ധനകാര്യ മന്ത്രാലയം

സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളെ റേറ്റുചെയ്യുന്നതിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കും: കേന്ദ്ര ധനകാര്യ മന്ത്രി


ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് സാമ്പത്തിക സഹായം നല്‍കാനായി സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശ രഹിത വായ്പകള്‍ ലഭ്യമാക്കും

ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള നമ്മുടെ ദ്വീപുകളില്‍ തുറമുഖ ബന്ധിപ്പിക്കല്‍, വിനോദസഞ്ചാര അടിസ്ഥാനസൗകര്യങ്ങള്‍,ഏറ്റെടുക്കേണ്ട മറ്റു സൗകര്യങ്ങള്‍ എന്നിവയ്ക്ക് പദ്ധതികള്‍

Posted On: 01 FEB 2024 12:46PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ഫെബ്രുവരി 01

വികസിത് ഭാരത് എന്ന കാഴ്ചപ്പാട് 2047-ഓടെ കൈവരിക്കുന്നതിന് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഊന്നല്‍ നല്‍കി.

ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
ഐക്കണിക് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനം, ആഗോള തലത്തിലെ ബ്രാന്‍ഡിംഗ്, വിപണനം എന്നിവ ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.  ഇത്തരം വികസനത്തിന് ധനസഹായം നല്‍കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശ രഹിത വായ്പകള്‍ ലഭ്യമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രങ്ങളുടെ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി, സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം അടിസ്ഥാനമാക്കി കേന്ദ്രങ്ങളുടെ റേറ്റിങ്ങിനുള്ള ചട്ടക്കൂട് സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആഭ്യന്തര ടൂറിസം
ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗവും ഇപ്പോള്‍ യാത്ര ചെയ്യാനും പര്യവേക്ഷണം ചെയ്യാനും ആഗ്രഹിക്കുന്നു എന്ന വസ്തുത ഉയര്‍ത്തിക്കാട്ടിയ കേന്ദ്ര ധനമന്ത്രി ആത്മീയ വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള ടൂറിസത്തിന് പ്രാദേശിക സംരംഭകത്വത്തിന് വലിയ അവസരങ്ങളുണ്ട്.

ഇതിന്റെ തുടര്‍ച്ചയായി, ആഭ്യന്തര ടൂറിസത്തിന് ഉയര്‍ന്നുവരുന്ന ആവേശത്തെ അഭിസംബോധന ചെയ്യുന്നതിനായി തുറമുഖ ബന്ധിപ്പിക്കല്‍, വിനോദസൗകര്യ അടിസ്ഥാനസൗകര്യങ്ങള്‍, ഏറ്റെടുക്കേണ്ട മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള ദ്വീപുകളില്‍ പദ്ധതികള്‍ ഏറ്റെടുക്കുമെന്നും ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

ആഭ്യന്തര വിനോദസഞ്ചാരത്തിനു പുറമേ, ഇന്ത്യയുടെ വൈവിദ്ധ്യം ആഗോള പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. ജി 20 യോഗങ്ങള്‍ അറുപതോളം സ്ഥലങ്ങളില്‍ സംഘടിപ്പിച്ചതിന്റെ വിജയത്തിലൂടെ ഇന്ത്യയുടെ വൈവിദ്ധ്യം ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍ അതരിപ്പിക്കാനായെന്നും സാമ്പത്തിക ശക്തി രാജ്യത്തെ ബിസിനസ്സിന്റെയും കോണ്‍ഫറന്‍സ് ടൂറിസത്തിന്റെയും ആകര്‍ഷകമായ സ്ഥലമാക്കി മാറ്റിയെന്നും ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

--NS--



(Release ID: 2001440) Visitor Counter : 69