പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹരിയാനയിലെ റെവാഡിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 16 FEB 2024 4:17PM by PIB Thiruvananthpuram

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!  

ധീരതയുടെ നാടായ  റെവാഡിയില്‍ നിന്ന് ഹരിയാനയിലെല്ലാവര്‍ക്കും റാം റാം! രേവാരി സന്ദര്‍ശിക്കുമ്പോഴെല്ലാം പഴയ ഓര്‍മ്മകള്‍ പുതുമയാര്‍ന്നതാകുന്നു. രേവാരിയുമായുള്ള എന്റെ ബന്ധം എപ്പോഴും അതുല്യമാണ്. രേവാരിയിലെ ജനങ്ങള്‍ മോദിയെ വളരെയധികം സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. 2013ല്‍ ഭാരതീയ ജനതാ പാര്‍ട്ടി എന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ എന്റെ ആദ്യ പരിപാടി നടന്നത് രേവാരിയില്‍ ആയിരുന്നുവെന്നും ആ സമയത്ത് രേവാരി എന്നെ 272 സീറ്റുകള്‍ നല്‍കി അനുഗ്രഹിച്ചുവെന്നും എന്റെ സുഹൃത്ത് റാവു ഇന്ദര്‍ജിത് ജിയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ജിയും ഇപ്പോള്‍ എന്നോട് പറയുകയായിരുന്നു. നിങ്ങളുടെ അനുഗ്രഹം ഒരു വിജയമായി മാറി. ഞാന്‍ ഒരിക്കല്‍ കൂടി രേവാരിയില്‍ വരുമ്പോള്‍, ഇത്തവണ അത് 400ലധികം സീറ്റുകളായി മാറും. എന്‍ഡിഎ ഗവണ്‍മെന്റിന് നിങ്ങളുടെ അനുഗ്രഹത്താല്‍ 400ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നു.

സുഹൃത്തുക്കളേ,

ജനാധിപത്യത്തില്‍ സീറ്റുകളുടെ പ്രാധാന്യം അനിഷേധ്യമാണ്, പക്ഷേ എനിക്ക് അതിനോടൊപ്പം ജനങ്ങളുടെ അനുഗ്രഹവും വലിയ മുതല്‍ക്കൂട്ടാണ്. ഇന്ന്, ഭാരതം ആഗോളതലത്തില്‍ പുതിയ ഉയരങ്ങളിലെത്തി, അത് നിങ്ങളുടെ അനുഗ്രഹങ്ങള്‍ കൊണ്ടാണ്, അത് നിങ്ങളുടെ അനുഗ്രഹത്തിന്റെ അത്ഭുതമാണ്. രണ്ടു രാജ്യങ്ങളിലെ യാത്ര കഴിഞ്ഞ് ഇന്നലെ രാത്രി വൈകിയാണ് ഞാന്‍ മടങ്ങിയത്. യുഎഇയിലും ഖത്തറിലും ഭാരതത്തിന് ഇന്ന് ലഭിക്കുന്ന ആദരവ്, എല്ലാ കോണില്‍ നിന്നും പ്രവഹിക്കുന്ന ആശംസകള്‍, അത് മോദിയോടുള്ള ആദരവ് മാത്രമല്ല; ഇത് ഓരോ ഇന്ത്യക്കാരന്റെയും ആദരവാണ്, നിങ്ങളുടേതാണ്. ഭാരതം ജി-20 ഉച്ചകോടിക്ക് വിജയകരമായി ആതിഥേയത്വം വഹിച്ചത് നിങ്ങളുടെ അനുഗ്രഹം കൊണ്ടായിരുന്നു.  ചന്ദ്രനില്‍ മറ്റാര്‍ക്കും എത്താന്‍ കഴിയാത്തയിടത്ത് ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക എത്തിയത് നിങ്ങളുടെ അനുഗ്രഹം കൊണ്ടാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, 11-ാം സ്ഥാനത്തുനിന്നും 5-ആം വലിയ സാമ്പത്തിക ശക്തിയായി ഭാരതം ഉയര്‍ന്നു, ഇതെല്ലാം നിങ്ങളുടെ അനുഗ്രഹം കൊണ്ടാണ്. ഇനി, വരും വര്‍ഷങ്ങളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റാന്‍ എന്റെ മൂന്നാം ടേമില്‍ എനിക്ക് നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്.

