പ്രധാനമന്ത്രിയുടെ ഓഫീസ്‌

വികസിത ഭാരതം വികസിത ഛത്തീസ്ഗഢ് പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 24 FEB 2024 2:50PM by PIB Thiruvananthpuram

ജയ് ജോഹര്‍!

ഛത്തീസ്ഗഢിന്റെ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ജി, ഛത്തീസ്ഗഢിലെ മന്ത്രിമാര്‍, മറ്റ് പ്രതിനിധികള്‍, ഛത്തീസ്ഗഡിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകള്‍!

90 ലധികം സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. എല്ലാ കോണുകളില്‍നിന്നും ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍! ഛത്തീസ്ഗഢിലെ എല്ലാ നിയമസഭാ സീറ്റുകളിലും തടിച്ചുകൂടിയ ലക്ഷക്കണക്കിന് കുടുംബാംഗങ്ങളെ ഞാന്‍ ആദ്യം അഭിനന്ദിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ഞങ്ങളെ വേണ്ടുവോളം അനുഗ്രഹിച്ചു. നിങ്ങളുടെ അനുഗ്രഹത്തിന്റെ ഫലമായാണ് ഇന്ന് 'വികസിത ഛത്തീസ്ഗഢ്' എന്ന ദൃഢനിശ്ചയവുമായി ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ നില്‍ക്കുന്നത്. ബി.ജെ.പി അതു സാധ്യമാക്കി, ബി.ജെ.പി അതിനെ രൂപാന്തരപ്പെടുത്തും, ഈ ചടങ്ങില്‍ ഈ വസ്തുത ഇന്ന് വീണ്ടും ഉറപ്പിക്കപ്പെടുകയാണ്.

സുഹൃത്തുക്കളെ,
ദരിദ്രരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിലൂടെയാണ് 'വികസിത ഛത്തീസ്ഗഢി'ന്റെ വികസനം വരുന്നത്. ആധുനിക അടിസ്ഥാന സൗകര്യങ്ങളാല്‍ 'വികസിത ഛത്തീസ്ഗഢി'ന്റെ അടിത്തറ ശക്തിപ്പെടുത്തും. അതുകൊണ്ട് ഛത്തീസ്ഗഢിന്റെ വികസനവുമായി ബന്ധപ്പെട്ട് ഏകദേശം 35,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും ഇന്ന് നടന്നു. കല്‍ക്കരി, സൗരോര്‍ജ്ജം, വൈദ്യുതി, കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ ഛത്തീസ്ഗഢിലെ യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങളും വഴികളും സൃഷ്ടിക്കും. ഈ പദ്ധതികള്‍ക്ക് ഛത്തീസ്ഗഡിലെ എന്റെ എല്ലാ സഹോദരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

