മന്ത്രിസഭ
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ധാരണപത്രം ലക്ഷ്യമിടുന്നത് നവീനാശയവിനിമയത്തിലൂടെ നൂതനാശയ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താൻ
ആഴത്തിലുള്ള സാങ്കേതികമേഖലകളിൽ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്കു കരുത്തേകുന്നതിനും ഐസിഇടിയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയും അമേരിക്കയും യോജിച്ചു പ്രവർത്തിക്കും
Posted On:
15 DEC 2023 7:36PM by PIB Thiruvananthpuram
നൂതനാശയവിനിമയത്തിലൂടെ നവീനാശയ ആവാസവ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിന് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കരടു ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരംനൽകി.
2023 മാർച്ച് 8-10 തീയതികളിലെ അമേരിക്കൻ വാണിജ്യസെക്രട്ടറി ജിന റെയ്മൊണ്ടോയുടെ സന്ദർശനവേളയിൽ 2023 മാർച്ച് 10ന് അഞ്ചാമത് ഇന്ത്യ-യുഎസ് വാണിജ്യസംഭാഷണം നടന്നിരുന്നു. യോഗത്തിൽ വിതരണശൃംഖല പുനരുജ്ജീവനം, കാലാവസ്ഥയ്ക്കും ഹരിത സാങ്കേതികവിദ്യയ്ക്കുമായുള്ള സഹകരണം, ഏവരെയും ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുനയിക്കൽ, വിശേഷിച്ച് എസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി കോവിഡിനുശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ എന്നിവയിൽ തന്ത്രപരമായ ശ്രദ്ധ കേന്ദ്രീകരിച്ച് വാണിജ്യസംഭാഷണം പുനരാരംഭിച്ചു. വാണിജ്യസംഭാഷണത്തിനു കീഴിൽ പാടവം, നവീനാശയങ്ങൾ, ഏവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവ സംബന്ധിച്ച പുതിയ കർമസമിതി(TIIG)യുടെ സമാരംഭവും ഉൾപ്പെടുന്നു. ഐസിഇടിയുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ശ്രമങ്ങളെയും ഈ പ്രവർത്തകസമിതി പിന്തുണയ്ക്കും; വിശേഷിച്ചും സഹകരണത്തിനുള്ള പ്രത്യേക നിയന്ത്രണതടസങ്ങൾ തിരിച്ചറിയുന്നതിനും, സംയുക്ത പ്രവർത്തനങ്ങൾക്കായി പ്രത്യേക ആശയങ്ങളിലൂടെ സ്റ്റാർട്ടപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നമ്മുടെ നൂതനാശയ ആവാസവ്യവസ്ഥകളിൽ കൂടുതൽ സമ്പർക്കസൗകര്യം വളർത്തുന്നതിനും.
2023 ജൂണിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി ശ്രീ മോദിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, ഇരുരാജ്യങ്ങളുടെയും ചലനാത്മക സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കൂട്ടിയിണക്കുന്നതിനും സഹകരണത്തിനുള്ള നിയന്ത്രണതടസങ്ങൾ പരിഹരിക്കുന്നതിനും നവീകരണവും തൊഴിൽ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും, വിശേഷിച്ച്, നിർണായകവും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ (CET) ‘നവീനാശയവിനിമയം’ സ്ഥാപിക്കുന്നതിനുമുള്ള കേന്ദ്രീകൃത ശ്രമങ്ങളെ സ്വാഗതം ചെയ്തിരുന്നു. നവീനാശയവിനിമയത്തിനു കീഴിലുള്ള സഹകരണം ഔപചാരികമാക്കുന്നതിനും മാർഗനിർദേശം നടപ്പാക്കുന്നതിനുമായി, 2023 നവംബർ 14ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നവീനാശയവിനിമയത്തിന് ഇന്ത്യയും അമേരിക്കയും തമ്മിൽ ജി2ജി ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യ-അമേരിക്ക നവീനാശയവിനിമയ പരിപാടികൾ, ഹാക്കത്തോൺ, ‘ഓപ്പൺ ഇന്നൊവേഷൻ’ പരിപാടികൾ എന്നിവ ഉൾപ്പെടെ സ്വകാര്യമേഖലയുമായുള്ള വട്ടമേശ സമ്മേളനങ്ങൾ, വിവരങ്ങൾ പങ്കുവയ്ക്കൽ, മറ്റു പ്രവർത്തനങ്ങൾ എന്നിവ സഹകരണത്തിന്റെ പരിധിയിൽ ഉൾപ്പെടും. 2024ന്റെ തുടക്കത്തിൽ ഇന്ത്യയിലും അമേരിക്കയിലും ഭാവിയിൽ നടക്കാനിരിക്കുന്ന രണ്ടു നൂതനാശയവിനിമയ പരിപാടികൾക്കു ധാരണാപത്രം അടിത്തറയിട്ടു. അതിൽ അമേരിക്കയിലെയും ഇന്ത്യയിലെയും സ്റ്റാർട്ടപ്പ് കമ്പനികളെ അവരുടെ നൂതന ആശയങ്ങളും ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കാൻ സഹായിക്കുന്നതിനു ലക്ഷ്യമിട്ടുള്ള നിക്ഷേപവേദി, ആഗോള സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സഹായിക്കുന്ന ആശയങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കാൻ സിലിക്കൺ വാലിയിൽ ‘ഹാക്കത്തോൺ’ എന്നിവ ഉൾപ്പെടുന്നു.
ഉന്നതസാങ്കേതിക മേഖലയിലെ വാണിജ്യ അവസരങ്ങൾക്കു കരുത്തേകുന്നതിനു ധാരണാപത്രം സഹായകമാകും.
NK
(Release ID: 1986963)
Visitor Counter : 76
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada