പ്രധാനമന്ത്രിയുടെ ഓഫീസ്‌

വികസിത് ഭാരത്-വികസിത് ഗോവ പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 06 FEB 2024 4:57PM by PIB Thiruvananthpuram

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ജി, മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മറ്റ് പ്രമുഖര്‍, ഗോവയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ. എല്ലാ ഗോവ നിവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും എന്നില്‍ ഉണ്ടായിരിക്കട്ടെ!

സുഹൃത്തുക്കളേ,

മനോഹരമായ ബീച്ചുകള്‍ക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ടതാണ് ഗോവ. രാജ്യത്തു നിന്നും വിദേശത്തു നിന്നുമുള്ള ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാണിത്. ഏത് സീസണിലും, 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ ചൈതന്യം ഇവിടെ അനുഭവിക്കാന്‍ കഴിയും. ഇതോടൊപ്പം ഗോവ മറ്റൊരു പേരിലും തിരിച്ചറിയപ്പെടുന്നുണ്ട്.  ഗോവ എന്ന ഈ നാട് നിരവധി മഹത്തുക്കള്‍ക്കും പ്രശസ്തരായ കലാകാരന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. ഇന്ന് ഞാനും അവരെ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു. സന്ത് സോഹിരോബനാഥ് അമ്പിയെ, പ്രശസ്ത നാടകകൃത്ത് കൃഷ്ണ ഭട്ട് ബന്ദ്കര്‍, സുരശ്രീ കേസര്‍ബായ് കേര്‍ക്കര്‍, ആചാര്യ ധര്‍മ്മാനന്ദ് കോസാംബി, രഘുനാഥ് മഷേല്‍ക്കര്‍ തുടങ്ങിയ വ്യക്തിത്വങ്ങള്‍ ഗോവയുടെ സ്വത്വത്തെ സമ്പന്നമാക്കിയിട്ടുണ്ട്. ഭാരതരത്ന ലതാ മങ്കേഷ്‌കര്‍ ജിക്ക് ഇവിടെ നിന്ന് അല്‍പ്പം അകലെയുള്ള മംഗേഷി ക്ഷേത്രവുമായി അഗാധമായ ബന്ധമുണ്ടായിരുന്നു. ഇന്ന് ലതാ ദീദിയുടെ ചരമവാര്‍ഷികം കൂടിയാണ്. അവര്‍ക്ക് എന്റെ ഹൃദയംഗമമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇവിടെ മഡ്ഗാവിലെ ദാമോദര്‍ സാലിലാണ് സ്വാമി വിവേകാനന്ദന്‍ പുതിയ പ്രചോദനം കണ്ടെത്തിയത്. രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നതില്‍ ഗോവയിലെ ജനങ്ങള്‍ സാധ്യമായതെല്ലാം ചെയ്യും എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ചരിത്രപ്രസിദ്ധമായ ലോഹ്യ മൈതാനം. ഗോവയുടെ ധീരതയുടെ പ്രതീകമാണ് കുങ്കോലിമിലെ തലവന്റെ സ്മാരകം.

സുഹൃത്തുക്കളേ,

ഈ വര്‍ഷം ഒരു സുപ്രധാന സംഭവവും നടക്കാന്‍ പോകുന്നു. ഈ വര്‍ഷം, 'ഗോഞ്ചോ സായ്ബ്' എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ പ്രദര്‍ശനം നമുക്ക് സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. മന്‍ കി ബാത്തിലും ജോര്‍ജിയയിലെ വിശുദ്ധ രാജ്ഞി കെതേവനെ പരാമര്‍ശിച്ചത് ഞാന്‍ ഓര്‍ക്കുന്നു. നമ്മുടെ വിദേശകാര്യ മന്ത്രി വിശുദ്ധ രാജ്ഞി കെതേവന്റെ തിരുശേഷിപ്പുകള്‍ ജോര്‍ജിയയിലേക്ക് കൊണ്ടുപോയപ്പോള്‍, രാജ്യം മുഴുവന്‍ തെരുവിലിറങ്ങിയത് പോലെ തോന്നി. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. ഗോവയില്‍ ക്രിസ്ത്യന്‍ സമൂഹവും ഇതര മതസ്ഥരും ഒരുമിച്ച് ജീവിക്കുന്ന രീതി 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ മികച്ച ഉദാഹരണമാണ്.

സുഹൃത്തുക്കളേ,

ഗോവയ്ക്ക് 1300 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങും അല്‍പം മുമ്പ് നടന്നിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട ഈ പദ്ധതികള്‍ ഗോവയുടെ വികസനം കൂടുതല്‍ ത്വരിതപ്പെടുത്തും. ഇന്ന്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സിന്റെയും കാമ്പസുകളുടെ ഉദ്ഘാടനവും ഇവിടെ നടന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗകര്യം വര്‍ദ്ധിപ്പിക്കും. സംയോജിത മാലിന്യ സംസ്‌ക്കരണ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കുന്നത് ഗോവയെ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും. 1900-ലധികം യുവാക്കള്‍ക്ക് ഇന്ന് സര്‍ക്കാര്‍ ജോലിക്കുള്ള നിയമന കത്ത് നല്‍കി. ഈ ക്ഷേമ സംരംഭങ്ങള്‍ക്ക് ഞാന്‍ എല്ലാവരെയും അഭിനന്ദിക്കുന്നു.

എന്റെ കുടുംബാംഗങ്ങളേ,

ഭൂമിശാസ്ത്രപരമായ വിസ്തൃതിയിലും ജനസംഖ്യയിലും ഗോവ ചെറുതായിരിക്കാം, എന്നാല്‍ സാമൂഹിക വൈവിധ്യത്തിന്റെ കാര്യത്തില്‍ നമ്മുടെ ഗോവ വിശാലമാണ്. വിവിധ സമുദായങ്ങളില്‍ പെട്ടവരും, വിവിധ മതങ്ങളില്‍ പെടുന്നവരും, തലമുറകളായി ഇവിടെ ഒരുമിച്ചു ജീവിക്കുന്നു. അതുകൊണ്ട് തന്നെ ഗോവയിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ ആവര്‍ത്തിച്ച് തിരഞ്ഞെടുക്കുമ്പോള്‍ അത് രാജ്യത്തിനാകെ ഒരു സന്ദേശമാണ് നല്‍കുന്നത്. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്നതാണ് ബിജെപിയുടെ മന്ത്രം. രാജ്യത്തെ ചില പാര്‍ട്ടികള്‍ എന്നും ജനങ്ങള്‍ക്കിടയില്‍ ഭീതിയും നുണയും പ്രചരിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരം പാര്‍ട്ടികള്‍ക്ക് ഗോവ കൃത്യസമയത്ത് ആവര്‍ത്തിച്ച് മറുപടി നല്‍കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇത്രയും വര്‍ഷമായി ഗോവ ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ സദ്ഭരണത്തിന്റെ മാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ട്. 'സ്വയംപൂര്‍ണ ഗോവ' പ്രചാരണത്തിന് ഗോവ ആക്കം കൂട്ടുന്ന രീതി ശരിക്കും അഭൂതപൂര്‍വമാണ്. തല്‍ഫലമായി, ഇന്ന് ഗോവയിലെ ജനങ്ങള്‍ രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ ആളുകളായി കണക്കാക്കപ്പെടുന്നു. ഇരട്ട എന്‍ജിന്‍ ഭരണം കാരണം ഗോവയുടെ വികസനം അതിവേഗം പുരോഗമിക്കുകയാണ്. 100 ശതമാനം വീടുകളിലും പൈപ്പ് വെള്ളം ലഭിക്കുന്ന സംസ്ഥാനമാണ് ഗോവ. 100 ശതമാനം വീടുകളിലും വൈദ്യുതി കണക്ഷനുള്ള സംസ്ഥാനമാണ് ഗോവ. ഗാര്‍ഹിക എല്‍പിജി കവറേജ് 100 ശതമാനത്തിലെത്തിയ സംസ്ഥാനമാണ് ഗോവ. പൂര്‍ണമായും മണ്ണെണ്ണ രഹിത സംസ്ഥാനമാണ് ഗോവ. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കിയ സംസ്ഥാനമായി ഗോവ മാറി. കേന്ദ്ര സര്‍ക്കാരിന്റെ പല പ്രധാന പദ്ധതികളിലും ഗോവ 100 ശതമാനം പരിപൂര്‍ണത നേടിയിട്ടുണ്ട്.


