പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്തീസ്ഗഡിലെ റായ്ഗഡില്‍ റെയില്‍ മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 14 SEP 2023 5:38PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 സെപ്റ്റംബര്‍ 15

ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദിയോ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തക ശ്രീമതി. രേണുക സിംഗ് ജി, മാഡം എംപി, എം.എല്‍.എമാര്‍, ഛത്തീസ്ഗഡിലെ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ!

വികസനത്തിലേക്ക് ഛത്തീസ്ഗഡ് ഇന്ന് മറ്റൊരു വലിയ കുതിപ്പ് നടത്തുകയാണ്. 6400 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികളുടെ സമ്മാനമാണ് ഇന്ന് ഛത്തീസ്ഗഡ് ഏറ്റുവാങ്ങുന്നത്. ഊര്‍ജ ഉല്‍പ്പാദനത്തില്‍ ഛത്തീസ്ഗഡിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമേഖലയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനുമായി നിരവധി പുതിയ പദ്ധതികള്‍ക്ക് ഇന്ന് സമാരംഭം കുറിച്ചിട്ടുമുണ്ട്. സിക്കിള്‍ സെല്‍ കൗണ്‍സിലിംഗ് കാര്‍ഡുകളും ഇന്ന് ഇവിടെ വിതരണം ചെയ്തു.

സുഹൃത്തുക്കളെ,
ദ്രുതഗതിയിലുള്ള ആധുനിക വികസനവും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഇന്ത്യന്‍ മാതൃകയും ലോകം മുഴുവന്‍ ഇന്ന് വീക്ഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ജി-20 സമ്മേളനത്തിനായി പ്രധാനപ്പെട്ട ചില രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍ ഡല്‍ഹിയില്‍ വന്നത് നിങ്ങള്‍ എല്ലാവരും കണ്ടതാണ്. ഇന്ത്യയുടെ വികസനവും പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പരിശ്രമങ്ങളും ഇവരിലെല്ലാം മതിപ്പുളവാക്കി. ഇന്ത്യയുടെ വിജയത്തില്‍ നിന്ന് പാഠങ്ങള്‍ തേടുന്നതിനെക്കുറിച്ചാണ് ഇന്ന്, ലോകമെമ്പാടുമുള്ള പ്രമുഖ സംഘടനകള്‍ സംസാരിക്കുന്നത്. ഇത് എന്തുകൊണ്ടെന്നാല്‍, വികസനത്തിന്റെ കാര്യത്തില്‍ ഇന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ മുന്‍ഗണന ലഭിക്കുവെന്നതിനാലാണ്. ഉപമുഖ്യമന്ത്രി പറഞ്ഞതുപോലെ, നമുക്ക് ഒരുമിച്ച് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം. ഛത്തീസ്ഗഢിലെ റായ്ഗഢ് പ്രദേശവും ഇതിന് സാക്ഷിയാണ്. ഈ വികസന പദ്ധതികള്‍ക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അഭിനന്ദിക്കുന്നു.

