പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) സന്ദർശിച്ചു
ഏകദേശം 1800 കോടി രൂപയുടെ മൂന്നു സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
ഗംഗൻയാന്റെ പുരോഗതി അവലോകനം ചെയ്യുകയും ബഹിരാകാശ സഞ്ചാരികൾക്കു ‘ബഹിരാകാശയാത്രികരുടെ ചിറകുകൾ’ നൽകുകയും ചെയ്തു
“പുതിയ കാലചക്രത്തിൽ, ആഗോളക്രമത്തിൽ ഇന്ത്യ അതിന്റെ ഇടം തുടർച്ചയായി വികസിപ്പിക്കുകയാണ്; ഇതു നമ്മുടെ ബഹിരാകാശപരിപാടിയിൽ വ്യക്തമായി കാണാം”
“നാലു നിയുക്ത ബഹിരാകാശയാത്രികർ വെറും നാലുപേരോ വ്യക്തികളോ അല്ല; 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ ബഹിരാകാശത്തേക്കു കൊണ്ടുപോകുന്നതിനുള്ള നാലു ശക്തികളാണ്”
“നിയുക്തരായ നാലു ബഹിരാകാശ സഞ്ചാരികൾ ഇന്നത്തെ ഇന്ത്യയുടെ വിശ്വാസം, ധൈര്യം, ശൗര്യം, അച്ചടക്കം എന്നിവയുടെ പ്രതീകമാണ്”
“40 വർഷത്തിനുശേഷമാണ് ഒരിന്ത്യക്കാരൻ ബഹിരാകാശത്തേക്കു പോകുന്നത്. എന്നാൽ ഇപ്പോൾ, സമയവും കൗണ്ട്ഡൗണും റോക്കറ്റും നമ്മുടേതാണ്”
“ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച 3 സമ്പദ്‌വ്യവസ്ഥകളിലൊന്നാകാൻ ഒരുങ്ങുമ്പോൾ, അതേസമയം, രാജ്യത്തിന്റെ ഗഗൻയാൻ നമ്മുടെ ബഹിരാകാശ മേഖലയെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകാൻ തയ്യാറെടുക്കുന്നു”
“ഇന്ത്യയുടെ നാരീശക്തി ബഹിരാകാശമേഖലയിൽ നിർണായക പങ്കു വഹിക്കുന്നു”
“ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ വിജയം രാജ്യത്തെ യുവതലമുറയിൽ ശാസ്ത്രമനോഭാവത്തിന്റെ വിത്തുകൾ പാകുകയാണ്”
“ഈ അമൃതകാലത്ത്, ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഇന്ത്യൻ റോക്കറ്റിൽ ചന്ദ്രനിൽ ഇറങ്ങും”
“ബഹിരാകാശ സാങ്കേതികവിദ്യയിൽനിന്നു സമൂഹത്തിന് ഏറെ പ്രയോജനം ലഭിക്കുന്നു”
Posted On:
27 FEB 2024 1:19PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC) സന്ദർശിച്ചു. ഏകദേശം 1800 കോടി രൂപയുടെ മൂന്നു സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ SLV ഇന്റഗ്രേഷൻ ഫെസിലിറ്റി (PIF); മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലെ പുതിയ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും’; തിരുവനന്തപുരം വിഎസ്എസ്‌സിയിലെ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു. ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്ത ശ്രീ മോദി, നാലു ബഹിരാകാശസഞ്ചാരികൾക്കു ‘ബഹിരാകാശ ചിറകുകൾ’ നൽകുകയും ചെയ്തു. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണു ബഹിരാകാശ സഞ്ചാരികൾ.
‘ഭാരത് മാതാ കീ ജയ്’ വിളികൾ സദസിൽ അലയടിച്ചപ്പോൾ, നിയുക്ത ബഹിരാകാശ സഞ്ചാരികൾക്കു കൈയടിക്കാൻ ആഹ്വാനം ചെയ്താണു പ്രധാനമന്ത്രി അഭിസംബോധന ആരംഭിച്ചത്.