സുഹൃത്തുക്കളെ,
എന്‍ടിപിസിയുടെ 1600 മെഗാവാട്ട് സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ സ്റ്റേജ് ഒന്ന് ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ഇതോടൊപ്പം ഈ ആധുനിക പ്ലാന്റിന്റെ 1600 മെഗാവാട്ടിന്റെ സ്റ്റേജ് രണ്ടിന്റെ തറക്കല്ലിടലും നടന്നു. ഈ പ്ലാന്റുകള്‍ കുറഞ്ഞ ചെലവില്‍ പൗരന്മാര്‍ക്ക് വൈദ്യുതി നല്‍കും. ഛത്തീസ്ഗഢിനെ സൗരോര്‍ജ്ജത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഇന്ന് രാജ്‌നന്ദ്ഗാവിലും ഭിലായിലും വലിയ സൗരോര്‍ജ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു. രാത്രികാലങ്ങളില്‍ പോലും സമീപ പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനങ്ങളോടെയാണ് ഈ പ്ലാന്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സൗരോര്‍ജത്തിലൂടെ ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുക മാത്രമല്ല, അവരുടെ വൈദ്യുതി ബില്ലുകള്‍ പൂജ്യത്തിലെത്തിക്കുക കൂടിയാണു കേന്ദ്ര ഗവണ്‍മെന്റിന്റെ ലക്ഷ്യം. എല്ലാ വീടുകളും സൗരോര്‍ജ വീടാക്കണമെന്നാണ് മോദിയുടെ ആഗ്രഹം. വീടുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് മിച്ചമുള്ള വൈദ്യുതി വിറ്റ് ഓരോ കുടുംബത്തിനും മറ്റൊരു വരുമാന മാര്‍ഗം നല്‍കാനാണ് മോദി ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യത്തോടെ, നിലവില്‍ ഒരു കോടി കുടുംബങ്ങള്‍ക്കായുള്ള പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന ഞങ്ങള്‍ ആരംഭിച്ചു. ഈ പദ്ധതിക്കു കീഴില്‍, മേല്‍ക്കൂരകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റ് സഹായം നല്‍കും, കൂടാതെ പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കും, ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി് സര്‍ക്കാര്‍ വാങ്ങുകയും ചെയ്യും. ഇതിലൂടെ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ആയിരക്കണക്കിന് രൂപ വരുമാനം ലഭിക്കും. നമ്മുടെ കര്‍ഷകരെ ഊര്‍ജ ഉല്‍പാദകരാക്കുന്നതിലും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൗരോര്‍ജ പമ്പുകള്‍ക്കും ഒപ്പം വയലുകളുടെ അരികുകളിലോ തരിശായി കിടക്കുന്ന ഭൂമിയിലോ ചെറിയ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും ഗവണ്‍മെന്റ് സഹായം നല്‍കുന്നുണ്ട്.

സഹോദരീ സഹോദരന്മാരേ,
ഛത്തീസ്ഗഢിലെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന രീതി ഏറെ പ്രശംസനീയമാണ്. ഛത്തീസ്ഗഢിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് രണ്ടു വര്‍ഷത്തെ ബോണസ് കുടിശ്ശിക നല്‍കിക്കഴിഞ്ഞു. ഇലക്ഷന്‍ വേളയില്‍ ബീഡിമരത്തിന്റെ ഇല ശേകരിക്കുന്നവരുടെ കൂലി വര്‍ധിപ്പിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു, ഈ ഉറപ്പും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് നിറവേറ്റി. കഴിഞ്ഞ കോണ്‍ഗ്രസ് ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണം തടസ്സപ്പെടുത്തുക മാത്രമല്ല വഴിതടയുകയും ചെയ്തു. ഇപ്പോഴിതാ ബിജെപി ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം ആരംഭിച്ചിരിക്കുകയാണ്. ഹര്‍ ഘര്‍ ജല്‍ പദ്ധതിയും ഗവണ്‍മെന്റ് അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയാണ്. പിഎസ്സി പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കാന്‍ ഉത്തരവായി. മഹ്താരി വന്ദന യോജനയ്ക്ക് ഛത്തീസ്ഗഡിലെ സഹോദരിമാരെ ഞാന്‍ അഭിനന്ദിക്കുന്നു. ലക്ഷക്കണക്കിന് സഹോദരിമാര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും. ഈ തീരുമാനങ്ങളെല്ലാം കാണിക്കുന്നത് ബി.ജെ.പി പറയുക മാത്രമല്ല, പറയുന്നത് ചെയ്യുന്നതുംകൂടിയാണ്. അതുകൊണ്ടാണ് ജനങ്ങള്‍ പറയുന്നത്, മോദിയുടെ ഗ്യാരന്റി എന്നാല്‍ പൂര്‍ത്തീകരണത്തിന്റെ ഉറപ്പാണെന്ന്.