ഹരിയാനയിലെ എന്റെ സഹോദരീ സഹോദരന്മാരേ,

ഒരു 'വികസിത് ഭാരതം' കെട്ടിപ്പടുക്കുന്നതിന്, ഹരിയാനയുടെ വികസനവും നിര്‍ണായകമാണ്. ഇവിടെ ആധുനിക റോഡുകള്‍ നിര്‍മിച്ചാലേ ഹരിയാന പുരോഗതി കൈവരിക്കൂ. ആധുനിക റെയില്‍വേ ശൃംഖല ഉണ്ടായാലേ ഹരിയാന പുരോഗതി കൈവരിക്കൂ. ഇവിടെ വലുതും മികച്ചതുമായ ആശുപത്രികള്‍ ഉണ്ടായാലേ ഹരിയാന പുരോഗമിക്കുകയുള്ളൂ. കുറച്ച് മുമ്പ്, അത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട ഏകദേശം 10,000 കോടി രൂപയുടെ പദ്ധതികള്‍ ഹരിയാനയ്ക്ക് സമര്‍പ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇതില്‍ റെവാരി എയിംസ്, ഗുരുഗ്രാം മെട്രോ, നിരവധി റെയില്‍വേ ലൈനുകള്‍, പുതിയ ട്രെയിനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയില്‍, ജ്യോതിസാറില്‍ കൃഷ്ണ സര്‍ക്യൂട്ട് സ്‌കീം വഴി നിര്‍മ്മിച്ച ആധുനികവും ഗംഭീരവുമായ ഒരു മ്യൂസിയവും ഉണ്ട്. ശ്രീരാമന്റെ അനുഗ്രഹത്താല്‍ ഇക്കാലത്ത്, എല്ലായിടത്തും ഇത്തരം പുണ്യപ്രവൃത്തികളുമായി സഹകരിക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നു; ഇത് ശ്രീരാമന്റെ കൃപയാണ്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഭഗവദ്ഗീതയുടെ സന്ദേശവും ഈ പുണ്യഭൂമിയുടെ പങ്കും ഈ മ്യൂസിയം ലോകത്തെ അറിയിക്കും. ഈ സൗകര്യങ്ങള്‍ക്ക് രേവാരി ഉള്‍പ്പെടെ ഹരിയാനയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

ഈ ദിവസങ്ങളില്‍, രാജ്യത്തും ലോകമെമ്പാടും മോദിയുടെ ഉറപ്പുകളെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടക്കുന്നു. പിന്നെ മോദിയുടെ ഉറപ്പിന്  റെവാഡിയാണ് ഒന്നാം സാക്ഷി. ഇവിടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ രാജ്യത്തിന് ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. ഭാരതത്തിന്റെ മഹത്വം ആഗോളതലത്തില്‍ ഉയരണമെന്ന് രാഷ്ട്രം ആഗ്രഹിച്ചു. ഞങ്ങള്‍ ഇത് തെളിയിച്ചിട്ടുണ്ട്. അയോധ്യയില്‍ മഹത്തായ രാമക്ഷേത്രം നിര്‍മിക്കണമെന്നായിരുന്നു രാഷ്ട്രത്തിന്റെ ആഗ്രഹം. വലിയ രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ദിവ്യ സാന്നിധ്യത്തിന് ഇന്ന് രാജ്യം മുഴുവന്‍ സാക്ഷ്യം വഹിക്കുന്നു. നമ്മുടെ ശ്രീരാമനെ സാങ്കല്‍പ്പികമായി കരുതിയിരുന്ന, അയോധ്യയില്‍ ശ്രീരാമക്ഷേത്രം പണിയണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത കോണ്‍ഗ്രസ്സുകാര്‍ പോലും ഇപ്പോള്‍ 'ജയ് സിയ റാം' വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.


