പ്രധാനമന്ത്രിയുടെ ഓഫീസ്‌

‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പിൽ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ പ്രശംസിച്ച് ആഗോള വ്യവസായപ്രമുഖർ

Posted On: 10 JAN 2024 12:28PM by PIB Thiruvananthpuram

‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടി 2024ന്റെ പത്താം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ഉദ്ഘാടനം ചെയ്തു. 34 രാജ്യങ്ങളും 16 സംഘടനകളും പങ്കാളികളാകുന്ന ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ്. വടക്കു കിഴക്കൻ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായും വടക്കുകിഴക്കൻമേഖലാ വികസനമന്ത്രാലയം ഈ ഉച്ചകോടി ഉപയോഗിക്കുന്നു.

വിവിധ വ്യവസായ പ്രമുഖർ ചടങ്ങിനെ അഭിസംബോധന ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ‘വൈബ്രന്റ് ഗുജറാത്തി’ന്റെ 20-ാം വാർഷികത്തിനെത്തിയത് ആർസലർ മിത്തൽ ചെയർമാൻ ശ്രീ ലക്ഷ്മി മിത്തൽ അനുസ്മരിച്ചു. ‘വൈബ്രന്റ് ഗുജറാത്ത്’ ഉച്ചകോടിയുടെ മഹത്തായ ആഗോള പരിപാടിക്കായി സ്ഥാപനവൽകൃത ചട്ടക്കൂടു സൃഷ്ടിക്കുന്നതിനുള്ള തുടർപ്രക്രിയക്കു പ്രധാനമന്ത്രി ഊന്നൽ നൽകിയതിനെ പ്രശംസിക്കുകയും ചെയ്തു. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നീ തത്വങ്ങളിലുള്ള പ്രധാനമന്ത്രിയുടെ വിശ്വാസവും ഗ്ലോബൽ സൗത്തിന്റെ ശബ്ദം എല്ലാ അന്താരാഷ്ട്ര വേദികളിലും ഉയർത്തിക്കാട്ടുന്നതും അദ്ദേഹം പരാമർശിച്ചു. രാഷ്ട്രത്തെ സ്വയംപര്യാപ്തമാക്കുന്നതിൽ സ്റ്റീലിന്റെ പ്രാധാന്യത്തിന് അടിവരയിട്ട്, 2021ൽ ആർസലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ ഹസീറ വിപുലീകരണപദ്ധതിക്കു തറക്കല്ലിട്ടത് അനുസ്മരിച്ച ശ്രീ മിത്തൽ, ലക്ഷ്യമിട്ടതുപോലെ 2026ൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കുമെന്നും അറിയിച്ചു. പുനരുൽപ്പാദക ഊർജം, ഹരിത ഹൈഡ്രജൻ തുടങ്ങിയ ഹരിതമേഖലകളിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പ്രസിഡന്റ് തോഷിഹിറോ സുസുക്കി, പ്രധാനമന്ത്രിയുടെ കരുത്തുറ്റ നേതൃത്വത്തെ പ്രശംസിക്കുകയും രാജ്യത്തെ ഉൽപ്പാദന വ്യവസായങ്ങൾക്കു നൽകുന്ന പിന്തുണയ്ക്കു നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹനവിപണിയായി മാറിയെന്നു പറഞ്ഞ സുസുക്കി, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പ്രധാനമന്ത്രിയുടെ പുരോഗമനപരമായ സമീപനത്തിന്റെ സ്വാധീനം ഉയർത്തിക്കാട്ടി. ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകിയ അദ്ദേഹം, ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ വൈദ്യുതവാഹനം പുറത്തിറക്കാനും യൂറോപ്യൻ രാജ്യങ്ങളിലേക്കും ജപ്പാനിലേക്കും കയറ്റുമതി ചെയ്യാനുമുള്ള കമ്പനിയുടെ പദ്ധതികളെക്കുറിച്ചും പരാമർശിച്ചു. എഥനോൾ, ഹരിത ഹൈഡ്രജൻ, ചാണകത്തിൽ നിന്നുള്ള ബയോഗ്യാസ് ഉൽപ്പാദനം എന്നിവയിലൂടെ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുന്നതിനു സംഭാവന നൽകാനുള്ള സംഘടനയുടെ പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

‘വൈബ്രന്റ് ഗുജറാത്ത്’ ഇന്നു ലോകത്തിലെ ഏറ്റവും അഭിമാനകരമായ നിക്ഷേപ ഉച്ചകോടിയാണെന്നു റിലയൻസ് ഗ്രൂപ്പിന്റെ ശ്രീ മുകേഷ് അംബാനി വിശേഷിപ്പിച്ചു. കാരണം ഇത്തരത്തിലുള്ള മറ്റൊരു ഉച്ചകോടിയും 20 വർഷമായി തുടരുന്നില്ല. ഇതു കരുത്തിൽനിന്നു കൂടുതൽ കരുത്തിലേക്കു നീങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഇതു നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനും സ്ഥിരതയ്ക്കുമുള്ള ആദരമാണ്” - അദ്ദേഹം പറഞ്ഞു. ‘വൈബ്രന്റ് ഗുജറാത്തി’ന്റെ എല്ലാ പതിപ്പുകളിലും താൻ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഗുജറാത്തിയാണെന്നതിൽ അഭിമാനം പ്രകടിപ്പിച്ച ശ്രീ അംബാനി, ഗുജറാത്തിന്റെ പരിവർത്തനത്തിന്റെ ഖ്യാതി പ്രധാനമന്ത്രിക്കു നൽകി. “ആധുനിക കാലത്തെ ഏറ്റവും വലിയ നേതാവായി ഉയർന്നുവന്ന നമ്മുടെ നേതാവാണ് ഈ പരിവർത്തനത്തിന്റെ പ്രധാന കാരണം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പ്രധാനമന്ത്രിയാണു ശ്രീ നരേന്ദ്ര മോദി. അദ്ദേഹം സംസാരിക്കുമ്പോൾ ലോകം സംസാരിക്കുക മാത്രമല്ല അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു”- ശ്രീ അംബാനി പറഞ്ഞു. അസാധ്യമായത് എങ്ങനെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി സാധ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ‘മോദി ഹേ തോ മുംകിൻ ഹേ’ എന്ന മുദ്രാവാക്യം ആഗോളതലത്തിൽ പ്രതിധ്വനിക്കുന്നുവെന്നും ഏവരും അതു സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് ധീരുഭായിയെ അനുസ്മരിച്ച ശ്രീ മുകേഷ് അംബാനി, റിലയൻസ് അന്നും എന്നും ഗുജറാത്തി കമ്പനിയായിരിക്കുമെന്നും വ്യക്തമാക്കി. “ഓരോ റിലയൻസ് ബിസിനസും എന്റെ ഏഴു കോടി സഹ ഗുജറാത്തികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നു” - അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ലോകോത്തര ആസ്തികൾ സൃഷ്ടിക്കുന്നതിനായി റിലയൻസ് ഇന്ത്യയൊട്ടാകെ 150 യുഎസ് ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതിൽ മൂന്നിലൊന്നു ഗുജറാത്തിൽ മാത്രം നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ശ്രീ അംബാനി ഗുജറാത്തിന് 5 വാഗ്ദാനങ്ങളും നൽകി. ഒന്നാമതായി, അടുത്ത 10 വർഷത്തിനുള്ളിൽ ഗണ്യമായ നിക്ഷേപത്തോടെ ഗുജറാത്തിന്റെ വളർച്ചാഗാഥയിൽ റിലയൻസ് പ്രധാന പങ്കു വഹിക്കും; വിശേഷിച്ചും, ഹരിത വളർച്ചയിൽ ഗുജറാത്തിനെ ആഗോളതലത്തിൽ മുൻനിരയിലെത്തിക്കുന്നതിൽ റിലയൻസ് പ്രധാന പങ്കു വഹിക്കും. “2030-ഓടെ പുനരുൽപ്പാദക ഊർജത്തിലൂടെ ഗുജറാത്തിന്റെ ഊർജ ആവശ്യത്തിന്റെ പകുതി നിറവേറ്റാൻ ഞങ്ങൾ സഹായിക്കും”. ജാംനഗറിൽ 5000 ഏക്കറിൽ ധീരുഭായ് എനർജി ഗിഗാ സമുച്ചയം വരുന്നതായും അത് 2024 രണ്ടാം പകുതിയിൽ കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടാമതായി, 5ജി അതിവേഗം പുറത്തിറക്കിയതിനാൽ ഇന്നു ഗുജറാത്ത് പൂർണമായും 5ജി പ്രാപ്തമാക്കിയിരിക്കുന്നു. ഇത് ഡിജിറ്റൽ ഡാറ്റ പ്ലാറ്റ്‌ഫോമിലും നിർമിതബുദ്ധി സ്വീകരിക്കുന്നതിലും ഗുജറാത്തിനെ മുൻനിരയിലെത്തിക്കും. മൂന്നാമതായി, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിനും ലക്ഷക്കണക്കിനു കർഷകരെയും ചെറുകിട വ്യാപാരികളെയും സഹായിക്കുന്നതിനുമായി റിലയൻസ് റീട്ടെയിൽ പാദമുദ്രകൾ വിപുലീകരിക്കും. നാലാമതായി, റിലയൻസ് ഗുജറാത്തിനെ പുതിയ സാമഗ്രികളിലും ചാക്രിക സമ്പദ്‌വ്യവസ്ഥയിലും മുൻ‌നിരയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരമുള്ള കാർബൺ ഫൈബർ സൗകര്യമാണു ഹസീറയിൽ സ്ഥാപിക്കുന്നത്. 2036 ഒളിമ്പിക്സ് ആവശ്യപ്പെടാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് അനുസൃതമായി, ഗുജറാത്തിലെ കായിക-വിദ്യാഭ്യാസ-നൈപുണ്യ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ റിലയൻസും റിലയൻസ് ഫൗണ്ടേഷനും മറ്റു നിരവധി പങ്കാളികളുമായി കൈകോർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉപസംഹാരമായി, ‘ഗുജറാത്ത് വികസനം ഇന്ത്യയുടെ വികസനത്തിന്’ എന്നു പ്രധാനമന്ത്രി പറയാറുണ്ടായിരുന്നെന്നു ശ്രീ അംബാനി അനുസ്മരിച്ചു. ഇപ്പോൾ ‘പ്രധാനമന്ത്രിയെന്ന നിലയിലുള്ള താങ്കളുടെ ദൗത്യം ആഗോള വളർച്ചയ്ക്കായി ഇന്ത്യയുടെ വികസനമാണ്’ എന്ന് ശ്രീ അംബാനി പറഞ്ഞു. ‘താങ്കൾ ആഗോളനന്മയെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുകയും ഇന്ത്യയെ ലോകത്തിന്റെ വളർച്ചായന്ത്രമാക്കുകയും ചെയ്യുന്നു. വെറും രണ്ടു പതിറ്റാണ്ടിനുള്ളിൽ ഗുജറാത്തിൽനിന്ന് ആഗോളതലത്തിലേക്കുള്ള താങ്കളുടെ യാത്രയുടെ കഥ ആധുനിക ഇതിഹാസത്തിനു തുല്യമാണ്’ - അദ്ദേഹം പറഞ്ഞു. 100 ദശലക്ഷക്കണക്കിനു ജനങ്ങൾക്ക് ജീവിതം സുഗമമാക്കാനും എളുപ്പത്തിൽ സമ്പാദിക്കാനും യുവതലമുറയ്ക്കു സമ്പദ്‌വ്യവസ്ഥയിലേക്കു പ്രവേശിക്കാനും നവീകരിക്കാനും ഏറ്റവും മികച്ച സമയമാണ് ഇന്നത്തെ ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ദേശീയവാദിയും അന്തർദേശീയവാദിയും ആയ പ്രധാനമന്ത്രിയോടു വരുംതലമുറകൾ നന്ദിയുള്ളവരായിരിക്കും. താങ്കൾ വികസിത ഭാരതത്തിനു കരുത്തുറ്റ അടിത്തറയിട്ടു”. 2047-ഓടെ ഇന്ത്യ 35 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനു തടയിടാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധ്യമാകില്ലെന്നു പറഞ്ഞാണ് അദ്ദേഹം ഉപസംഹരിച്ചത്. ഗുജറാത്ത് മാത്രം 3 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുന്നത് എനിക്കു കാണാം. മോദിയുഗം ഇന്ത്യയെ സമൃദ്ധിയുടെയും പുരോഗതിയുടെയും മഹത്വത്തിന്റെയും പുതിയ കൊടുമുടികളിലേക്കു കൊണ്ടുപോകുമെന്ന് ഓരോ ഗുജറാത്തിക്കും ഓരോ ഇന്ത്യക്കാരനും ഉറപ്പുണ്ട്.

 

അര്‍ദ്ധചാലക നിര്‍മ്മാണത്തിന് രാജ്യം തുറന്നുകൊടുക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അമേരിക്കയിലെ മൈക്രോണ്‍ ടെക്‌നോളജീസ് സി.ഇ.ഒ സഞ്ജയ് മെഹ്‌റോത്ര നന്ദി പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാന്‍ മുന്നേറുന്ന ഇന്ത്യയ്ക്ക് ഭാവിയില്‍ അത് ഒരു വലിയ സാമ്പത്തിക നേട്ടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒരു അര്‍ദ്ധചാലക ശക്തിയെന്ന നിലയിലെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ ദര്‍ശനപരമായ ആശയങ്ങളെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി അഭിസംബോധന ചെയ്യുന്നുവെന്ന് പ്രസ്താവിച്ച അദ്ദേഹം, ഈ മേഖലയിലെ വിവിധ വളര്‍ച്ചാ സാദ്ധ്യതകളിലേക്ക് വെളിച്ചം വീശുകയും ചെയ്തു. ടാറ്റ പദ്ധതികളുമായുള്ള അടിസ്ഥാന സൗകര്യ പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഗുജറാത്തില്‍ ഒരു ലോകോത്തര മെമ്മറി അസംബ്ലിയും ടെസ്റ്റ് സൗകര്യവും സ്ഥാപിക്കാന്‍ സഹായിച്ചതിന് സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 500,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആദ്യ ഘട്ടം 2025 ന്റെ തുടക്കത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്നും അതുവഴി 5,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 15,000 അധിക കമ്മ്യൂണിറ്റി ജോലികളും വരും വര്‍ഷങ്ങളില്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. ''രണ്ട് ഘട്ടങ്ങളിലുമായി മൈക്രോണും ഗവണ്‍മെന്റും തമ്മിലുള്ള സംയോജിത നിക്ഷേപം 2.75 ബില്യണ്‍ യു.എസ് ഡോളര്‍ വരെ എത്തും'', അദ്ദേഹം പറഞ്ഞു. അര്‍ദ്ധചാലക വ്യവസായത്തില്‍ ഇന്ത്യയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതില്‍ കമ്പനിയുടെ പങ്ക് അദ്ദേഹം അടിവരയിട്ടു.


വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഇതുവരെയുള്ള എല്ലാ പതിപ്പുകളുടെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അഭിമാനം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ അസാധാരണമായ കാഴ്ചപ്പാടിന് നന്ദി പറഞ്ഞ അദാനി, അദ്ദേഹത്തിന്റെ ഹാള്‍മാര്‍ക്ക് സിഗ്‌നേച്ചറുകളായ, മഹത്തായ അഭിലാഷങ്ങളേയും, അതിശ്രദ്ധയോടെയുള്ള ഭരണത്തേയും കുറ്റമറ്റ നിര്‍വ്വഹണത്തേയും പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയുടെ വ്യാവസായിക ഭൂപ്രകൃതിയെ അടിസ്ഥാനപരമായി പുനര്‍നിര്‍മ്മിക്കുന്നതിന് സംസ്ഥാനങ്ങള്‍ മത്സരിച്ചും സഹകരിച്ചും രാജ്യവ്യാപകമായി മുന്നോട്ട് നീങ്ങുന്ന ഒരു പ്രസ്ഥാനത്തിന് തിരികൊളുത്തിയതിന് പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. 2014 മുതല്‍, ഇന്ത്യയുടെ ജി.ഡി.പി (ആഭ്യന്തര ഉല്‍പ്പാദനം) 185% ഉം പ്രതിശീര്‍ഷ വരുമാനം 165% ഉം വര്‍ദ്ധിച്ചുവെന്നതിന് അടിവരയിട്ട അദ്ദേഹം, ഭൗമരാഷ്ട്രീയ അസ്ഥിരതയും മഹാമാരിയുടെ വെല്ലുവിളികളും അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തില്‍ പ്രത്യേകിച്ചും ഇത് ശ്രദ്ധേയമാണെമന്നും അഭിപ്രായപ്പെട്ടു. ആഗോള വേദികളില്‍ ശബ്ദം ഉയര്‍ത്താന്‍ ശ്രമിക്കുന്ന ഒരു രാജ്യത്ത് നിന്ന് ഇപ്പോള്‍ ആഗോള വേദികള്‍ സൃഷ്ടിക്കുന്ന ഒന്നിലേക്കുള്ള നമ്മുടെ രാജ്യത്തിന്റെ പ്രയാണത്തെ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, അന്താരാഷ്ട്ര വേദികളില്‍ പ്രധാനമന്ത്രി കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ചു. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചതും ഇന്ത്യയുടെ ജി 20 ആദ്ധ്യക്ഷകാലത്തെ പ്രധാനമന്ത്രിയുടെ നേതൃത്വവും, ഗ്ലോബല്‍ സൗത്തിനെ ജി 20 ല്‍ ഉള്‍പ്പെടുത്തിയതും പരാമര്‍ശിച്ച അദാനി, ഇത് കൂടുതല്‍ ഉള്‍ച്ചേര്‍ക്കുന്ന ലോകക്രമത്തിനുള്ള മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചതായും ഇത് ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷമാണെന്നും പറഞ്ഞു. ''നിങ്ങള്‍ ഭാവി പ്രവചിക്കുകയല്ല, മറിച്ച് അത് രൂപപ്പെടുത്തുന്നു'', ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന രാഷ്ട്രമായി ഇന്ത്യയെ പുനഃക്രമീകരിച്ചതിന്റെയും വസുധൈവ കുടുംബകത്തിന്റെയും വിശ്വഗുരുവിന്റെയും തത്ത്വചിന്തകളാല്‍ നയിക്കപ്പെടുന്ന ആഗോള സാമൂഹിക ചാമ്പ്യനായി രാജ്യത്തെ ഉയര്‍ത്തിയതിന്റെയും നേട്ടം പ്രധാനമന്ത്രിക്ക് നല്‍കിക്കൊണ്ട് ശ്രീ അദാനി പറഞ്ഞു. ഇന്നത്തെ ഇന്ത്യ നാളെയുടെ ആഗോള ഭാവി രൂപപ്പെടുത്താന്‍ സജ്ജമായതിന് 2047ഓടെ ഇന്ത്യയെ വികസിത് ഭാരത് ആക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ വീക്ഷണത്തോടാണ് കടപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2025-ഓടെ സംസ്ഥാനത്ത് 55,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും വിവിധ മേഖലകളില്‍ 50,000 കോടി രൂപയെന്ന നിക്ഷേപക ലക്ഷ്യം മറികടന്നുകൊണ്ട് പ്രത്യക്ഷമായും പരോക്ഷമായും 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടി ഹരിത വിതരണ ശൃംഖല വ്യാപിക്കുന്നതിലും സൗരോര്‍ജ്ജ പാനലുകള്‍, വിന്‍ഡ് ടര്‍ബൈനുകള്‍ (കാറ്റാടികള്‍), ഹൈഡ്രോ ഇലക്‌ട്രോലൈസറുകള്‍, ഹരിത അമോണിയ, പി.വി.സി എന്നിവയും കോപ്പര്‍, സിമന്റ് പദ്ധതികളുടെ വിപുലീകരണവും ഉള്‍പ്പെടെയുള്ള ഏറ്റവും വലിയ സംയോജിത പുനരുപയോഗ ഊര്‍ജ്ജ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഗുജറാത്തില്‍ 2 ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കാനും അതുവഴി ഒരു ലക്ഷത്തിലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിയെക്കുറിച്ചും അദ്ദേഹം അറിയിച്ചു.


ഗുജറാത്തിലെ തങ്ങളുടെ പ്രധാന ഉപഭോക്താവായ മൈക്രോണിന്റെ പദ്ധതിയെത്തുടര്‍ന്ന് കോ-ലൊക്കേഷന്‍ നിക്ഷേപമെന്ന നിലയില്‍ തങ്ങളുടെ ഇന്ത്യ പ്രോജക്ടിൽ ആവേശഭരിതരാണെന്ന് അര്‍ദ്ധചാലക അസംബ്ലിയിലേയും ടെസ്റ്റ് സൗകര്യങ്ങളിലെയും പ്രധാന വിതരണ ശൃംഖല പങ്കാളിയെന്ന നിലയിൽ ദക്ഷിണ കൊറിയ സിംടെക് സി.ഇ.ഒ ജെഫ്രി ചുന്‍ പറഞ്ഞു. ഇന്ത്യയെപ്പോലെ അതിവേഗം വളരുന്ന രാജ്യത്ത് ഒരു പുതിയ വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനുള്ള ആഗോള സംഘടിതപ്രവര്‍ത്തനത്തിനെ ഉയര്‍ത്തിക്കാട്ടുകയാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു റൗണ്ട് കോലോക്കേഷന്‍ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണെന്ന് അറിയിച്ച അദ്ദേഹം സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകളുടെ പിന്തുണ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത് അര്‍ദ്ധചാലക വിതരണ ശൃംഖലയിലെ ഇന്ത്യയുടെ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കുകയും ആഗോള വിതരണ ശൃംഖല പരിസ്ഥിതിയുടെ ഭാഗമാകാന്‍ ഇന്ത്യയുടെ പ്രാദേശിക നിര്‍മ്മാതാക്കളെ പ്രാപ്തരാക്കുകയും ചെയ്യും.


''ഗുജറാത്തിന്റെ ഇത്രയും കാലത്തെ സ്ഥിരതയാര്‍ന്നതും ശ്രദ്ധേയമായതുമായ പുരോഗതി, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ദര്‍ശനാത്മക നേതൃത്വത്തേയും ചിന്താഗതിയേയും വ്യക്തമായി പ്രകടമാക്കുന്നു'' ടാറ്റ സണ്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. സാമ്പത്തിക വികസനം വലിയ സാമൂഹിക വികസനത്തിന് കാരണമായിട്ടുണ്ടെന്നും ഗുജറാത്ത് ഭാവിയിലേക്കുള്ള കവാടമായി സ്വയം സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നതിനും അദ്ദേഹം അടിവരയിട്ടു. ഗുജറാത്തിലെ ടാറ്റ ഗ്രൂപ്പിന്റെ ഉത്ഭവം എടുത്തുപറഞ്ഞ അദ്ദേഹം കമ്പനി സ്ഥാപകന്‍ ജംഷഡ്ജി ടാറ്റ നവസാരിയിലാണ് ജനിച്ചതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇന്ന് 21 ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ക്ക് സംസ്ഥാനത്ത് ശക്തമായ സാന്നിദ്ധ്യമുണ്ട്. ഇ.വി (വൈദ്യുത) വാഹനങ്ങള്‍, ബാറ്ററി ഉല്‍പ്പാദനം, സി295 പ്രതിരോധ വിമാനങ്ങള്‍, അര്‍ദ്ധചാലക ഫാബ്, അഡ്വാന്‍സ് മാനുഫാക്ചറിംഗ് സ്‌കില്‍ ബില്‍ഡിംഗ് എന്നീ മേഖലകളില്‍ ഗ്രൂപ്പിന്റെ ഗുജറാത്തിലെ വിപുലീകരണ പദ്ധതിയും അദ്ദേഹം വിശദീകരിച്ചു. ''ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്, അതിന്റെ വികസന യാത്രയില്‍ ഞങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കും'' അദ്ദേഹം പറഞ്ഞു.

ഉച്ചകോടി സംഘടിപ്പിച്ചതിന് ഗുജറാത്ത് സര്‍ക്കാരിനെ അഭിനന്ദിക്കവേ, ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാകുന്നത് സന്തോഷകരമാണെന്ന് ഡിപി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞു. 'വികസിത ഭാരതം @ 2047' എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഇന്ത്യയുടെ പ്രധാന വ്യാവസായിക വേദി എന്ന നിലയില്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയെ അതിന്റെ വിസ്മയകരമായ ഉയര്‍ച്ചയിൽ എത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗിഫ്റ്റ് സിറ്റി, ധോലേര പ്രത്യേക നിക്ഷേപ മേഖല, ഗുജറാത്ത് മാരിടൈം ക്ലസ്റ്റര്‍ തുടങ്ങി വിവിധ വ്യാവസായിക ക്ലസ്റ്ററുകള്‍ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് ഗവണ്‍മെന്റിനെ പ്രശംസിക്കുകയും ഭാവിയിലേക്കുള്ള കവാടമായി ഇത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, 2017 മുതല്‍ 2.4 ലക്ഷം കോടി ഡോളറിലധികം നിക്ഷേപിച്ച ഗുജറാത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരില്‍ ഒന്നാണ് യുഎഇ എന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 7 ലക്ഷം കോടി യുഎസ് ഡോളറിലധികം മൂല്യമുള്ള ചരക്കുകള്‍ ഗുജറാത്ത് കയറ്റുമതി ചെയ്തതായും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് സൂചിപ്പിച്ച സുലേയം, പ്രധാനമന്ത്രിയുടെ ശക്തമായ നേതൃത്വത്തിന് കീഴില്‍ വളര്‍ച്ച തുടരുമെന്ന് ഊന്നിപ്പറഞ്ഞു. ഇന്ത്യയെയും ഗുജറാത്തിനെയും സാമ്പത്തിക ശക്തി കേന്ദ്രങ്ങളായി തിരിച്ചറിയാന്‍ സഹായിക്കുന്ന ഗതിശാകിത് പോലുള്ള നിക്ഷേപ സംരംഭങ്ങള്‍ക്ക് അദ്ദേഹം അംഗീകാരം നല്‍കി. 2 ദശലക്ഷം കണ്ടെയ്നറുകള്‍ ശേഷിയുള്ള ഗുജറാത്തിലെ കാണ്ട്ലയില്‍ അത്യാധുനിക കണ്ടെയ്നര്‍ ടെര്‍മിനലുകളില്‍ നിക്ഷേപിക്കാനും വികസിപ്പിക്കാനുമുള്ള ഡിപി വേള്‍ഡിന്റെ പദ്ധതിയെക്കുറിച്ച് അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ ചരക്കു ഗതാഗത അടിസ്ഥാന സൗകര്യം വിപുലീകരിക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി സഹകരിക്കുന്നതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമാകാനുള്ള അവസരത്തിന് ഗുജറാത്ത് ഗവണ്‍മെന്റിന് നന്ദി പറയുകയും ചെയ്തു.
ഉല്‍പ്പാദനപരമായ നിര്‍മിതബുദ്ധിയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടി എന്‍വിഡിയ സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീ ശങ്കര്‍ ത്രിവേദി, ഇന്ത്യാ ഗവണ്‍മെന്റിലെ മുതിര്‍ന്ന അംഗങ്ങളായ നേതാക്കളോട് ഒരു പ്രഭാഷണം നടത്താന്‍ എന്‍വിഡിയയുടെ സിഇഒ ശ്രീ ജെന്‍സന്‍ ഹുവാങ്ങിനെ പ്രധാനമന്ത്രി മോദി ക്ഷണിച്ചതായി അനുസ്മരിച്ചു, ''ഇത് ആദ്യമായാണ് ഒരു ലോക നേതാവ് യഥാര്‍ത്ഥത്തില്‍ നിര്‍മിതബുദ്ധിയെക്കുറിച്ച് സംസാരിക്കുന്നത്. പ്രധാനമന്ത്രി മോദിജിയുടെ നേതൃത്വത്തിന് നന്ദി, ഇത് ഇന്ത്യയിലും ഗുജറാത്തിലും നിര്‍മിതബുദ്ധി സ്വീകരിക്കുന്നതിനുള്ള ഒരു ഉത്തേജനമാണ്. ''ഇന്ത്യയ്ക്ക് അതിശയകരമായ  കഴിവും അതുല്യമായ സംസ്‌കാരവുമുണ്ട്'',  ഉല്‍പ്പാദനപരമായ നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട് നൈപുണ്യ വികസനത്തിലേക്കുള്ള എന്‍വിഡിയയുടെ മുന്നേറ്റങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കുന്നതിള്ള എന്‍വിഡിയയുടെ പിന്തുണയും അദ്ദേഹം അടിവരയിട്ടു.


സെറോദയുടെ സ്ഥാപകനും സിഇഒയുമായ നിഖില്‍ കാമത്ത്, കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിലേക്ക് വെളിച്ചം വീശുകയും ഒരു സംരംഭകന്‍ എന്ന നിലയിലുള്ള തന്റെ യാത്രയ്ക്ക് അതുമായുള്ള സാമ്യം വരച്ചുകാട്ടുകയും ചെയ്തു. രാജ്യത്തെ കഴിഞ്ഞ പത്തു വര്‍ഷത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെയും ചെറുകിട സംരംഭകരുടെയും ഇ-കൊമേഴ്സിന്റെയും ഉയര്‍ച്ചയെയും അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ 10 വര്‍ഷം അവിശ്വസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ടപ്പുകളെ തഴച്ചുവളരാന്‍ അനുവദിക്കുന്ന സുസ്ഥിരമായ ആവാസവ്യവസ്ഥയ്ക്ക് സൗകര്യമൊരുക്കിയതിന് പ്രധാനമന്ത്രിയെ അദ്ദേഹം പ്രശംസിച്ചു

NK

(Release ID: 1994849) Visitor Counter : 130