പ്രധാനമന്ത്രിയുടെ ഓഫീസ്‌

തൊഴില്‍ മേളയിലെ ഒരു ലക്ഷത്തിലധികം നിയമന പത്രങ്ങളുടെ വിതരണത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 12 FEB 2024 12:14PM by PIB Thiruvananthpuram

എന്റെ പ്രിയ യുവ സുഹൃത്തുക്കളേ,

ഇന്ന്, ഒരു ലക്ഷത്തിലധികം യുവാക്കള്‍ക്ക് ഗവണ്‍മെന്റ് മേഖലയില്‍ ജോലി വാഗ്ദാനം ഉറപ്പാക്കിയിട്ടുണ്ട്. നിങ്ങളുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റില്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സംരംഭം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഗവണ്‍മെന്റുകളുടെ ഭരണകാലത്ത് കൈക്കൂലി സംസ്‌കാരം വളര്‍ത്തിയെടുത്തതിനാല്‍ മുമ്പ്, തൊഴില്‍ പരസ്യം മുതല്‍ നിയമന പത്രം നല്‍കല്‍ വരെയുള്ള നടപടിക്രമങ്ങള്‍ക്കു വളരെയധികം സമയമെടുത്തു. ഞങ്ങള്‍ ഇപ്പോള്‍ നിയമന പ്രക്രിയയില്‍ സുതാര്യതയ്ക്ക് മുന്‍ഗണന നല്‍കി, കാര്യക്ഷമതയും നീതിയും ഉറപ്പാക്കുന്നു. നിയമന പ്രക്രിയ സമയക്രമം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ഗവണ്‍മെന്റ് ഉറച്ചുനില്‍ക്കുന്നു, ഓരോ യുവാക്കള്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുല്യ അവസരം നല്‍കുന്നു. തങ്ങളുടെ കഠിനാധ്വാനവും കഴിവും കൊണ്ട് തങ്ങള്‍ക്കൊരു ഇടം കണ്ടെത്താനാകുമെന്ന് ഇപ്പോള്‍ യുവാക്കള്‍ വിശ്വസിക്കുന്നു. 2014 മുതല്‍, യുവാക്കളെ കേന്ദ്ര ഗവണ്‍മെന്റുമായി ഇടപഴകുകയും രാഷ്ട്രനിര്‍മ്മാണ ശ്രമങ്ങളില്‍ അവരെ പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മുന്‍ ഗവണ്‍മെന്റിന്റെ കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് ബിജെപി ഗവണ്‍മെന്റ് പത്ത് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒന്നര ഇരട്ടി ഗവണ്‍മെന്റ് ജോലികള്‍ നല്‍കി. ഇന്ന്, ഡല്‍ഹിയില്‍ ഒരു സംയോജിത പരിശീലന സമുച്ചയത്തിനും ഞങ്ങള്‍ തറക്കല്ലിട്ടു, ഇത് നമ്മുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് നന്ദി, രാജ്യത്ത് യുവാക്കള്‍ക്ക് പുതിയ വഴികള്‍ തുറന്നിരിക്കുന്നു. ഈ മേഖലകളില്‍ ഗവണ്‍മെന്റ് ആരംഭിച്ച വിവിധ പ്രചാരണ പരിപാടികള്‍ തൊഴിലിനും സ്വയംതൊഴില്‍ക്കും നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇക്കഴിഞ്ഞ ബജറ്റില്‍ കണ്ടതുപോലെ, ഒരു കോടി കുടുംബങ്ങള്‍ക്കായി ഒരു പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി അവതരിപ്പിച്ചു. മേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് ഇരട്ട നേട്ടങ്ങള്‍ ലഭിക്കും: പൂജ്യം വൈദ്യുതി ബില്ലുകളും മിച്ച വൈദ്യുതി ഉല്‍പാദനത്തില്‍ നിന്നുള്ള അധിക വരുമാനവും. ഈ കൂറ്റന്‍ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കല്‍ മുതല്‍ ബാറ്ററിയുമായി ബന്ധപ്പെട്ട വ്യാപാരങ്ങളും വയറിംഗ് ജോലികളും വരെ, ഈ സ്‌കീം ഒന്നിലധികം തലങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

എന്റെ യുവ സുഹൃത്തുക്കളേ,

ഇന്ന്, ഭാരതം ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സ്ഥിതിയുള്ളതില്‍ അഭിമാനിക്കുന്നു, രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഏകദേശം 1.25 ലക്ഷത്തിലെത്തി. ഈ സ്റ്റാര്‍ട്ടപ്പുകളുടെ ഒരു പ്രധാന ഭാഗം ജില്ലാ കേന്ദ്രങ്ങള്‍ പോലുമല്ലാത്ത ചെറിയ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ് ഉയര്‍ന്നുവരുന്നത് എന്നത് സന്തോഷകരമാണ്. ഈ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവുകള്‍ നീട്ടുന്നതിനുള്ള സമീപകാല ബജറ്റ് പ്രഖ്യാപനം നമ്മുടെ യുവാക്കള്‍ക്ക് വളരെയധികം ഗുണം ചെയ്യും. കൂടാതെ, ഒരു ലക്ഷം കോടി രൂപയുടെ പുതിയ ഗവേഷണ-നവീനാശയ ഫണ്ട് രൂപീകരിക്കാനുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുഹൃത്തുക്കളേ

റിക്രൂട്ട്മെന്റിനായി ഇന്ത്യന്‍ റെയില്‍വേ പോലും ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ യാത്രാ സാധ്യതകള്‍ ലഭ്യമാണെങ്കിലും, ദീര്‍ഘദൂര യാത്രകള്‍ നടത്തുന്ന അനവധി കുടുംബങ്ങള്‍് ഇന്ത്യന്‍ റെയില്‍വേയെയാണ് തിരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ നിലവില്‍ വലിയൊരു പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പൂര്‍ണമായും നവീകരിക്കാന്‍ ഒരുങ്ങുകയാണ്. 2014-ന് മുമ്പുള്ള റെയില്‍വേയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, വൈദ്യുതീകരണം, റെയില്‍വേ ലൈനുകളുടെ ഇരട്ടിപ്പിക്കല്‍, പ്രവര്‍ത്തനക്ഷമത, യാത്രക്കാരുടെ സൗകര്യങ്ങള്‍ തുടങ്ങിയ നിര്‍ണായക വശങ്ങള്‍ മുന്‍ ഗവണ്‍മെന്റുകള്‍ അവഗണിച്ചതായി വ്യക്തമാണ്. സാധാരണ ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ മുന്‍ ഗവണ്മെന്റുകള്‍ നിസ്സംഗത പുലര്‍ത്തിയിരുന്നു. എന്നിരുന്നാലും, 2014 മുതല്‍, നമ്മുടെ റെയില്‍വേ അടിസ്ഥാന സൗകര്യം ആധുനികവല്‍കരിക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ട് മുഴുവന്‍ ട്രെയിന്‍ യാത്രാനുഭവങ്ങളും പുനര്‍നിര്‍മ്മിക്കാനുള്ള സമഗ്രമായ ഒരു ദൗത്യം ഞങ്ങള്‍ ആരംഭിച്ചു. വന്ദേ ഭാരത് എക്സ്പ്രസിന് സമാനമായ 40,000 ആധുനിക ബോഗികള്‍ സാധാരണ ട്രെയിനുകളില്‍ അവതരിപ്പിക്കാനും യാത്രക്കാരുടെ സുഖവും സൗകര്യവും വര്‍ധിപ്പിക്കാനുമുള്ള പദ്ധതികളും ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

മെച്ചപ്പെട്ട ഗതാഗത സൗകര്യം യാത്രയെ സുഗമമാക്കുക മാത്രമല്ല, പുതിയ വിപണികള്‍ സൃഷ്ടിച്ച്, ടൂറിസം വര്‍ദ്ധിപ്പിക്കുകയും, പുതിയ വ്യവസായങ്ങളുടെ ഉദയം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്, ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതായത് നല്ല ഗതാഗത സൗകര്യങ്ങള്‍ രാജ്യത്തിന്റെ വികസനത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. വികസനത്തിന്റെ വേഗം കൂട്ടാന്‍ അടിസ്ഥാന സൗകര്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയാണ്. റോഡുകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, മെട്രോ സംവിധാനങ്ങള്‍, വൈദ്യുതി എന്നിവയിലുടനീളമുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തുകയും തല്‍ഫലമായി തൊഴിലവസരങ്ങള്‍ക്കുള്ള പുതിയ വഴികള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസനത്തിനായി 11 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സമീപകാല ബജറ്റ് ആവിഷ്‌കരിക്കുന്നത്.

സുഹൃത്തുക്കളേ,

ഇന്ന്, നിയമന പത്രങ്ങള്‍ ലഭിച്ച യുവാക്കളില്‍ ഗണ്യമായ ഒരു വിഭാഗം അര്‍ദ്ധസൈനിക സേനയില്‍ ചേരാന്‍ ഒരുങ്ങുന്നു, അവരുടെ ഒരു പ്രധാന ആഗ്രഹം നിറവേറുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, അര്‍ദ്ധസൈനിക സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ഈ വര്‍ഷം ജനുവരി മുതല്‍ നടപ്പാക്കിയ ഒരു സുപ്രധാന മാറ്റം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമെ 13 ഭാഷകളിലും എഴുത്ത് പരീക്ഷകള്‍ നടത്താനുള്ള തീരുമാനമാണ്, പങ്കെടുക്കുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുല്യ അവസരങ്ങള്‍ നല്‍കുന്നു. കൂടാതെ, അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലകള്‍ക്കും തീവ്രവാദ ബാധിത ജില്ലകള്‍ക്കുമുള്ള ക്വാട്ട വര്‍ധിപ്പിച്ചു.

സുഹൃത്തുക്കളേ,

വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ ഓരോ ഗവണ്‍മെന്റ് ജീവനക്കാരനും നിര്‍ണായക പങ്കുണ്ട്. ഇന്ന് ഞങ്ങളോടൊപ്പം ചേരുന്ന ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ ഈ യാത്രയ്ക്ക് പുത്തന്‍ വീര്യവും ആക്കം കൂട്ടും. നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന വകുപ്പ് പരിഗണിക്കാതെ തന്നെ, എല്ലാ ദിവസവും രാഷ്ട്രനിര്‍മ്മാണത്തിനായി സമര്‍പ്പിക്കണമെന്ന് ഓര്‍മ്മിക്കുക. എല്ലാ ഗവണ്‍മെന്റ് ജീവനക്കാരുടെയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി, വിവിധ വിഷയങ്ങളില്‍ 800-ലധികം കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന കര്‍മ്മയോഗി ഭാരത് പോര്‍ട്ടല്‍ കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. 30 ലക്ഷത്തിലധികം ഉപയോക്താക്കള്‍ ഇതിനകം അതില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്, നിങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് ഈ പോര്‍ട്ടല്‍ പൂര്‍ണ്ണമായി ഉപയോഗിക്കാന്‍് ഞാന്‍ നിങ്ങളെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. ഒരിക്കല്‍ കൂടി, നിങ്ങളുടെ നിയമന പത്രം ലഭിച്ചതിന് എല്ലാവരോടും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുകയും നിങ്ങളുടെ തൊഴില്‍ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കുകയും ചെയ്യുന്ന ശോഭനമായ ഭാവി നിങ്ങള്‍ക്ക് ആശംസിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കാനുള്ള ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുക. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.

വളരെ നന്ദി.

--NS-- 



(Release ID: 2006852) Visitor Counter : 73