പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

Posted On: 02 MAR 2024 7:39PM by PIB Thiruvananthpuram

ബീഹാര്‍ ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ഗിരിരാജ് സിംഗ് ജി, ഹര്‍ദീപ് സിംഗ് പുരി ജി, ഉപമുഖ്യമന്ത്രിമാരായ വിജയ് സിന്‍ഹ ജി, സാമ്രാട്ട് ചൗധരി ജി, വേദിയില്‍ സന്നിഹിതരായിട്ടുള്ള ബഹുമാനപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളോടൊപ്പം, ബെഗുസാരായിയില്‍ നിന്നുള്ള എന്റെ ഉത്സാഹികളായ സഹോദരീസഹോദരന്മാരെ!
ജയ് മംഗള ഗഢ് ക്ഷേത്രത്തിലും നൗലാഖ ക്ഷേത്രത്തിലും പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതകള്‍ക്ക് ഞാന്‍ എന്റെ ആദരവ് അര്‍പ്പിക്കുന്നു. ഒരു വികസിത് ഭാരതിന് (വികസിത ഇന്ത്യ) വേണ്ടി ഒരു വികസിത ബിഹാര്‍റിന്റെ(വികസിത ബീഹാര്‍) വികസനത്തിന് സംഭാവന നല്‍കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഇന്ന്, ഞാന്‍ ബെഗുസാരായിയിലെത്തിയിരിക്കുന്നത്. ഇത്രയും വലിയ ജനക്കൂട്ടത്തെ കാണാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.

സുഹൃത്തുക്കളെ,


പ്രതിഭാസമ്പന്നരായ യുവജനളുടേതാണ് ഈ ബേഗുസാരായി നാട് . രാജ്യത്തെ കര്‍ഷകരെയും തൊഴിലാളികളെയും ഈ നാട് എല്ലായ്‌പ്പോഴും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ നാടിന്റെ പഴയ പ്രതാപം ഇന്ന് തിരിച്ചു വരികയാണ്. ഇന്ന് ബീഹാറിനും രാജ്യത്തിനാകമാനവുമായി ഒരു ലക്ഷത്തി അറുപതിനായിരം കോടി രൂപയിലധികം ചെലവുവരുന്ന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവുമാണ് നിര്‍വഹിച്ചത്. ഒന്നരലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികള്‍! മുന്‍പ് ഇത്തരം പരിപാടികള്‍ ഡല്‍ഹി വിജ്ഞാന് ഭവനിലാണ് നടന്നിരുന്നെങ്കില്‍ മോദി ഇന്ന് ഡല്‍ഹിയെ ബെഗുസാരായിയിലെത്തിച്ചു. ഇതില്‍ ഏകദേശം 30,000 കോടി രൂപയുടെ പദ്ധതികള്‍ ബിഹാറിന് മാത്രമുള്ളതാണ്. ഒരൊറ്റ പരിപാടിയില്‍ ഗവണ്‍മെന്റ് ഇത്രയും വലിയ നിക്ഷേപം നടത്തുമ്പോള്‍ ഭാരതത്തിന്റെ കഴിവ് എത്രത്തോളം വര്‍ദ്ധിക്കുന്നുവെന്നതാണ് പ്രകടമാകുന്നത്. ഇത് ബീഹാറിലെ യുവജനങ്ങള്‍ക്ക് ഇവിടെത്തന്നെ നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കാനുള്ള മാര്‍ഗ്ഗങ്ങളായിരിക്കും ഇന്നത്തെ പദ്ധതികള്‍. ദയവായി കാത്തിരിക്കൂ, സഹോദരന്മാരേ, നിങ്ങളുടെ സ്‌നേഹം ഞാന്‍ സ്വീകരിച്ചു, ദയവായി കാത്തിരിക്കൂ, ഇരിക്കൂ, കസേരയില്‍ നിന്ന് ഇറങ്ങൂ, ദയവായി, ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ഇരിക്കൂ... അതെ. ദയവായി ഇരിക്കുക, കസേരയില്‍ സുഖമായി ഇരിക്കുക, അല്ലാത്തപക്ഷം, നിങ്ങള്‍ ക്ഷീണിച്ചുപോകും. ബിഹാറിന്റെ സൗകര്യത്തിനും സമൃദ്ധിക്കും ഇന്നത്തെ പദ്ധതികള്‍ വഴിയൊരുക്കും. ബിഹാറിന് ഇന്ന് പുതിയ ട്രെയിന്‍ സര്‍വീസുകളും ലഭിച്ചു. അതാണ് രാജ്യമാകെ ഇന്ന് ഓരോ കുട്ടിയും , ഗ്രാമങ്ങള്‍ പോലും, നഗരങ്ങളും -- അബ്കി ബാര്‍, 400 പാര്‍, അബ്കി ബാര്‍, 400 പാര്‍, അബ്കി ബാര്‍, 400 പാര്‍, എന്‍.ഡി.എ. ഗവണ്‍മെന്റ്, 400 പാര്‍ (ഇത്തവണ, 400 സീറ്റുകള്‍ക്കപ്പുറം) എന്ന് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറയുന്നതിന്റെ, കാരണം!