സുഹൃത്തുക്കളേ,

പതിറ്റാണ്ടുകളായി ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് തടസ്സങ്ങള്‍ സൃഷ്ടിച്ചു. ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഒരുപാട് പരിശ്രമിച്ചിട്ടും ഇന്ന് ആര്‍ട്ടിക്കിള്‍ 370 ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ഇന്ന് സ്ത്രീകളും ദളിതരും പിന്നാക്കക്കാരും തദ്ദേശീയരും ജമ്മു കശ്മീരില്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ആളുകള്‍ മറ്റൊരു ദൃഢനിശ്ചയം എടുത്തത്, പൊതുജനം പറയുന്നു, നിങ്ങളും പറയുന്നു - (ആര്‍ട്ടിക്കിള്‍) 370 നീക്കം ചെയ്ത ബിജെപിയെ 370 സീറ്റുകള്‍ നല്‍കി സ്വാഗതം ചെയ്യും. ബി.ജെ.പിയുടെ 370 (സീറ്റ്) എന്‍.ഡി.എയെ 400 (സീറ്റ്) കടക്കും.

സുഹൃത്തുക്കളേ,

വിമുക്തഭടന്മാര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ (ഒആര്‍ഒപി) നടപ്പാക്കുമെന്ന് ഇവിടെ  റെവാഡിയില്‍ വെച്ച് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു. കേവലം 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി OROP നടപ്പാക്കുമെന്ന് തെറ്റായ വാഗ്ദാനമാണ് കോണ്‍ഗ്രസ് നല്‍കിയത്.  റെവാഡി എന്ന ധീരഭൂമിയില്‍ നിന്ന് എടുത്ത പ്രതിജ്ഞ നിങ്ങളുടെ അനുഗ്രഹത്താല്‍ ഞാന്‍ നിറവേറ്റി. OROP, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍, വിമുക്തഭടന്മാര്‍ക്ക് ഇതുവരെ ഒരു ലക്ഷം കോടി രൂപ ലഭിച്ചിട്ടുണ്ട്. പ്രധാന ഗുണഭോക്താക്കളില്‍ ഹരിയാനയില്‍ നിന്നുള്ള മുന്‍ സൈനികരും ഉള്‍പ്പെടുന്നു. രേവാരിയില്‍ നിന്നുള്ള സൈനികരുടെ കുടുംബങ്ങളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെങ്കില്‍, അവര്‍ക്ക് OROP-ല്‍ നിന്ന് മാത്രം 600 കോടി രൂപ ലഭിച്ചു. ഇനി പറയൂ, രാജ്യത്തെ മുഴുവന്‍ വിമുക്തഭടന്മാര്‍ക്കും കോണ്‍ഗ്രസ് ബജറ്റില്‍ വകയിരുത്തിയത് രേവാരിയുടെ സൈനിക കുടുംബങ്ങള്‍ക്ക് ലഭിച്ച തുകയേക്കാള്‍ കുറവാണ്. 500 കോടി രൂപ മാത്രം! ഇത്തരം നുണകളും ചതിയും കൊണ്ടാണ് രാജ്യം കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞത്.

സുഹൃത്തുക്കളേ,

 റെവാഡിലെ താമസക്കാര്‍ക്കും ഹരിയാനയിലെ ജനങ്ങള്‍ക്കും ഇവിടെ എയിംസ് സ്ഥാപിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇന്ന്, എയിംസിന്റെ നിര്‍മ്മാണ പ്രക്രിയ ആരംഭിച്ചു, നമ്മുടെ റാവു ഇന്ദര്‍ജിത്ത് ഈ പ്രവര്‍ത്തനത്തിനായി തുടര്‍ച്ചയായി വാദിക്കുക മാത്രമല്ല, അത് ശ്രദ്ധയോടെ പിന്തുടരുകയും ചെയ്യുന്നു. ഇന്ന് എയിംസിന്റെ തറക്കല്ലിട്ടു. ഇന്ന് എയിംസിന്റെ തറക്കല്ലിടല്‍ കഴിഞ്ഞെന്നും ഞങ്ങള്‍ അത് ഉദ്ഘാടനം ചെയ്യുമെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇത് നിങ്ങള്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ പ്രദാനം ചെയ്യും, യുവാക്കള്‍ക്ക് ഡോക്ടര്‍മാരാകാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കും, കൂടാതെ നിരവധി തൊഴിലവസരങ്ങളും സ്വയം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും. രാജ്യത്തെ 22-ാമത് എയിംസ് റെവാരിയിലാണ് സ്ഥാപിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 15 പുതിയ എയിംസുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം 2014 വരെ രാജ്യത്ത് ഏകദേശം 380 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 300-ലധികം പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചു. ഹരിയാനയിലും എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളേജെങ്കിലും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

സുഹൃത്തുക്കളേ,

രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹത്താല്‍ പൂര്‍ത്തീകരിക്കപ്പെട്ട നിരവധി ഉറപ്പുകള്‍ എനിക്ക് എണ്ണിപ്പറയാന്‍ കഴിയും. എന്നിരുന്നാലും, കോണ്‍ഗ്രസിന്റെ ട്രാക്ക് റെക്കോര്‍ഡ് എന്താണ്? രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികവും ദശാബ്ദങ്ങളായി അടിസ്ഥാന ആവശ്യങ്ങള്‍ ലഭിക്കാതെ അവരെ പീഡിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ട്രാക്ക് റെക്കോര്‍ഡ്. രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും ക്ഷേമത്തേക്കാള്‍ ഒരു കുടുംബത്തിന്റെ മാത്രം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ ട്രാക്ക് റെക്കോര്‍ഡ്. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളാണ് കോണ്‍ഗ്രസിന്റെ ട്രാക്ക് റെക്കോര്‍ഡ്. തീവ്രവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ട്രാക്ക് റെക്കോര്‍ഡ്. സൈന്യത്തെയും സൈനികരെയും ഒരുപോലെ തളര്‍ത്തുന്നതാണ് കോണ്‍ഗ്രസിന്റെ ട്രാക്ക് റെക്കോര്‍ഡ്. ഈ വസ്തുതകള്‍ ഓര്‍ത്തിരിക്കേണ്ടത് അത്യാവശ്യമാണ്, കാരണം ഇന്നും കോണ്‍ഗ്രസിന്റെ ടീം അതേപടി നിലനില്‍ക്കുന്നു, നേതാക്കള്‍ അതേപടി തുടരുന്നു, അവരുടെ ഉദ്ദേശ്യങ്ങള്‍ അതേപടി തുടരുന്നു, അവരുടെ വിശ്വസ്തത ഒരു കുടുംബത്തോട് മാത്രമാണുള്ളത്. അതിനാല്‍, കൊള്ളയും അഴിമതിയും നശീകരണവും ഉള്‍പ്പെടുന്ന അവരുടെ നയങ്ങളും ഒന്നുതന്നെയായിരിക്കും.

