പ്രധാനമന്ത്രിയുടെ ഓഫീസ്‌

സന്ത് ശിരോമണി ആചാര്യ ശ്രീ 108 വിദ്യാസാഗർ ജി മഹാരാജ് ജിക്ക് പ്രധാനമന്ത്രിയുടെ പ്രണാമം

Posted On: 21 FEB 2024 12:47PM by PIB Thiruvananthpuram

സന്ത് ശിരോമണി ആചാര്യ ശ്രീ 108 വിദ്യാസാഗര്‍ ജി മഹാരാജ് ജി സമാധി പ്രാപിച്ചത് നമ്മെയെല്ലാം ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. അഗാധമായ ജ്ഞാനം, അതിരുകളില്ലാത്ത അനുകമ്പ, മാനവികതയെ ഉയര്‍ത്താനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാല്‍ സമൃദ്ധമായ ആത്മീയ സമ്പന്നമായ  യുഗമാണ് അദ്ദേഹത്തിന്റെ ജീവിതം. പല അവസരങ്ങളിലും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ഞാനുള്‍പ്പെടെ എണ്ണമറ്റ ആത്മാക്കളുടെ പാത പ്രകാശിപ്പിച്ച വഴികാട്ടിയായ വെളിച്ചം നഷ്ടപ്പെടുന്നതിന് തുല്യമായ അഗാധമായ നഷ്ടബോധം എനിക്ക് അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ ഊഷ്മളതയും വാത്സല്യവും അനുഗ്രഹങ്ങളും കേവലം സദ്ഭാവനയുടെ ആംഗ്യങ്ങള്‍ മാത്രമല്ല, ആത്മീയ ഊര്‍ജത്തിന്റെ അഗാധമായ കൈമാറ്റങ്ങളുമായിരുന്നു. അത് അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഭാഗ്യം ലഭിച്ച ഏവരെയും ശാക്തീകരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.

ജ്ഞാനത്തിന്റെയും അനുകമ്പയുടെയും സേവനത്തിന്റെയും സംഗമമായി പൂജ്യ ആചാര്യ ജി എന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹം യഥാര്‍ത്ഥ തപസ്വി ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഭഗവാന്‍ മഹാവീറിന്റെ ആദര്‍ശങ്ങളെ പ്രതിനിധാനം ചെയ്യുന്നു. സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെയും പഠിപ്പിക്കലുകളിലൂടെയും ജൈനമതത്തിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ ജീവിതം ജൈനമതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് ഉദാഹരണമാണ്. എല്ലാ ജീവജാലങ്ങളോടുമുള്ള അദ്ദേഹത്തിന്റെ കരുതല്‍ ജൈനമതത്തിന്റെ ജീവിതത്തോടുള്ള അഗാധമായ ആദരത്തെ പ്രതിഫലിക്കുന്നു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സത്യസന്ധതയ്ക്ക് ജൈനമതം നല്‍കിയ ഊന്നല്‍ പ്രതിഫലിപ്പിച്ച് അദ്ദേഹം സത്യസന്ധമായ ജീവിതം നയിച്ചു. വളരെ ലളിതമായ ജീവിതരീതിയായിരുന്നു അദ്ദേഹത്തിന്റേത്. ജൈനമതത്തില്‍നിന്നും ഭഗവാന്‍ മഹാവീറിന്റെ ജീവിതത്തില്‍ നിന്നും ലോകം പ്രചോദനം ഉള്‍ക്കൊള്ളുന്നത് അദ്ദേഹത്തെപ്പോലുള്ള മഹാന്മാരുടെ ഇടപെടലിനാലാണ്. ജൈന സമുദായത്തിലാണ് അദ്ദേഹം നിലകൊണ്ടിരുന്നതെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം ഒരു സമുദായത്തില്‍ മാത്രമായി ഒതുങ്ങിയില്ല. വിശ്വാസങ്ങള്‍, പ്രദേശങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവയ്ക്കതീതമായി ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ എത്തി. ആത്മീയ ഉണര്‍വിനായി, വിശേഷിച്ചും യുവാക്കള്‍ക്കിടയില്‍, അദ്ദേഹം അശ്രാന്തമായി പ്രവര്‍ത്തിച്ചു.

വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ഹൃദയത്തോട് വളരെ അടുത്ത മേഖലയായിരുന്നു. വിദ്യാധര്‍ (അദ്ദേഹത്തിന്റെ ബാല്യകാല നാമം) മുതല്‍ വിദ്യാസാഗറിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, അറിവ് നേടുന്നതിനും പകര്‍ന്നു നല്‍കുന്നതിനുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയായിരുന്നു. നീതിയും പ്രബുദ്ധവുമായ സമൂഹത്തിന്റെ ആധാരശിലയാണു വിദ്യാഭ്യാസമെന്നത് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസമായിരുന്നു. വ്യക്തികളെ ശാക്തീകരിക്കുന്നതിനും ലക്ഷ്യബോധത്തോടെ ജീവിക്കുന്നതിനുമുള്ള ഉപാധിയായി അറിവിന്റെ ലക്ഷ്യത്തെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണങ്ങള്‍ യഥാര്‍ഥ ജ്ഞാനത്തിലേക്കുള്ള പാതകളായി സ്വയംപഠനത്തിന്റെയും സ്വയം അവബോധത്തിന്റെയും പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്നു. ആജീവനാന്ത പഠനത്തിലും ആത്മീയ വളര്‍ച്ചയിലും ഏര്‍പ്പെടാന്‍ അനുയായികളെ അതു പ്രേരിപ്പിക്കുകയും ചെയ്യുന്നു.

അതേസമയം, നമ്മുടെ യുവാക്കള്‍ക്ക് നമ്മുടെ സാംസ്‌കാരിക ധര്‍മചിന്തയില്‍ വേരൂന്നിയ വിദ്യാഭ്യാസം ലഭിക്കണമെന്ന് സന്ത് ശിരോമണി ആചാര്യ വിദ്യാസാഗര്‍ ജി മഹാരാജ് ജി ആഗ്രഹിച്ചു. ജലക്ഷാമം പോലുള്ള പ്രധാന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ കഴിയാതെ പോയത് ഭൂതകാലത്തിന്റെ പാഠങ്ങളില്‍ നിന്ന് അകന്നുപോയതുകൊണ്ടാണെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. സമ്പൂര്‍ണ്ണ വിദ്യാഭ്യാസം എന്നത് വൈദഗ്ധ്യത്തിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നാണെന്നും അദ്ദേഹം വിശ്വസിച്ചു. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തില്‍ അദ്ദേഹം വളരെയധികം അഭിമാനിക്കുകയും ഇന്ത്യന്‍ ഭാഷകള്‍ പഠിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പൂജ്യ ആചാര്യ ജി സംസ്‌കൃത-പ്രാകൃത-ഹിന്ദി ഭാഷകളില്‍ വിപുലമായി എഴുതിയിട്ടുണ്ട്. സന്ന്യാസി എന്ന നിലയില്‍ അദ്ദേഹം കൈവരിച്ച ഉയരങ്ങളും ഭൂമിയില്‍ അദ്ദേഹം എത്രമാത്രം നിലയുറപ്പിച്ചു എന്നതും അദ്ദേഹത്തിന്റെ ഐതിഹാസിക കൃതിയായ മൂക്മതിയില്‍ വ്യക്തമായി കാണാം. തന്റെ പ്രവൃത്തികളിലൂടെ അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു ശബ്ദം നല്‍കി.

ആരോഗ്യ സംരക്ഷണ മേഖലയിലും പൂജ്യ ആചാര്യ ജിയുടെ സംഭാവനകള്‍ പരിവര്‍ത്തനാത്മകമായിരുന്നു. അദ്ദേഹം അവശത അനുഭവിക്കുന്ന പ്രദേശങ്ങളില്‍ നിരവധി പ്രയത്‌നങ്ങള്‍ നടത്തിയിരുന്നു. ആരോഗ്യ സംരക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം സമഗ്രമായിരുന്നു. ശാരീരിക ക്ഷേമത്തെ ആത്മീയ ക്ഷേമവുമായി സമന്വയിപ്പിച്ച്, അതുവഴി വ്യക്തിയുടെ മൊത്തത്തിലുള്ള ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രനിര്‍മ്മാണത്തോടുള്ള സന്ത് ശിരോമണി ആചാര്യ ശ്രീ വിദ്യാസാഗര്‍ ജി മഹാരാജ് ജിയുടെ പ്രതിബദ്ധതയെക്കുറിച്ച് വിശദമായി പഠിക്കാന്‍ വരും തലമുറകളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പക്ഷപാതപരമായ എല്ലാ പരിഗണനകള്‍ക്കും അതീതമായി ഉയരാനും പകരം ദേശീയ താല്‍പ്പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം എപ്പോഴും ജനങ്ങളെ പ്രേരിപ്പിച്ചു. ജനാധിപത്യ പ്രക്രിയകളിലെ പങ്കാളിത്തത്തിന്റെ പ്രകടനമായി അദ്ദേഹം അതിനെ കണ്ടതിനാല്‍ വോട്ടെടുപ്പിന്റെ ഏറ്റവും ശക്തമായ വക്താക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹം ആരോഗ്യകരവും സംശുദ്ധവുമായ രാഷ്ട്രീയത്തിനായി വാദിച്ചു. നയരൂപീകരണം ജനങ്ങളുടെ ക്ഷേമത്തിനായിരിക്കണം, അല്ലാതെ സ്വാര്‍ത്ഥ താല്‍പര്യത്തിനാകരുത് എന്നദ്ദേഹം നിര്‍ദേശിച്ചു.

പൗരന്മാര്‍ക്ക് അവരോടും കുടുംബങ്ങളോടും സമൂഹത്തോടും രാജ്യത്തോടുമുള്ള കടമകളിലുള്ള പ്രതിബദ്ധതയുടെ അടിത്തറയിലാണ് ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. സത്യസന്ധത, സമഗ്രത, സ്വയംപര്യാപ്തത തുടങ്ങിയ സദ്ഗുണങ്ങള്‍ പരിപോഷിപ്പിക്കാന്‍ അദ്ദേഹം വ്യക്തികളെ പ്രോത്സാഹിപ്പിച്ചു. നീതിയും അനുകമ്പയും അഭിവൃദ്ധിയുള്ളതുമായ സമൂഹത്തിന്റെ സൃഷ്ടിക്ക് അത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം മനസിലാക്കി. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കടമകള്‍ക്ക് ഈ ഊന്നല്‍ വളരെ പ്രധാനമാണ്.

ലോകമെമ്പാടും പാരിസ്ഥിതിക ആഘാതങ്ങള്‍ രൂക്ഷമായിരിക്കുന്ന കാലഘട്ടത്തില്‍, പ്രകൃതിക്ക് വരുത്തിവയ്ക്കുന്ന ദ്രോഹങ്ങള്‍ പരമാവധി കുറയ്ക്കുന്ന ജീവിതരീതിക്ക് പൂജ്യ ആചാര്യ ജി ആഹ്വാനം ചെയ്തു. അതുപോലെ, നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ കൃഷിക്ക് പരമപ്രധാനമായ പങ്ക് അദ്ദേഹം കാണുകയും കൃഷിയെ ആധുനികവും സുസ്ഥിരവുമാക്കുന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്തു. ജയില്‍ അന്തേവാസികളില്‍ പരിവര്‍ത്തനം വരുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു.

മറ്റുള്ളവര്‍ക്ക് വെളിച്ചം വീശുകയും നമ്മുടെ സമൂഹത്തെ മികച്ചതാക്കുകയും ചെയ്ത മഹാന്മാരെ നമ്മുടെ മണ്ണ് ആയിരക്കണക്കിന് വര്‍ഷങ്ങളായി സൃഷ്ടിച്ചു എന്നതാണ് നമ്മുടെ നാടിന്റെ സൗന്ദര്യം. സന്ന്യാസിമാരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും ഈ മഹത്തായ വംശത്തില്‍ പൂജ്യ ആചാര്യ ജി നിലകൊള്ളുന്നു. അദ്ദേഹം ചെയ്തതൊക്കെ വര്‍ത്തമാനകാലത്തിനുവേണ്ടി മാത്രമായിരുന്നില്ല,
ഭാവിക്കുവേണ്ടിയുമായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഛത്തീസ്ഗഢിലെ ഡോംഗര്‍ഗഢിലുള്ള ചന്ദ്രഗിരി ജൈന ക്ഷേത്രം സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. പൂജ്യ ആചാര്യ ജിയുമായുള്ള എന്റെ അവസാന കൂടിക്കാഴ്ച ആയിരിക്കും ആ സന്ദര്‍ശനമെന്ന് എനിക്കറിയില്ലായിരുന്നു. ആ നിമിഷങ്ങള്‍ വളരെ സവിശേഷമായിരുന്നു. രാജ്യത്തെ സേവിക്കുന്നതിനുള്ള എന്റെ ശ്രമങ്ങളെ അനുഗ്രഹിച്ച അദ്ദേഹം എന്നോട് വളരെ നേരം സംസാരിച്ചു. നമ്മുടെ രാഷ്ട്രം കൈക്കൊള്ളുന്ന ദിശയിലും ഇന്ത്യക്ക് ലോക വേദിയില്‍ ലഭിക്കുന്ന ആദരത്തിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. താന്‍ ചെയ്യുന്ന ജോലിയെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തില്‍ ആവേശം നിറഞ്ഞിരുന്നു. അന്നും എപ്പോഴും അദ്ദേഹത്തിന്റെ സൗമ്യമായ നോട്ടവും ശാന്തമായ പുഞ്ചിരിയും സമാധാനവും ലക്ഷ്യബോധവും പകരാന്‍ പര്യാപ്തമായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ ആത്മാവില്‍ ആശ്വാസം പകരുന്നതായിരുന്നു; നമ്മുടെ ഉള്ളിലും ചുറ്റുമുള്ള ദൈവിക സാന്നിധ്യത്തിന്റെ ഓര്‍മ്മപ്പെടുത്തലും.

സന്ത് ശിരോമണി ആചാര്യ ശ്രീ 108 വിദ്യാസാഗര്‍ ജി മഹാരാജ് ജിയുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത അദ്ദേഹത്തെ അറിയുകയും അദ്ദേഹത്തിന്റെ ശിക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്ത ഏവര്‍ക്കും ആഴത്തില്‍ അനുഭവപ്പെടുന്നു. അദ്ദേഹത്താല്‍ പ്രചോദിതരായവരുടെ ഹൃദയത്തില്‍ അദ്ദേഹം ഇന്നും ജീവിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയെ മാനിക്കുന്നതില്‍, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. ഈ രീതിയില്‍, ആ മഹാത്മാവിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുക മാത്രമല്ല, നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കുമായി അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ദൗത്യം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.

--SK--



(Release ID: 2007639) Visitor Counter : 40