പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു
“2024ലെ ആദ്യത്തെ പൊതുപരിപാടി ഇന്ത്യയിലെ യുവാക്കൾക്കിടയിലായതിൽ ഏറെ സന്തോഷമുണ്ട്”
“കരുത്തുറ്റതും പക്വവുമായ അടിത്തറയിലാണ് ഭാരതിദാസൻ സർവകലാശാലയ്ക്കു തുടക്കംകുറിച്ചത്”
“ഏതു രാജ്യത്തിനും ദിശാബോധം നൽകുന്നതിൽ സർവകലാശാലകൾ നിർണായക പങ്ക് വഹിക്കുന്നു”
“നമ്മുടെ രാഷ്ട്രവും നാഗരികതയും എല്ലായ്പോഴും അറിവിനെ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്”
“2047 വരെയുള്ള വർഷങ്ങൾ നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാക്കി മാറ്റാനുള്ള യുവാക്കളുടെ കഴിവിൽ എനിക്കു വിശ്വാസമുണ്ട്”
“യുവത്വം എന്നാൽ ഊർജമെന്നാണർഥം. വേഗത, വൈദഗ്ധ്യം, അളവുകോലുകൾ എന്നിവയുപയോഗിച്ചു പ്രവർത്തിക്കാനുള്ള കഴിവ് എന്നാണ് ഇതിനർഥം”
“എല്ലാ ആഗോള പ്രതിവിധികളുടെയും ഭാഗമായി ഇന്ത്യ സ്വീകരിക്കപ്പെടുന്നു”
“പലവിധത്തിൽ, പ്രാദേശികവും ആഗോളവുമായ ഘടകങ്ങളാൽ, ഇന്ത്യയിൽ ചെറുപ്പക്കാരായിരിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്”
Posted On:
02 JAN 2024 12:04PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.
ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങ് 2024ലെ തന്റെ ആദ്യ പൊതുപരിപാടിയാണ് എന്നതിനാൽ ഏറെ സവിശേഷമാണെന്നു സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. അതിമനോഹര സംസ്ഥാനമായ തമിഴ്‌നാട്ടിൽ യുവാക്കൾക്കിടയിൽ സന്നിഹിതനാകാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ബിരുദധാരികളായ വിദ്യാർഥികൾക്കും അവരുടെ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ച പ്രധാനമന്ത്രി, ഭാരതിദാസൻ സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മാറിയതിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
സർവകലാശാല കെട്ടിപ്പടുക്കുന്നതു സാധാരണ നിലയിൽ നിയമനിർമാണപ്രക്രിയയാണെന്നും, ക്രമേണ പുതിയ കോളേജുകൾ സംയോജിപ്പിക്കുകയും സർവകലാശാല വളരുകയും ചെയ്യുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, ഭാരതിദാസൻ സർവകലാശാല വ്യത്യസ്തമായാണു സൃഷ്ടിക്കപ്പെട്ടത്. സർവകലാശാല സൃഷ്ടിക്കുന്നതിനും കരുത്തുറ്റതും പക്വവുമായ അടിത്തറ നൽകുന്നതിനും നിലവിലുള്ള നിരവധി പ്രശസ്തമായ കോളേജുകൾ ഒന്നിച്ചുകൊണ്ടുവന്നു. ഇതു സർവകലാശാലയെ പല മേഖലകളിലും ഫലപ്രദമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