നമുക്കെല്ലാവര്‍ക്കും അറിയാം, പരിപൂര്‍ണത സംഭവിക്കുമ്പോള്‍, വിവേചനം അവസാനിക്കുന്നു. പരിപൂര്‍ണത സംഭവിക്കുമ്പോള്‍, ഓരോ ഗുണഭോക്താവിനും മുഴുവന്‍ ആനുകൂല്യവും ലഭിക്കും. പരിപൂര്‍ണത സംഭവിക്കുമ്പോള്‍, ആളുകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടുന്നതിന് കൈക്കൂലി നല്‍കേണ്ടതില്ല. അതുകൊണ്ടാണ് സാച്ചുറേഷനാണ് യഥാര്‍ത്ഥ മതേതരത്വം എന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നത്. പരിപൂര്‍ണത യഥാര്‍ത്ഥ സാമൂഹിക നീതിയാണ്. ഈ പരിപൂര്‍ണത ആണ് ഗോവയ്ക്കും രാജ്യത്തിനും മോദി നല്‍കുന്ന ഉറപ്പ്. പരിപൂര്‍ണത എന്ന അതേ ലക്ഷ്യത്തിനായി വികസിത് ഭാരത് സങ്കല്‍പ് യാത്ര രാജ്യത്ത് ആരംഭിച്ചു. ഗോവയിലും 30,000-ത്തിലധികം ആളുകള്‍ ഈ കാമ്പയിനുമായി ബന്ധപ്പെട്ടു.  സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഇപ്പോഴും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് മോദിയുടെ ഉറപ്പുള്ള വാഹനത്തിന്റെ ഗുണം ഏറെയാണ്.

സഹോദരീ സഹോദരന്മാരേ,

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അവതരിപ്പിച്ച ബജറ്റ് പരിപൂര്‍ണത ഉറപ്പാക്കുന്നതിനും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ സേവിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു. 4 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പക്കാ വീട് എന്ന ലക്ഷ്യം ഞങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചതായി നിങ്ങള്‍ക്കറിയാം. ഇനി 2 കോടി കുടുംബങ്ങള്‍ക്ക് കൂടി വീട് നല്‍കുമെന്നതാണ് ഞങ്ങളുടെ ഉറപ്പ്. കൂടാതെ, എന്റെ ഗോവക്കാരോട് ഞാന്‍ പറയുന്നു, നിങ്ങളുടെ ഗ്രാമത്തില്‍, നിങ്ങളുടെ പ്രദേശത്ത്, ഏതെങ്കിലും കുടുംബം ഇപ്പോഴും ഒരു താല്‍ക്കാലിക കുടിലിലാണ് താമസിക്കുന്നതെങ്കില്‍, അവരോട് പറയൂ, മോദിജി വന്നു, നിങ്ങള്‍ക്കും ഉറപ്പുള്ള ഭവനം ലഭിക്കുമെന്ന് മോദിജി ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിപുലീകരണം ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കുന്ന ആയുഷ്മാന്‍ യോജനയും ഞങ്ങള്‍ വിപുലീകരിച്ചു. ഇപ്പോള്‍ ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഈ വര്‍ഷത്തെ ബജറ്റില്‍ നമ്മുടെ മത്സ്യത്തൊഴിലാളി സുഹൃത്തുക്കള്‍ക്കും വളരെയധികം ശ്രദ്ധ നല്‍കിയിട്ടുണ്ട്. മത്സ്യ സമ്പത്ത് യോജനയുടെ കീഴിലുള്ള സഹായം ഇപ്പോള്‍ കൂടുതല്‍ വര്‍ധിപ്പിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും വിഭവങ്ങളും ഇതിലൂടെ ലഭിക്കും. ഇത് സമുദ്രോത്പന്ന കയറ്റുമതിയില്‍ ഗണ്യമായ വര്‍ദ്ധനവിന് ഇടയാക്കുകയും മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കുകയും ചെയ്യും. ഇത്തരം ശ്രമങ്ങള്‍ മത്സ്യമേഖലയില്‍ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

സുഹൃത്തുക്കളേ,

മത്സ്യത്തൊഴിലാളികള്‍ക്കായി നമ്മുടെ സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് ഞങ്ങളാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ഷക ക്രെഡിറ്റ് കാര്‍ഡ് സൗകര്യം നല്‍കിയത് ഞങ്ങളാണ്. നമ്മുടെ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി. അവരുടെ ബോട്ടുകള്‍ നവീകരിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സബ്സിഡിയും നല്‍കുന്നുണ്ട്.

