പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ‘കാശി തമിഴ് സംഗമം 2023’ ഉദ്ഘാടനം ചെയ്തു


തിരുക്കുറലിന്റെയും മണിമേകലൈയുടെയും മറ്റ് ഇതിഹാസ തമിഴ് സാഹിത്യകൃതികളുടെയും വിവിധ ഭാഷാ- ബ്രെയിൽ ലിപി വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

കന്യാകുമാരി-വാരാണസി തമിഴ് സംഗമം ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

"കാശി തമിഴ് സംഗമം 'ഏകഭാരം, ശ്രേഷ്ഠഭാരതം' എന്ന മനോഭാവത്തിനു കരുത്തേകുന്നു"

"കാശിയും തമിഴ്നാടും തമ്മിലുള്ള ബന്ധം വൈകാരികവും സർഗാത്മകവുമാണ്"

"ആത്മീയ വിശ്വാസങ്ങളിൽ വേരൂന്നിയതാണ് രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ സ്വത്വം"

"നാം പങ്കിടുന്ന പൈതൃകം നമ്മുടെ ബന്ധങ്ങളുടെ ആഴം നമുക്ക് അ‌നുഭവവേദ്യമാക്കുന്നു"


Posted On: 17 DEC 2023 8:11PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ 'കാശി തമിഴ് സംഗമം 2023' ഉദ്ഘാടനം ചെയ്തു. കന്യാകുമാരി-വാരാണാസി തമിഴ് സംഗമം ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത അ‌ദ്ദേഹം, തിരുക്കുറലിന്റെയും മണിമേകലൈയുടെയും മറ്റ് ഇതിഹാസ തമിഴ് സാഹിത്യകൃതികളുടെയും വിവിധ ഭാഷകളിലേക്കും ബ്രെയിൽ ലിപിയിലേക്കുമുള്ള വിവർത്തനങ്ങൾ പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനത്തിനും സാംസ്കാരികപരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. 'കാശി തമിഴ് സംഗമം' ലക്ഷ്യമിടുന്നത്, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനവുമായ രണ്ട് പഠനകേന്ദ്രങ്ങളായ തമിഴ്നാടിനും കാശിക്കുമിടയിലുള്ള പുരാതനമായ ബന്ധങ്ങൾ ആഘോഷിക്കലും പുനഃസ്ഥാപിക്കലും പുനരന്വേഷണവുമാണ്.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഏവരേയും അതിഥികളായല്ല, കുടുംബാംഗങ്ങൾ എന്ന നിലയിലാണ് പ്രധാനമന്ത്രി സ്വാഗതം ചെയ്തത്. തമിഴ്‌നാട്ടിൽനിന്നു കാശിയിൽ എത്തിച്ചേരുക എന്നാൽ മഹാദേവന്റെ ഒരു വാസസ്ഥലത്ത് നിന്ന് മറ്റൊന്നിലേക്ക്, അതായത് മധുര മീനാക്ഷി മുതൽ കാശി വിശാലാക്ഷി വരെ, യാത്ര ചെയ്യുക എന്നാണ് അ‌ർഥമാക്കുന്നതെന്ന് അ‌ദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെയും കാശിയിലെയും ജനങ്ങൾ തമ്മിലുള്ള അതുല്യമായ സ്നേഹവും ബന്ധവും എടുത്തുകാട്ടിയ പ്രധാനമന്ത്രി, കാശിയിലെ പൗരന്മാരുടെ ആതിഥ്യമര്യാദയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മഹാദേവന്റെ അനുഗ്രഹത്തോടൊപ്പം, കാശിയുടെ സംസ്‌കാരവും ഭക്ഷ്യവിഭവങ്ങളും ഓർമകളുമായാകും പങ്കെടുക്കുന്നവർ തമിഴ്‌നാട്ടിലേക്ക് മടങ്ങുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ പ്രസംഗത്തിന്റെ തത്സമയ വിവർത്തനത്തിൽ ഇതാദ്യമായി നിർമിതബുദ്ധി ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മോദി, ഭാവി പരിപാടികളിൽ അതിന്റെ ഉപയോഗം ആവർത്തിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു.

കന്യാകുമാരി-വാരാണസി തമിഴ് സംഗമം ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത പ്രധാനമന്ത്രി, തിരുക്കുറൾ, മണിമേകലൈ, മറ്റ് ഇതിഹാസ തമിഴ് സാഹിത്യകൃതികൾ എന്നിവയുടെ ബഹുഭാഷാ-ബ്രെയിലി വിവർത്തനങ്ങൾ പ്രകാശനം ചെയ്തു. കാശി-തമിഴ് സംഗമത്തിന്റെ പ്രകമ്പനങ്ങൾ രാജ്യത്തും ലോകത്തും വ്യാപിക്കുകയാണെന്ന് സുബ്രഹ്മണ്യ ഭാരതിയെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാർഥികൾ, കലാകാരർ, എഴുത്തുകാർ, കരകൗശലവിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ ലക്ഷക്കണക്കിനുപേർ 'കാശി തമിഴ് സംഗമം' ആരംഭിച്ചതുമുതൽ സംവാദത്തിനും ആശയ വിനിമയത്തിനുമുള്ള ഫലപ്രദമായ വേദിയാക്കി മാറ്റിയെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. വിദ്യാശക്തി ഉദ്യമത്തിനുകീഴിൽ ബനാറസ് ഹിന്ദു സർവകലാശാലയും ചെന്നൈ ഐഐടിയും സംയുക്തമായി വാരാണസിയിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ശാസ്ത്ര-ഗണിതവിഷയങ്ങളിൽ ഓൺലൈൻ പിന്തുണ നൽകുന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഈ സമീപകാല സംഭവവികാസങ്ങൾ കാശിയിലെയും തമിഴ്‌നാട്ടിലെയും ജനങ്ങൾ തമ്മിലുള്ള വൈകാരികവും സർഗാത്മകവുമായ ബന്ധത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കാശി തമിഴ് സംഗമം 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന മനോഭാവത്തിനു കരുത്തേകുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. കാശി തെലുങ്ക് സംഗമം, സൗരാഷ്ട്ര കാശി സംഗമം എന്നിവയുടെ സംഘാടനത്തിന് പിന്നിൽ ഈ മനോഭാവമായിരുന്നു- അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ രാജ്ഭവനുകളിലും മറ്റ് സംസ്ഥാന രൂപീകരണ ദിനങ്ങൾ ആഘോഷിക്കുന്ന പുതിയ പാരമ്പര്യത്തിൽ നിന്ന് 'ഏകഭാരതം, ശ്രേഷ്ഠഭാരതം' എന്ന ആശയത്തിന് കൂടുതൽ ശക്തി ലഭിച്ചു. അധീനം സന്ന്യാസിമാരുടെ മേൽനോട്ടത്തിൽ പുതിയ പാർലമെന്റിൽ വിശുദ്ധ ചെങ്കോൽ സ്ഥാപിച്ചതും 'ഏകഭാരതം, ശ്രേഷ്ഠഭാരതം' എന്നതിന്റെ അതേ മനോഭാവം പ്രതിഫലിപ്പിക്കുന്നുവെന്നു  പ്രധാനമന്ത്രി അനുസ്മരിച്ചു. 'ഏകഭാരതം, ശ്രേഷ്ഠഭാരതം' എന്ന ചൈതന്യത്തിന്റെ ഈ പ്രവാഹം ഇന്ന് നമ്മുടെ രാജ്യത്തിന്റെ ചേതനയിൽ നിറഞ്ഞൊഴുകുകയാണ്" -അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ എല്ലാ ജലവും ഗംഗാജലമാണെന്നും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ഓരോ സ്ഥാനവും കാശിയാണെന്നും മഹാനായ പാണ്ഡ്യരാജാവ് പരാക്രം പാണ്ഡ്യൻ സൂചിപ്പിച്ചതുപോലെ, ആത്മീയബോധത്തിലാണ് ഇന്ത്യയുടെ വൈവിധ്യം  രൂപപ്പെടുത്തിയിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയിലെ വിശ്വാസകേന്ദ്രങ്ങൾ നിരന്തരം വിദേശശക്തികളുടെ ആക്രമണത്തിനിരയായ കാലഘട്ടത്തെ അനുസ്മരിച്ച്, തെങ്കാശി-ശിവകാശി ക്ഷേത്രങ്ങളുടെ നിർമാണത്തിലൂടെ കാശിയുടെ പൈതൃകം നിലനിർത്താനുള്ള പരാക്രം പാണ്ഡ്യൻ രാജാവിന്റെ ശ്രമങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾക്ക് ഇന്ത്യയുടെ വൈവിധ്യത്തോടുള്ള താൽപ്പര്യവും ശ്രീ മോദി അനുസ്മരിച്ചു.

മറ്റ് രാജ്യങ്ങളിൽ രാഷ്‌ട്രീയ പദങ്ങളിലാണ് രാഷ്ട്രത്തെ നിർവചിച്ചിരിക്കുന്നതെങ്കിൽ ഇന്ത്യ ഒരു രാഷ്ട്രമെന്ന നിലയിൽ ആത്മീയ വിശ്വാസങ്ങളിൽ നിന്നാണ് നിർമിക്കപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദിശങ്കരാചാര്യരെയും രാമാനുജനെയും പോലുള്ളവരാണ് ഇന്ത്യയെ ഒന്നിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. അ‌ധീന സന്ന്യാസിമാരുടെ ശിവസ്ഥാനങ്ങൾ വരെയുള്ള യാത്രകളുടെ പങ്കും പ്രധാനമന്ത്രി അനുസ്മരിച്ചു. "ഈ യാത്രകൾ കാരണം ഇന്ത്യ ഒരു രാഷ്ട്രമെന്ന നിലയിൽ ശാശ്വതവും അചഞ്ചലവുമായി നിലകൊള്ളുന്നു" - ശ്രീ മോദി കൂട്ടിച്ചേർത്തു.

കാശി, പ്രയാഗ്, അയോധ്യ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കും തമിഴ്‌നാട്ടിൽ നിന്ന് ധാരാളം ജനങ്ങളും വിദ്യാർഥികളും യുവാക്കളും യാത്ര ചെയ്യുന്നത് നിരീക്ഷിച്ച പ്രധാനമന്ത്രി, പൗരാണിക പാരമ്പര്യങ്ങളോടുള്ള രാജ്യത്തെ യുവാക്കളുടെ താൽപ്പര്യങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. “മഹാദേവനോടൊപ്പം, രാമേശ്വരം സ്ഥാപിച്ച അയോധ്യയിലെ ശ്രീരാമന്റെ ദർശനം ദൈവികമാണ്” - കാശി തമിഴ് സംഗമത്തിൽ പങ്കെടുക്കുന്നവരുടെ അയോധ്യ സന്ദർശനത്തിനും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പരസ്പരമുള്ള സംസ്കാരം അറിയേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽനൽകി. ഇത് വിശ്വാസം വർധിപ്പിക്കുകയും ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രണ്ട് മഹത്തായ ക്ഷേത്രനഗരങ്ങളായ കാശിയുടെയും മധുരയുടെയും ഉദാഹരണം നൽകിയ ശ്രീ മോദി, തമിഴ് സാഹിത്യം വാഗൈയെയും ഗംഗൈയെയും (ഗംഗ) കുറിച്ച് സംസാരിക്കുന്നുവെന്ന് പറഞ്ഞു. "ഈ പൈതൃകത്തെക്കുറിച്ച് അറിയുമ്പോൾ നമ്മുടെ ബന്ധത്തിന്റെ ആഴം നമുക്ക് അനുഭവവേദ്യമാകും" - അദ്ദേഹം പറഞ്ഞു.

കാശി - തമിഴ് സംഗമം ഇന്ത്യയുടെ പൈതൃകത്തെ ശാക്തീകരിക്കുകയും 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന മനോഭാവത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പ്രസംഗം ഉപസംഹരിക്കവേ, കാശി സന്ദർശിക്കുന്നവർക്ക് സുഖകരമായ താമസം ആശംസിച്ച പ്രധാനമന്ത്രി, തന്റെ പ്രകടനത്തിലൂടെ സദസ്സിനെയാകെ ആകർഷിച്ച പ്രശസ്ത ഗായകൻ ശ്രീറാമിന് നന്ദി പറയുകയും ചെയ്തു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

NK

(Release ID: 1987553) Visitor Counter : 95