എന്റെ കുടുംബാംഗങ്ങളെ,

രാജ്യത്തിലെ വികസനത്തിന്റെ ശക്തികേന്ദ്രം പോലെയാണ് ഛത്തീസ്ഗഡ്. മാത്രമല്ല, ശക്തികേന്ദ്രങ്ങള്‍ പൂര്‍ണ ശക്തിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ രാജ്യത്തിന് മുന്നേറാനുള്ള പ്രേരണയും ലഭിക്കൂ. ഈ ചിന്തയോടെ, കഴിഞ്ഞ 9 വര്‍ഷമായി ഛത്തീസ്ഗഢിന്റെ സര്‍വതോന്മുഖമായ വികസനത്തിനായി ഞങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. ആ വീക്ഷണത്തിന്റെയും ആ നയങ്ങളുടെയും ഫലങ്ങള്‍ നമുക്ക് ഇന്ന് ഇവിടെ കാണാന്‍ കഴിയും. ഇന്ന് ഛത്തീസ്ഗഡില്‍ എല്ലാ മേഖലയിലും കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതികള്‍ പൂര്‍ണമായി നടപ്പിലാക്കുകയും പുതിയ പദ്ധതികളുടെ തറക്കല്ലിടല്‍ നടക്കുകയും ചെയ്യുന്നു. ജൂലൈ മാസത്തില്‍ വികസന പദ്ധതികള്‍ക്കായി ഞാന്‍ റായ്പൂരില്‍ എത്തിയിരുന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. വിശാഖപട്ടണം-റായ്പൂര്‍ സാമ്പത്തിക ഇടനാഴി, റായ്പൂര്‍-ധന്‍ബാദ് സാമ്പത്തിക ഇടനാഴി തുടങ്ങിയ പദ്ധതികള്‍ക്ക് തറക്കല്ലിടാനുള്ള വിശേഷഭാഗ്യം അന്ന് എനിക്കുണ്ടായി. പ്രധാനപ്പെട്ട നിരവധി ദേശീയപാതകളാല്‍ സമ്മാനിതമാണ് നിങ്ങളുടെ സംസ്ഥാനം. ഇന്ന്, ഛത്തീസ്ഗഢിന്റെ റെയില്‍ ശൃംഖലയുടെ വികസനത്തിലും ഒരു പുതിയ അദ്ധ്യായം ആലേഖനം ചെയ്യപ്പെടുകയാണ്. ഈ റെയില്‍ ശൃംഖല ബിലാസ്പൂര്‍-മുംബൈ റെയില്‍ പാതയിലെ ജാര്‍സുഗുഡ ബിലാസ്പൂര്‍ ഭാഗത്തെ തിരക്ക് കുറയ്ക്കും. അതുപോലെ, തുടക്കം കുറിയ്ക്കുന്ന മറ്റ് റെയില്‍വേ ലൈനുകളും നിര്‍മ്മിക്കപ്പെടുന്ന റെയില്‍ ഇടനാഴികളും ഛത്തീസ്ഗഢിന്റെ വ്യാവസായിക വികസനത്തിന് പുതിയ ഉയരങ്ങള്‍ നല്‍കും. ഈ പാതകളുടെ പണി പൂര്‍ത്തിയാകുമ്പോള്‍ ഛത്തീസ്ഗഢിലെ ജനങ്ങള്‍ക്ക് മാത്രമല്ല അത് ഗുണകരമാകുക, പുതിയ തൊഴിലവസരങ്ങളും വരുമാന സാദ്ധ്യതകളും ഇവിടെ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

സുഹൃത്തുക്കളെ,

കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്നത്തെ പരിശ്രമങ്ങള്‍ക്കൊപ്പം, രാജ്യത്തിന്റെ ശക്തികേന്ദ്രമെന്ന നിലയിലുള്ള ഛത്തീസ്ഗഡിന്റെ കരുത്തും പലമടങ്ങ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കല്‍ക്കരിപ്പാടങ്ങളില്‍ നിന്ന് വൈദ്യുത നിലയങ്ങളിലേക്ക് കല്‍ക്കരി കൊണ്ടുപോകുന്നതിനുള്ള ചെലവ് കുറയും, കൂടാതെ അതുകൊണ്ടുപോകുന്നതിനുള്ള സമയവും കുറയും. കുറഞ്ഞ ചെലവില്‍ പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് പിറ്റ് ഹെഡ് തെര്‍മല്‍ പവര്‍ പ്ലാന്റും നിര്‍മ്മിക്കുന്നു. തലായിപ്പള്ളി ഖനിയുമായി ബന്ധിപ്പിക്കുന്ന 65 കിലോമീറ്റര്‍ മെറി ഗോ റൗണ്ട് പദ്ധതിയും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. സമീപഭാവിയില്‍ രാജ്യത്ത് ഇത്തരം പദ്ധതികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍, ഛത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിക്കുക.

എന്റെ കുടുംബാംഗങ്ങളെ,

'അമൃത്കാലി'ന്റെ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നമ്മുടെ രാജ്യത്തെ നമുക്ക്് ഒരു വികസിത രാഷ്ട്രമാക്കി മാറ്റണം. ഓരോ രാജ്യവാസിക്കും വികസനത്തില്‍ തുല്യ പങ്കാളിത്തം ഉണ്ടാകുമ്പോള്‍ മാത്രമേ ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. നാം രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുകയും വേണം. ഈ ചിന്തയോടെയാണ് സൂരജ്പൂര്‍ ജില്ലയിലെ അടച്ചുമൂടിയ കല്‍ക്കരി ഖനി ഇക്കോ ടൂറിസത്തിനായി വികസിപ്പിച്ചെടുത്തത്. കോര്‍വ മേ മേഖലയിലും മേഖലയിലും സമാനമായ ഇക്കോ പാര്‍ക്ക് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഖനികളില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം കൊണ്ട് ആയിരക്കണക്കിന് ആളുകള്‍ക്ക് ഇന്ന് ജലസേചനത്തിനും കുടിവെള്ളത്തിനും സൗകര്യമൊരുക്കുന്നുണ്ട്. ഈ പരിശ്രമങ്ങളെല്ലാം ഈ പ്രദേശത്തെ ഗോത്രവര്‍ഗ്ഗ സമൂഹത്തിലെ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യും.

സുഹൃത്തുക്കളെ,

വനവും ഭൂമിയും സംരക്ഷിക്കുക എന്നതും അതേസമയം വനസമ്പത്തിലൂടെ സമൃദ്ധിയുടെ പുതിയ വഴികള്‍ തുറക്കുക എന്നതും ഞങ്ങളുടെ ദൃഢനിശ്ചയമാണ്. ഇന്ന്, രാജ്യത്തെ ലക്ഷക്കണക്കിന് ഗോത്രവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് വന്‍ ധന്‍ വികാസ് യോജനയുടെ പ്രയോജനം ലഭിക്കുന്നു. ഈ വര്‍ഷം ലോകം മില്ലറ്റ് വര്‍ഷവും ആഘോഷിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ നമ്മുടെ ധാന്യങ്ങള്‍ക്കും ചെറുധാന്യങ്ങള്‍ക്കും വിപുലമായ വിപണി സൃഷ്ടിക്കാന്‍ കഴിയുന്നത് സങ്കല്‍പ്പിക്കുക. അതായത്, ഇന്ന് ഒരു വശത്ത് രാജ്യത്തിന്റെ ഗോത്ര പാരമ്പര്യത്തിന് ഒരു പുതിയ സ്വത്വബോധം ലഭിക്കുമ്പോള്‍ തന്നെ, മറുവശത്ത് പുരോഗതിയുടെ പുതിയ പാതകളും തുറക്കുന്നു.

എന്റെ കുടുംബാംഗങ്ങളെ,

ഇവിടെ ഇന്ന് വിതരണം ചെയ്തിട്ടുള്ള അരിവാള്‍ കോശ രോഗത്തിനുളള (സിക്കിള്‍ സെല്‍ അനീമിയ) കൗണ്‍സിലിംഗ് കാര്‍ഡുകള്‍ പ്രത്യേകിച്ച് ആദിവാസി സമൂഹത്തിനുള്ള ഒരു മികച്ച സേവനമാണ്. നമ്മുടെ ഗോത്രവര്‍ഗ്ഗ സഹോദരങ്ങളെയാണ് അരിവാള്‍കോശ രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ശരിയായ വിവരങ്ങളിലൂടെ നമുക്ക് ഒരുമിച്ച് ഈ രോഗത്തെ നിയന്ത്രിക്കാം. 'എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം (സബ്കാ സാത്ത്, സബ്കാ വികാസ്)' എന്ന ദൃഢനിശ്ചയത്തോടെ നാം മുന്നേറണം. ഛത്തീസ്ഗഢിന്റെ വികസന യാത്രയില്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിക്കുന്ന എല്ലാ നടപടികളും ഛത്തീസ്ഗഡിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പ്രതിജ്ഞയോടെ, എല്ലാവരോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നന്ദി പറയുന്നു. അടുത്ത പരിപാടിയില്‍ ചില കാര്യങ്ങള്‍ ഞാന്‍ വിശദമായി പറയാം. ഇന്നത്തെ ഈ പരിപാടിക്ക് ഇത്രമാത്രം. വളരെ നന്ദി!

--NS--


(Release ID: 1957675) Visitor Counter : 123