സുഹൃത്തുക്കളെ,


സേവനം ചെയ്യാന്‍ എന്‍.ഡി.എയ്ക്ക് നിങ്ങള്‍ 2014ല്‍ അവസരം നല്‍കിയപ്പോള്‍, കിഴക്കന്‍ ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വികസനമാണ് ഞങ്ങളുടെ മുന്‍ഗണനയെന്ന് ഞാന്‍ പറഞ്ഞിരുന്നു. ബീഹാറും കിഴക്കന്‍ ഭാരതവും അഭിവൃദ്ധി പ്രാപിക്കുമ്പോഴെല്ലാം രാജ്യവും ശക്തമാകുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ബിഹാറില്‍ സ്ഥിതിഗതികള്‍ വഷളായപ്പോള്‍ രാജ്യത്തെയും അത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട്, ബെഗുസാരായിയില്‍ നിന്നകൊണ്ട് ബീഹാറിലെ ജനങ്ങളോട് ഞാന്‍ പറയുന്നു ബീഹാറിനൊപ്പം രാജ്യം വികസിക്കുമെന്ന്. ബീഹാറിലെ എന്റെ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്ക് എന്നെ നന്നായി അറിയാം, ഞാന്‍ നിങ്ങളുടെ ഇടയില്‍ വരുമ്പോള്‍, -- ഇത് ഒരു വാഗ്ദാനമല്ല, ഇതൊരു പ്രതിജ്ഞയാണ്, ഇതൊരു ദൗത്യമാണ് എന്ന് ഞാന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ന്, ബിഹാറിന് ലഭിച്ച, രാജ്യത്തിന് ലഭിച്ച പദ്ധതികള്‍ ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്പാണ്. ഈ പദ്ധതികളില്‍ ഭൂരിഭാഗവും പെട്രോളിയം, വളം, റെയില്‍വേ എന്നിവയുമായി ബന്ധപ്പെട്ടവയാണ്. ഊര്‍ജ്ജം, വളങ്ങള്‍, ബന്ധിപ്പിക്കല്‍ എന്നിവയാണ് വികസനത്തിന്റെ അടിത്തറ. കൃഷിയായാലും വ്യവസായമായാലും എല്ലാം ഇവയെ ആശ്രയിച്ചിരിക്കുന്നു. ഈ മേഖലകളില്‍ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുമ്പോള്‍, തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതും സ്വാഭാവികമാണ്. ബറൗനിയിലെ അടച്ചുപൂട്ടിയ വളം ഫാക്ടറിയെ ഓര്‍ക്കുന്നുണ്ടോ? അത് വീണ്ടും തുറക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു. നിങ്ങളുടെ അനുഗ്രഹത്താല്‍ മോദി ആ ഉറപ്പ് നിറവേറ്റി. ബിഹാറിലും രാജ്യത്തുടനീളവുമുള്ള കര്‍ഷകര്‍ക്ക് ഇത് വലിയ അനുഗ്രഹമാണ്. മുന്‍ ഗവണ്‍മെന്റുകളുടെ അവഗണന മൂലം ബറൗനി, സിന്ദ്രി, ഗോരഖ്പൂര്‍, രാമഗുണ്ടം എന്നിവിടങ്ങളിലെ ഫാക്ടറികള്‍ അടച്ചുപൂട്ടുകയും യന്ത്രങ്ങള്‍ തുരുമ്പെടുക്കുകയും ചെയ്തു. യൂറിയയില്‍ ഭാരതത്തിന്റെ സ്വാശ്രയത്വത്തിന്റെ അഭിമാനമായി മാറുകയാണ് ഇന്ന് ഈ ഫാക്ടറികളെല്ലാം. അതുകൊണ്ടാണ് - മോദിയുടെ ഉറപ്പ് എന്നാല്‍ ഉറപ്പ് നിറവേറ്റപ്പെടുന്നു എന്ന് രാജ്യം പറയുന്നത് !
സുഹൃത്തുക്കളെ,
ബറൗണി എണ്ണ ശുദ്ധീകരണശാലയുടെ ശേഷിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളും ഇന്ന് ആരംഭിച്ചു. ഇതിന്റെ നിര്‍മ്മാണ വേളയില്‍, ആയിരക്കണക്കിന് തൊഴിലാളികള്‍ മാസങ്ങളോളം തുടര്‍ച്ചയായി ജോലി ചെയ്തിരുന്നു. ഈ എണ്ണശുദ്ധീകരണ ശാല ബീഹാറിലെ വ്യാവസായിക വികസനത്തിന് പുതിയ ഊര്‍ജ്ജം നല്‍കുകയും ഭാരതത്തെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പെട്രോളിയം, പ്രകൃതി വാതകം എന്നിവയുമായി ബന്ധപ്പെട്ട് 65,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ബീഹാറിന് ലഭിച്ചുവെന്നും അവയില്‍ പലതും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ബീഹാറിന്റെ എല്ലാ കോണുകളിലും എത്തുന്ന ഗ്യാസ് പൈപ്പ് ലൈനുകളുടെ ശൃംഖല സഹോദരിമാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഗ്യാസ് നല്‍കാന്‍ സഹായിക്കും. ഇവിടെഇവിടെ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതും ഇത് സുഗമമാക്കും.


