പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ പ്രഥമ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം കോറിഡോറിന്റെ ഉദ്ഘാടന വേളയില്‍ നമോ ഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
20 OCT 2023 4:35PM by PIB Thiruvananthpuram
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനപ്രിയനും ഊര്‍ജ്ജ്വസ്വലനുമായ മുഖ്യമന്ത്രി, യോഗി ആദിത്യനാഥ് ജി, കര്‍ണാടക മുഖ്യമന്ത്രി, സിദ്ധരാമയ്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഹര്‍ദീപ് സിംഗ് പുരി ജി, വി കെ സിംഗ്ജി, കൗശല്‍ കിഷോര്‍ ജി., കൂടാതെ മറ്റ് ബഹുമാന്യരായ വിശിഷ്ട വ്യക്തികൾ, ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ എണ്ണമറ്റ കുടുംബാംഗങ്ങൾ.
ഇന്ന് രാജ്യത്തിനു മുഴുവന്‍ ഒരു ചരിത്ര നിമിഷം അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയില്‍ സര്‍വീസായ നമോ ഭാരത് ട്രെയിന്‍ രാജ്യത്തിന് സമര്‍പ്പിച്ചു. ഏകദേശം നാല് വര്‍ഷം മുമ്പ്, ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണല്‍ കോറിഡോര്‍ പദ്ധതിക്ക് ഞാന്‍ അടിത്തറയിട്ടു. ഇന്ന് സാഹിബാബാദില്‍ നിന്ന് ദുഹായ് ഡിപ്പോയിലേക്ക് നമോ ഭാരത് സര്‍വീസ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നു. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, ഞങ്ങള്‍ അടിത്തറയിടുക മാത്രമല്ല, തുടങ്ങി വെക്കുന്ന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യുമെന്ന് ആവര്‍ത്തിച്ചു പറയുകയാണ്. മീററ്റ് സെക്ഷന്‍ ഒന്നോ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാകും, ആ സമയത്ത് ഞാനും നിങ്ങളുടെ സേവനത്തിനായുണ്ടാകും.
ഈ അത്യാധുനിക ട്രെയിനിലെ യാത്രാനുഭവം ഞാനും ആസ്വദിച്ചു. കുട്ടിക്കാലം റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ ചെലവഴിച്ചിട്ടുള്ള എന്നെ, റെയില്‍വേയുടെ ഈ പുതിയ രൂപം ഏറെ ആവേശഭരിതനാക്കുന്നു. ഇത് സമ്പന്നവും സന്തോഷകരവുമായ അനുഭവമായിരിക്കും. നമ്മുടെ പാരമ്പര്യത്തില്‍, നവരാത്രിയില്‍ മംഗളകരമായ കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഇന്ന് രാജ്യത്തെ ആദ്യത്തെ നമോ ഭാരത് ട്രെയിനും കാത്യായനി ദേവിയുടെ അനുഗ്രഹം നേടിയിരിക്കുന്നു. ഡ്രൈവര്‍മാര്‍ മുതല്‍ മറ്റു ജീവനക്കാര്‍ വരെയുള്ള തസ്തികകളിൽ വനിതകള്‍ ഈ പുതിയ ട്രെയിനിന്റെ ഭാഗമാണെന്നത് ശ്രദ്ധേയമാണ്. ഇവര്‍ നമ്മുടെ നാടിന്റെ പെണ്‍മക്കളാണ്. ഇത് 'നാരി ശക്തി'യുടെ (സ്ത്രീ ശക്തി) വളരുന്ന കരുത്തിനെ പ്രതിനിധീകരിക്കുന്നു. നവരാത്രിയുടെ മഹത്തായ അവസരത്തില്‍, ഈ സമ്മാനത്തിന് ഡല്‍ഹി-എന്‍സിആര്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. നമോ ഭാരത് ട്രെയിന്‍ ആധുനികതയും വേഗതയും അവിശ്വസനീയമായ കാര്യക്ഷമതയും ഉള്‍ക്കൊള്ളുന്നു. ഈ നമോ ഭാരത് ട്രെയിന്‍ പുതിയ ഭാരതത്തിന്റെ പുതിയ യാത്രകളും തീരുമാനങ്ങളും നിര്‍വചിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ,
സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ ഭാരതത്തിന്റെ വികസനം സാധ്യമാകുമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. നിലവില്‍ ഞങ്ങള്‍ക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജിയും ഉണ്ട്. ഇന്ന്, ബെംഗളൂരുവിലെ രണ്ട് മെട്രോ ലൈനുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നു, ഇത് ബെംഗളൂരുവിലെ ഐടി ഹബ്ബിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നു. ബെംഗളൂരുവില്‍ ഏകദേശം 800,000 ആളുകള്‍ ഇപ്പോള്‍ മെട്രോ വഴി ദിവസവും യാത്ര ചെയ്യുന്നു. ഈ പുതിയ മെട്രോ സൗകര്യത്തിന് ബെംഗളൂരുവിലെ ജനങ്ങളെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ,
21-ാം നൂറ്റാണ്ടില്‍, ഭാരതം എല്ലാ മേഖലകളിലും പുരോഗതിയുടെ ഒരു പുതിയ വീരകഥ എഴുതുകയാണ്. ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങിയതിലൂടെ ഭാരതത്തിന്റെ ചിത്രം ലോകത്തിന് മുന്നില്‍ നിഴലിച്ചു. ലോകവുമായി ബന്ധപ്പെടാനുള്ള പുതിയ അവസരങ്ങളെ ആകാംക്ഷയോടെ സ്വീകരിച്ചുകൊണ്ട്, പ്രൗഢമായ G20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിലൂടെ, ഭാരതം ലോകത്തിനുതന്നെ ആകര്‍ഷണവും കൗതുകവും ആയി മാറിയിരിക്കുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഭാവനകള്‍ ഉള്‍പ്പെടെ നൂറിലധികം മെഡലുകള്‍ നേടി ഇന്ന് ഭാരതം തിളങ്ങുകയാണ്. ഇന്നത്തെ ഭാരതം സ്വന്തമായി 5G കൊണ്ടു വരികയും രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുകയും ചെയ്യുന്നു. ആഗോളതലത്തിലെ ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്‍പന്തിയിലാണ് ഇന്നത്തെ ഭാരതം.
COVID-19 പ്രതിസന്ധി ഉയര്‍ന്നപ്പോള്‍, ഭാരതത്തില്‍ വികസിപ്പിച്ച വാക്‌സിനുകള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു. മൊബൈല്‍ ഫോണുകള്‍, ടിവികള്‍, ലാപ്ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ വന്‍കിട കമ്പനികള്‍ ഇപ്പോള്‍ ഭാരതത്തിലേക്ക് വരുന്നു. ഇന്ന് ഭാരതം യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കുകയും വിക്രാന്ത് വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു, കടലില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നു. ഇന്ന് ആരംഭിച്ച അതിവേഗ നമോ ഭാരത് ട്രെയിനും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. ഭാരതത്തിന്റെ തദ്ദേശീയ തീവണ്ടിയാണിത്. ഇത് കേട്ട് അഭിമാനം തോന്നുന്നുണ്ടോ ഇല്ലയോ? നിങ്ങളുടെ തല അഭിമാനത്താൽ ഉയരുന്നുണ്ടോ ഇല്ലയോ? ഓരോ ഇന്ത്യക്കാരനും ശോഭനമായ ഭാവി കാണുന്നുണ്ടോ ഇല്ലയോ? യുവാക്കള്‍ ശോഭനമായ ഭാവി കാണുന്നുണ്ടോ ഇല്ലയോ? പ്ലാറ്റ്ഫോമില്‍ ഉദ്ഘാടനം ചെയ്ത സ്‌ക്രീന്‍ ഡോര്‍ സംവിധാനവും ഇന്ത്യയില്‍ നിര്‍മിച്ചതാണ്.
പിന്നെ ഒരു കാര്യം കൂടി പറയാം: നമ്മള്‍ ഹെലികോപ്റ്ററില്‍, പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ, യാത്ര ചെയ്യുമ്പോള്‍ ഉള്ളിലെ ശബ്ദം കാരണം അത് ഒരു പറക്കുന്ന ട്രാക്ടറാണെന്ന് തോന്നും. ടാക്ടറിനേക്കാള്‍ ഉച്ചത്തിലുള്ള ശബ്ദം കാരണം ചെവി മൂടേണ്ടി വരും. വിമാനത്തിന്റെ ശബ്ദവും വളരെ ഉച്ചത്തിലുള്ളതാണ്. എന്നാല്‍ ഇന്ന്, നമോ ഭാരത് ട്രെയിനിന് ഒരു വിമാനത്തേക്കാള്‍ ശബ്ദം കുറവാണെന്ന് ഞാന്‍ മനസ്സിലാക്കി, അതിനര്‍ത്ഥം അത് എത്ര സുഖകരമായ യാത്രയാണ് എന്നതാണ്.!
സുഹൃത്തുക്കളേ,
നമോ ഭാരത് ഭാരതത്തിന്റെ ഭാവിയുടെ നേര്‍ക്കാഴ്ചയാണ്. രാജ്യത്തിന്റെ സാമ്പത്തിക ശക്തി വര്‍ദ്ധിക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ മാറുമെന്നും നമോ ഭാരത് തെളിയിക്കുന്നു. ഡല്‍ഹിക്കും മീററ്റിനും ഇടയിലുള്ള 80 കിലോമീറ്ററിലധികം ദൂരം ഒരു തുടക്കം മാത്രമാണ്. ആദ്യഘട്ടത്തില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളും നമോ ഭാരത് ട്രെയിന്‍ വഴി ബന്ധിപ്പിക്കും. ഇപ്പോള്‍ ഞാന്‍ രാജസ്ഥാന്റെ കാര്യം പറഞ്ഞപ്പോള്‍, അശോക് ഗെലോട്ടിന്റെ ഉറക്കം നഷ്ടപ്പെട്ടേക്കാം. വരും കാലങ്ങളില്‍ രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ നമോ ഭാരത് പോലുള്ള സംവിധാനം ഉണ്ടാകും. ഇത് വ്യാവസായിക വികസനത്തിലേക്ക് നയിക്കും, എന്റെ രാജ്യത്തെ യുവജനങ്ങള്‍ക്ക്, എന്റെ രാജ്യത്തെ യുവാക്കളായ ആൺമക്കൾക്കും പെണ്‍മക്കള്‍ക്കും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
സുഹൃത്തുക്കളേ,
നൂറ്റാണ്ടിലെ ഈ മൂന്നാം ദശകം ഇന്ത്യന്‍ റെയില്‍വേയുടെ പരിവര്‍ത്തനത്തിന്റെ ദശകമാണ്. സുഹൃത്തുക്കളേ, ഈ 10 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ റെയില്‍വേ സംവിധാനവും മാറുന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. പിന്നെ എനിക്ക് ചെറിയ സ്വപ്നം കാണുന്ന ശീലമില്ല, വേഗത കുറയുന്നതും ശീലിച്ചിട്ടില്ല. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഭാരതത്തിലെ ട്രെയിനുകള്‍ ലോകത്തില്‍ ആരുടേയും പിന്നിലായിരിക്കില്ലന്ന് ഇന്നത്തെ യുവാക്കള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സുരക്ഷ, സൗകര്യം, ശുചിത്വം, ഐക്യം, സഹാനുഭൂതി, ശക്തി എന്നിവയിൽ ഏതു ഘടകങ്ങളിലായാലും ഇന്ത്യന്‍ റെയില്‍വേ ആഗോളതലത്തില്‍ ഒരു പുതിയ നാഴികക്കല്ല് കൈവരിക്കും. 100% വൈദ്യുതീകരണം എന്നത് ഇന്ത്യന്‍ റെയില്‍വേക്ക് വിദൂരമായ ലക്ഷ്യമല്ല. ഇന്ന് നമോ ഭാരതത്തിന് തുടക്കമായി. ഇതിന് മുമ്പ് വന്ദേഭാരത് രൂപത്തില്‍ ആധുനിക ട്രെയിനുകള്‍ രാജ്യത്തിന് ലഭിച്ചിരുന്നു. അമൃത് ഭാരത് സ്റ്റേഷന്‍ കാമ്പയിനിന്റെ കീഴില്‍ റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്ന ജോലികളും അതിവേഗം പുരോഗമിക്കുകയാണ്. അമൃത് ഭാരത്, വന്ദേ ഭാരത്, നമോ ഭാരത് എന്നീ ത്രിത്വം ഈ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യന്‍ റെയില്‍വേയുടെ നവീകരണത്തിന്റെ പ്രതീകമാകും.
ഇന്ന്, രാജ്യം ഒരു മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാനത്തിനു വേണ്ടി അതിവേഗം പ്രവര്‍ത്തിക്കുകയാണ്. ഇതിനര്‍ത്ഥം വിവിധ ഗതാഗത മാര്‍ഗ്ഗങ്ങളുടെ സംയോജനം എന്നാണ്. നമോ ഭാരത് ട്രെയിനില്‍, മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റിക്കും ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ സരായ് കാലേ ഖാന്‍, ആനന്ദ് വിഹാര്‍, ഗാസിയാബാദ്, മീററ്റ് തുടങ്ങിയ സ്റ്റേഷനുകളെ റെയില്‍, മെട്രോ, ബസ് ടെര്‍മിനലുകള്‍ എന്നിവയിലൂടെ ഇത് തടസ്സമില്ലാതെ ബന്ധിപ്പിക്കുന്നു. ട്രെയിനില്‍ നിന്ന് ഇറങ്ങിയ ശേഷം വീട്ടിലേക്കോ ഓഫീസിലേക്കോ പോകുന്നതിന് മറ്റൊരു ഗതാഗത മാര്‍ഗ്ഗം കണ്ടെത്തുന്നതിനെക്കുറിച്ച് ആളുകള്‍ക്ക് വിഷമിക്കേണ്ടതില്ല.
എന്റെ കുടുംബാംഗങ്ങളേ,
ഭാരതത്തെ മാറ്റുന്നതില്‍ എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം മെച്ചപ്പെടേണ്ടത് അത്യാവശ്യമാണ്. എല്ലാവരും ശുദ്ധവായു ശ്വസിക്കണം, മാലിന്യക്കൂമ്പാരങ്ങള്‍ ഇല്ലാതാകണം, നല്ല ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകണം, പഠനത്തിന് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാകണം, മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സംവിധാനം ഉണ്ടാകണം. ഈ കാര്യങ്ങളിലെല്ലാം ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ന് പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഇന്ന് ഭാരതത്തില്‍ പൊതുഗതാഗതത്തിനായി ചിലവഴിക്കുന്നത്ര തുക നമ്മുടെ രാജ്യത്ത് മുമ്പ് വകയിരുത്തപ്പെട്ടിട്ടേയില്ല.
സുഹൃത്തുക്കളേ,
ഗതാഗതത്തിനായി ജലം, ഭൂമി, വായു, ബഹിരാകാശം എന്നിങ്ങനെ എല്ലാ ദിശകളിലും ഞങ്ങള്‍ പരിശ്രമിക്കുന്നു. ജലഗതാഗതം നോക്കുമ്പോള്‍ നൂറിലധികം ജലപാതകളാണ് ഇന്ന് രാജ്യത്ത് വികസിക്കുന്നത്. ഗംഗാ നദിയിലാണ് ഏറ്റവും വലിയ ജലപാത നിര്‍മ്മിക്കുന്നത്. ബനാറസ് മുതല്‍ ഹാല്‍ദിയ വരെ പോകുന്ന കപ്പലുകള്‍ക്കായി ഒന്നിലധികം ജലപാത ടെര്‍മിനലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഇപ്പോള്‍ ജലമാര്‍ഗ്ഗത്തിലൂടെ അയക്കാന്‍ കഴിയുന്ന കര്‍ഷകര്‍ക്ക് ഇത് പ്രയോജനകരമാണ്. അടുത്തിടെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റിവര്‍ ക്രൂയിസായ ഗംഗാ വിലാസ് 3200 കിലോമീറ്റര്‍ ദൂരം താണ്ടി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. പുതിയ തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ തീരപ്രദേശങ്ങളില്‍ അഭൂതപൂര്‍വമായ രീതിയില്‍ വികസിക്കുകയും ആധുനികവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ക്കും ഇത് ഗുണം ചെയ്യുന്നുണ്ട്. ഭൂമിയെ കുറിച്ച് പറയുകയാണെങ്കില്‍, ആധുനിക എക്‌സ്പ്രസ് വേകളുടെ ശൃംഖലയ്ക്കായി 4 ലക്ഷം കോടി രൂപയിലധികം സര്‍ക്കാര്‍ ചെലവഴിക്കുന്നു. നമോ ഭാരത് പോലുള്ള ട്രെയിനുകളായാലും മെട്രോ ട്രെയിനുകളായാലും മൂന്ന് ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കപ്പെടുന്നുണ്ട്.
സമീപ വര്‍ഷങ്ങളില്‍ മെട്രോ റൂട്ടുകളുടെ വിപുലീകരണത്തെക്കുറിച്ച് ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ താമസക്കാര്‍ക്ക് നന്നായി അറിയാം. ഉത്തര്‍പ്രദേശില്‍, നോയിഡ, ഗാസിയാബാദ്, ലഖ്നൗ, മീററ്റ്, ആഗ്ര, കാണ്‍പൂര്‍ തുടങ്ങിയ നഗരങ്ങള്‍ മെട്രോ സേവനങ്ങളുടെ തുടക്കത്തിനോ ഭാവി പദ്ധതികള്‍ക്കോ സാക്ഷ്യം വഹിക്കുന്നു. ബെംഗളൂരു, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലും കര്‍ണാടക മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നുണ്ട്.
ആകാശത്തും ഭാരതം അതിവേഗം ചിറകു വിടര്‍ത്തുന്നു. 'ഹവായ് ചപ്പല്‍' ധരിക്കുന്നവര്‍ക്ക് പോലും വിമാന യാത്ര കൂടുതല്‍ പ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. നമ്മുടെ എയര്‍ലൈനുകള്‍ സമീപകാലത്ത് ആയിരത്തിലധികം പുതിയ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. അതുപോലെ, നമ്മുടെ ബഹിരാകാശയാത്രാ ശ്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. നമ്മുടെ ചന്ദ്രയാന്‍ ചന്ദ്രനില്‍ ത്രിവര്‍ണ്ണ പതാക സ്ഥാപിച്ചു, 2040 വരെ നമുക്ക് ശക്തമായ ഒരു റോഡ്മാപ്പ് ഉണ്ട്. താമസിയാതെ, നമ്മുടെ ഗഗന്‍യാന്‍ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് പോകും, അവിടെ നാം നമ്മുടെ ബഹിരാകാശ നിലയം സ്ഥാപിക്കും. ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരനെ ഇറക്കുന്ന ദിവസം വിദൂരമല്ല. ഇതെല്ലാം ആര്‍ക്കുവേണ്ടിയാണ് പ്രാവര്‍ത്തികമാക്കുന്നത്? രാജ്യത്തെ യുവാക്കള്‍ക്ക്, അവരുടെ ഭാവി ശോഭനമാക്കുന്നതിന് വേണ്ടിയാണ് ഇതെല്ലാം നടപ്പിലാക്കുന്നത്.
സുഹൃത്തുക്കളേ,
നല്ല വായുവിന്റെ ഗുണനിലവാരത്തിന് നഗരങ്ങളിലെ മലിനീകരണം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, രാജ്യത്ത് ഇലക്ട്രിക് ബസുകളുടെ ഗണ്യമായ ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് 10,000 ഇലക്ട്രിക് ബസുകള്‍ നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. തലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 600 കോടി ചെലവിട്ട് 1300-ലധികം ഇലക്ട്രിക് ബസുകള്‍ ഓടിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ 850 ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി. അതുപോലെ, 1200 ലധികം ഇലക്ട്രിക് ബസുകള്‍ ഓടിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 500 കോടിയുടെ സഹായം ബെംഗളൂരുവിന് നല്‍കുന്നു. ഡല്‍ഹി, യുപി, കര്‍ണാടക എന്നിങ്ങനെ എല്ലാ നഗരങ്ങളിലും ആധുനികവും ഹരിതവുമായ പൊതുഗതാഗതം മെച്ചപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സുഹൃത്തുക്കളേ,
ഇന്ന് ഭാരതത്തില്‍ നടക്കുന്ന എല്ലാ അടിസ്ഥാന സൗകര്യ വികസനത്തിലും പൗരന്‍മാരുടെ സൗകര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. മെട്രോ അല്ലെങ്കില്‍ നമോ ഭാരത് ട്രെയിനുകള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഓഫീസ് യാത്രക്കാര്‍ക്ക് വലിയ പ്രാധാന്യമുണ്ട്. വീട്ടില്‍ ചെറിയ കുട്ടികളോ പ്രായമായ മാതാപിതാക്കളോ ഉള്ളവരെ സംബന്ധിച്ചിടത്തോളം, ഇത് അവർ കുടുംബത്തിനായി മാറ്റിവച്ചിട്ടുള്ള സമയം ലാഭിക്കുന്നു. യുവാക്കളെ സംബന്ധിച്ചിടത്തോളം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ വന്‍കിട കമ്പനികളുടെ കടന്നുവരവും വ്യവസായങ്ങളുടെ സ്ഥാപനവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഉറപ്പാക്കുന്നു. ബിസിനസുകാരുടെ കാര്യത്തിലാണെങ്കിൽ, നല്ല എയര്‍വേകളും റോഡുകളും ഉള്ളത് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള സൌകര്യം ഉറപ്പാക്കുന്നു. ശക്തമായ ഒരു അടിസ്ഥാനസൗകര്യം വിവിധ ബിസിനസുകളെ ഒരുമിച്ച് കൊണ്ടുവരുന്നു, എല്ലാവര്‍ക്കും പ്രയോജനം ചെയ്യുന്നു. ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക്, മെട്രോ അല്ലെങ്കില്‍ RRTS പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സുരക്ഷിതത്വബോധം നല്‍കുന്നു. സ്ത്രീകള്‍ക്ക് ഓഫീസിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ മാത്രമല്ല, അവരുടെ പണം ലാഭിക്കാനും കഴിയുന്നു.
മെഡിക്കല്‍ കോളേജുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍, ചികിത്സ തേടുന്ന രോഗികള്‍ക്കും ഡോക്ടര്‍മാരാകാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും പ്രയോജനം ലഭിക്കുന്നു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിക്കുമ്പോള്‍, ഏറ്റവും ദരിദ്രനായ വ്യക്തിക്ക് പോലും അവർക്ക് അവകാശപ്പെട്ട തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നു. പൗരന്മാര്‍ക്ക് എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭിക്കാന്‍ തുടങ്ങുമ്പോള്‍, അത് ഓഫീസുകള്‍ കയറിയിറങ്ങുന്ന ബുദ്ധിമുട്ടില്‍ നിന്ന് അവരെ മോചിപ്പിക്കുന്നു. ഇപ്പോള്‍, UPI സൌകര്യമുള്ള ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ നമ്മള്‍ കണ്ടു, അവയും നിങ്ങളുടെ സൗകര്യങ്ങൾ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഈ മേഖലകളെല്ലാം കഴിഞ്ഞ ദശകത്തില്‍ അഭൂതപൂര്‍വമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു, ഇത് ജനങ്ങളുടെ ജീവിതം എളുപ്പമാക്കുകയും നിരവധി ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുകയും ചെയ്തു.
എന്റെ കുടുംബാംഗങ്ങളേ..
ഇത് ഉത്സവങ്ങളുടെ സമയമാണ്, സന്തോഷത്തിന്റെ സമയമാണ്. രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഈ ആഘോഷങ്ങള്‍ അത്യന്തം സന്തോഷത്തോടെ ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കും പ്രയോജനപ്പെടും. റാബി വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) ഇന്ത്യന്‍ സര്‍ക്കാര്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചു. മസൂര്‍ പരിപ്പിന്റെ എംഎസ്പി ക്വിന്റലിന് 425 രൂപയും കടുകിന് 200 രൂപയും ഗോതമ്പിന് 150 രൂപയും വര്‍ധിപ്പിച്ചു. ഇത് നമ്മുടെ കര്‍ഷകര്‍ക്ക് അധിക വരുമാനം നല്‍കും. 2014ല്‍ ക്വിന്റലിന് 1400 രൂപയായിരുന്ന ഗോതമ്പിന്റെ എംഎസ്പി ഇപ്പോള്‍ 2000 രൂപ കടന്നിരിക്കുകയാണ്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ മസൂര്‍ പരിപ്പിനുള്ള എംഎസ്പി ഇരട്ടിയിലേറെയായി. ഇക്കാലയളവില്‍ കടുകിന്റെ എംഎസ്പി ക്വിന്റലിന് 2600 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളുടെ വിലയുടെ ഒന്നര ഇരട്ടിയിലധികം നല്‍കാനുള്ള ഈ പ്രതിബദ്ധത ഞങ്ങളുടെ സമര്‍പ്പണബുദ്ധി പ്രകടമാക്കുന്നു.
സുഹൃത്തുക്കളേ,
യൂറിയ ഉള്‍പ്പെടെയുള്ള എല്ലാ വളങ്ങളും കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഏകദേശം 3000 രൂപ വിലയുള്ള യൂറിയ ബാഗ് ഭാരതത്തില്‍ 300 രൂപയില്‍ താഴെയാണ് നല്‍കുന്നത്. ഈ കണക്ക് നിങ്ങള്‍ ഓര്‍ക്കുമോ? ഈ കണക്ക് നിങ്ങളുടെ ഓര്‍മ്മയില്‍ നിലനില്‍ക്കണം. ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കും രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്കും ഇത് പ്രയോജനകരമാണ്. ഒരു വര്‍ഷം രണ്ടര ലക്ഷം കോടിയിലധികം രൂപയാണ് ഇതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്റെ കര്‍ഷകര്‍ക്ക് യൂറിയ വിലകൂടാതിരിക്കാന്‍ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നാണ് ഈ ഭീമമായ തുക ചെലവഴിക്കുന്നത്.
സുഹൃത്തുക്കളേ,
വിളകള്‍ വിളവെടുത്ത ശേഷം അവശേഷിക്കുന്ന വൈക്കോല്‍, കൊയ്ത്തിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ എന്നിവ പാഴാക്കാതിരിക്കേണ്ടത് പ്രധാനമാണ്. രാജ്യത്തുടനീളം ജൈവ ഇന്ധന, എഥനോള്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ ഇതിനായി സജീവമായി പ്രവര്‍ത്തിക്കുന്നു. ഒമ്പത് വര്‍ഷം മുമ്പുള്ള അവസ്ഥയെ അപേക്ഷിച്ച്, രാജ്യത്ത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന എഥനോള്‍ പതിന്മടങ്ങ് കൂടുതലാണ്. എത്തനോള്‍ ഉല്‍പ്പാദനം നമ്മുടെ കര്‍ഷകരുടെ പോക്കറ്റുകളിലേക്ക് ഏകദേശം 65,000 കോടി സംഭാവന ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് 18,000 കോടിയിലധികം പേയ്മെന്റുകള്‍ ലഭിച്ചു. മീററ്റ്-ഗാസിയാബാദ് മേഖലയെ ഞാന്‍ പ്രത്യേകം പരാമര്‍ശിച്ചാല്‍, ഈ വര്‍ഷം മാത്രം 300 കോടിയിലധികം എഥനോളിനായി ഇവിടത്തെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. എഥനോളിന്റെ വര്‍ധിച്ച ഉപയോഗം, പ്രത്യേകിച്ച് ഗതാഗത മേഖലയിലുള്ള ഉപയോഗം, മീററ്റ്-ഗാസിയാബാദ് മേഖലയിലുള്ള എന്റെ കരിമ്പ് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നു. കരിമ്പ് കര്‍ഷകര്‍ക്കുള്ള കുടിശ്ശികയുടെ പ്രശ്‌നം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
സുഹൃത്തുക്കളേ,
ഉത്സവകാലം ആരംഭിക്കുമ്പോള്‍, നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനകം ഒരു സമ്മാനം നല്‍കിക്കഴിഞ്ഞു. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഗ്യാസ് സിലിണ്ടറുകളുടെ വില 500 രൂപ കുറച്ചു. രാജ്യത്തുടനീളമുള്ള 80 കോടിയിലധികം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തുടര്‍ച്ചയായി സൗജന്യ റേഷന്‍ നല്‍കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 4% ക്ഷാമബത്ത പ്രഖ്യാപിച്ചു. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്കും ദീപാവലി ബോണസ് നല്‍കിയിട്ടുണ്ട്. അധികമായി ആയിരക്കണക്കിന് കോടികള്‍ കര്‍ഷകരിലേക്കും തൊഴിലാളികളിലേക്കും എത്തുന്നത് സമൂഹത്തിനാകെ ഗുണം ചെയ്യും. അവര്‍ നടത്തുന്ന വാങ്ങലുകള്‍ വിപണികളെയും ബിസിനസുകളെയും ഉയര്‍ത്തും.
എന്റെ കുടുംബാംഗങ്ങളേ,
അനുഭാവപൂര്‍ണമായ തീരുമാനങ്ങള്‍ ഉണ്ടാകുമ്പോള്‍, എല്ലാ കുടുംബങ്ങളിലും ഉത്സവങ്ങളുടെ സന്തോഷം വര്‍ദ്ധിക്കുന്നു. രാജ്യത്തെ എല്ലാ കുടുംബങ്ങളും സന്തോഷത്തോടെ കഴിയുമ്പോള്‍, നിങ്ങളുടെ ഉത്സവങ്ങള്‍ നന്നായി നടക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഏറ്റവും സന്തോഷവാനാണ്. ആ സന്തോഷത്തിലാണ് എന്റെ ആഘോഷം.
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
നിങ്ങളാണ് എന്റെ കുടുംബം, അതിനാല്‍ നിങ്ങളാണ് എന്റെ മുന്‍ഗണന. ഈ ജോലി നിങ്ങള്‍ക്കായാണ് നടക്കുന്നു. നിങ്ങള്‍ സന്തോഷമായിരിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്താല്‍ രാജ്യം പുരോഗതി പ്രാപിക്കും. നിങ്ങള്‍ സന്തോഷവാനാണെങ്കില്‍, ഞാന്‍ സന്തോഷവാനായിരിക്കും. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ രാജ്യം പ്രാപ്തമാകും.
സഹോദരീ സഹോദരന്മാരേ,
ഇന്ന് എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ട്. എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ട്. നിങ്ങളത് നല്‍കുമോ? ഈ ശബ്ദം നിങ്ങൾ കേള്‍ക്കാതെ പോകില്ല. എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കണം. അത് തരുമോ? നിങ്ങളുടെ കൈകള്‍ ഉയര്‍ത്തി നിങ്ങള്‍ തരുമെന്ന് എനിക്ക് ഉറപ്പുനല്‍കുക. ശരി, നോക്കൂ, ഒരു പാവപ്പെട്ടയാള്‍ക്ക് ഒരു സൈക്കിള്‍ ഉണ്ടെങ്കില്‍, അയാള്‍ അത് പരിപാലിക്കുമോ ഇല്ലയോ, അവന്‍ അത് വൃത്തിയാക്കുമോ ഇല്ലയോ, എന്നോട് പറയൂ, അവന്‍ ചെയ്യുമോ ഇല്ലയോ? നിങ്ങള്‍ക്ക് ഒരു സ്‌കൂട്ടര്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ അത് ശരിയായി സൂക്ഷിക്കുമോ, വൃത്തിയാക്കുമോ ഇല്ലയോ, നിങ്ങളുടെ സ്‌കൂട്ടര്‍ നല്ല നിലയില്‍ പരിപാലിക്കുമ്പോൾ അത് നന്നായിരിക്കുമെന്ന് തോന്നുന്നില്ലേ? അതിനാല്‍, അവതരിപ്പിക്കുന്ന ഈ പുതിയ ട്രെയിനുകള്‍ ആരുടെതാണ്. അവരെ പരിപാലിക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്? നാം അതിനെ പരിപാലിക്കും. ഒരു പോറല്‍ പോലും വരാന്‍ പാടില്ല. നമ്മുടെ പുതിയ ട്രെയിനുകള്‍ക്ക് ഒരു പോറല്‍ പോലും ഉണ്ടാകരുത്. സ്വന്തം വാഹനം എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ തന്നെ അത് ശ്രദ്ധിക്കണം. നിങ്ങള്‍ ശ്രദ്ധിക്കുമോ? ഒരിക്കല്‍ കൂടി, നമോ ഭാരത് ട്രെയിനിന്റെ പേരില്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. വളരെ നന്ദി!
നിങ്ങളുടെ ശബ്ദം ഉയര്‍ത്തി എനിക്കൊപ്പം പറയുക,
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
വളരെ നന്ദി.
NS/SK
(Release ID: 1971963)
Visitor Counter : 79
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil