ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

സ്വച്ഛത ഹി സേവ- 2023 ന് ഇന്ന് തുടക്കം

ന്യൂ ഡൽഹി: സെപ്റ്റംബർ 15, 2023

Posted On: 15 SEP 2023 3:51PM by PIB Thiruvananthpuram

സ്വച്ഛത ഹി സേവ - 2023 (SHS-2023), ഇന്ന് ന്യൂഡൽഹിയിൽ ജൽ ശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്, ഭവന-നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഭവന, നഗരകാര്യ സഹമന്ത്രി ശ്രീ കൗശൽ കിഷോർ സന്നിഹിതനായിരുന്നു.

സ്വച്ഛ് ഭാരത് ദിവസിന്റെ മുന്നോടിയായി, സ്വച്ഛ് ഭാരത് മിഷൻ-അർബനും ഗ്രാമീണും സംയുക്തമായി 2023 സെപ്തംബർ 15 നും ഒക്ടോബർ 2 നും ഇടയിൽ രണ്ടാഴ്ചത്തെ വാർഷിക സ്വച്ഛത ഹി സേവ (SHS) സംഘടിപ്പിക്കുന്നു. രണ്ടാഴ്ചകൊണ്ട് ഇന്ത്യൻ സ്വച്ഛത ലീഗ് 2.0, സഫായിമിത്ര സുരക്ഷാ ശിബിർ, ബഹുജന ശുചീകരണയജ്ഞം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് പൗരന്മാരുടെ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. "മാലിന്യ രഹിത ഇന്ത്യ" എന്നതാണ് സ്വച്ഛത ഹി സേവ 2023 ന്റെ പ്രമേയം.

ചടങ്ങിൽ എസ് എഛ് എസ-2023-നെക്കുറിച്ചുള്ള ഒരു വീഡിയോ പ്രകാശനം ചെയ്തു. എസ് എഛ് എസ് - 2023-ന്റെ ലോഗോ, വെബ്‌സൈറ്റ്, പോർട്ടൽ എന്നിവയുടെ പ്രകാശനത്തിനും ചടങ്ങ് സാക്ഷ്യം വഹിച്ചു. ‘ഇന്ത്യൻ സ്വച്ഛത ലീഗ് (ഐഎസ്എൽ) 2.0’, ‘സഫായിമിത്ര സുരക്ഷാ ശിബിർ’ എന്നിവയുടെ ലോഗോകളും ‘സിറ്റിസൺസ് പോർട്ടലും' ഈ അവസരത്തിൽ പുറത്തിറക്കി.

എസ് ബി എം, എസ് എഛ് എസ് 2023, എന്നിവയെ കുറിച്ചു സംസാരിച്ച ശ്രീ ഹർദീപ് സിംഗ് പുരി, സ്വച്ഛ് ഭാരത് മിഷന്റെ ഒമ്പതാം വാർഷികവും 'സ്വച്ഛത ഹി സേവ' 2023 ന്റെ സമാരംഭവും ആഘോഷത്തിന്റെ നിമിഷമാണെന്ന് പറഞ്ഞു. രാജ്യത്തെ എല്ലാ 4,884 നഗര തദ്ദേശ സ്ഥാപനങ്ങളും (100%) ഇപ്പോൾ വെളിയിട വിസർജ്ജന രഹിതമാണ് (ഒഡിഎഫ്) എന്ന് അദ്ദേഹം പറഞ്ഞു.

73.62 ലക്ഷം ശുചിമുറികൾ (67.1 ലക്ഷം വ്യക്തിഗത ഗാർഹിക ശുചിമുറികൾ, 6.52 ലക്ഷം കമ്മ്യൂണിറ്റി, പൊതു ശുചിമുറികൾ) നിർമ്മിച്ചതിലൂടെ ദശലക്ഷക്കണക്കിന് നഗര ദരിദ്രർക്ക് ഞങ്ങൾ അന്തസ്സും ആരോഗ്യവും പ്രദാനം ചെയ്‌തെന്ന് എസ്‌ബി‌എം കൊണ്ടുവന്ന പരിവർത്തനത്തെക്കുറിച്ച് ശ്രീ പുരി പറഞ്ഞു. രാജ്യത്തെ 95% വാർഡുകളിലും 100%വും വീടുതോറുമുള്ള മാലിന്യ ശേഖരണമുണ്ട്. 88 ശതമാനത്തിലധികം വാർഡുകളിലും ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുന്ന സംവിധാനമുണ്ട്.

എസ്ബിഎമ്മിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട്, കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ 12 കോടി ശുചിമുറികൾ നിർമ്മിച്ചതായി ഭവന, നഗര മന്ത്രി പറഞ്ഞു. ദൗത്യത്തിന്റെ തുടക്കത്തിൽ നിലവിലില്ലാതിരുന്ന നമ്മുടെ ഖരമാലിന്യ സംസ്കരണം, ഇപ്പോൾ 76% ആണ്. ഉടൻ തന്നെ 100% കൈവരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വച്ഛ് ഭാരത് മിഷൻ - അർബൻ 2.0 (SBM-U 2.0) വഴി മിഷന്റെ നഗര ഘടകം ഇപ്പോൾ 2026 വരെ നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നമ്മുടെ എല്ലാ നഗരങ്ങളെയും ‘മാലിന്യ വിമുക്ത’ മാക്കാനും പഴയ മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ ഇല്ലാതാക്കാനും ഇത് ലക്ഷ്യമിടുന്നു.

2023 ഒക്‌ടോബർ 2-ന് നടക്കുന്ന സ്വച്ഛ് ഭാരത് ദിവസിന്റെ മുന്നോടിയായി ഭവന, നഗരകാര്യ മന്ത്രാലയവും (MoHUA) ജൽശക്തി മന്ത്രാലയത്തിലെ കുടിവെള്ള-ശുചിത്വ വകുപ്പും മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ച് 2023 സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെ രണ്ടാഴ്ചത്തെ 'സ്വച്ഛതാ ഹി സേവ' സംഘടിപ്പിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്റെ ഒമ്പത് വർഷം ആഘോഷിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

************************************



(Release ID: 1957904) Visitor Counter : 193