സഹോദരീ സഹോദരന്മാരേ,

ബി.ജെ.പിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വലിയ പദ്ധതികള്‍ നടത്തുക മാത്രമല്ല, അടിസ്ഥാന സൗകര്യ വികസനത്തില്‍ റെക്കോര്‍ഡ് നിക്ഷേപം നടത്തുകയും ചെയ്യുന്നു. രാജ്യത്ത് റോഡുകളും റെയില്‍വേയും വിമാനത്താവളങ്ങളും എത്ര വേഗത്തിലാണ് വികസിക്കുന്നതെന്ന് നിങ്ങള്‍ക്ക് സ്വയം കാണാന്‍ കഴിയും. ഈ വര്‍ഷത്തെ ബജറ്റില്‍ ഇതിനായി 11 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്, എന്നാല്‍ 10 വര്‍ഷം മുമ്പ് അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചത് 2 ലക്ഷം കോടി രൂപയില്‍ താഴെ മാത്രമാണ്. വികസന പദ്ധതികള്‍ നടക്കുന്നിടത്തെല്ലാം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും എല്ലാവരുടെയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഞങ്ങളുടെ ഗവണ്‍മെന്റ് ഗോവയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ മാത്രമല്ല, അതിനെ ഒരു ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റാനും ശ്രമിക്കുന്നു. ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥാപിച്ചത് തുടര്‍ച്ചയായ ദേശീയ അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ സുഗമമാക്കി. രാജ്യത്തെ രണ്ടാമത്തെ നീളമേറിയ കേബിള്‍ പാലമായ ന്യൂ സുവാരി പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. പുതിയ റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ റൂട്ടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ ഗോവയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം ഈ മേഖലയിലെ വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കും.

സുഹൃത്തുക്കളേ,

പ്രകൃതി, സംസ്‌കാരം, പൈതൃകം എന്നിവയുടെ കാര്യത്തില്‍ ഭാരതം എന്നും സമ്പന്നമാണ്. ലോകമെമ്പാടുമുള്ള വിവിധ തരത്തിലുള്ള വിനോദസഞ്ചാരത്തിനായി ആളുകള്‍ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നു. ഒരു വിസയില്‍ എല്ലാത്തരം ടൂറിസവും ഭാരതില്‍ ലഭ്യമാണ്. എന്നാല്‍ 2014ന് മുമ്പ് അധികാരത്തിലിരുന്ന സര്‍ക്കാര്‍ ഇതിലൊന്നും കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളുടെയോ നമ്മുടെ തീരപ്രദേശങ്ങളുടെയോ ദ്വീപുകളുടെയോ വികസനത്തെക്കുറിച്ച് മുന്‍ സര്‍ക്കാരുകള്‍ക്ക് ഒരു കാഴ്ചപ്പാടും ഉണ്ടായിരുന്നില്ല. നല്ല റോഡുകള്‍, ട്രെയിനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ അഭാവം മൂലം പല വിനോദസഞ്ചാര കേന്ദ്രങ്ങളും അജ്ഞാതമായി തുടര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഈ പോരായ്മകളെല്ലാം മറികടക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തി. ഗോവയിലെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരും ഇവിടെ ടൂറിസം സാധ്യതകള്‍ വിപുലപ്പെടുത്തുന്നു. ഗോവയിലെ ഗ്രാമപ്രദേശങ്ങളില്‍ ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. ഇത് ആ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നേരിട്ട് പ്രയോജനപ്പെടും. ഗോവയിലെ ഗ്രാമങ്ങളില്‍ വിനോദസഞ്ചാരികള്‍ എത്തുമ്പോള്‍ അവിടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. പനാജിയെ റെയ്സ് മാഗോസിനെ ബന്ധിപ്പിക്കുന്ന റോപ്വേയുടെ നിര്‍മാണം കഴിഞ്ഞാല്‍ ഇവിടേക്ക് വിനോദസഞ്ചാരികളുടെ എണ്ണം കൂടും. പദ്ധതിയോടൊപ്പം ആധുനിക സൗകര്യങ്ങളും വികസിപ്പിക്കും. ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റുകള്‍, കാത്തിരിപ്പ് മുറികള്‍ തുടങ്ങിയ സൗകര്യങ്ങളോടെ ഇത് ഗോവയിലെ ഒരു പുതിയ ആകര്‍ഷണ കേന്ദ്രമായി മാറും.


സുഹൃത്തുക്കളേ,

നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍ ഗോവയെ ഒരു പുതിയ തരം ടൂറിസ്റ്റ് കേന്ദ്രമായും വികസിപ്പിക്കുകയാണ്. കോണ്‍ഫറന്‍സ് ടൂറിസം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ന് രാവിലെ, ഞാന്‍ ഇന്ത്യ എനര്‍ജി വീക്കിന്റെ ഒരു പരിപാടിയിലായിരുന്നു. ജി-20യുടെ നിരവധി സുപ്രധാന യോഗങ്ങള്‍ക്കും ഗോവ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍, ഗോവ പ്രധാന നയതന്ത്ര യോഗങ്ങള്‍ക്കും ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, വേള്‍ഡ് ബീച്ച് വോളിബോള്‍ ടൂര്‍, ഫിഫ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ്, 37-ാമത് ദേശീയ ഗെയിംസ്... ഈ പരിപാടികളെല്ലാം ഗോവയിലും നടന്നു. ഇത്തരം ഓരോ സംഭവങ്ങള്‍ കഴിയുന്തോറും ഗോവയുടെ പേരും സവിശേഷതയും ലോകം മുഴുവന്‍ എത്തുകയാണ്. സമീപഭാവിയില്‍ ഗോവയെ ഇത്തരം പരിപാടികളുടെ പ്രധാന കേന്ദ്രമാക്കി മാറ്റാനാണ് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, അത്തരം ഓരോ സംഭവത്തിലും, ഗോവയിലെ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു, അവരുടെ വരുമാനം വര്‍ദ്ധിക്കുന്നു.

സുഹൃത്തുക്കളേ,

ദേശീയ ഗെയിംസിനായി ഗോവയില്‍ വികസിപ്പിച്ച ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങളും ഇവിടുത്തെ കായിക താരങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഏറെ ഗുണം ചെയ്യും. ഗോവയില്‍ നടന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ ദേശീയ ഗെയിംസില്‍ പങ്കെടുത്ത ഗോവയിലെ കായികതാരങ്ങളെയും ആദരിച്ചതായി എന്നോട് പറഞ്ഞിട്ടുണ്ട്. ഗോവയില്‍ നിന്നുള്ള എല്ലാ യുവ കായികതാരങ്ങളെയും ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിക്കുന്നു. 

സുഹൃത്തുക്കളേ,

സ്പോര്‍ട്സിനെ കുറിച്ച് പറയുമ്പോള്‍ ഗോവയില്‍ ഫുട്ബോള്‍ മറക്കാന്‍ ആര്‍ക്കാണ് കഴിയുക? ഇന്നും ഗോവയിലെ ഫുട്‌ബോള്‍ കളിക്കാര്‍, ഇവിടുത്തെ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് രാജ്യത്തും ലോകത്തും അവരുടേതായ വ്യക്തിത്വമുണ്ട്. ഫുട്‌ബോള്‍ പോലുള്ള കായികരംഗത്തെ വിലമതിക്കാനാവാത്ത സംഭാവനകള്‍ കണക്കിലെടുത്ത്, നമ്മുടെ സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് ബ്രഹ്‌മാനന്ദ് ശംഖ്വാള്‍ക്കറെ പത്മ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ന്, ഖേലോ ഇന്ത്യ പോലുള്ള സംരംഭങ്ങളിലൂടെ നമ്മുടെ സര്‍ക്കാര്‍ ഗോവയില്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെ വിവിധ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

സ്‌പോര്‍ട്‌സിനും വിനോദസഞ്ചാരത്തിനും പുറമേ, സമീപ വര്‍ഷങ്ങളില്‍ ഗോവ രാജ്യവ്യാപകമായി മറ്റൊരു ഐഡന്റിറ്റി നേടിയിട്ടുണ്ട്. നമ്മുടെ ഗവണ്‍മെന്റ് ഗോവയെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുകയാണ്. ഇവിടെയുള്ള നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളുടെ സ്വപ്ന സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. ഇന്ന് ആരംഭിച്ച പുതിയ സ്ഥാപനങ്ങള്‍ ഗോവയിലെ യുവാക്കളെ രാജ്യത്ത് ഉയര്‍ന്നുവരുന്ന പുതിയ അവസരങ്ങള്‍ക്കായി സജ്ജമാക്കും. നമ്മുടെ സര്‍ക്കാര്‍ യുവജനങ്ങള്‍ക്കായി ബജറ്റില്‍ ഒരു സുപ്രധാന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് രൂപീകരിക്കും. ഇത് സാങ്കേതിക മേഖലയിലെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും വ്യവസായത്തിനും നമ്മുടെ യുവാക്കള്‍ക്കും പ്രയോജനം ചെയ്യും.

സഹോദരീ സഹോദരന്മാരേ,

ഗോവയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് 'സബ്ക പ്രയാസ്' (എല്ലാവരുടെയും പരിശ്രമം) ആവശ്യമാണ്. ഗോവയിലെ എല്ലാ കുടുംബങ്ങളിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. മോദിയുടെ ഉറപ്പോടെ ഗോവയിലെ എല്ലാ കുടുംബങ്ങളുടെയും ജീവിതം മെച്ചപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.

വളരെ നന്ദി!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

 

--NS--



(Release ID: 2005129) Visitor Counter : 51