സുഹൃത്തുക്കളെ,


ആത്മനിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഇന്ത്യ) യുമായി ബന്ധപ്പെട്ട മറ്റൊരു ചരിത്ര നിമിഷത്തിനും ഇന്ന് നാം സാക്ഷികളായി മാറി. കര്‍ണാടകയിലെ കെ.ജി ബേസിനില്‍ നിന്ന് എണ്ണ ഉല്‍പ്പാദനം ആരംഭിച്ചു. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ നാം ആശ്രയിക്കുന്നത് ഇത് കുറയ്ക്കും.

സുഹൃത്തുക്കളെ,
രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി അര്‍പ്പിതമായ ശക്തമായ ഗവണ്‍മെന്റുകള്‍ അത്തരം തീരുമാനങ്ങള്‍ എടുക്കും. കുടുംബതാല്‍പ്പര്യങ്ങളാലും വോട്ടുബാങ്കുകളാലും ബന്ധിതമായഗവണ്‍മെന്റുകള്‍ കാരണം ബിഹാറിന് വലിയ നഷ്ടമാണ് ഉണ്ടായത്. 2005-ന് മുമ്പുള്ള സാഹചര്യങ്ങളായിരുന്നുവെങ്കില്‍ ബിഹാറില്‍ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരാള്‍ക്ക് നൂറുവട്ടം ആലോചിക്കേണ്ടി വരുമായിരുന്നു. റോഡുകള്‍, വൈദ്യുതി, വെള്ളം, റെയില്‍വേ എന്നിവയുടെ അവസ്ഥയെക്കുറിച്ച് എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്കറിയാം. 2014 ന് പത്ത് വര്‍ഷം മുമ്പ് റെയില്‍വേയുടെ പേരില്‍ റെയില്‍വേ വിഭവങ്ങള്‍ കൊള്ളയടിച്ചത് ബീഹാറിന് മുഴുവന്‍ അറിയാം. എന്നാല്‍ അവിടെ ഇന്ന് നോക്കൂ, ഇന്ത്യന്‍ റെയില്‍വേയുടെ നവീകരണം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യന്‍ റെയില്‍വേ അതിവേഗം വൈദ്യുതീകരിക്കപ്പെടുന്നു. നമ്മുടെ റെയില്‍വേ സ്‌റ്റേഷനുകളും വിമാനത്താവളങ്ങളിലേതുപോലെയുള്ള സൗകര്യങ്ങളാല്‍ സജ്ജീകരിക്കപ്പെടുന്നു.