സുഹൃത്തുക്കളേ,

അധികാരത്തില്‍ തുടരുക എന്നത് തങ്ങളുടെ അന്തര്‍ലീനമായ അവകാശമാണെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഈ പാവം മകന്‍ പ്രധാനമന്ത്രിയായത് മുതല്‍; അവര്‍ ഒന്നിനുപുറകെ ഒന്നായി എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. എന്നാല്‍ ജനങ്ങളുടെ ദൈവിക പിന്തുണയാല്‍ ഞാന്‍ അനുഗ്രഹീതനാണ്. കോണ്‍ഗ്രസിന്റെ എല്ലാ ഗൂഢാലോചനകള്‍ക്കുമെതിരെ ജനങ്ങള്‍ കവചമായി നിലകൊള്ളുന്നു. കോണ്‍ഗ്രസ് എത്രത്തോളം ഗൂഢാലോചനകള്‍ നടത്തുന്നുവോ അത്രയധികം ജനങ്ങള്‍ എന്നെ ശക്തനാക്കുന്നു, അവരുടെ അനുഗ്രഹങ്ങള്‍ എന്നില്‍ ചൊരിയുന്നു. ഇത്തവണയും കോണ്‍ഗ്രസ് എനിക്കെതിരെ എല്ലാ മുന്നണികളും തുറന്നിട്ടുണ്ട്. പക്ഷേ, എന്റെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷാ കവചം ഉള്ളപ്പോള്‍, ജനങ്ങളുടെ അനുഗ്രഹം എന്നോടൊപ്പമുണ്ടാകുമ്പോള്‍, അമ്മമാരും സഹോദരിമാരും ഒരു കവചമായി നില്‍ക്കുമ്പോള്‍, പ്രതിസന്ധികളെ മറികടക്കുക മാത്രമല്ല, അത്, രാജ്യത്തെ മുന്നോട്ട് നയിക്കുകയും ചെയ്യും. ഇതാണ് ഭാരതത്തിന്റെ ഓരോ കോണില്‍ നിന്നും നിങ്ങളുടെയും ജനങ്ങളുടെയും അനുഗ്രഹത്തോടെ ഞാന്‍ അനുഭവിക്കുന്നതും കേള്‍ക്കുന്നതും -- NDA സര്‍ക്കാര്‍, 400-ലധികം സീറ്റുകള്‍! എന്‍ഡിഎ സര്‍ക്കാര്‍, 400-ലധികം സീറ്റുകള്‍! എന്‍ഡിഎ സര്‍ക്കാര്‍, 400-ലധികം സീറ്റുകള്‍! എന്‍ഡിഎ സര്‍ക്കാര്‍, 400-ലധികം സീറ്റുകള്‍!


സുഹൃത്തുക്കളേ,

ഒരൊറ്റ കുടുംബത്തോടുളള അടുപ്പത്താല്‍, ഹരിയാനയില്‍ പോലും കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഘട്ടത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. രാജ്യം ഭരിക്കാന്‍ അവര്‍ സ്വപ്നം കാണുമ്പോഴും അവരുടെ നേതാക്കള്‍ക്ക് സ്വന്തം സ്റ്റാര്‍ട്ടപ്പ് പോലും കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ നോക്കൂ, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഓരോരുത്തരായി അവരെ വിട്ടുപോകുന്നു. ഒരിക്കല്‍ അവരോടൊപ്പം ചേരാന്‍ ഉദ്ദേശിച്ചവരും അവരെ ഒഴിവാക്കുകയാണ്. ഇന്ന് കോണ്‍ഗ്രസിന് പ്രവര്‍ത്തകര്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്നിടത്തെല്ലാം അവരുടെ സര്‍ക്കാരുകള്‍ പോലും സുസ്ഥിരമല്ല. ഇന്ന് ഹിമാചല്‍ പ്രദേശില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബുദ്ധിമുട്ടാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്നില്ല.

