ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

‘വികസിത് ഭാരത്’ ദർശനം സാക്ഷാത്കരിക്കാൻ അമൃതകാലം കർത്തവ്യകാലമാകണമെന്ന്  കേന്ദ്രമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ

Posted On: 01 FEB 2024 12:37PM by PIB Thiruvananthpuram

ന്യൂഡൽഹി : 01 ഫെബ്രുവരി 2024

‘വികസിത് ഭാരത്’ ദർശനം സാക്ഷാത്കരിക്കാൻ അമൃതകാലം കർത്തവ്യകാലമാകണമെന്ന് ഇന്ന് പാർലമെൻ്റിൽ 2024-2025 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കവെ കേന്ദ്രമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ  ഊന്നിപ്പറഞ്ഞു.

ഉയർന്ന വളർച്ച നിലനിർത്തി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ജനങ്ങളുടെ ആശയാഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുമുള്ള സാഹചര്യം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. 2014-ന് മുമ്പുള്ള കാലഘട്ടത്തിലെ സകല വെല്ലുവിളികളും സാമ്പത്തിക മാനേജ്‌മെൻ്റിലൂടെയും സദ്ഭരണത്തിലൂടെയും തരണം ചെയ്തതായി അവർ എടുത്തുപറഞ്ഞു. ജൂലൈയിലെ സമ്പൂർണ്ണ ബജറ്റിൽ, സർക്കാർ 'വികസിത് ഭാരത്' ലക്ഷ്യത്തിനായുള്ള വിശദമായ രൂപരേഖ അവതരിപ്പിക്കുമെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു.

'വികസിത് ഭാരത്' ദർശനം സാക്ഷാത്കരിക്കുന്നതിന് സംസ്ഥാനങ്ങളിൽ വൻതോതിലുള്ള വളർച്ചയും വികസനവും സാധ്യമാക്കുന്ന പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ, സംസ്ഥാന സർക്കാരുകളുടെ നിർണ്ണായക പരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്നതിനായി എഴുപത്തയ്യായിരം കോടി രൂപ അമ്പത് വർഷത്തെ പലിശ രഹിത വായ്പ പ്രഖ്യാപിച്ചു.

ദ്രുതഗതിയിലുള്ള ജനസംഖ്യാ വർദ്ധനയും ജനസംഖ്യാപരമായ പരിവർത്തനവും മൂലം ഉണ്ടാകുന്ന വെല്ലുവിളികൾ വിശദമായി പരിഗണിക്കുന്നതിനായി സർക്കാർ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു. 'വികസിത് ഭാരത്' ലക്ഷ്യവുമായി ബന്ധപ്പെട്ട് ഉയരുന്ന വെല്ലുവിളികളെ സമഗ്രമായി നേരിടുന്നതിനുള്ള ശുപാർശകൾ നൽകാൻ സമിതിയെ ചുമതലപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

അഭിലാഷയുക്ത ജില്ലകളുടെയും ബ്ലോക്കുകളുടെയും വേഗത്തിലുള്ള വികസനത്തിന് അഭിലാഷയുക്ത ജില്ലകൾക്കുള്ള പദ്ധതിയിലൂടെ വിപുലമായ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെ,  സംസ്ഥാനങ്ങളെ സഹായിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.

കിഴക്കൻമേഖലയുടെ  വികസനത്തിൽ ഗവൺമെൻ്റിൻ്റെ താത്പര്യം വ്യക്തമാക്കിയ കേന്ദ്ര ധനമന്ത്രി, കിഴക്കൻ മേഖലയെയും അവിടുത്തെ ജനങ്ങളെയും ഇന്ത്യയുടെ വളർച്ചയുടെ ശക്തമായ ചാലകമാക്കാൻ സർക്കാർ അതീവ ശ്രദ്ധ ചെലുത്തുമെന്ന് പറഞ്ഞു.

SKY

***


(Release ID: 2001459) Visitor Counter : 140