ഓരോ രാജ്യത്തിന്റെയും വികസന യാത്രകൾക്കു വർത്തമാനകാലത്തെ മാത്രമല്ല, ഭാവിതലമുറയെയും നിർവചിക്കുന്ന സവിശേഷമായ നിമിഷങ്ങളുണ്ടെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഭൂമി, വായു, ജലം, ബഹിരാകാശം എന്നീ മേഖലകളിൽ രാഷ്ട്രം കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളിൽ ഇന്നത്തെ തലമുറയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന അവസരമാണ് ഇന്നത്തേതെന്നു പറഞ്ഞു. അയോധ്യയിൽനിന്നു നിർമിച്ച പുതിയ ‘കാലചക്ര’ത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവന അനുസ്മരിച്ച പ്രധാനമന്ത്രി, ആഗോള ക്രമത്തിൽ ഇന്ത്യ തുടർച്ചയായി അതിന്റെ ഇടം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ ബഹിരാകാശ പരിപാടിയിൽ അതിന്റെ ദൃശ്യങ്ങൾ കാണാൻ കഴിയുമെന്നും പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയ ഇന്ത്യയുടെ ചന്ദ്രയാൻ വിജയത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. “ഇന്നു ശിവശക്തി പോയിന്റ് ലോകത്തെയാകെ ഇന്ത്യയുടെ വൈദഗ്ധ്യം പരിചയപ്പെടുത്തുകയാണ്” - അദ്ദേഹം പറഞ്ഞു. ബഹിരാകാശ സഞ്ചാരികളായി നിയോഗിക്കപ്പെട്ട നാലു ഗഗൻയാൻ യാത്രക്കാരെ പരിചയപ്പെടുത്തിയതു ചരിത്ര സന്ദർഭമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “അവർ വെറും നാലുപേരോ വ്യക്തികളോ അല്ല; 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ ബഹിരാകാശത്തേക്കു കൊണ്ടുപോകുന്നതിനുള്ള നാലു ശക്തികളാണ്” - പ്രധാനമന്ത്രി പറഞ്ഞു. 40 വർഷത്തിനു ശേഷമാണ് ഒരിന്ത്യക്കാരൻ ബഹിരാകാശത്തേക്കു പോകുന്നത്. എന്നിരുന്നാലും, ഇപ്പോൾ, സമയവും കൗണ്ട്ഡൗണും റോക്കറ്റും നമ്മുടേതാണ്. നിയുക്ത ബഹിരാകാശ സഞ്ചാരികളെ രാഷ്ട്രത്തിനു പരിചയപ്പെടുത്തുന്നതിലും പരിചയപ്പെടുത്തിയതിലും സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, മുഴുവൻ രാജ്യത്തിനും വേണ്ടി അവർക്ക് ആശംസകൾ നേർന്നു.
നിയുക്ത ബഹിരാകാശ സഞ്ചാരികളെക്കുറിച്ചു പരാമർശിക്കവേ, അവരുടെ പേരുകൾ ഇന്ത്യയുടെ വിജയത്തോടൊപ്പം ചേർന്നിട്ടുണ്ടെന്നും അവർ ഇന്നത്തെ ഇന്ത്യയുടെ വിശ്വാസത്തെയും ധൈര്യത്തെയും വീര്യത്തെയും അച്ചടക്കത്തെയും പ്രതീകപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിശീലനത്തോടുള്ള അവരുടെ അർപ്പണബോധത്തെയും മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു. അവർ ഒരിക്കലും തളരാത്ത ഇന്ത്യയുടെ അമൃതതലമുറയുടെ പ്രതിനിധികളാണെന്നും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളിക്കാനുള്ള കരുത്തു പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിന് ആരോഗ്യമുള്ള ശരീരത്തിന്റെയും ആരോഗ്യമുള്ള മനസ്സിന്റെയും ആവശ്യകത ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, പരിശീലന മൊഡ്യൂളിന്റെ ഭാഗമായുള്ള യോഗയുടെ പങ്കും ചൂണ്ടിക്കാട്ടി. “രാജ്യത്തിന്റെ ആശംസകളും അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു. ഗഗൻയാൻ പദ്ധതിയുമായി ബന്ധപ്പെട്ട ഐഎസ്ആർഒയിലെ എല്ലാ സ്റ്റാഫ് പരിശീലകർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.