സഹോദരീ സഹോദരന്മാരേ,

ഒരു വശത്ത് കോണ്‍ഗ്രസിന്റെ ദുര്‍ഭരണവും മറുവശത്ത് ബി.ജെ.പിയുടെ സദ്ഭരണവുമാണ്. ഹരിയാനയില്‍ 10 വര്‍ഷമായി ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റാണ്. അതുകൊണ്ട് തന്നെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി മോദി എന്തൊക്കെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതില്‍ ഹരിയാനയാണ് മുന്നില്‍. ഹരിയാന കാര്‍ഷിക മേഖലയിലും അഭൂതപൂര്‍വമായ പുരോഗതി കൈവരിക്കുന്നു, വ്യവസായങ്ങളുടെ വ്യാപ്തി ഇവിടെ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു. വികസനത്തില്‍ പിന്നാക്കം നിന്ന ഹരിയാനയുടെ തെക്കന്‍ ഭാഗം ഇപ്പോള്‍ അതിവേഗം മുന്നേറുകയാണ്. റോഡുകള്‍, റെയില്‍വേ, മെട്രോകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികള്‍ ഈ മേഖലയിലൂടെ കടന്നുപോകുന്നു. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഡല്‍ഹി-ദൗസ-ലാല്‍സോട്ട് സെക്ഷന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം പൂര്‍ത്തിയായി. ഹരിയാനയിലെ ഗുരുഗ്രാം, പല്‍വാല്‍, നുഹ് എന്നീ ജില്ലകളിലൂടെയാണ് രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേ കടന്നുപോകുന്നത്.

സുഹൃത്തുക്കളേ,

2014-ന് മുമ്പ്, ഹരിയാനയിലെ റെയില്‍വേ വികസനത്തിനായി പ്രതിവര്‍ഷം ശരാശരി 300 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. 300 കോടി രൂപ മാത്രം! ഈ വര്‍ഷം, ഹരിയാനയില്‍ റെയില്‍വേയ്ക്കായി ഏകദേശം 3,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇപ്പോള്‍ നോക്കൂ, 300 കോടിയും 3000 കോടിയും തമ്മിലുള്ള വ്യത്യാസം. ഈ വ്യത്യാസം വന്നത് കഴിഞ്ഞ 10 വര്‍ഷത്തിനിടയിലാണ്. റോഹ്തക്-മെഹാം-ഹാന്‍സി, ജിന്ദ്-സോനിപത് തുടങ്ങിയ പുതിയ റെയില്‍വേ ലൈനുകളും അംബാല കാന്റ്-ഡപ്പാര്‍ പോലെയുള്ള റെയില്‍വേ ലൈനുകളുടെ ഇരട്ടിപ്പിക്കലും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗുണം ചെയ്യും. അത്തരം സൗകര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍, ജീവിതം എളുപ്പമാകും, ബിസിനസ്സും എളുപ്പമാകും.

സഹോദരീ സഹോദരന്മാരേ,

ജലക്ഷാമം മൂലം ഈ പ്രദേശത്തെ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റും പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തിയത്. ലോകത്തെമ്പാടുമുള്ള നൂറുകണക്കിന് പ്രമുഖ കമ്പനികള്‍ ഇന്ന് ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ ഒട്ടേറെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിലും ഹരിയാന സ്വന്തം പേര് സ്ഥാപിക്കുകയാണ്. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന പരവതാനികളുടെ 35 ശതമാനവും, തുണിത്തരങ്ങളുടെ 20 ശതമാനവും ഹരിയാനയില്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. നമ്മുടെ ചെറുകിട വ്യവസായങ്ങള്‍ ഹരിയാനയിലെ തുണി വ്യവസായത്തെ മുന്നോട്ട് നയിക്കുന്നു. പാനിപ്പത്ത് കൈത്തറി ഉല്‍പന്നങ്ങള്‍ക്കും, ഫരീദാബാദ് തുണി ഉല്‍പ്പാദനത്തിനും, ഗുരുഗ്രാം റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും, സോനിപത് സാങ്കേതിക തുണിത്തരങ്ങള്‍ക്കും, ഭിവാനി നെയ്ത തുണിത്തരങ്ങള്‍ക്കും പേരുകേട്ടതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേന്ദ്രഗവണ്‍മെന്റ് എംഎസ്എംഇകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും കോടിക്കണക്കിന് രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്. ഇത് നിലവിലുള്ള ചെറുകിട, കുടില്‍ വ്യവസായങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല ഹരിയാനയില്‍ ആയിരക്കണക്കിന് പുതിയ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും കാരണമായി.

