ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ആദ്യ പേയ് ജൽ സർവ്വേക്ഷൺ അവാർഡുകൾ രാഷ്ട്രപതി മാർച്ച് 5ന് വിതരണം ചെയ്യും

Posted On: 27 FEB 2024 10:53AM by PIB Thiruvananthpuram

ന്യൂ ഡൽഹി : 27 ഫെബ്രുവരി 2024 

 
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ആദ്യത്തെ പേയ് ജൽ സർവേക്ഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മാർച്ച് 5ന് വിഗ്യാൻ ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ജലമേഖലയിലെ മികവിന് നഗരങ്ങളെയും സംസ്ഥാനങ്ങളെയും ചടങ്ങിൽ ആദരിക്കും.
 
പേയ് ജൽ ഗോൾഡ്, സിൽവർ, ബ്രോൺസ് സിറ്റി അവാർഡുകൾ എന്നിവയുൾപ്പെടെ 130 അവാർഡുകളാണുള്ളത്. ജനസംഖ്യാ വിഭാഗങ്ങളിൽ (1 മുതൽ 10 ലക്ഷം വരെ, 10 മുതൽ 40 ലക്ഷം വരെ, 40 ലക്ഷത്തിൽ കൂടുതൽ എന്നിങ്ങനെ ) മികച്ച പ്രകടനം നടത്തുന്നവർക്ക് സ്വർണ്ണം രണ്ടാം സ്ഥാനത്തുള്ളവർക്ക് വെള്ളി മൂന്നാമത് ഉള്ളവർക്ക് വെങ്കലം എന്നിങ്ങനെയാണ് അവാർഡുകൾ നൽകുക.
 
മികച്ച ജലസംഭരണി, സുസ്ഥിരത ചാമ്പ്യൻ, പുനരുപയോഗ ചാമ്പ്യൻ, ജലത്തിൻ്റെ ഗുണനിലവാരം, നഗര സാച്ചുറേഷൻ, എന്നിവയ്ക്കുള്ള അവാർഡുകളും ഈ വർഷത്തെ അമൃത് 2.0 റൊട്ടേറ്റിംഗ് ട്രോഫി നൽകും.
 
 അമൃത് 2.0 പ്രകാരം 485 നഗരങ്ങളിൽ ശുദ്ധീകരണ ശാലകളിലെയും വീടുകളിലെയും ജലത്തിൻ്റെ ഗുണനിലവാരം, ജലാശയങ്ങളുടെ ആരോഗ്യം സംബന്ധിച്ച സുസ്ഥിരത, ശുദ്ധീകരിച്ച ജലത്തിൻ്റെ പുനരുപയോഗം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ വിലയിരുത്തി. 5 സ്റ്റാർ മുതൽ നോ സ്റ്റാർ വരെയുള്ള സ്റ്റാർ റേറ്റിംഗ് സ്കെയിലിൽ നഗരങ്ങളെ ഗ്രേഡ് ചെയ്യും.
 
 അവാർഡ് ജേതാക്കൾ ഉൾപ്പെടെ 1,500-ലധികം പേർ പങ്കെടുക്കുന്ന മഹത്തായ ചടങ്ങിൽ അമൃത് മിത്ര സംരംഭത്തിനു തുടക്കം കുറിക്കും. നഗര ജലമേഖലയിൽ വനിതാ സ്വയം സഹായ സംഘങ്ങളുടെ (എസ്എച്ച്ജി) സജീവ പങ്കാളിത്തമാണ് അമൃത് മിത്ര ലക്ഷ്യമിടുന്നത്.  ബില്ലിംഗ്, ശേഖരണം, ചോർച്ച കണ്ടെത്തൽ, പ്ലംബിംഗ് ജോലികൾ, ജലഗുണനിലവാര സാമ്പിൾ, അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അമൃത് 2.0 പദ്ധതികൾ നടപ്പിലാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
 
സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം, വർധിച്ച അവബോധം, പ്രത്യക്ഷമായ സമൂഹ സ്വാധീനം , എന്നിവയിലൂടെ സ്ത്രീകൾക്കിടയിൽ ഉടമസ്ഥാവകാശ ബോധം വളർത്തുക, ലിംഗ അസമത്വം പരിഹരിക്കുക, എല്ലാവരെയും ഉൾപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവ യോടൊപ്പം വീടുകളിൽ സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതിനും ഭാവി സംരംഭങ്ങൾക്ക് മാതൃകയായി മാറുന്നതിനും അമൃത് മിത്ര ലക്ഷ്യമിടുന്നു.
 
 ഉറവിടത്തിലും, ജനങ്ങൾക്കിടയിലും സ്വതന്ത്രമായ എൻഎബിഎൽ ലാബ് പരിശോധനയിലൂടെ പേയ് ജൽ സർവേക്ഷൻ ശുദ്ധജലം ഉറപ്പാക്കി. 24,000-ലധികം ജല സാമ്പിളുകളുടെ പരിശോധനയുൾപ്പെടെ നടത്തിക്കൊണ്ട് ഒരു സമഗ്രമായ വിലയിരുത്തലിനാണ് ഇത് മുൻഗണന നൽകുന്നത്. 5 ലക്ഷം ഉപഭോക്തൃ പ്രതികരണങ്ങളും ആയിരത്തോളം പരിശോധനാ സൗകര്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി.


(Release ID: 2009447) Visitor Counter : 47