നാലു ബഹിരാകാശസഞ്ചാരികൾക്കും സെലിബ്രിറ്റികളെന്ന നിലയിൽ അവരുടെ പരിശീലനത്തിൽ അസ്വസ്ഥതയുണ്ടായേക്കാവുന്ന സാഹചര്യത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. നിയുക്ത ബഹിരാകാശ യാത്രികരുമായും അവരുടെ കുടുംബാംഗങ്ങളുമായും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. അതിലൂടെ ശ്രദ്ധ വ്യതിചലിക്കാതെ അവർക്കു പരിശീലനം തുടരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗഗൻയാനെക്കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഗഗൻയാനിലെ ഭൂരിഭാഗം ഉപകരണങ്ങളും ഇന്ത്യയിൽ നിർമിച്ചതാണെന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച 3 സമ്പദ്‌വ്യവസ്ഥകളിലൊന്നാകാനുള്ള ഇന്ത്യയുടെ യാത്രയോടൊപ്പം ഗഗൻയാൻ തയ്യാറെടുപ്പിന്റെ സന്തോഷകരമായ യാദൃച്ഛികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നു സമർപ്പിക്കപ്പെട്ട പദ്ധതികൾ പുതിയ തൊഴിലവസരങ്ങളിലേക്കു നയിക്കുമെന്നും ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിൽ നാരീശക്തിയുടെ പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. “ചന്ദ്രയാൻ ആയാലും ഗഗൻയാനായാലും, വനിതാ ശാസ്ത്രജ്ഞരില്ലാതെ അത്തരമൊരു പദ്ധതി സങ്കൽപ്പിക്കാൻ കഴിയില്ല” - 500ലധികം വനിതകൾ ഐഎസ്ആർഒയിൽ നേതൃസ്ഥാനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ പ്രധാന സംഭാവന യുവതലമുറയില്‍ ശാസ്ത്ര മനോഭാവത്തിന്റെ വിത്ത് പാകുകയാണെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, ഐ.എസ്.ആര്‍.ഒ നേടിയ വിജയം ഇന്നത്തെ കുട്ടികളില്‍ ശാസ്ത്രജ്ഞരാകാനുള്ള ആശയം നട്ടുവളര്‍ത്തുന്നുവെന്നും നിരീക്ഷിച്ചു. ''റോക്കറ്റിന്റെ കൗണ്ട്ഡൗണ്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് കുട്ടികളെ പ്രചോദിരാക്കുന്നു, കടലാസ് വിമാനങ്ങള്‍ ഉണ്ടാക്കികൊണ്ടിരുന്നവര്‍ ഇന്ന് നിങ്ങളെപ്പോലെ ശാസ്ത്രജ്ഞരാകാന്‍ സ്വപ്‌നം കാണുന്നു'', തന്റെ അഭിസംബോധന ശാസ്ത്രജ്ഞരിലേക്ക് തിരിച്ചുകൊണ്ട് ആവേശഭരിതനായി പ്രധാനമന്ത്രി പറഞ്ഞു. യുവജനങ്ങളുടെ ഇച്ഛാശക്തി ഒരു രാജ്യത്തിന്റെ സമ്പത്തിന് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍ 2 ഇറങ്ങുന്ന സമയം രാജ്യത്തെ ഓരോ കുട്ടിക്കും ഒരു പഠനാനുഭവമായിരുന്നെന്നും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് ചന്ദ്രയാന്‍ 3 വിജയകരമായി ഇറക്കിയത് യുവജനങ്ങളില്‍ പുതിയ ഊര്‍ജ്ജം നിറച്ചെന്നും അദ്ദേഹം പറഞ്ഞു. '' ബഹിരാകാശ ദിനമായി ഇപ്പോള്‍ ഈ ദിവസം ആഘോഷിക്കുകയും ചെയ്യുന്നു'', ബഹിരാകാശ മേഖലയില്‍ രാജ്യം സൃഷ്ടിച്ച വിവിധ റെക്കോര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടികൊണ്ട് അദ്ദേഹം അറിയിച്ചു. ആദ്യ പരിശ്രമത്തില്‍ തന്നെ ചൊവ്വയിലെത്തിയത്, ഒറ്റ ദൗത്യത്തില്‍ നൂറിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്, ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ആദിത്യ എല്‍1 സോളാര്‍ പ്രോബ് (സൂര്യാന്വേഷണം)വിജയകരമായി കുട്ടിച്ചേര്‍ത്തത് എന്നിങ്ങനെ രാജ്യത്തിന്റെ നേട്ടങ്ങള്‍ പരാമര്‍ശിച്ച അദ്ദേഹം വളരെ കുറച്ചുരാജ്യങ്ങള്‍ മാത്രമേ ഇത്തരം നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളുവെന്നും പറഞ്ഞു. എക്‌സ്‌പോ-സാറ്റ്, ഇന്‍സാറ്റ്-3ഡി.എസ് എന്നിവയിലൂടെ 2024-ന്റെ ആദ്യ ഏതാനും ആഴ്ചകള്‍ക്കുളളില്‍ തന്നെയുണ്ടായ സമീപകാല വിജയങ്ങളും അദ്ദേഹം പരാമര്‍ശിച്ചു.