സുഹൃത്തുക്കളേ,

വിശ്വകര്‍മ സഹചാരികളുടെ കരകൗശലത്തിനും രേവാരി അറിയപ്പെടുന്നു. ഇവിടുത്തെ പിച്ചള പണിയും കരകൗശലവും വളരെ പ്രസിദ്ധമാണ്. 18 ബിസിനസുകളുമായി ബന്ധപ്പെട്ട കരകൗശല തൊഴിലാളികള്‍ക്കായി ഞങ്ങള്‍ ആദ്യമായി പിഎം വിശ്വകര്‍മ എന്ന പേരില്‍ ഒരു പ്രധാന പദ്ധതി ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ പ്രധാനമന്ത്രി വിശ്വകര്‍മ പദ്ധതിയില്‍ ചേരുന്നു. ഈ പദ്ധതിക്കായി 13,000 കോടി രൂപ ചെലവഴിക്കാനാണ് ബിജെപി ഗവണ്‍മെന്റ് ആലോചിക്കുന്നത്. ഈ പദ്ധതി നമ്മുടെ പരമ്പരാഗത കരകൗശല തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്നു.


സഹോദരീ സഹോദരന്മാരേ, 

ഈടു വയ്ക്കാന്‍ ഒന്നുമില്ലാത്തവര്‍ക്കൊപ്പമാണ് മോദിയുടെ ഉറപ്പ്. രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് ബാങ്കുകള്‍ക്ക് ഈട് നല്‍കാന്‍ ഒന്നുമില്ലായിരുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഉറപ്പ് മോദി അവര്‍ക്ക് നല്‍കി. ദരിദ്രര്‍, ദലിത്, പിന്നോക്കം, ഒബിസി കുടുംബങ്ങളുടെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും ബാങ്കില്‍ ഈടായി ഒന്നും നല്‍കാനില്ല. മോദി മുദ്ര യോജന തുടങ്ങി, ഈടില്ലാതെ വായ്പ നല്‍കാന്‍ തുടങ്ങി. നാട്ടിലെ വണ്ടികളിലും സ്റ്റാളുകളിലും ചെറുകിട കച്ചവടം നടത്തുന്നവരാണ് കൂട്ടാളികള്‍. പതിറ്റാണ്ടുകളായി അവര്‍ നഗരങ്ങളില്‍ ഈ ജോലികള്‍ ചെയ്യുന്നു. ഈടായി അവര്‍ക്ക് ഒന്നും നല്‍കാനില്ലായിരുന്നു. പ്രധാനമന്ത്രി സ്വനിധി സ്‌കീമിലൂടെ മോദി അവരുടെ ഉറപ്പും ഏറ്റെടുത്തിട്ടുണ്ട്.

സുഹൃത്തുക്കളേ,

10 വര്‍ഷം മുമ്പ് ഗ്രാമങ്ങളിലെ നമ്മുടെ സഹോദരിമാരുടെ അവസ്ഥ എന്തായിരുന്നു? മിക്കപ്പോഴും, ഞങ്ങളുടെ സഹോദരിമാര്‍ വെള്ളം ഏടുക്കുന്നതിനും വിറക് ശേഖരിക്കുന്നതിലും അല്ലെങ്കില്‍ പാചകത്തിനുള്ള മറ്റ് ക്രമീകരണങ്ങളിലും ഏര്‍പ്പെടും. മോദി സൗജന്യ ഗ്യാസ് കണക്ഷനുകള്‍ കൊണ്ടുവന്നു, വാട്ടര്‍ പൈപ്പ് ലൈനുകള്‍ വീട്ടുപടിക്കല്‍ എത്തിച്ചു. ഇന്ന്, ഹരിയാനയിലെ ഗ്രാമങ്ങളിലെ എന്റെ സഹോദരിമാര്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നു, അവരുടെ സമയവും ലാഭിക്കുന്നു. ഇത് മാത്രമല്ല, സഹോദരിമാര്‍ക്ക് ധാരാളം ഒഴിവുസമയമുള്ളതിനാല്‍ അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, രാജ്യത്തുടനീളമുള്ള 10 കോടി സഹോദരിമാരെ ഞങ്ങള്‍ സ്വയം സഹായ സംഘങ്ങളുമായി ബന്ധിപ്പിച്ചു. ഹരിയാനയില്‍ നിന്നുള്ള ലക്ഷക്കണക്കിന് സഹോദരിമാരും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സഹോദരിമാരുടെ സംഘങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സഹായമാണ് നല്‍കിയത്. കഴിയുന്നത്ര സഹോദരിമാരെ 'ലക്ഷാധിപതി ദീദി' ആക്കാനാണ് എന്റെ ശ്രമം. ഇതുവരെ ഒരു കോടി സഹോദരിമാര്‍ 'ലക്ഷാധിപതി ദീദികള്‍' ആയി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ അവതരിപ്പിച്ച ബജറ്റില്‍ മൂന്ന് കോടി സഹോദരിമാരെ 'ലക്ഷാധിപതി ദീദികള്‍' ആക്കുക എന്ന ലക്ഷ്യമുണ്ട്. നമോ ഡ്രോണ്‍ ദീദി പദ്ധതിയും ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് കീഴില്‍ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സഹോദരിമാരുടെ ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുകയും അവര്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും ചെയ്യും. ഈ ഡ്രോണുകള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുകയും ഇത് സഹോദരിമാര്‍ക്ക് അധിക വരുമാനം നല്‍കുകയും ചെയ്യും.

സുഹൃത്തുക്കളേ,

വമ്പിച്ച അവസരങ്ങളുള്ള സംസ്ഥാനമാണ് ഹരിയാന. 18-20-22 വയസ്സുള്ള ഹരിയാനയിലെ ആദ്യ വോട്ടര്‍മാരോട് നിങ്ങളുടെ ഭാവി വളരെ ശോഭനമായിരിക്കുമെന്ന് ഞാന്‍ പ്രത്യേകിച്ച് പറയും. നിങ്ങള്‍ക്കായി 'വികസിത് ഹരിയാന' വികസിപ്പിക്കാന്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സാങ്കേതികവിദ്യ മുതല്‍ തുണിത്തരങ്ങള്‍ വരെയും ടൂറിസം മുതല്‍ വ്യാപാരം വരെയും എല്ലാ മേഖലകളിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഇന്ന് ലോകം മുഴുവന്‍ ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ ഉത്സുകരാണ്. നിക്ഷേപത്തിനുള്ള മികച്ച ലക്ഷ്യസ്ഥാനമായി ഹരിയാന വളര്‍ന്നുവരികയാണ്. നിക്ഷേപത്തിന്റെ വര്‍ദ്ധനവ് അര്‍ത്ഥമാക്കുന്നത് പുതിയ തൊഴിലവസരങ്ങളുടെ വര്‍ദ്ധനവാണ്. അതിനാല്‍, ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന് നിങ്ങളുടെ അനുഗ്രഹങ്ങള്‍ നല്‍കുന്നത് തുടരേണ്ടത് അത്യാവശ്യമാണ്. ഒരിക്കല്‍ കൂടി, എയിംസിനും ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ക്കും അഭിനന്ദനങ്ങള്‍! എന്നോടൊപ്പം പറയുക:

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

വളരെ നന്ദി.

--NS--




(Release ID: 2009094) Visitor Counter : 78