സുഹൃത്തുക്കളെ,


പതിറ്റാണ്ടുകള്‍ ബിഹാര്‍ സ്വജനപക്ഷപാതത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയും സ്വജനപക്ഷപാതത്തിന്റെ കുത്ത് സഹിക്കുകയും ചെയ്തു. സ്വജനപക്ഷപാതവും സാമൂഹിക നീതിയും വളരെ വൈരുദ്ധ്യത്മാമകമാണ്. സ്വജനപക്ഷപാതമാണ് ഏറ്റവും വലിയ ശത്രു, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കും പ്രതിഭകള്‍ക്കും. ഭാരതരത്‌ന കര്‍പ്പൂരി താക്കൂര്‍ജിയുടെ സമ്പന്നമായ പൈതൃകമുള്ള ബീഹാറാണിത്. നിതീഷ് ജിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഗവണ്‍മെന്റ് ഈ പൈതൃകത്തെ മുന്നോട്ട് കൊണ്ടുപോകുകയാണ്. മറുവശത്ത്, ആഴത്തില്‍ വേരൂന്നിയ സ്വജനപക്ഷപാതത്തെ പ്രതിനിധീകരിക്കുന്ന ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യമാണ്. തങ്ങളുടെ സ്വജനപക്ഷപാതത്തേയും അഴിമതിയേയും ന്യായീകരിക്കാന്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസുമായി ബന്ധമുള്ള ആളുകള്‍, ദലിത്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, പിന്നാക്ക സമുദായങ്ങളെ ചട്ടുകങ്ങളായി ഉപയോഗിക്കുന്നു. ഇത് സാമൂഹിക നീതിയല്ല, സമൂഹത്തിനോടുള്ള വിശ്വാസ വഞ്ചനയാണ്. അല്ലാത്തപക്ഷം, ഒരു കുടുംബം മാത്രം ശാക്തീകരിക്കപ്പെടുകയും സമൂഹത്തിലെ ബാക്കിയുള്ള കുടുംബങ്ങള്‍ പിന്നോക്കം പോകുകയും ചെയ്യുന്നതിന്റെ കാരണം എന്താണ്? ജോലി നല്‍കാനെന്ന പേരില്‍ ഒരു കുടുംബത്തിന് വേണ്ടി യുവജനങ്ങളുടെ ഭൂമി കൈയേറിയത് രാജ്യം കണ്ടതാണ്.

സുഹൃത്തുക്കളെ,


പരിപൂര്‍ണ്ണതയിലൂടെയാണ് യഥാര്‍ത്ഥ സാമൂഹ്യനീതി വരുന്നത്. യഥാര്‍ത്ഥ സാമൂഹ്യനീതി ലഭിക്കുന്നത് സംതൃപ്തിയിലൂടെയാണ്, അല്ലാതെ പ്രീണനത്തിലൂടെയല്ല. അത്തരം സാമൂഹിക നീതിയിലും മതനിരപേക്ഷതയിലുമാണ് മോദി വിശ്വസിക്കുന്നത്. സൗജന്യ റേഷന്‍ എല്ലാ ഗുണഭോക്താവിലും എത്തുമ്പോള്‍, എല്ലാ പാവപ്പെട്ട ഗുണഭോക്താവിനും ഓരോ പക്കാ വീട് ലഭിക്കുമ്പോള്‍, ഓരോ സഹോദരിമാര്‍ക്കും അവരുടെ വീട്ടില്‍ ഗ്യാസ്, വാട്ടര്‍ കണക്ഷന്‍, ശുചിത്വമുറി എന്നിവ ലഭ്യമാകുമ്പോള്‍, പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കു പോലും നല്ലതും സൗജന്യവുമായ ആരോഗ്യ പരിരക്ഷ ലഭിക്കുമ്പോള്‍, ഓരോ കര്‍ഷക ഗുണഭോക്താവിനും അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ സമ്മാന്‍ നിധി ലഭിക്കുമ്പോള്‍,അപ്പോള്‍ അവിടെ പരിപൂര്‍ണ്ണതയുണ്ടാകും. ഇതാണ് യഥാര്‍ത്ഥ സാമൂഹിക നീതി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, മോദിയുടെ ഉറപ്പ് നിരവധി കുടുംബങ്ങളില്‍ എത്തിയിട്ടുണ്ട്, അവരില്‍ ഭൂരിഭാഗവും ദളിതരും പിന്നാക്കക്കാരും അങ്ങേയറ്റം പിന്നാക്കക്കാരുമായിരുന്നു. അവരെല്ലാം എന്റെ കുടുംബമാണ്.


സുഹൃത്തുക്കളെ,
ഞങ്ങളെ സംബന്ധിച്ചിടത്തോളം സാമൂഹ്യനീതി എന്നാല്‍ സ്ത്രീ ശാക്തീകരണമാണ്. എന്നെ അനുഗ്രഹിക്കാന്‍ വലിയതോതില്‍ അമ്മമാരും സഹോദരിമാരും ഇവിടെ വന്നതിന് പിന്നിലെ ഒരു കാരണവും അതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു കോടി സഹോദരിമാരെ ഞങ്ങള്‍ ലക്ഷാധിപതി ദീദികളാക്കി മാറ്റി. ബിഹാറിലെ ലക്ഷക്കണക്കിന് സഹോദരിമാരും ഇപ്പോള്‍ ലക്ഷാധിപതി ദീദിമാര്‍ ആയി മാറിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍, മൂന്ന് കോടി സഹോദരിമാരെ ലക്ഷാധിപതി ദീദിമാരാക്കുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ കണക്ക് ഓര്‍ക്കുക -- മൂന്ന് കോടി സഹോദരിമാര്‍ ലക്ഷാധിപതി ദീദിമാര്‍. അടുത്തിടെ, വൈദ്യുതി ബില്ലുകള്‍ ശൂന്യമാക്കുന്നതിനും വൈദ്യുതിയില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നതിനുമുള്ള ഒരു പദ്ധതി ഞങ്ങള്‍ ആരംഭിച്ചു. പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന എന്നാണ് ഇതിന്റെ പേര്. ബിഹാറിലെയും നിരവധി കുടുംബങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. ബീഹാറിലെ എന്‍.ഡി.എ ഗവണ്‍മെന്റ് യുവജനങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, മറ്റ് എല്ലാവര്‍ക്കും വേണ്ടിയും നിരന്തരം പ്രവര്‍ത്തിക്കുകയാണ്. ഇരട്ട എഞ്ചിന്റെ ഇരട്ട പരിശ്രമത്തിലൂടെ ബിഹാര്‍ വികസിക്കും. അത്തരത്തിലുള്ള വികസനത്തിന്റെ മഹത്തായ ഒരു ഉത്സവമാണ് നമ്മള്‍ ഇന്ന് ആഘോഷിക്കുന്നത്, ഇത്രയധികം ആളുകള്‍ വന്ന് വികസനത്തിന്റെ ഈ പാതയ്ക്ക് കരുത്തേകിയതിന് ഞാന്‍ നിങ്ങളോട് നന്ദിയുള്ളവനാണ്. കോടിക്കണക്കിന് രൂപയുടെ ഈ പദ്ധതികള്‍ക്ക് ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇത്രയേറെ വന്ന അമ്മമാരെയും സഹോദരിമാരെയും ഞാന്‍ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. എന്നോടൊപ്പം പറയുക -

ഭാരത് മാതാ കി - ജയ്!
നിങ്ങളുടെ രണ്ട് കൈകളും ഉയര്‍ത്തി പൂര്‍ണ്ണ ശക്തിയോടെ പറയുക -
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!

വളരെയധികം നന്ദി.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു .

 

NS


(Release ID: 2013734) Visitor Counter : 77