പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി തൊഴിൽ മേളയെ അഭിസംബോധന ചെയ്തു


പുതുതായി നിയമിതരായവർക്കുള്ള 51,000ത്തോളം നിയമനപത്രങ്ങൾ വിതരണംചെയ്തു

“തൊഴിൽ മേള യുവാക്കൾക്ക് ‘വികസിത ഭാരത’ത്തിന്റെ സ്രഷ്ടാക്കളാകാൻ വഴിയൊരുക്കുന്നു”

“ജനങ്ങളു​ടെ ജീവിതം സുഗമമാക്കുന്നതിനാകണം നിങ്ങളുടെ മുൻഗണന”

“ഒരാനുകൂല്യവും ലഭിക്കാത്തവരുടെ പടിവാതിൽക്കൽ ഗവണ്മെന്റ് എത്തുകയാണ്”

“ഇന്ത്യ അടിസ്ഥാനസൗകര്യവിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്”

“അപൂർണമായ പദ്ധതികൾ രാജ്യത്തെ സത്യസന്ധരായ നികുതിദായകരോട് കാട്ടുന്ന വലിയ അനീതിയാണ്; ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുന്നു”

“ആഗോള സ്ഥാപനങ്ങൾ ഇന്ത്യയുടെ വളർച്ചാഗാഥയിൽ ശുഭാപ്തിവിശ്വാസത്തിലാണ്”

Posted On: 30 NOV 2023 5:21PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്നു തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പുതുതായി നിയമിതരായവർക്കുള്ള 51,000 നിയമനപത്രങ്ങളും അദ്ദേഹം വിതരണം ചെയ്തു. റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പ്, സാമ്പത്തിക സേവന വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളിൽ/വകുപ്പുകളിലായാണ്  രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ടവർ ഗവണ്മെന്റിന്റെ ഭാഗമാകുന്നത്.

യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകാനുള്ള ഗവൺമെന്റിന്റെ യജ്ഞം തുടർച്ചയായി മുന്നോട്ട് പോകുകയാണെന്ന്, പുതുതായി നിയമിക്കപ്പെട്ടവരെ അഭിസംബോധന ചെയ്യവേ രാജ്യത്തുടനീളമുള്ള 50,000-ത്തിലധികം യുവാക്കൾക്ക് ഗവണ്മെന്റ് ജോലികൾക്കുള്ള നിയമനപത്രങ്ങൾ കൈമാറിയ സാഹചര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. നിയമനം ലഭിച്ചവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് നിയമനപത്രങ്ങളെന്ന് അദ്ദേഹം അടിവരയിട്ടു. പുതുതായി നിയമിതരായവരെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അവർ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സംവിധാനത്തിന്റെ ഭാഗമാകാൻ പോകുകയാണെന്ന് പറഞ്ഞു. ഗവണ്മെന്റ് ജീവനക്കാരൻ എന്ന നിലയിൽ, പുതുതായി നിയമനം ലഭിക്കുന്നവർ നിറവേറ്റേണ്ട കടമകളും ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാട്ടിയ അദ്ദേഹം, സാധാരണക്കാരുടെ ‘ജീവിതം സുഗമമാക്കുക’ എന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും പറഞ്ഞു.

നവംബർ 26-ന് നടന്ന ഭരണഘടനാ ദിനാചരണം അനുസ്മരിച്ചുകൊണ്ട്, 1949-ൽ ഈ ദിവസമാണ് രാഷ്ട്രം ഇന്ത്യൻ ഭരണഘടന അംഗീകരിക്കുകയും എല്ലാ പൗരന്മാർക്കും തുല്യാവകാശം നൽകുകയും ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ശിൽപ്പിയെന്ന നിലയിൽ എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകി സാമൂഹിക നീതി സ്ഥാപിച്ച ബാബാ സാഹിബ് അംബേദ്കറുടെ സംഭാവനകൾ അദ്ദേഹം എടുത്തുപറഞ്ഞു. സ്വാതന്ത്ര്യാനന്തരം സമൂഹത്തിലെ ഒരു പ്രധാന വിഭാഗത്തിന് വിഭവങ്ങളും അടിസ്ഥാനസൗകര്യങ്ങളും വർഷങ്ങളോളം ലഭിക്കാതെ വന്നപ്പോൾ സമത്വ തത്വങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014-ൽ നിലവിലെ ഗവണ്മെന്റ് അധികാരത്തിൽ വന്നശേഷമാണ് ‘അടിച്ചമർത്തപ്പെട്ടവർക്കു മുൻഗണന’ എന്ന മന്ത്രം സ്വീകരിക്കുകയും പുതിയ പാത രൂപപ്പെടുത്തുകയും ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഒരാനുകൂല്യവും ലഭിക്കാത്തവരുടെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണ് ഗവണ്മെന്റ്” - അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടവരുടെ ജീവിതം മാറ്റാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഗവൺമെന്റിന്റെ ചിന്തയിലും തൊഴിൽ സംസ്‌കാരത്തിലും വന്ന മാറ്റത്തിന്റെ ഫലമായി ഇന്ന് കാണാൻ കഴിയുന്ന അഭൂതപൂർവമായ മാറ്റങ്ങൾ എടുത്തുകാട്ടിയ പ്രധാനമന്ത്രി, ഉദ്യോഗസ്ഥവൃന്ദവും ജനങ്ങളും ഫയലുകളും അതുതന്നെയാണെങ്കിലും ദരിദ്രരുടെയും മധ്യവർഗത്തിന്റെയും വികസനത്തിന് മുൻഗണന നൽകിക്കൊണ്ട് മുഴുവൻ സംവിധാനത്തിന്റെയും പ്രവർത്തനസംവിധാനത്തിലും ശൈലിയിലും സമഗ്രമായ മാറ്റം വരുത്തിയതായി ചൂണ്ടിക്കാട്ടി. ജനങ്ങളുടെയും വികസനത്തിന് മുൻഗണന നൽകി. സാധാരണക്കാരുടെ ക്ഷേമത്തിന്റെ നല്ല ഫലങ്ങളാണ് ഇത് മുൻനിരയിൽ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13 കോടിയിലധികം പേർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി അടുത്തിടെ നടത്തിയ പഠനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റ് പദ്ധതികൾ പാവപ്പെട്ടവരിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ തെളിവാണിത് - അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് പദ്ധതികൾ സാധാരണക്കാരുടെ പടിവാതിൽക്കൽ എത്തിക്കുന്ന ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പുതുതായി നിയമിതരായവരോട് അവരുടെ സമയം ജനസേവനത്തിനായി വിനിയോഗിക്കണമെന്നും അഭ്യർഥിച്ചു.
മാറുന്ന ഇന്ത്യയില്‍ ആധുനിക ഹൈവേകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ജലപാതകള്‍ തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് നിങ്ങള്‍ സാക്ഷ്യം വഹിക്കുകയാണെന്ന് പുതുതായി നിയമിത രായവരോട് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യമേഖലയിലെ കനത്ത നിക്ഷേപം ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
''അപൂര്‍ണ്ണമായ പദ്ധതികള്‍ രാജ്യത്തെ സത്യസന്ധരായ നികുതിദായകരോട് ചെയ്യുന്ന വലിയ അനീതിയാണ്. സമീപ വര്‍ഷങ്ങളില്‍, ലക്ഷക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്ര ഗവണ്‍മെന്റ് അവലോകനം ചെയ്യുകയും വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അത് തൊഴിലവസരത്തിന്റെ പുതിയ വഴികളിലേക്ക് നയിച്ചു'' പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ദൗത്യമാതൃക സ്വീകരിക്കാൻ തുടങ്ങിയതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 22-23 വര്‍ഷം മുമ്പ് ആരംഭിക്കുകയും 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്ത ബിദാര്‍ കല്‍ബുര്‍ഗി റെയില്‍പാത, 2008ല്‍ വിഭാവനം ചെയ്യുകയും 2014 വരെ കടലാസില്‍ ഒതുങ്ങുക മാത്രം ചെയ്യുകയും 2014ന് ശേഷം ആരംഭിച്ച് 2018ല്‍ പൂര്‍ത്തിയാകുകയും ചെയ്ത സിക്കിമിലെ പാക്യോങ് വിമാനത്താവളം എന്നിവ, ആരംഭിക്കാൻ വൈകുകയും അടുത്തിടെ മാത്രം വെളിച്ചം കാണുകയും ചെയ്ത പദ്ധതികളാണ്. 22-23 വര്‍ഷങ്ങളായി പാരദീപ് റിഫൈനറി കാര്യമായ പുരോഗതിയൊന്നുമില്ലാതെ വെറും ചര്‍ച്ചയില്‍ മാത്രമായി ഒതുങ്ങിയിരുന്നു. അടുത്തിടെയാണ് റിഫൈനറിയുടെ നിർമാണം പൂര്‍ത്തിയായത്. ഇതുപോലെ മുടങ്ങിക്കിടക്കുകയും സമീപകാലത്ത് പൂർത്തിയാകുകയും ചെയ്ത പദ്ധതികളുടെ ഉദാഹരണങ്ങളും അദ്ദേഹം നല്‍കി.
രാജ്യത്തെ റിയല്‍ എസേ്റ്ററ്റ് മേഖലയെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അത് ബില്‍ഡര്‍മാരുടെയും മദ്ധ്യവര്‍ഗ്ഗത്തിന്റെയും തകര്‍ച്ചയിലേക്കായിരുന്നു നീങ്ങിയിരുന്നതെന്നും എന്നാല്‍ ആര്‍.ഇ.ആര്‍.എ (റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി)സുതാര്യത സ്ഥാപിക്കുകയും നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി. ''രാജ്യത്ത് ഇന്ന്, ഒരു ലക്ഷത്തിലധികം റിയല്‍ എസേ്റ്ററ്റ് പദ്ധതികള്‍ ആര്‍.ഇ.ആര്‍.എയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്'', തൊഴിലവസരങ്ങള്‍ നിശ്ചലമാക്കിക്കൊണ്ട് പദ്ധതികള്‍ എങ്ങനെയാണ് സ്തംഭിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടികൊണ്ട് ശ്രീ മോദി പറഞ്ഞു. രാജ്യത്തിലെ വളരുന്ന റിയല്‍ എസേ്റ്ററ്റ് മേഖല ഇന്ന് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റിന്റെ നയങ്ങളും തീരുമാനങ്ങളും ഇന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലെത്തിച്ചുവെന്നതിന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ അങ്ങേയറ്റം ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുണ്ടെന്നും, ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച വര്‍ദ്ധിച്ചുവരുന്ന തൊഴിലവസരങ്ങള്‍ക്കും, ജോലി ചെയ്യുന്ന പ്രായത്തിലുള്ള വലിയൊരു വിഭാഗം ജനസംഖ്യയ്ക്കും, തൊഴില്‍ ഉല്‍പ്പാദനക്ഷമതയിലെ വര്‍ദ്ധനവിലും കടപ്പെട്ടിരിക്കുന്നുവെന്നതിന് നിക്ഷേപ റേറ്റിംഗിലെ ആഗോള തലവന്‍ അടുത്തിടെ അംഗീകാര മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഉല്‍പ്പാദന-നിര്‍മ്മാണ മേഖലയെക്കുറിച്ച് സംസാരിച്ച അദ്ദേഹം അതിന്റെ കരുത്ത് ഇതിന് ഒരു പ്രധാന കാരണമായതായും പറഞ്ഞു. വരും കാലങ്ങളില്‍ ഇന്ത്യയില്‍ തൊഴിലിന്റെയും സ്വയം തൊഴിലിന്റെയും നിരവധി സാദ്ധ്യതകള്‍ ഉയര്‍ന്നുവരുമെന്നതിന്റെ തെളിവാണ് ഈ വസ്തുതകളെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന വികസനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ഗവണ്‍മെന്റ് ജീവനക്കാരായി നിയമിക്കപ്പെടുന്നവര്‍ക്കുള്ള പങ്ക് ശ്രീ മോദി ഊന്നിപ്പറഞ്ഞു. '' ഒരു പ്രദേശം എത്ര അകലെയാണെങ്കിലും, അത് നിങ്ങളുടെ മുന്‍ഗണനയായിരിക്കണം. ഒരു വ്യക്തി എത്ര അകലെയാണെങ്കിലും, നിങ്ങള്‍ അയാളെ സമീപിക്കണം'', അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരെന്ന നിലയില്‍ നിയമിതരായവര്‍ ഈ സമീപനവുമായി മുന്നോട്ടുപോകുമ്പോള്‍ മാത്രമേ വികസിത ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്ന് ശ്രീ മോദി അടിവരയിട്ടു പറഞ്ഞു.
രാഷ്ട്രത്തിന് അടുത്ത 25 വര്‍ഷക്കാലം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നിയമിതരായവരോട് 'കര്‍മിയോഗി പ്രാരംഭ്' എന്ന പുതിയ പഠന മൊഡ്യൂളുമായി ഇടപഴകാനും പഠന പ്രക്രിയ അതുവഴി തുടരാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച 'കര്‍മിയോഗി പ്രാരംഭ്' മൊഡ്യൂളിലൂടെ ലക്ഷക്കണക്കിന് പുതിയ ഗവണ്‍മെന്റ് ജീവനക്കാര്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്ഫോമായ ഐഗോട്ട് (iGoT )കര്‍മ്മയോഗിയില്‍ 800-ലധികം കോഴ്സുകളും ലഭ്യമാണ്. 'നിങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കുക', നിയമിക്കപ്പെട്ടവരുടെ വിജയത്തിനായി ഒരിക്കല്‍ കൂടി ആശംസിച്ചശേഷമാണ് പ്രധാനമന്ത്രി  ഉപസംഹരിച്ചത്. 'രാഷ്ട്രനിര്‍മ്മാണത്തിന്റെ ദിശയില്‍ നിങ്ങളുടെ ശോഭനമായ ഭാവിക്ക് ആശംസകള്‍', പ്രധാനമന്ത്രി മോദി പറഞ്ഞു.

പശ്ചാത്തലം:

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് തൊഴില്‍ മേള. മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും യുവജനങ്ങള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിലെ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നൂതന ആശയങ്ങളും പങ്കാളിത്തവുമായി ബന്ധപ്പെട്ട കഴിവുകളുമുള്ള പുതിയതായി നിയമിക്കപ്പെട്ടവര്‍, രാജ്യത്തിന്റെ വ്യാവസായിക, സാമ്പത്തിക, സാമൂഹിക വികസനം ശക്തിപ്പെടുത്തുക, അതുവഴി വികസിത ഭാരതമെന്ന പ്രധാനമന്ത്രിയുടെ വീക്ഷണം സാക്ഷാത്കരിക്കാന്‍ സഹായിക്കുക എന്ന ദൗത്യത്തില്‍ പരസ്പരം സഹായിക്കും.
പുതുതായി നിയമിതരായവര്‍ക്ക് ഐഗോട്ട് (iGOT ) കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നു. അവിടെ 'എവിടെയും ഏത് ഉപകരണവും' പഠന ഫോർമാറ്റിൽ 800-ലധികം ഇ-പഠന കോഴ്സുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

SK

(Release ID: 1981272) Visitor Counter : 58