പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം (ഫെബ്രുവരി 13-14, 2024)

Posted On: 10 FEB 2024 5:37PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 13നും 14നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) ഔദ്യോഗിക സന്ദർശനം നടത്തും.

2015നുശേഷം പ്രധാനമന്ത്രി ശ്രീ മോദിയുടെ ഏഴാമത്തെയും കഴിഞ്ഞ എട്ടുമാസത്തിനിടെ മൂന്നാമത്തെയും യുഎഇ സന്ദർശനമാണിത്. സന്ദർശനവേളയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികൾ നേതാക്കൾ ചർച്ചചെയ്യും. പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ദുബായിൽ നടക്കുന്ന ‘ലോക ഗവൺമെന്റ് ഉച്ചകോടി 2024’ൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും പ്രത്യേക പ്രഭാഷണം നടത്തുകയും ചെയ്യും.

അബുദാബിയിലെ ആദ്യഹിന്ദു ക്ഷേത്രമായ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. അബുദാബിയിലെ സയിദ് കായികനഗരിയിൽ നടക്കുന്ന പരിപാടിയിൽ യുഎഇയിലെ ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

കരുത്തുറ്റ രാഷ്ട്രീയ-സാംസ്കാരിക-സാമ്പത്തിക ബന്ധങ്ങളാൽ ഊഷ്മളവും വളരെ അടുപ്പമുള്ളതും ബഹുമുഖവുമായ ബന്ധമാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ളത്. 2015 ഓഗസ്റ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തി. അതിർത്തികടന്നുള്ള ഇടപാടുകൾക്കായി ഇന്ത്യൻ രൂപയും എഇഡിയും ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കാനായി 2022 ഫെബ്രുവരിയിൽ സമഗ്ര സാമ്പത്തികപങ്കാളിത്തകരാറിലും (സിഇപിഎ) 2023 ജൂലൈയിൽ പ്രാദേശിക കറൻസി ഉടമ്പടി (എൽസിഎസ്) സംവിധാനത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

ഇരുരാജ്യങ്ങളും മികച്ച വ്യാപാരപങ്കാളികൾ കൂടിയാണ്. 2022-23ൽ ഏകദേശം 85 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷിവ്യാപാരം ഇരുരാജ്യങ്ങളും നടത്തിയിരുന്നു. 2022-23ലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നാലുനിക്ഷേപകരിൽ ഒന്നാണു യുഎഇ.

കരുത്തുറ്റതും ഊർജസ്വലവുമായ ഏകദേശം 3.5 ദശലക്ഷം വരുന്ന ഇന്ത്യൻ സമൂഹം യുഎഇയിലെ ഏറ്റവും വലിയ പ്രവാസിസംഘമാണ്. ആതിഥേയരാജ്യത്തിന്റെ വികസനത്തിൽ അവരുടെ ക്രിയാത്മകവും വിലമതിക്കപ്പെടുന്നതുമായ സംഭാവനകൾ യുഎഇയുമായുള്ള നമ്മുടെ മികച്ച ഉഭയകക്ഷി ഇടപെടലിന്റെ പ്രധാന അടിത്തറയാണ്.

--NK--



(Release ID: 2005194) Visitor Counter : 46