സുഹൃത്തുക്കളെ,
ഛത്തീസ്ഗഢില്‍ കഠിനാധ്വാനികളായ കര്‍ഷകരും കഴിവുള്ള യുവാക്കളും പ്രകൃതിവിഭവങ്ങളുടെ കലവറയുമുണ്ട്. വികസനത്തിന് ആവശ്യമായതെല്ലാം ഛത്തീസ്ഗഢില്‍ മുമ്പ് ഉണ്ടായിരുന്നു, ഇന്നും ലഭ്യമാണ്. എന്നാല്‍, സ്വാതന്ത്ര്യാനന്തരം ദീര് ഘകാലം രാജ്യം ഭരിച്ചവര്‍ക്കു ദീര്ഘവീക്ഷണം നിറഞ്ഞ ചിന്താഗതി ഉണ്ടായിരുന്നില്ല. അഞ്ചുവര്‍ഷമായി രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയാണ് അവര്‍ തീരുമാനങ്ങളെടുത്തത്. കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ഗവണ്‍മെന്റുകള്‍ രൂപീകരിച്ചെങ്കിലും ഭാരതത്തിന്റെ ഭാവി കെട്ടിപ്പടുക്കാന്‍ മറന്നു, കാരണം അവരുടെ ലക്ഷ്യം ഗവണ്‍മെന്റ് രൂപീകരിക്കുക മാത്രമായിരുന്നു. രാഷ്ട്രത്തിന്റെ പുരോഗതി അവരുടെ അജണ്ടയുടെ ഭാഗമായിരുന്നില്ല. ഇന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സാഹചര്യവും ദിശയും അതേപടി തുടരുകയാണ്. വംശീയ രാഷ്ട്രീയത്തിനും അഴിമതിക്കും പ്രീണനത്തിനും അപ്പുറം ചിന്തിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ല. കുടുംബത്തിനുവേണ്ടി മാത്രം ജോലി ചെയ്യുന്നവര്‍ക്ക് ഒരിക്കലും നിങ്ങളുടെ കുടുംബത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. സ്വന്തം മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്ക് ഒരിക്കലും നിങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ച് വിഷമിക്കാനാവില്ല. എന്നാല്‍ മോദിയെ സംബന്ധിച്ചിടത്തോളം നിങ്ങളെല്ലാവരും മോദിയുടെ കുടുംബമാണ്. നിങ്ങളുടെ സ്വപ്നങ്ങളാണ് മോദിയുടെ ദൃഢനിശ്ചയം. അതുകൊണ്ട്, ഇന്ന് ഞാന്‍ സംസാരിക്കുന്നത് വികസിത ഭാരതത്തെയും വികസിത ഛത്തീസ്ഗഢിനെയും കുറിച്ചാണ്.
രാജ്യത്തെ 140 കോടി പൗരന്മാര്‍ക്ക് തന്റെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഉറപ്പ് ഈ 'സേവകന്‍' നല്‍കി. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ തലയുയര്‍ത്തുന്ന തരത്തിലായിരിക്കും ഗവണ്‍മെന്റെന്നു 2014ല്‍ മോദി ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് നിറവേറ്റാന്‍ ഞാന്‍ എന്നെത്തന്നെ പൂര്‍ണമായും സമര്‍പ്പിച്ചു. ദരിദ്രര്‍രുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഗവണ്‍മെന്റ് തയ്യാറാകില്ലെന്ന് 2014ല്‍ മോദി ഉറപ്പുനല്‍കിയിരുന്നു. പാവപ്പെട്ടവരെ കൊള്ളയടിച്ചവര്‍ ആ പണം പാവങ്ങള്‍ക്ക് തിരികെ നല്‍കേണ്ടിവരും. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ഇന്ന് ഉണ്ടാകുന്നത്. പാവപ്പെട്ടവരില്‍നിന്ന് കൊള്ളയടിക്കപ്പെടുന്ന പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പദ്ധതികളില്‍ വിനിയോഗിക്കുന്നു. സൗജന്യ റേഷന്‍, സൗജന്യ ചികിത്സ, താങ്ങാനാവുന്ന വിലയ്ക്കു മരുന്നുകള്‍, പാവപ്പെട്ടവര്‍ക്ക് വീട്, എല്ലാ വീട്ടിലും പൈപ്പ് വെള്ളം, എല്ലാ വീട്ടിലും ഗ്യാസ് കണക്ഷന്‍, എല്ലാ വീട്ടിലും ശൗചാലയങ്ങള്‍ - ഈ ജോലികളെല്ലാം പൂര്‍ത്തീകരിക്കുന്നു. സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത പാവപ്പെട്ടവരുടെ വീടുകളിലേക്കാണ് ഈ സൗകര്യങ്ങള്‍ എത്തുന്നത്. വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്കിടെ മോദിയുടെ ഉറപ്പുള്ള വാഹനം എല്ലാ ഗ്രാമങ്ങളിലും എത്തി. ഇപ്പോള്‍, ഗ്യാരണ്ടിയുള്ള വാഹനത്തിന്റെ എല്ലാ നേട്ടങ്ങളും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പങ്കുവെച്ചു, അത് ആവേശം വര്‍ദ്ധിപ്പിച്ചു.

സുഹൃത്തുക്കളെ,
പത്തു വര്‍ഷം മുന്‍പ് മോദി മറ്റൊരു ഉറപ്പു നല്‍കി. ആ സ്വപ്നങ്ങളെ പരിപോഷിപ്പിച്ച നമ്മുടെ മുന്‍ തലമുറകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്ന ഒരു ഭാരതം നാം സൃഷ്ടിക്കുമെന്ന് അന്നു ഞാന്‍ പറഞ്ഞു. നമ്മുടെ പൂര്‍വികര്‍ കണ്ട സ്വപ്‌നങ്ങള്‍ക്കനുസൃതമായാണ് പുതിയ ഭാരതം നിര്‍മിക്കപ്പെടുന്നത്. ഗ്രാമങ്ങളില്‍പ്പോലും ഡിജിറ്റല്‍ പണമിടപാട് സാധ്യമാകുമെന്ന് പത്ത് വര്‍ഷം മുമ്പ് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ബാങ്കിങ്ങുമായി ബന്ധപ്പെട്ട ജോലികള്‍, ബില്‍ പേയ്മെന്റുകള്‍, അപേക്ഷകള്‍ സമര്‍പ്പിക്കല്‍ എന്നിവ വീട്ടില്‍ നിന്ന് ചെയ്യാമോ? സ്വന്തം സംസ്ഥാനത്ത് നിന്ന് ജോലിക്ക് പോയ മകന് ഗ്രാമത്തിലെ കുടുംബത്തിന് കണ്ണടച്ചു തുറക്കുന്ന സമയംകൊണ്ടു പണം അയച്ചുകൊടുക്കാന്‍ കഴിയുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റ് പണം അയക്കുമെന്നും പണം നിക്ഷേപിച്ചതായി ദരിദ്രന്റെ മൊബൈല്‍ ഫോണില്‍ ഉടന്‍ സന്ദേശം വരുമെന്നും ആരെങ്കിലും ചിന്തിച്ചിരുന്നോ? ഇന്ന് ഇത് സാധ്യമായിരിക്കുന്നു. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും, കോണ്‍ഗ്രസില്‍ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു. സ്വന്തം കോണ്‍ഗ്രസ് ഗവണ്‍മെന്റിനുവേണ്ടി, സ്വന്തം ഗവണ്‍മെന്റിനുവേണ്ടി, ഡല്‍ഹിയില്‍നിന്ന് ഒരു രൂപ അയച്ചാല്‍ 15 പൈസ മാത്രമേ ഗ്രാമത്തിലെത്തൂ, വഴിയില്‍ 85 പൈസ അപ്രത്യക്ഷമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാം. ഇപ്പോഴത്തെ കണക്കുനോക്കുുക: കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ബിജെപി ഗവണ്‍മെന്റ് 34 ലക്ഷം കോടി രൂപയിലധികം അയച്ചു, 34 ലക്ഷം കോടി രൂപയിലധികം, ഈ കണക്ക് ചെറുതല്ല. നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതിയിലൂടെ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നു, ഡല്‍ഹിയില്‍ നിന്ന്. ഡിബിടി വഴി 34 ലക്ഷം കോടിയിലധികം രൂപയാണ് രാജ്യത്തെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിരിക്കുന്നത്. ഇനി, സങ്കല്‍പ്പിക്കുക, ഒരു കോണ്‍ഗ്രസ് ആണ് ഉണ്ടായിരുന്നതെങ്കില്‍ ഒരു രൂപയില്‍ 15 പൈസ എന്ന പഴയ രീതി തുടര്‍ന്നിരുന്നെങ്കില്‍, എന്ത് സംഭവിക്കുമായിരുന്നു. 34 ലക്ഷം കോടി രൂപയില്‍ 29 ലക്ഷം കോടി രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുമായിരുന്നു.

