ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ  കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പൊതുജനാരോഗ്യ സംവിധാനങ്ങളും തയ്യാറെടുപ്പുകളും അവലോകനം ചെയ്തു

Posted On: 20 DEC 2023 1:01PM by PIB Thiruvananthpuram

ന്യൂഡൽഹി : 20  ഡിസംബർ 2023

രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  കോവിഡ്   നിരീക്ഷണത്തിനും നിയന്ത്രണത്തിനും കൈകാര്യം ചെയ്യുന്നതിനുള്ള  പൊതുജനാരോഗ്യ സംവിധാനത്തിന്റെ തയ്യാറെടുപ്പുകൾ  അവലോകനം ചെയ്യുന്നതിനായി   കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര സഹമന്ത്രിമാരായ പ്രൊഫ. എസ് പി സിംഗ് ബാഗേൽ, ഡോ ഭാരതി പ്രവീൺ പവാർ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി കെ പോൾ എന്നിവർ സന്നിഹിതരായിരുന്നു. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും യോഗത്തിൽ നേരിട്ടും ഓൺലൈൻ ആയും പങ്കെടുത്തു .

ചൈന, ബ്രസീൽ, ജർമ്മനി, അമേരിക്ക തുടങ്ങി ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന COVID-19 കേസുകൾ ഉയർത്തുന്ന വെല്ലുവിളി കണക്കിലെടുത്തും , വരാനിരിക്കുന്ന ഉത്സവകാലവും പരിഗണിച്ച് , പുതിയ കോവിഡ് വകഭേദങ്ങൾക്കെതിരെ ജാഗ്രതയോടെയിരിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര ആരോഗ്യമന്ത്രി എടുത്തുപറഞ്ഞു. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞ കേന്ദ്രമന്ത്രി , ഉചിതമായ പൊതുജനാരോഗ്യ പ്രതികരണ  സംവിധാനം നടപ്പിലാക്കുന്നതിന് പുതിയ കോവിഡ് കേസുകൾ, ലക്ഷണങ്ങൾ, രോഗത്തിന്റെ തീവ്രത എന്നിവ നിരീക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു .


"ഗവൺമെന്റ് ഒന്നടങ്കം" എന്ന സമീപനത്തോടെ നിലവിലുള്ള സാഹചര്യം നേരിടാൻ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ശ്രീ മാണ്ഡവ്യ ഊന്നിപ്പറഞ്ഞു. ഇന്ത്യൻ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം (INSACOG) നെറ്റ്‌വർക്ക് വഴി വകഭേദങ്ങൾ ട്രാക്കുചെയ്യുന്നതിന് പോസിറ്റീവ് കേസ് സാമ്പിളുകളുടെ മുഴുവൻ ജീനോം സീക്വൻസിംഗിനായുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ അദ്ദേഹം നിർദ്ദേശം നൽകി. രാജ്യത്ത് പടരുന്ന പുതിയ വകഭേദങ്ങൾ യഥാസമയം കണ്ടെത്തി ഉചിതമായ പൊതുജനാരോഗ്യ നടപടികൾ കൈക്കൊള്ളുന്നതിനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കോവിഡ് വകഭേദങ്ങൾ ഉണ്ടെങ്കിൽ അവ കണ്ടെത്തുന്നതിനായി പരിശോധന വേഗത്തിലാക്കാനും ദിവസേനയുള്ള COVID-19 പോസിറ്റീവ് കേസുകളുടെയും ന്യുമോണിയ പോലുള്ള അസുഖങ്ങളുടെയും സാമ്പിളുകൾ INSACOG ജീനോം സീക്വൻസിംഗ് ലബോറട്ടറികളിലേക്ക് (IGSLs) അയക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും, നിരീക്ഷണം വർദ്ധിപ്പിക്കണമെന്നും, മരുന്നുകൾ, ഓക്സിജൻ സിലിണ്ടറുകൾ, കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ, വാക്സിനുകൾ എന്നിവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കണം എന്നും കേന്ദ്ര ആരോഗ്യമന്ത്രി നിർദേശം നൽകി. PSA പ്ലാന്റുകൾ, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ പ്രവർത്തനം വിലയിരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഓരോ മൂന്ന് മാസത്തിലും മോക്ക് ഡ്രില്ലുകൾ നടത്തണമെന്നും മികച്ച ശീലങ്ങൾ പങ്കുവെക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ശ്വാസകോശ ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വസ്തുതാപരമായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് ഉറപ്പുവരുത്താനും വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന പരിഭ്രാന്തി കുറയ്ക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. കോവിഡ് കേസുകൾ , പരിശോധനകൾ, പോസിറ്റീവ് കണക്കുകൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ കോവിഡ് പോർട്ടലിൽ യഥാസമയം പങ്കിടാൻ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു. സമയാസമയങ്ങളിൽ നിരീക്ഷണം നടത്തുന്നതിനും പൊതുജനാരോഗ്യ നടപടികൾ വേഗത്തിലാക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.

 
SKY
 


(Release ID: 1988654) Visitor Counter : 127