പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളുടെ സംഘത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


“ഏഷ്യൻ ഗെയിംസിലെ നമ്മുടെ കായികതാരങ്ങളുടെ മികച്ച പ്രകടനത്തിൽ രാജ്യമാകെ ആഹ്ലാദത്തിലാണ്”

“ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമാണിത്. നാം ശരിയായ ദിശയിലാണു നീങ്ങുന്നത് എന്നതു വ്യക്തിപരമായി സംതൃപ്തിയേകുന്ന കാര്യമാണ്”

“പല ഇനങ്ങളിലും പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമമായതു നിങ്ങളുടെ പരിശ്രമത്താലാണ്”

“പല മേഖലകളിലും, നിങ്ങൾ അക്കൗണ്ടു തുറക്കുക മാത്രമല്ല, യുവതലമുറയെ പ്രചോദിപ്പിക്കുന്ന പാത പ്രകാശിപ്പിക്കുകയും ചെയ്തു”

“ഇന്ത്യയുടെ പെൺമക്കൾ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നുംകൊണ്ടു തൃപ്തിപ്പെടുമായിരുന്നില്ല”

“നമ്മുടെ ടോപ്സ്, ഖേലോ ഇന്ത്യ പദ്ധതികൾ വഴിത്തിരിവാണെന്നു തെളിയിച്ചു”

“നമ്മുടെ കളിക്കാർ ‘GOAT’ ആണ്; അതായത്, രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരങ്ങൾ”

“മെഡൽ ജേതാക്കളിൽ ചെറുപ്രായത്തിലുള്ള കായികതാരങ്ങളുടെ സാന്നിധ്യം കായിക രാഷ്ട്രത്തിന്റെ അടയാളപ്പെടുത്തലാണ്”

“യുവ ഇന്ത്യയുടെ പുതിയ ചിന്താഗതി ഇനി മികച്ച പ്രകടനം കൊണ്ടുമാത്രം തൃപ്തിപ്പെടില്ല; മറിച്ച്, മെഡലുകളും വിജയങ്ങളും ആഗ്രഹിക്കുക കൂടി‌ ചെയ്യുന്നു”

“മയക്കുമരുന്നിനെതിരെ പോരാടുന്നതിനും ചെറുധാന്യങ്ങളും പോഷണ ദൗത്യവും പ്രോത്സാഹിപ്പിക്കുന്നതിനും സഹായമേകണം”

“പണത്തിന്റെ കുറവ് ഒരിക്കലും നിങ്ങളുടെ പരിശ്രമങ്ങൾക്കു തടസമാകില്ലെന്നു ഞാൻ ഉറപ്പു നൽകുന്നു”

“യുവാക്കളിലുള്ള ഞങ്ങളുടെ വിശ്വാസമാണ് ‘100 പാർ’ എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനം. ആ വിശ്വാസത്തിനനുസരിച്ചു നിങ്ങൾ മുന്നേറി”


Posted On: 10 OCT 2023 6:24PM by PIB Thiruvananthpuram

2022ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളുടെ സംഘത്തെ ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കായികതാരങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഏഷ്യൻ ഗെയിംസ് 2022ൽ 28 സ്വർണം ഉൾപ്പെടെ 107 മെഡലാണ് ഇന്ത്യ നേടിയത്.

സംഘത്തെ അഭിസംബോധന ചെയ്യവേ, രാജ്യത്തെ ഓരോ പൗരനെയും പ്രതിനിധാനം ചെയ്ത് പ്രധാനമന്ത്രി അവരെ സ്വാഗതം ചെയ്യുകയും അവരുടെ വിജയത്തിൽ അഭിനന്ദനം അറിയിക്കുകയും ചെയ്തു. 1951ൽ ഇതേ സ്റ്റേഡിയത്തിലായിരുന്നു ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്നത് എന്നതു സന്തോഷകരമായ യാദൃച്ഛികതയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കായികതാരങ്ങൾ പ്രകടിപ്പിച്ച ധൈര്യവും നിശ്ചയദാർഢ്യവും രാജ്യത്തിന്റെ ഓരോ കോണിനേയും ആഘോഷത്തിന്റെ മനോഭാവത്തിലേക്കു നയിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. 100ലധികം മെഡൽ എന്ന ലക്ഷ്യം കൈവരിക്കാൻ കഠിനാധ്വാനം നടത്തിയതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യം മുഴുവൻ അഭിമാനം കൊള്ളുകയാണെന്നു വ്യക്തമാക്കി. പരിശീലകരെ അഭിനന്ദിച്ച അദ്ദേഹം ഫിസിയോകളെയും ഉദ്യോഗസ്ഥരെയും അവരുടെ സംഭാവന​കളുടെ കാര്യത്തിൽ പ്രകീർത്തിക്കുകയും ചെയ്തു. എല്ലാ കായികതാരങ്ങളുടെയും രക്ഷിതാക്കളെ വണങ്ങിയ പ്രധാനമന്ത്രി, കുടുംബങ്ങൾ നൽകിയ സംഭാവനകളും സഹിച്ച ത്യാഗങ്ങളും എടുത്തുപറഞ്ഞു. “പരിശീലനമൈതാനം മുതൽ പോഡിയം വരെ മാതാപിതാക്കളുടെ പിന്തുണയില്ലാതെയുള്ള യാത്ര അസാധ്യമാണ്” - പ്രധാനമന്ത്രി പറഞ്ഞു.

“നിങ്ങൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഈ ഏഷ്യൻ ഗെയിംസിന്റെ കണക്കുകൾ ഇന്ത്യയുടെ വിജയത്തിനു സാക്ഷ്യം വഹിക്കുന്നു. ഏഷ്യൻ ഗെയിംസിൽ ഇതുവരെയുള്ളതിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. നാം ശരിയായ ദിശയിലാണു നീങ്ങുന്നത് എന്നതു വ്യക്തിപരമായി സംതൃപ്തിയേകുന്ന കാര്യമാണ്”- പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വാക്സിന്റെ സമയത്തുണ്ടായിരുന്ന സംശയങ്ങളെക്കുറിച്ചു പറഞ്ഞ അദ്ദേഹം, ജീവൻ രക്ഷിക്കുന്നതിലും 250 രാജ്യങ്ങളെ സഹായിക്കുന്നതിലും നാം വിജയിച്ചപ്പോൾ, ശരിയായ ദിശയിലേക്കു നീങ്ങുന്നതിന്റെ അതേ വികാരം അനുഭവപ്പെട്ടിരുന്നെന്നും പറഞ്ഞു.

ഷൂട്ടിങ്, അമ്പെയ്ത്ത്, സ്ക്വാഷ്, തുഴച്ചിൽ, വനിതാ ബോക്സിങ് എന്നിവയിൽ എക്കാലത്തെയും ഉയർന്ന നിലയിലുള്ള മെഡലുകളെക്കുറിച്ചും സ്ത്രീകളുടെയും പുരുഷൻമാരുടെയും ക്രിക്കറ്റിലെയും സ്ക്വാഷ് മിക്‌സഡ് ഡബിൾസിലെയും ആദ്യ സ്വർണ മെഡലിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. വനിതകളുടെ ഷോട്ട്പുട്ട് (72 വർഷം), 4x400 മീറ്റർ (61 വർഷം), കുതിരസവാരി (41 വർഷം), പുരുഷ ബാഡ്മിന്റൺ (40 വർഷം) എന്നിങ്ങനെ ചില ഇനങ്ങളിൽ നീണ്ട കാലത്തിനു ശേഷം മെഡൽ നേടിയതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. “പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമമായതു നിങ്ങളുടെ പ്രയത്നത്താലാണ്”- പ്രധാനമന്ത്രി പറഞ്ഞു.


പങ്കെടുത്ത മിക്കവാറും എല്ലാ കായിക ഇനങ്ങളിലും മെഡലുകള്‍ നേടിയപ്പോള്‍ ഇന്ത്യയുടെ ക്യാന്‍വാസ് വിപുലീകരിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരിക്കലും ഇന്ത്യ പോഡിയം ഫിനിഷ് ചെയ്യാത്ത 20 ഇനങ്ങളെങ്കിലും ഉണ്ടായിരുന്നു. ''നിങ്ങള്‍ ഒരു അക്കൗണ്ട് തുറക്കുക മാത്രമല്ല, യുവതലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പാത ജ്വലിപ്പിക്കുകയും ചെയ്തു. അത് ഏഷ്യന്‍ ഗെയിംസിന് അപ്പുറത്തേക്ക് പോകുകയും ഒളിമ്പിക്‌സിലേക്കുള്ള നമ്മുടെ മുന്നേറ്റത്തിന് പുതിയ ആത്മവിശ്വാസം നല്‍കുകയും ചെയ്യും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാ കായികതാരങ്ങള്‍ നല്‍കിയ സംഭാവനകളില്‍ അത്യധികം അഭിമാനം പ്രകടിപ്പിച്ച പ്രധാനമന്ത്രി അത് ഇന്ത്യയുടെ പെണ്‍മക്കളുടെ കഴിവുകളെ ഉയര്‍ത്തിക്കാട്ടുന്നതായി പറയുകയും ചെയ്തു. വിജയിച്ച എല്ലാ മെഡലുകളിലും പകുതിയിലേറെയും നേടിയത് വനിതാ അത്‌ലറ്റുകളാണെന്നും വനിതാ ക്രിക്കറ്റ് ടീമാണ് വിജയങ്ങളുടെ പരമ്പരയ്ക്ക് തുടക്കമിട്ടതെന്നും അദ്ദേഹം അറിയിച്ചു. വനിതകളാണ് ബോക്‌സിംഗില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയതെന്ന് അദ്ദേഹം സൂചിപ്പിച്ചു. മികച്ച പ്രകടനത്തിന് വനിതാ അത്‌ലറ്റിക്‌സ് ടീമിനെ അഭിനന്ദിച്ച അദ്ദേഹം ''ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഒന്നാമതില്‍ കുറഞ്ഞതൊന്നിലും ഒതുങ്ങാന്‍ ഇന്ത്യയുടെ പുത്രിമാര്‍ തയാറായിരുന്നില്ല'' എന്ന് പറയുകയും ചെയ്തു. ''ഇതാണ് നവഇന്ത്യയുടെ ആത്മാവും ശക്തിയും'' പ്രധാനമന്ത്രി പറഞ്ഞു. അന്തിമ വിസില്‍ മുഴങ്ങി വിജയികളെ തീരുമാനിക്കപ്പെടുന്നതുവരെ നവ ഇന്ത്യ ഒരിക്കലും നിര്‍ത്തില്ലെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. ''ഓരോ തവണയും നവ ഇന്ത്യ അതിന്റെ ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിക്കുന്നു'', അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് ഒരിക്കലും പ്രതിഭ കുറവായിരുന്നില്ലെന്നും മുന്‍കാലങ്ങളിലും കായികതാരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും എന്നാല്‍, നിരവധി വെല്ലുവിളികള്‍ കാരണം മെഡലുകളുടെ കാര്യത്തില്‍ നാം പിന്നിലായിപ്പോകുകയായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ന് ശേഷം നടത്തിയ ആധുനികവല്‍ക്കരണ പരിവര്‍ത്തന ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. അത്‌ലറ്റുകള്‍ക്ക് മികച്ച പരിശീലന സൗകര്യങ്ങള്‍ നല്‍കാനും അത്‌ലറ്റുകള്‍ക്ക് പരമാവധി ദേശീയ അന്തര്‍ദേശീയ എക്‌സ്‌പോഷര്‍  ലഭ്യമാക്കാനും തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കാനും ഗ്രാമീണമേഖലയില്‍ നിന്നുള്ള പ്രതിഭകള്‍ക്ക് പരമാവധി അവസരം നല്‍കാനുമാണ് ഇന്ത്യയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 9 വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് കായിക ബജറ്റ് മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ''നമ്മുടെ ടോപ്‌സും ഖേലോ ഇന്ത്യ പദ്ധതികളുമാണ് സവിശേഷമായ മാറ്റങ്ങള്‍ക്ക് വഴി തെളിയിച്ചത്'', ഖേലോ ഗുജറാത്ത് സംസ്ഥാനത്തിന്റെ കായിക സംസ്‌കാരത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യാഡ് സംഘത്തിലെ 125 ഓളം അത്‌ലറ്റുകള്‍ ഖേലോ ഇന്ത്യ സംഘടിതപ്രവര്‍ത്തനത്തിന്റെ കണ്ടെത്തലാണെന്നും അതില്‍ 40 ലധികം പേര്‍ മെഡലുകള്‍ നേടിയെന്നും അദ്ദേഹം പറഞ്ഞു. ''ഈ സംഘടിതപ്രവര്‍ത്തനം ശരിയായ ദിശയിലാണെന്നതാണ് നിരവധി ഖേലോ ഇന്ത്യ അത്‌ലറ്റുകളുടെ വിജയം കാണിക്കുന്നത്'', അദ്ദേഹം പറഞ്ഞു. ഖേലോ ഇന്ത്യയുടെ കീഴില്‍ 3000-ലധികം കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ കളിക്കാര്‍ക്ക് പ്രതിവര്‍ഷം 6 ലക്ഷം രൂപയിലധികം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നു. ''ഈ പദ്ധതിക്ക് കീഴില്‍, ഏകദേശം 2500 കോടി രൂപയുടെ സഹായം ഇതുവരെ കായികതാരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പണത്തിന്റെ അഭാവം ഒരിക്കലും നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് തടസ്സമാകില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്കും കായിക മേഖലയ്ക്കും വേണ്ടി ഗവണ്‍മെന്റ് 3,000 കോടി രൂപ കൂടി ചെലവഴിക്കാന്‍ പോകുന്നു. നിങ്ങള്‍ക്ക് വേണ്ടി ഇന്ന്, രാജ്യത്തിന്റെ എല്ലാ കോണുകളിലും ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

മെഡല്‍ ജേതാക്കളിലെ പ്രായം കുറഞ്ഞ കായികതാരങ്ങളുടെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ''ഇത് ഒരു കായിക രാഷ്ട്രത്തിന്റെ അടയാളമാണ്. ഈ പുതിയ യുവ വിജയികള്‍ ദീര്‍ഘകാലം രാജ്യത്തിന് വേണ്ടി ഉജ്ജ്വല പ്രകടനം നടത്തും. യുവ ഇന്ത്യയുടെ പുതിയ ചിന്താഗതി ഇനി വെറും മികച്ച പ്രകടനം കൊണ്ട് മാത്രം തൃപ്തരാകില്ല, പകരം മെഡലുകളും വിജയങ്ങളുമാണ് ആഗ്രഹിക്കുന്നത്'', അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്, നിങ്ങളാണ് GOAT (Greatest Of All Time- എക്കാലത്തെയും മികച്ചത്') എന്ന് യുവതലമുറകള്‍ക്കിടയിലെ പൊതുവായ പദാവലികളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. കായികതാരങ്ങളുടെ ആവേശവും അര്‍പ്പണബോധവും കുട്ടിക്കാലത്തെ കഥകളും എല്ലാവര്‍ക്കും പ്രചോദനമാണ്. യുവതലമുറയില്‍ കായികതാരങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തിന് അടിവരയിട്ടുകൊണ്ട്, കൂടുതല്‍ യുവജനങ്ങളുമായി ബന്ധപ്പെടുന്നതിലൂടെ ഈ പ്രസാദാത്മക ഊര്‍ജ്ജം നന്നായി ഉപയോഗിക്കണം എന്നതിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. കായികതാരങ്ങള്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികളുമായി ഇടപഴകണമെന്ന തന്റെ നിര്‍ദ്ദേശം അനുസ്മരിച്ച പ്രധാനമന്ത്രി, മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അത് തൊഴിലും ജീവിതവും എങ്ങനെ നശിപ്പിക്കാമെന്നും യുവാക്കള്‍ക്ക് അവബോധം നല്‍കണമെന്ന് കായികതാരങ്ങളോട് നിര്‍ബന്ധിച്ചു. രാജ്യം മയക്കുമരുന്നിനെതിരെ നിര്‍ണ്ണായക യുദ്ധം ചെയ്യുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവസരം കിട്ടുമ്പോഴെല്ലാം മയക്കുമരുന്നിന്റെയും ദോഷകരമായ മരുന്നുകളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കാന്‍ പ്രധാനമന്ത്രി കായികതാരങ്ങളോട് ആവശ്യപ്പെട്ടു. മയക്കുമരുന്നിനെതിരെയുള്ള യുദ്ധം ശക്തിപ്പെടുത്താനും ലഹരിമുക്ത ഇന്ത്യ എന്ന ദൗത്യം ഏറ്റെടുക്കാനും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ശാരീരികയോഗ്യതയ്ക്കായി സൂപ്പര്‍ ഭക്ഷണങ്ങളുടെ പ്രാധാന്യവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുകയും രാജ്യത്തെ കുട്ടികള്‍ക്കിടയില്‍ പോഷകസമൃദ്ധമായ ഭക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതിനെക്കുറിച്ച് അവബോധം വളര്‍ത്താന്‍ കായികതാരങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുട്ടികളുമായി ബന്ധപ്പെടാനും ശരിയായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് സംസാരിക്കാനും അദ്ദേഹം പ്രേരിപ്പിച്ചു. ചെറുധാന്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രസ്ഥാനത്തിലും പോഷകാഹാര ദൗത്യത്തിലും അവര്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കായിക രംഗത്തെ വിജയങ്ങളെ ദേശീയ വിജയങ്ങളുടെ വലിയ ക്യാന്‍വാസുമായി പ്രധാനമന്ത്രി ബന്ധിപ്പിച്ചു. ''ഇന്ന്, ഇന്ത്യ ലോക വേദിയില്‍ ഒരു പ്രധാന സ്ഥാനം നേടുമ്പോള്‍, കായിക മേഖലയിലും നിങ്ങള്‍ അത് തെളിയിച്ചു. ഇന്ന്, ലോകത്തിലെ ഏറ്റവും മികച്ച 3 സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമ്പോള്‍, നമ്മുടെ യുവാക്കള്‍ക്ക് അതില്‍ നിന്ന് നേരിട്ട് പ്രയോജനം ലഭിക്കുന്നു,'' അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹിരാകാശം, സ്റ്റാര്‍ട്ടപ്പുകള്‍, ശാസ്ത്രവും സാങ്കേതികവിദ്യയും, സംരംഭകത്വം എന്നിവയിലെ സമാന വിജയങ്ങളെ അദ്ദേഹം പരാമര്‍ശിച്ചു. ''ഇന്ത്യയുടെ യുവത്വത്തിന്റെ സാധ്യത എല്ലാ മേഖലയിലും ദൃശ്യമാണ്,'' അദ്ദേഹം പറഞ്ഞു.

'നിങ്ങളുടെ എല്ലാ കളിക്കാരിലും രാജ്യത്തിന് വലിയ വിശ്വാസമുണ്ട്', ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിനായി തിരഞ്ഞെടുത്ത '100 മെഡലുകള്‍' എന്ന മുദ്രാവാക്യം പ്രധാനമന്ത്രി  ഊന്നിപ്പറഞ്ഞു. അടുത്ത പതിപ്പില്‍ ഈ റെക്കോര്‍ഡ് കൂടുതല്‍ മുന്നോട്ട് പോകുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാരീസ് ഒളിമ്പിക്സ് അടുത്തുതന്നെയാണ്; ഉത്സാഹത്തോടെ തയ്യാറെടുക്കാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. ഇത്തവണ വിജയം നേടാത്ത എല്ലാവരെയും അദ്ദേഹം ആശ്വസിപ്പിക്കുകയും അവരുടെ പിശകുകളുല്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പുതിയ ശ്രമങ്ങള്‍ നടത്താനും നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ 22 മുതല്‍ ആരംഭിക്കാനിരിക്കുന്ന പാരാ ഏഷ്യന്‍ ഗെയിംസിലെ എല്ലാ കളിക്കാര്‍ക്കും ശ്രീ മോദി ആശംസകള്‍ നേര്‍ന്നു.

കേന്ദ്ര യുവജന കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

2022ലെ ഏഷ്യന്‍ ഗെയിംസില്‍ മികച്ച നേട്ടം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിക്കാനും ഭാവി മത്സരങ്ങള്‍ക്ക് അവരെ പ്രചോദിപ്പിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണ് ഈ പരിപാടി. 2022ലെ ഏഷ്യന്‍ ഗെയിംസില്‍ 28 സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ 107 മെഡലുകളാണ് ഇന്ത്യ നേടിയത്. ആകെ നേടിയ മെഡലുകളുടെ എണ്ണത്തില്‍ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

പരിപാടിയില്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിലെ അത്ലറ്റുകള്‍, അവരുടെ പരിശീലകര്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍, ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധികള്‍, യുവജനകാര്യ, കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


 

 

NS

(Release ID: 1966410) Visitor Counter : 232