മുദ്ര യോജന പ്രകാരം യുവാക്കള്‍ക്കു തൊഴിലിനും സ്വയംതൊഴിലിനുമായി 28 ലക്ഷം കോടി രൂപയുടെ സഹായവും ബിജെപി ഗവണ്‍മെന്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഉണ്ടായിരുന്നെങ്കില്‍ അവരുടെ ഇടനിലക്കാര്‍ ഏകദേശം 24 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയേനെ. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബിജെപി ഗവണ്‍മെന്റ് 2.75 ലക്ഷം കോടി രൂപ കൈമാറി. കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഉണ്ടായിരുന്നെങ്കില്‍ 2.25 ലക്ഷം കോടിയോളം രൂപ അവര്‍ തങ്ങള്‍ക്കുവേണ്ടി തട്ടിയെടുക്കുമായിരുന്നു, കര്‍ഷകരിലേക്ക് പണം എത്തുമായിരുന്നില്ല. ഇന്ന് പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഉറപ്പാക്കിയത്, അവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കിയത് ബിജെപി ഗവണ്‍മെന്റാണ്. അഴിമതി അവസാനിക്കുമ്പോള്‍, വികസന പദ്ധതികള്‍ ആരംഭിക്കുന്നു, കൂടാതെ നിരവധി തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവരുന്നു. അതോടൊപ്പം സമീപ പ്രദേശങ്ങളില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള ആധുനിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുമുണ്ട്. ഇന്ന് നിര്‍മിക്കുന്ന വീതിയേറിയ റോഡുകള്‍, പുതിയ റെയില്‍വേ ലൈനുകള്‍ എന്നിവയെല്ലാം ബിജെപി ഗവണ്‍മെന്റിന്റെ സദ്ഭരണത്തിന്റെ ഫലമാണ്.

സഹോദരീ സഹോദരന്മാരേ,
21-ാം നൂറ്റാണ്ടിന്റെ ആധുനിക ആവശ്യങ്ങള്‍ നിറവേറ്റുന്ന സംരംഭങ്ങളിലൂടെ 'വികസിത ഛത്തീസ്ഗഢ്' എന്ന സ്വപ്നം പൂര്‍ത്തീകരിക്കും. ഛത്തീസ്ഗഢ് വികസിക്കുകയാണെങ്കില്‍, ഭാരതത്തിന്റെ പുരോഗതിയെ തടയാന്‍ യാതൊന്നിനും കഴിയില്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഭാരതം മാറുമ്പോള്‍, ഛത്തീസ്ഗഢും വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് ഉയരും. ഇത് ഒരു സുപ്രധാന അവസരമാണ്, പ്രത്യേകിച്ച് ആദ്യമായി വോട്ടുചെയ്യുന്നവര്‍ക്കും സ്‌കൂളുകളിലെയും കോളേജുകളിലെയും യുവ വിദ്യാര്‍ഥികള്‍ക്ക്.  'വികസിത ഛത്തീസ്ഗഢ്' അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റും. ഈ വികസന സംരംഭങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

നന്ദി!

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസംഗം.

--NS--



(Release ID: 2013343) Visitor Counter : 47