ധനകാര്യ മന്ത്രാലയം

കായികരംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കുന്ന യുവാക്കളിൽ രാജ്യം അഭിമാനിക്കുന്നു: കേന്ദ്ര ധനകാര്യ മന്ത്രി

Posted On: 01 FEB 2024 12:42PM by PIB Thiruvananthpuram

ന്യൂഡൽഹി : 01 ഫെബ്രുവരി 2024

ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച 2024-25 ലെ ഇടക്കാല ബജറ്റിൽ 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ്' എന്ന മന്ത്രം ഉയർത്തിയ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ  പുതിയ ഉയരങ്ങൾ കൈവരിക്കുന്ന  യുവാക്കളിൽ രാജ്യം അഭിമാനിക്കുന്നതായി  വ്യക്തമാക്കി.  

യുവജനങ്ങൾ കായികരംഗത്ത്

“ഏഷ്യൻ ഗെയിംസിലും 2023ലെ ഏഷ്യൻ പാരാ ഗെയിംസിലും കൈവരിച്ച എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടം വളരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നേട്ടങ്ങൾ പരാമർശിക്കവെ ധന മന്ത്രി പറഞ്ഞു. 2023-ൽ നിലവിലെ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെതിരെ ചെസ്സ് പ്രതിഭയും രാജ്യത്തെ ഒന്നാം നമ്പർ താരവുമായ പ്രഗ്നാനന്ദ ശക്തമായ പോരാട്ടം കാഴ്ച്ച വച്ചെന്ന് കേന്ദ്രമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ചെസ്സിലെ ഇന്ത്യയുടെ വിജയത്തെക്കുറിച്ച് അവർ വാചാലയായി. 2010 ൽ 20-ഓളം ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാരുണ്ടായിരുന്ന രാജ്യത്ത് ഇപ്പോൾ  80-ലധികം ഗ്രാൻഡ്മാസ്റ്റർമാരുണ്ട്.

സാങ്കേതിക അഭിനിവേശമുള്ള യുവാക്കൾക്ക് സഞ്ചിത നിധി

അമ്പത് വർഷത്തെ പലിശ രഹിത വായ്പ ഉപയോഗിച്ച് ഒരു ലക്ഷം കോടി രൂപയുടെ സഞ്ചിത നിധി സ്ഥാപിക്കാൻ ശ്രീമതി നിർമ്മല സീതാരാമൻ ബജറ്റ് അവതരണ വേളയിൽ നിർദ്ദേശിച്ചു. പലിശരഹിതമായോ കുറഞ്ഞ പലിശയ്‌ക്കോ ദീർഘകാല സാമ്പത്തികസഹായവും പുനർ സാമ്പത്തികസഹായം സഞ്ചിത നിധിയിലൂടെ  ഉറപ്പാക്കും. സാങ്കേതിക വിദഗ്ദ്ധരായ നമ്മുടെ യുവാക്കൾക്ക് ഇത് ഒരു സുവർണ്ണ കാലഘട്ടമായിരിക്കുമെന്നും യുവത്വവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന പദ്ധതികൾ ആവശ്യമാണെന്നും അവർ പറഞ്ഞു. ഉയർന്നു വരുന്ന മേഖലകളിൽ ഗവേഷണവും നവീകരണവും ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് സഞ്ചിത നിധി രൂപീകരണം സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്ന് ശ്രീമതി നിർമ്മല സീതാരാമൻ വ്യക്തമാക്കി.

SKY

***



(Release ID: 2001432) Visitor Counter : 67