''നിങ്ങളെല്ലാം ഭാവി സാദ്ധ്യതകളുടെ പുതിയ വാതിലുകള്‍ തുറക്കുകയാണ്'', ഐ.എസ്.ആര്‍.ഒ സംഘത്തോട് പ്രധാനമന്ത്രി മോദി പറഞ്ഞു. കണക്കുകള്‍ പ്രകാരം, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ അഞ്ചിരട്ടി വളര്‍ച്ച നേടുമെന്നും 44 ബില്യണ്‍ ഡോളറിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ രംഗത്ത് ഇന്ത്യ ഒരു ആഗോള വാണിജ്യ കേന്ദ്രമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഇന്ത്യ ഒരിക്കല്‍ കൂടി ചന്ദ്രനിലേക്ക് പോകും. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് സാമ്പിളുകള്‍ വീണ്ടെടുക്കാനുള്ള പുതിയ അഭിലാഷത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു. ശുക്രനും റഡാറില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2035ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി അതിന്റെ ബഹിരാകാശ നിലയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനുപുറമെ, ''ഈ അമൃത്കാലത്ത് , ഒരു ഇന്ത്യന്‍ റോക്കറ്റില്‍ ഒരു ഇന്ത്യന്‍ ബഹിരാകാശയാത്രികന്‍ ചന്ദ്രനില്‍ ഇറങ്ങും'' പ്രധാനമന്ത്രി മോദി പറഞ്ഞു.
2014ന് മുമ്പുള്ള ദശകവുമായി ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ സമീപകാല നേട്ടങ്ങളെ താരതമ്യം ചെയ്ത പ്രധാനമന്ത്രി വെറും 33 ഉപഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യം 400 ഓളം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു, കൂടാതെ രണ്ടോ മൂന്നോ ഉണ്ടായിരുന്ന യുവജനങ്ങള്‍ നയിക്കുന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ 200-ലധികമായെന്നും പരാമര്‍ശിച്ചു. അവരുടെ ഇന്നത്തെ സാന്നിദ്ധ്യം അംഗീകരിച്ച പ്രധാനമന്ത്രി, അവരുടെ കാഴ്ചപ്പാടിനെയും പ്രതിഭയേയും സംരംഭകത്വത്തെയും അഭിനന്ദിച്ചു. ഈ മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന ബഹിരാകാശ പരിഷ്‌കാരങ്ങളെ സ്പര്‍ശിച്ച പ്രധാനമന്ത്രി മോദി ബഹിരാകാശ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം എന്ന അടുത്തിടെ അംഗീകരിച്ച നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തെ പരാമര്‍ശിക്കുകയും ചെയ്തു. ഈ പരിഷ്‌കാരത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ നിലയുറപ്പിക്കാനും യുവജനങ്ങള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കാനും കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസിതമാകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി ബഹിരാകാശ മേഖലയുടെ പങ്ക് എടുത്തുപറയുകയും ചെയ്തു. ''ബഹിരാകാശ ശാസ്ത്രം എന്നത് വെറും റോക്കറ്റ് ശാസ്ത്രം മാത്രമല്ല, അത് ഏറ്റവും വലിയ സാമൂഹിക ശാസ്ത്രം കൂടിയാണ്. ബഹിരാകാശ സാങ്കേതികവിദ്യയില്‍ നിന്ന് സമൂഹത്തിന് വലിയ പ്രയോജനം ലഭിക്കുന്നു'' പ്രധാനമന്ത്രി മോദി പറഞ്ഞു. . കാര്‍ഷിക, കാലാവസ്ഥയുമായി ബന്ധപ്പെട്ടവ, ദുരന്ത മുന്നറിയിപ്പ്, ജലസേചനവുമായി ബന്ധപ്പെട്ടവ, നാവിഗേഷന്‍ ഭൂപടങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ക്കുള്ള നാവിക് സംവിധാനം പോലുള്ള മറ്റ് ഉപയോഗങ്ങള്‍ എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. തുടര്‍ന്ന് അതിര്‍ത്തി സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ബഹിരാകാശ ശാസ്ത്രത്തിന്റെ മറ്റ് അനവധി ഉപയോഗങ്ങളില്‍ അദ്ദേഹം സ്പര്‍ശിച്ചു. ''വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ നിങ്ങള്‍ക്കും ഐ.എസ്.ആര്‍.ഒയ്ക്കും മുഴുവന്‍ ബഹിരാകാശ മേഖലയ്ക്കും വലിയ പങ്കുണ്ട്'', പ്രധാനമന്ത്രി ഉപസംഹരിച്ചു.
കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐ.എസ്.ആര്‍.ഒ ചെയര്‍മാനുമായ ശ്രീ എസ് സോമനാഥ് എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്ര സന്ദര്‍ശന്ന വേളയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മൂന്ന് സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികള്‍ രാജ്യത്തിന്റെ ബഹിരാകാശ മേഖലയുടെ മുഴുവന്‍ സാദ്ധ്യതകളും സാക്ഷാത്കരിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനും, ഈ മേഖലയിലെ സാങ്കേതിക, ഗവേഷണ-വികസന കഴിവുകള്‍ വര്‍ദ്ധിപ്പിക്കണമെന്നുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും ഊര്‍ജ്ജം പകരും. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ പി.എസ്.എല്‍.വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി (സംയോജന സംവിധാനം -പി.ഐ.എഫ്); മഹേന്ദ്രഗിരിയിലെ ഐ.എസ്.ആര്‍.ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലെ പുതിയ 'സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എന്‍ജിന്‍ ആന്‍ഡ് സ്‌റ്റേജ് ടെസ്റ്റ് സൗകര്യവും'; തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ ട്രൈസോണിക് വിന്‍ഡ് ടണല്‍ എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ബഹിരാകാശ മേഖലയ്ക്ക് ലോകോത്തര സാങ്കേതികസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഈ മൂന്ന് പദ്ധതികളും ഏകദേശം 1800 കോടി രൂപ ചെലവിലാണ് വികസിപ്പിച്ചിരിക്കുന്നത്.
ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ പി.എസ്.എല്‍.വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി (പി.ഐ.എഫ്) പി.എസ്.എല്‍.വി വിക്ഷേപണങ്ങളുടെ ആവൃത്തി പ്രതിവര്‍ഷം ആറില്‍നിന്ന് 15 ആയി ഉയര്‍ത്താന്‍ സഹായിക്കും. എസ്.എസ്.എല്‍.വിയുടെയും സ്വകാര്യ ബഹിരാകാശ കമ്പനികള്‍ രൂപകല്‍പ്പന ചെയ്യുന്ന മറ്റ് ചെറിയ വിക്ഷേപണ പേടകങ്ങളുടെയും വിക്ഷേപണാവശ്യങ്ങള്‍ നിറവേറ്റാനും ഈ അത്യാധുനിക കേന്ദ്രത്തിനാകും.
ഐ.പി.ആര്‍.സി മഹേന്ദ്രഗിരിയിലെ പുതിയ സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എന്‍ജിന്‍ ആന്‍ഡ് സ്‌റ്റേജ് ടെസ്റ്റ് സൗകര്യം സെമി ക്രയോജനിക് എന്‍ജിനുകളുടെയും ഘട്ടങ്ങളുടെയും വികസനം സാദ്ധ്യമാക്കുകയും, നിലവിലെ വിക്ഷേപണപേടകങ്ങളുടെ പേലോഡ് ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 200 ടണ്‍ വരെ ത്രസ്റ്റ് എഞ്ചിനുകള്‍ പരീക്ഷിക്കുന്നതിന് ദ്രവീകൃത ഓക്‌സിജന്‍, മണ്ണെണ്ണ വിതരണ സംവിധാനങ്ങള്‍ എന്നിവ ഈ കേന്ദ്രത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.
അന്തരീക്ഷ മേഖലയില്‍ പറക്കുന്ന സമയത്ത് റോക്കറ്റുകളുടെയും വിമാനങ്ങളുടെയും സ്വഭാവസവിശേഷതകള്‍ നിര്‍ണയിക്കുന്നതിനുള്ള എയറോഡൈനാമിക് പരിശോധനയ്ക്ക് വിന്‍ഡ് ടണലുകള്‍ അത്യന്താപേക്ഷിതമാണ്. വി.എസ്.എസ്.സിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട 'ട്രൈസോണിക് വിന്‍ഡ് ടണല്‍' നമ്മുടെ ഭാവി സാങ്കേതികവിദ്യാ വികസന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സങ്കീര്‍ണമായ സാങ്കേതിക സംവിധാനമായി പ്രവര്‍ത്തിക്കും.
സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി അവലോകനം ചെയ്യുകയും നിയുക്ത ബഹിരാകാശ സഞ്ചാരികള്‍ക്ക് ബഹിരാകാശയാത്രികരുടെ ചിറകുകള്‍ (ആസ്ട്രനോട്ട് വിംഗ്ഡ്) സമ്മാനിക്കുകയും ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയാണ് ഗഗന്‍യാന്‍ ദൗത്യം. അതിനായി വിവിധ ഐ.എസ്.ആര്‍.ഒ കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണു നടക്കുന്നത്.
NS
(Release ID: 2009360)
Visitor Counter : 186
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada