പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഒക്ടോബര്‍ 27ന് മധ്യപ്രദേശിലെ ചിത്രകൂട് സന്ദര്‍ശിക്കും



ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റിലെ ഒന്നിലധികം പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും

പ്രധാനമന്ത്രി രഘുബീര്‍ മന്ദിറില്‍ പൂജയും ദര്‍ശനവും നടത്തും

അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ ശതാബ്ദി ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള പൊതു പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

കാഞ്ച് മന്ദിറില്‍ പൂജയും ദര്‍ശനവും നടത്താന്‍ പ്രധാനമന്ത്രി തുളസിപീഠവും സന്ദര്‍ശിക്കും

Posted On: 26 OCT 2023 8:02PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒക്ടോബര്‍ 27 ന് മധ്യപ്രദേശ് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പ്രധാനമന്ത്രി സത്ന ജില്ലയിലെ ചിത്രകൂടില്‍ എത്തുകയും ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റില്‍ ഒന്നിലധികം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. രഘുബീര്‍ മന്ദിറില്‍ പൂജയും ദര്‍ശനവും അദ്ദേഹം നടത്തും. ശ്രീരാമ സംസ്‌കൃത മഹാവിദ്യാലയം സന്ദര്‍ശനം, അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന, ജാന്‍കികുണ്ഡ് ചികിത്സാശാലയുടെ പുതിയ വിഭാഗം ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനപരിപാടിയിലുണ്ട്.

അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ ശതാബ്ദി ജന്മദിന ആഘോഷത്തോടനുബന്ധിച്ചുള്ള പൊതു പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റ് 1968 ല്‍ പരം പൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജാണ് സ്ഥാപിച്ചത്. ശ്രീ അരവിന്ദ് ഭായ് മഫത്ലാല്‍, പരം പൂജ്യ രഞ്ചോദ്ദാസ്ജി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ട്രസ്റ്റ് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുന്‍നിര സംരംഭകരില്‍ ഒരാളായിരുന്നു ശ്രീ അരവിന്ദ് ഭായ് മഫത്ലാല്‍. രാജ്യത്തിന്റെ വളര്‍ച്ചാ ഗാഥയില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.

ചിത്രകൂട് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി തുളസിപീഠവും സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 3:15 ന് കാഞ്ച് മന്ദിറില്‍ പൂജയും ദര്‍ശനവും നടത്തും. തുളസി പീഠത്തിലെ ജഗദ്ഗുരു രാമാനന്ദാചാര്യയുടെ അനുഗ്രഹം തേടുന്ന അദ്ദേഹം ഒരു പൊതുചടങ്ങില്‍ പങ്കെടുക്കും. അവിടെ അദ്ദേഹം മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും: 'അഷ്ടാധ്യായി ഭാഷ', 'രാമാനന്ദാചാര്യ ചരിതം', 'ഭഗവാന്‍ ശ്രീകൃഷ്ണ കി രാഷ്ട്രലീല'.

മധ്യപ്രദേശിലെ ചിത്രകൂടിലെ ഒരു പ്രധാന മത-സാമൂഹിക സേവന സ്ഥാപനമാണ് തുളസി പീഠം. 1987-ല്‍ ജഗദ്ഗുരു രാമഭദ്രാചാര്യയാണ് ഇത് സ്ഥാപിച്ചത്. ഹിന്ദു മത സാഹിത്യത്തിന്റെ പ്രമുഖ പ്രസാധകരില്‍ ഒരാളാണ് തുളസി പീഠം.

 

NS



(Release ID: 1971706) Visitor Counter : 79