജി,

മൗറീഷ്യസ് മന്ത്രിസഭയിലെ നിലവിലെ അംഗങ്ങൾ,

ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഡോ. ജയശങ്കർ,

ഇന്നു പരിപാടിയിൽ പങ്കെടുത്ത അഗലേഗ നിവാസികൾ,

എന്റെ സുഹൃത്തുക്കളേ,

നമസ്കാരം!

കഴിഞ്ഞ ആറുമാസത്തിനിടെ പ്രധാനമന്ത്രി ജഗ്നോത്തും ഞാനും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഊർജസ്വലവും ശക്തവും അതുല്യവുമായ പങ്കാളിത്തത്തിന്റെ തെളിവാണിത്. അയൽപക്കത്തുള്ളവർ ആദ്യം എന്ന ഞങ്ങളുടെ നയത്തിന്റെ പ്രധാന പങ്കാളിയാണു മൗറീഷ്യസ്. “സാഗർ” എന്ന ഞങ്ങളുടെ കാഴ്ചപ്പാടിനു കീഴിലുള്ള പ്രത്യേക പങ്കാളിയാണു മൗറീഷ്യസ്. ഗ്ലോബൽ സൗത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഞങ്ങൾക്കു പൊതുവായ മുൻഗണനകളുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഞങ്ങളുടെ ബന്ധങ്ങളിൽ അഭൂതപൂർവമായ വളർച്ചയുണ്ടായി. പരസ്പരസഹകരണത്തിൽ ഞങ്ങൾ പുതിയ ഉയരങ്ങൾ കൈവരിച്ചു. സാംസ്കാരികവും ചരിത്രപരമായ ബന്ധങ്ങൾക്കു പുതിയ രൂപം നൽകി. നമ്മുടെ ജനങ്ങൾ ഭാഷയുടെയും സംസ്കാരത്തിന്റെയും സുവർണതന്തുക്കളാൽ ഇതിനകം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കുമുമ്പു യുപിഐ, റുപേ കാർഡ് തുടങ്ങിയ ശ്രമങ്ങളിലൂടെ ഞങ്ങൾ ആധുനിക ഡിജിറ്റൽ സമ്പർക്കസൗകര്യമൊരുക്കി.

സുഹൃത്തുക്കളേ,

വികസനപങ്കാളിത്തം നമ്മുടെ തന്ത്രപ്രധാനബന്ധങ്ങളുടെ പ്രധാന സ്തംഭമാണ്. ഞങ്ങളുടെ വികസനപങ്കാളിത്തം മൗറീഷ്യസിന്റെ മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണ്. EEZ സുരക്ഷാ ആവശ്യങ്ങളാ​കട്ടെ, ആരോഗ്യസുരക്ഷയാകട്ടെ, മൗറീഷ്യസിന്റെ ആവശ്യങ്ങളെല്ലാം ഇന്ത്യ എപ്പോഴും മാനിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയാകട്ടെ, എണ്ണച്ചോർച്ചയാകട്ടെ, ഈ ഘട്ടങ്ങളില്ലൊം സുഹൃത്തായ മൗറീഷ്യസിനോട് ആദ്യം പ്രതികരിച്ചത് ഇന്ത്യയാണ്. മൗറീഷ്യസിലെ സാധാരണ മനുഷ്യരുടെ ജീവിതത്തിൽ അർഥവത്തായ മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണു ഞങ്ങളുടെ ശ്രമങ്ങളുടെ അടിസ്ഥാനലക്ഷ്യം. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ, മൗറീഷ്യസിലെ ജനങ്ങൾക്ക് ഏകദേശം ആയിരം ദശലക്ഷം ഡോളർ വായ്പാപിന്തുണയും 400 ദശലക്ഷം ഡോളർ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. മൗറീഷ്യസിലെ മെട്രോ ലൈനുകളുടെ വികസനം, സാമൂഹ്യവികസനപദ്ധതികൾ, സാമൂഹ്യ ഭവനപദ്ധതി, ഇഎൻടി ആശുപത്രികൾ, സിവിൽ സർവീസ് കോളേജുകൾ, കായികസമുച്ചയങ്ങൾ തുടങ്ങി അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

നമ്മുടെ വികസനപങ്കാളിത്തത്തിന് ഇന്നു പ്രത്യേക പ്രാധാന്യമുണ്ട്. അഗലേഗയിലെ ജനങ്ങളുടെ വികസനത്തിനായി 2015ൽ ഞാൻ ഉറപ്പുനൽകിയ കാര്യങ്ങളുടെ പൂർത്തീകരണം ഇന്നു നാം കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇപ്പോൾ ഇന്ത്യയിൽ ഇതിനെ “മോദിയുടെ ഉറപ്പ്” എന്നാണു വിളിക്കുന്നത്. ഞങ്ങൾ സംയുക്തമായി ഉദ്ഘാടനംചെയ്ത സൗകര്യങ്ങൾ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട്. മൗറീഷ്യസിന്റെ വടക്ക്-തെക്കു മേഖലകളിൽ സമ്പർക്കസൗകര്യം വർധിക്കും. പ്രധാന ഭൂഭാഗത്തുനിന്നുള്ള ഭരണപരമായ സഹകരണം എളുപ്പമാകും. സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിന് ഉത്തേജനം ലഭിക്കും. വൈദ്യചികിത്സയ്ക്കായി അടിയന്തര ഒഴിപ്പിക്കൽ, വിദ്യാഭ്യാസത്തിനായി സ്കൂൾ കുട്ടികളുടെ യാത്ര എന്നിവ സുഗമമാക്കും.

സുഹൃത്തുക്കളേ,

ഇന്ത്യൻ മഹാസമുദ്രമേഖലയിൽ പരമ്പരാഗതവും പാരമ്പര്യേതരവുമായ നിരവധി വെല്ലുവിളികൾ ഉയർന്നുവരുന്നു. ഈ വെല്ലുവിളികളെല്ലാം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നു. ഇവയെ നേരിടാൻ, സമുദ്രസുരക്ഷാമേഖലയിൽ ഇന്ത്യയും മൗറീഷ്യസും സ്വാഭാവിക പങ്കാളികളാണ്. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ സുരക്ഷയും സമൃദ്ധിയും സ്ഥിരതയും ഉറപ്പാക്കാൻ ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. പ്രത്യേക സാമ്പത്തികമേഖലയുടെ (EEZ) നിരീക്ഷണം, സംയുക്ത പട്രോളിങ്, ഹൈഡ്രോഗ്രഫി, മാനുഷികസഹായം, ദുരന്തനിവാരണം തുടങ്ങിയ എല്ലാ മേഖലകളിലും ഞങ്ങൾ സഹകരിക്കുന്നു. ഇന്ന്, അഗലേഗയിലെ എയർസ്ട്രിപ്പിന്റെയും ജെട്ടിയുടെയും ഉദ്ഘാടനം നമ്മുടെ സഹകരണത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകും. ഇതു മൗറീഷ്യസിലെ നീല(സമുദ്ര)സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകുകയും ചെയ്യും.

സുഹൃത്തുക്കളേ,

മൗറീഷ്യസിൽ ജൻ ഔഷധി കേന്ദ്രം തുറക്കാനുള്ള തീരുമാനത്തിനു പ്രധാനമന്ത്രി ജഗ്നോത് ജിയെ ഞാൻ അഭിനന്ദിക്കുന്നു. നമ്മുടെ ജൻ ഔഷധി സംരംഭത്തിൽ ചേരുന്ന ആദ്യത്തെ രാജ്യമായിരിക്കും മൗറീഷ്യസ്. ഇതോടെ ഇന്ത്യയിൽ നിർമിക്കുന്ന മികച്ച ഗുണമേന്മയുള്ള പൊതു ഔഷധങ്ങളുടെ ഗുണം മൗറീഷ്യസിലെ ജനങ്ങൾക്കു ലഭിക്കും.

ആദരണീയനായ പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നോത് ജി, താങ്കളുടെ ദീർഘവീക്ഷണത്തിനും ഊർജസ്വലമായ നേതൃത്വത്തിനും ഞാൻ താങ്കളെ അഭിനന്ദിക്കുന്നു. വരുംകാലങ്ങളിൽ നാം ഒരുമിച്ച് ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഒരിക്കൽകൂടി ഞാൻ താങ്കൾക്കു നന്ദി പറയുന്നു!

 

NS



(Release ID: 2013980) Visitor Counter : 36