പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രണ്ടാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം

Posted On: 17 NOV 2023 8:57PM by PIB Thiruvananthpuram

ശ്രേഷ്ഠരേ,

നമസ്‌കാരം!

രണ്ടാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ലാറ്റിനമേരിക്കയില്‍ നിന്നും കരീബിയന്‍, ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള 130 ഓളം രാജ്യങ്ങള്‍ ഈ ഒരു ദിവസം നീളുന്ന ഉച്ചകോടിയില്‍ പങ്കെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഗ്ലോബൽ സൗത്തിന്റെ രണ്ട് ഉച്ചകോടികള്‍ നടത്തുകയും അതില്‍ തന്നെ നിങ്ങള്‍ വലിയൊരു വിഭാഗം പങ്കെടുക്കുകയും ചെയ്യുന്നത് ലോകത്തിന് ഒരു സുപ്രധാന സന്ദേശം നല്‍കുന്നു. ഗ്ലോബൽ സൗത്ത് സ്വയംഭരണം ആഗ്രഹിക്കുന്നു എന്നതാണ് ആ സന്ദേശം. ആഗോള ഭരണത്തില്‍ ഗ്ലോബൽ സൗത്ത് അതിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നു എന്നതാണ് ആ സന്ദേശം. ആഗോള കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഗ്ലോബൽ സൗത്ത് തയ്യാറാണെന്നാണ് ആ സന്ദേശം.

ശ്രേഷ്ഠരേ,

ഇന്ന് ഈ ഉച്ചകോടി ഒരിക്കല്‍ക്കൂടി നമുക്ക് നമ്മുടെ കൂട്ടായ പ്രതീക്ഷകളും അഭിലാഷങ്ങളും ചര്‍ച്ച ചെയ്യാനുള്ള അവസരം നല്‍കി. ജി20 പോലെയുള്ള ഒരു സുപ്രധാന വേദിയില്‍ ഗ്ലോബൽ സൗത്തിന്റെ ശബ്ദം അജണ്ടയിൽ ചേര്‍ക്കാന്‍ നമുക്ക് അവസരം ലഭിച്ചതില്‍ ഭാരതം അഭിമാനിക്കുന്നു. നിങ്ങളുടെ ശക്തമായ പിന്തുണയ്ക്കും ഭാരതത്തിലുള്ള നിങ്ങളുടെ ശക്തമായ വിശ്വാസത്തിനുമാണ് ഇതിന്റെ ക്രെഡിറ്റ്. ഇകാര്യത്തിൽ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് എല്ലാവരോടും എനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്. ജി20 ഉച്ചകോടിയില്‍ ഉയര്‍ന്ന ശബ്ദത്തിന്റെ പ്രതിധ്വനി സമീപഭാവിയില്‍ മറ്റ് ആഗോള വേദികളില്‍ തുടര്‍ന്നും കേള്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ശ്രേഷ്ഠരേ,

ആദ്യത്തെ വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ ഞാന്‍ ചില പ്രതിബദ്ധതകളെക്കുറിച്ച് പറഞ്ഞിരുന്നു. അവയിലെല്ലാം പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് രാവിലെ, 'ദക്ഷിണ്‍' എന്ന് പേരിട്ടിരിക്കുന്ന ഗ്ലോബല്‍ സൗത്ത് മികവിന്റെ കേന്ദ്രം ആരംഭിച്ചു. വികസ്വര രാജ്യങ്ങളുടെ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഈ സംരംഭത്തിലൂടെ ഗ്ലോബൽ സൗത്തിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള പ്രായോഗിക പരിഹാരങ്ങളും തേടും. ആരോഗ്യ മൈത്രി സംരംഭത്തിന് കീഴില്‍, മാനുഷിക സഹായത്തിനായി അവശ്യ മരുന്നുകളും മറ്റു വസ്തുക്കളും എത്തിക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ മാസം ഞങ്ങള്‍ 7 ടണ്‍ മരുന്നുകളും ചികിത്സാ സാമഗ്രികളും പലസ്തീനിലേക്ക് എത്തിച്ചു. നവംബര്‍ 3 ന് നേപ്പാളിലുണ്ടായ ഭൂകമ്പത്തിന് ശേഷം ഭാരതം നേപ്പാളിലേക്ക് 3 ടണ്ണിലധികം മരുന്നുകള്‍ അയച്ചിരുന്നു. ഡിജിറ്റല്‍ ആരോഗ്യ സേവന വിതരണത്തിലെ ഞങ്ങളുടെ കഴിവുകള്‍ ഗ്ലോബൽ സൗത്തുമായി പങ്കുവയ്ക്കുന്നതിലും ഭാരതം സന്തുഷ്ടരാണ്.

ഗ്ലോബൽ സൗത്ത് ശാസ്ത്ര- സാങ്കേതിക സംരംഭത്തിലൂടെ, ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഗവേഷണത്തിനും ഗ്ലോബൽ സൗത്തിലെ പങ്കാളികളെ സഹായിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. 'ജി20 പരിസ്ഥി- കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹ ദൗത്യ'ത്തില്‍ നിന്ന് ലഭിച്ച കാലാവസ്ഥാ, ഋതുഭേദ ഡാറ്റയും ഗ്ലോബൽ സൗത്ത് രാജ്യങ്ങള്‍ പങ്കിടും.

ഗ്ലോബൽ സൗത്ത് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചതിലും എനിക്ക് സന്തോഷമുണ്ട്. ഗ്ലോബൽ സൗത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് ഇനി കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഈ വര്‍ഷം, ഭാരതത്തിന്റെ ആദ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസും ടാന്‍സാനിയയില്‍ തുറന്നു. ഗ്ലോബൽ സൗത്ത് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പുതിയ സംരംഭമാണിത്. ഇത് മറ്റ് പ്രദേശങ്ങളിലും മുന്നോട്ട് കൊണ്ടുപോകും.

ഞങ്ങളുടെ യുവ നയതന്ത്രജ്ഞര്‍ക്കായി, ഞാന്‍ ജനുവരിയില്‍ ഗ്ലോബൽ സൗത്ത് യുവ നയതന്ത്രജ്ഞ വേദി നിര്‍ദ്ദേശിച്ചിരുന്നു. നമ്മുടെ രാജ്യങ്ങളില്‍ നിന്നുള്ള യുവ നയതന്ത്രജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അതിന്റെ ഉദ്ഘാടന ചടങ്ങ് ഉടന്‍ തന്നെ സംഘടിപ്പിക്കും.

ശ്രേഷ്ഠരേ,

അടുത്ത വര്‍ഷം മുതല്‍, ഗ്ലോബൽ സൗത്തിന്റെ വികസന മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം ഭാരതത്തില്‍ ആരംഭിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഗ്ലോബൽ സൗത്തിലെ പങ്കാളി ഗവേഷണ കേന്ദ്രങ്ങളുമായും ബുദ്ധിജീവികളുമായും സഹകരിച്ച് 'ദക്ഷിണ്‍' കേന്ദ്രം ഈ സമ്മേളനം സംഘടിപ്പിക്കും. ഗ്ലോബൽ സൗത്തിന്റെ വികസന പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അത് നമ്മുടെ ഭാവിയെ ശക്തിപ്പെടുത്തും.

ശ്രേഷ്ഠരേ,

ആഗോള സമാധാനത്തിലും സ്ഥിരതയിലും നമുക്കു പൊതുവായ താല്‍പ്പര്യമുണ്ട്. പശ്ചിമേഷ്യയിലെ ഗുരുതരമായ സ്ഥിതിവിശേഷത്തെക്കുറിച്ച് ഇന്ന് രാവിലെ ഞാന്‍ എന്റെ ചിന്തകള്‍ പങ്കുവച്ചു. ഈ പ്രതിസന്ധികളെല്ലാം ഗ്ലോബൽ സൗത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. അതിനാല്‍, ഈ സാഹചര്യങ്ങള്‍ക്കെല്ലാം ഐക്യദാര്‍ഢ്യത്തോടെ, ഒരേ സ്വരത്തില്‍, യോജിച്ച പരിശ്രമങ്ങളിലൂടെ പരിഹാരം കണ്ടെത്തേണ്ടത് പ്രധാനമാണ്.

ശ്രേഷ്ഠരേ,

ജി20 യുടെ അടുത്ത അധ്യക്ഷനും ബ്രസീല്‍ പ്രസിഡന്റുമായ, എന്റെ സുഹൃത്ത്, ആദരണീയനായ പ്രസിഡന്റ് ലുലയും നമുക്കൊപ്പമുണ്ട്. ബ്രസീലിന്റെ ജി-20 അധ്യക്ഷത ഗ്ലോബൽ സൗത്തിന്റെ മുന്‍ഗണനകളും താല്‍പ്പര്യങ്ങളും ശക്തിപ്പെടുത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ട്രോയിക്കയിലെ അംഗമെന്ന നിലയില്‍ ഭാരതം ബ്രസീലിന് പൂര്‍ണ പിന്തുണ നല്‍കും. ഞാന്‍ എന്റെ സുഹൃത്ത് പ്രസിഡന്റ് ലുലയെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നതിനായി ക്ഷണിക്കുന്നു, തുടര്‍ന്ന് നിങ്ങൾ എല്ലാവരിൽ നിന്നും കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.

വളരെ നന്ദി!

 

SK


(Release ID: 1979141) Visitor Counter : 79