“നമ്മുടെ രാഷ്ട്രവും നാഗരികതയും എല്ലായ്പ്പോഴും അറിവിനെ കേന്ദ്രീകരിച്ചാണു നിലകൊള്ളുന്നത്”- നളന്ദ, തക്ഷശില എന്നീ പുരാതന സർവകലാശാലകളിലേക്കു വെളിച്ചം വീശി പ്രധാനമന്ത്രി പറഞ്ഞു. കാഞ്ചീപുരം, ഗംഗൈകൊണ്ട ചോളപുരം, മധുര എന്നിവ ലോകമെമ്പാടുമുള്ള വിദ്യാർഥികൾ പതിവായി സന്ദർശിക്കുന്ന മഹത്തായ സർവകലാശാലകളുള്ള ഇടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ബിരുദദാനസമ്മേളനമെന്ന പ്രാചീന സങ്കൽപ്പത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, തമിഴ് സംഗമം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സംഗമത്തിൽ കവികളും ബുദ്ധിജീവികളും കവിതയും സാഹിത്യരചനകളും വിശകലനത്തിനായി അവതരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതു വലിയ സമൂഹത്തിന്റെ സൃഷ്ടികളെ അംഗീകരിക്കുന്നതിലേക്കു നയിച്ചു. ഈ യുക്തിയാണ് ഇന്നും അക്കാദമികരംഗത്തും ഉന്നതവിദ്യാഭ്യാസരംഗത്തും ഉപയോഗിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. “യുവവിദ്യാർഥികൾ വിജ്ഞാനത്തിന്റെ മഹത്തായ ചരിത്രപാരമ്പര്യത്തിന്റെ ഭാഗമാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രത്തിനു ദിശാബോധം നൽകുന്നതിൽ സർവകലാശാലകളുടെ പങ്കിനെക്കുറിച്ചു വെളിച്ചംവീശിയ പ്രധാനമന്ത്രി, ഊർജസ്വലമായ സർവകലാശാലകളുടെ സാന്നിധ്യത്താൽ രാഷ്ട്രവും നാഗരികതയും ഏതുരീതിയിലാണ് ഊർജസ്വലമായതെന്ന് അനുസ്മരിച്ചു. രാജ്യം ആക്രമിക്കപ്പെടുമ്പോൾ രാജ്യത്തിന്റെ വിജ്ഞാനസമ്പ്രദായത്തെയും ലക്ഷ്യം വച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, സർ അണ്ണാമലൈ ചെട്ടിയാർ എന്നിവരെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവർ ആരംഭിച്ച സർവകലാശാലകൾ സ്വാതന്ത്ര്യസമരകാലത്തു വിജ്ഞാനത്തിന്റെയും ദേശീയതയുടെയും കേന്ദ്രങ്ങളായി മാറിയെന്നും ചൂണ്ടിക്കാട്ടി. അതുപോലെ, ഇന്ത്യയുടെ ഉയർച്ചയ്ക്കു പിന്നിലെ ഘടകങ്ങളിലൊന്ന് സർവകലാശാലകളുടെ ഉയർച്ചയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക വളർച്ചയിൽ ഇന്ത്യ റെക്കോർഡുകൾ സ്ഥാപിച്ചതും, അതിവേഗം വളരുന്ന അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയതും, ഇന്ത്യയിലെ സർവകലാശാലകൾ റെക്കോർഡ് സംഖ്യയിൽ ആഗോള റാങ്കിങ്ങിൽ ഇടംനേടിയതും അദ്ദേഹം പരാമർശിച്ചു.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും പണ്ഡിതന്മാരെ സമൂഹം എങ്ങനെ കാണുന്നുവെന്നതിനെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കാന്‍ പ്രധാനമന്ത്രി യുവ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. എല്ലാ അസ്തിത്വങ്ങളോടും യോജിച്ച് ജീവിക്കാന്‍ വിദ്യാഭ്യാസം നമ്മെ പഠിപ്പിക്കുന്നതെങ്ങനെയെന്നതിന് അദ്ദേഹം ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിനെ ഉദ്ധരിച്ചു. ഈ ദിവസംവരെ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതില്‍ മുഴുവന്‍ സമൂഹവും പങ്കുവഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം അവര്‍ക്ക് മെച്ചപ്പെട്ട സമൂഹവും രാജ്യവും തിരികെ സൃഷ്ടിച്ചു നല്‍കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുകയും ചെയ്തു. ''ഒരു തരത്തില്‍ പറഞ്ഞാല്‍, ഇവിടെയുള്ള ഓരോ ബിരുദധാരിക്കും 2047-ഓടെ ഒരു വികസിത ഇന്ത്യ സൃഷ്ടിക്കാന്‍ സംഭാവന നല്‍കാന്‍ കഴിയും''.
രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷങ്ങളാക്കി 2047 വരെയുള്ള വര്‍ഷം മാറ്റാനുള്ള യുവജനങ്ങളുടെ കഴിവിലുള്ള തന്റെ ആത്മവിശ്വാസം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. 'നമുക്ക് ധീരമായ ഒരു പുതിയ ലോകം സൃഷ്ടിക്കാം' എന്ന സര്‍വകലാശാലയുടെ മുദ്രാവാക്യം പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ യുവത ഇപ്പോള്‍ തന്നെ അത്തരമൊരു ലോകം സൃഷ്ടിക്കുകയാണെന്നും പറഞ്ഞു. മഹാമാരിക്കാലത്ത് വാക്‌സിനുകള്‍ സൃഷ്ടിച്ചതും, ചന്ദ്രയാനും, 2014ലെ 4000ല്‍ നിന്നും പേറ്റന്റുകളുടെ എണ്ണം ഏകദേശം 50,000 ആയി ഉയര്‍ന്നതുമൊക്കെ ചൂണ്ടിക്കാട്ടികൊണ്ട് യുവ ഇന്ത്യക്കാരുടെ സംഭാവന അദ്ദേഹം എടുത്തുകാട്ടി. ഇന്ത്യന്‍ ഹ്യുമാനിറ്റീസ് പണ്ഡിതന്മാര്‍ മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യയുടെ കഥ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കായികതാരങ്ങള്‍, സംഗീതജ്ഞര്‍, കലാകാരന്മാര്‍ എന്നിവരുടെ നേട്ടങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ''എല്ലാ മേഖലകളിലും പുതിയ പ്രതീക്ഷയോടെ എല്ലാവരും നിങ്ങളെ ഉറ്റുനോക്കുന്ന വേളയിലാണ് നിങ്ങള്‍ ലോകത്തിലേക്ക് പ്രവേശിക്കുന്നത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''യുവത്വം എന്നാല്‍ ഊര്‍ജ്ജമാണ്. വേഗതയോടും വൈദഗ്ധ്യത്തോടും വലിയ അളവിലും പ്രവര്‍ത്തിക്കാനുള്ള കഴിവെന്നാണ് ഇതിനര്‍ത്ഥം'', കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതേ വേഗത്തിലും അളവിലും വിദ്യാര്‍ത്ഥികളെ പൊരുത്തപ്പെടുത്താന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുവെന്നതിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ, രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74ല്‍ നിന്ന് 150 എന്ന നിലയില്‍ ഇരട്ടിയാക്കിയത്, എല്ലാ പ്രധാന തുറമുഖങ്ങളുടെയും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി ഇരട്ടിയാക്കിയത്, ഹൈവേകളുടെ നിര്‍മ്മാണത്തിന്റെ വേഗതയും വ്യാപ്തിയും ഇരട്ടിയാക്കിയത് 2014ല്‍ 100ന് താഴെയുണ്ടായിരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഒരുലക്ഷത്തോളം വളര്‍ന്നതുമൊക്കെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. സുപ്രധാന സമ്പദ്‌വ്യവസ്ഥകളുമായി ഇന്ത്യ നിരവധി വ്യാപാര ഇടപാടുകള്‍ നേടിയെടുക്കുന്നതിനെക്കുറിച്ചും അതുവഴി ഇന്ത്യയുടെ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും പുതിയ വിപണികള്‍ തുറക്കുന്നതിനെക്കുറിച്ചും അതോടൊപ്പം യുവജനങ്ങള്‍ക്ക് എണ്ണമറ്റ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു. ജി 20 പോലുള്ള സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുക, ആഗോള വിതരണ ശൃംഖലയില്‍ വലിയ പങ്ക് വഹിക്കുക എന്നിവയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് എല്ലാ ആഗോള പരിഹാരങ്ങളുടെയും ഭാഗമായി ഇന്ത്യ സ്വാഗതം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ''പ്രാദേശികവും ആഗോളവുമായ ഘടകങ്ങള്‍ കാരണം, വിവിധ വഴികളില്‍ ഇന്ത്യയില്‍ യുവജനങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്,'' ഈ സമയം പരമാവധി പ്രയോജനപ്പെടുത്താനും രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു.
സര്‍വകലാശാല യാത്ര ഇന്ന് അവസാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പഠന യാത്രയ്ക്ക് അവസാനമില്ലെന്നും തറപ്പിച്ചു പറഞ്ഞു. ''ഇനി ജീവിതം നിങ്ങളുടെ അദ്ധ്യാപകരാകും'', അദ്ദേഹം പറഞ്ഞു. നിരന്തരമായ പഠനത്തിന്റെ മനോഭാവത്തില്‍ പഠിച്ചത് മറക്കാതിരിക്കാനും പുനര്‍ നൈപുണ്യത്തിനും നൈപുണ്യവര്‍ദ്ധനയ്ക്കും സജീവമായി പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്നതിനും അദ്ദേഹം അടിവരയിട്ടു. ''അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഒന്നുകില്‍ നിങ്ങള്‍ മാറ്റത്തെ നയിക്കക, അല്ലെങ്കില്‍ മാറ്റം നിങ്ങളെ നയിക്കും'', പ്രധാനമന്ത്രി മോദി ഉപസംഹരിച്ചു.
തമിഴ്‌നാട് ഗവര്‍ണറും ഭാരതിദാസന്‍ സര്‍വകലാശാല ചാന്‍സലറുമായ ശ്രീ ആര്‍. എന്‍. രവി, തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ എം.കെ. സ്റ്റാലിന്‍, വൈസ് ചാന്‍സലര്‍ ഡോ എം. സെല്‍വം, പ്രോ ചാന്‍സലര്‍ ശ്രീ ആര്‍. എസ് രാജകണ്ണപ്പന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
NS
(Release ID: 1992334)
Visitor Counter : 101
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada