പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ ഏകതാ ദിനാഘോഷ വേളയിൽ ‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ അമൃതകലശ യാത്രയുടെ സമാപനം കുറിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് അമൃതകലശ യാത്രികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ശേഖരിച്ച മണ്ണിൽ നിന്ന് വികസിപ്പിച്ചെടുത്ത അമൃതവാടികയ്ക്കും അമൃതമഹോത്സവ സ്മാരകത്തിനും പ്രധാനമന്ത്രി തറക്കല്ലിടും
‘ആസാദി കാ അമൃത് മഹോത്സവി’ന്റെ സമാപനം അടയാളപ്പെടുത്തുന്നതിനുള്ള പരിപാടി കൂടിയാകും ഇത്
യുവാക്കൾക്കായി ‘മേരാ യുവ ഭാരത്’ (MY Bharath) സംവിധാനത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കും
രാജ്യത്തെ യുവാക്കൾക്കു ഗവണ്മെന്റിന്റെ വൺ സ്റ്റോപ്പ് പ്ലാറ്റ്‌ഫോമാകും ‘മൈ ഭാരത്’
Posted On:
30 OCT 2023 9:11AM by PIB Thiruvananthpuram
‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ അമൃതകലശ യാത്രയുടെ സമാപനം കുറിച്ച് 2023 ഒക്‌ടോബർ 31ന് വൈകിട്ട് 5ന് കർത്തവ്യപഥിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ സമാപനവും ഈ പരിപാടി അടയാളപ്പെടുത്തും.
പരിപാടിയിൽ അമൃതവാടികയ്ക്കും അമൃതമഹോത്സവ സ്മാരകത്തിനും പ്രധാനമന്ത്രി തറക്കല്ലിടും . രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് അമൃതകലശ യാത്രികരെ അദ്ദേഹം അഭിസംബോധന ചെയ്യും. പരിപാടിയിൽ, രാജ്യത്തെ യുവാക്കൾക്കായി ‘മേരാ യുവ ഭാരത്’ (MY Bharath) പ്ലാറ്റ്‌ഫോമിനും പ്രധാനമന്ത്രി തുടക്കം കുറിക്കും.
‘മേരി മാട്ടി മേരാ ദേശ്’
രാജ്യത്തിന് വേണ്ടി പരമോന്നത ത്യാഗം വരിച്ച ധീരരെ അനുസ്മരിക്കുക എന്നതാണു ‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം ലക്ഷ്യമിടുന്നത്. ബഹുജന പങ്കാളിത്തത്തോടെ പഞ്ചായത്ത്/ഗ്രാമം, ബ്ലോക്ക്, നഗര തദ്ദേശ സ്ഥാപനങ്ങൾ, സംസ്ഥാന, ദേശീയ തലങ്ങളിൽ രാജ്യത്തുടനീളം നടത്തുന്ന നിരവധി പ്രവർത്തനങ്ങളും ചടങ്ങുകളും ഇതിൽ ഉൾപ്പെടുന്നു. പരമോന്നത ത്യാഗം വരിച്ച എല്ലാ ധീരഹൃദയർക്കും ഹൃദയംഗമമായ അഭിവാദ്യം അർപ്പിക്കുന്നതിന്റെ ഭാഗമായി ശിലാഫലകം (സ്മാരകം) പണിയുന്നതും പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ശിലാഫലകത്തിൽ ജനങ്ങൾ നടത്തിയ ‘പഞ്ച് പ്രാൺ’ പ്രതിജ്ഞ; തദ്ദേശീയ ഇനങ്ങളുടെ തൈകൾ നട്ടുപിടിപ്പിക്കൽ; ‘അമൃതവാടിക’ (വസുധ വന്ദൻ) വികസിപ്പിക്കൽ; സ്വാതന്ത്ര്യ സമര സേനാനികളെയും ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യസമര സേനാനികളുടെ (വീരോൻ കാ വന്ദൻ) കുടുംബങ്ങളെയും ആദരിക്കുന്നതിനുള്ള ചടങ്ങുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2.3 ലക്ഷത്തിലധികം ശിലാഫലകങ്ങൾ നിർമ്മിച്ച് ഈ യജ്ഞം വൻ വിജയമായി. പഞ്ച് പ്രാൺ പ്രതിജ്ഞയുടെ ഏകദേശം 4 കോടി സെൽഫികൾ അപ്‌ലോഡ് ചെയ്യപ്പെട്ടു. രാജ്യവ്യാപകമായി 2 ലക്ഷത്തിലധികം ‘വീരോൻ കാ വന്ദൻ’ പരിപാടികൾ; 2.36 കോടിയിലധികം നാടൻ തൈകൾ നട്ടുപിടിപ്പിക്കൽ; കൂടാതെ വസുധ വന്ദൻ ആശയത്തിന് കീഴിൽ രാജ്യത്തുടനീളം 2.63 ലക്ഷം അമൃത് വാടികകൾ എന്നിവ സൃഷ്ടിച്ചു.
‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിൽ അമൃതകലശ യാത്രയും ഉൾപ്പെടുന്നു. രാജ്യത്തെ 6 ലക്ഷത്തിലധികം ഗ്രാമങ്ങളിൽ നിന്നും നഗരപ്രദേശങ്ങളിലെ വാർഡുകളിൽ നിന്നും ശേഖരിച്ച് ബ്ലോക്ക് തലത്തിലേക്ക് അയയ്‌ക്കുന്ന മണ്ണ് (അതത് ബ്ലോക്കിലെ എല്ലാ ഗ്രാമങ്ങളിലേയും മണ്ണ് ഇവിടെ ഒരുമിപ്പിക്കുന്നു), അരി, ധാന്യങ്ങൾ എന്നിവ തുടർന്ന് സംസ്ഥാന തലസ്ഥാനത്തേക്ക് അയക്കുന്നു. ആയിരക്കണക്കിന് അമൃത് കലാശ യാത്രികരുടെ അകമ്പടിയോടെ സംസ്ഥാനതലത്തിൽ നിന്നുള്ള മണ്ണ് ദേശീയ തലസ്ഥാനത്തേക്ക് അയക്കും.
2023 ഒക്‌ടോബർ 30-ന്, രാജ്യത്തെ എല്ലാ ബ്ലോക്കുകളും നഗര തദ്ദേശ സ്ഥാപനങ്ങളും പ്രതിനിധീകരിക്കുന്ന അതത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിന് കീഴിൽ ഒരു വലിയ അമൃതകലശത്തിൽ അവർ കൊണ്ടുവന്ന മണ്ണ് ഇടുന്നതിന് അമൃതകലശ യാത്ര സാക്ഷ്യം വഹിക്കും. ഒക്‌ടോബർ 31-ന് രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് അമൃതകലശ യാത്രികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി തറക്കല്ലിടുന്ന അമൃതവാടിക, അമൃതമഹോത്സവ സ്മാരകം എന്നിവ കർത്തവ്യ പഥിൽ നിർമ്മിക്കുന്നത് രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ശേഖരിച്ച മണ്ണുപയോഗിച്ചാണ്.
‘ആസാദി കാ അമൃത് മഹോത്സവി’ന്റെ സമാപന പരിപാടിയായാണ് ‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം വിഭാവനം ചെയ്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി 2021 മാർച്ച് 12-നാണ് ‘ആസാദി കാ അമൃത് മഹോത്സവ്’ ആരംഭിച്ചത്. ആവേശകരമായ പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തുടനീളം സംഘടിപ്പിച്ച രണ്ട് ലക്ഷത്തിലധികം പരിപാടികൾക്ക് ഇത് സാക്ഷ്യം വഹിച്ചു.
മൈ ഭാരത്
രാജ്യത്തെ യുവാക്കൾക്കായി മുഴുവൻ സർക്കാർ സേവനങ്ങളുടെയും വൺ സ്റ്റോപ്പ് പ്ലാറ്റ്‌ഫോമായി വർത്തിക്കുന്നതിനുള്ള സ്വയംഭരണ സ്ഥാപനമായാണ് ‘മേരാ യുവ ഭാരത്’ (MY Bharath) സ്ഥാപിക്കപ്പെടുന്നത്. രാജ്യത്തെ എല്ലാ യുവാക്കൾക്കും തുല്യ അവസരങ്ങൾ നൽകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, യുവാക്കൾക്ക് അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകാനും, എല്ലാ തലങ്ങളിലുമുള്ള ഗവണ്മെന്റ് സേവനങ്ങൾ സാങ്കേതികവിദ്യയിലൂടെ പ്രാപ്തമാക്കുന്ന സംവിധാനമായി മൈ ഭാരത് പ്രവർത്തിക്കും. സമൂഹത്തെ മാറ്റിമറിക്കുന്ന മാധ്യമമായി വർത്തിക്കാനും, രാഷ്ട്ര നിർമ്മാതാക്കളാക്കാനും യുവാക്കളെ പ്രചോദിപ്പിക്കുകയും, ഗവണ്മെന്റിനും പൗരന്മാർക്കുമിടയിൽ ‘യുവസേതു’ ആയി പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ‘മൈ ഭാരതി’ന്റെ ലക്ഷ്യം. ഈ അർത്ഥത്തിൽ, ‘മൈ ഭാരത്’ രാജ്യത്തെ ‘യുവജന നേതൃത്വത്തിലുള്ള വികസന’ത്തിന് വലിയ ഉത്തേജനം നൽകും.
NS
(Release ID: 1972946)
Visitor Counter : 155
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada