പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി20 ഉച്ചകോടിയുടെ രണ്ടാം സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 09 SEP 2023 8:38PM by PIB Thiruvananthpuram

നമ്മുടെ ടീമുകളുടെ കഠിനാധ്വാനവും നിങ്ങളുടെ എല്ലാവരുടെയും പിന്തുണയും കൊണ്ട് നമുക്ക് ഇപ്പോള്‍ ഒരു നല്ല വാര്‍ത്ത ലഭിച്ചു; ജി20 നേതാക്കളുടെ ന്യൂഡല്‍ഹി ഉച്ചകോടി പ്രഖ്യാപനം അംഗീകരിച്ചിരിക്കുന്നു.

നേതാക്കളുടെ ഈ പ്രഖ്യാപനം നാമും അംഗീകരിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ പ്രഖ്യാപനം സ്വീകരിക്കേണ്ടതാണെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.

ഈ അവസരത്തില്‍, നമ്മുടെ മന്ത്രിയെയും ഷെര്‍പ്പയെയും ഇത് പ്രയോജനപ്പെടുത്തുന്നതിന് വളരെയധികം പരിശ്രമിച്ച എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; എന്തുകൊണ്ടെന്നാല്‍ അവരെല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

ശ്രേഷ്ഠരേ,
ആദരണീയരേ,


ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ട നമ്മുടെ പുരാതന വേദങ്ങളില്‍ ഇങ്ങനെ പറയുന്നു - 'ഏകോ അഹം ബഹുസ്യാം!' ഇതിനര്‍ത്ഥം, 'ഞാന്‍ ഒന്നാണ്; എന്നെ അനേകനാകാന്‍ അനുവദിക്കൂ'.

സൃഷ്ടി, നവീകരണം, പ്രായോഗികമായ പരിഹാരങ്ങള്‍ എന്നിവയ്ക്കായി 'ഞാന്‍' എന്നതില്‍ നിന്ന് 'ഞങ്ങള്‍' എന്നതിലേക്ക് മാറേണ്ടതുണ്ട്.

'ഞാന്‍' എന്നതില്‍ നിന്നു 'ഞങ്ങള്‍', എന്നതിലേക്ക് എന്നതിന് അര്‍ത്ഥം സ്വയത്തിൽ മാത്രം ചിന്തിക്കാതെ മുഴുവനായി ചിന്തിക്കുക എന്നാണ്.
'എന്റെ' ക്ഷേമം  എന്നതിനു പകരം 'നമ്മുടെ' ക്ഷേമം എന്ന്
ഇതില്‍ നാം ഊന്നിപ്പറയേണ്ടതുണ്ട്.

എല്ലാ വര്‍ഗങ്ങളെയും, എല്ലാ രാജ്യങ്ങളെയും, എല്ലാ സമൂഹത്തെയും, ലോകത്തിലെ എല്ലാ പ്രദേശങ്ങളെയും നാം ബന്ധിപ്പിക്കണം.

ഒരു കുടുംബം എന്ന ആശയത്തിന്റെ സാരം ഇതാണ്.

ഓരോ കുടുംബത്തിനും അതിന്റേതായ പിന്തുണാ സംവിധാനം ഉള്ളതുപോലെ, നാം ഒരുമിച്ച് ഒരു ആഗോള പിന്തുണാ സംവിധാനം നിര്‍മ്മിക്കേണ്ടതുണ്ട്.

മറ്റൊരാളുടെ സന്തോഷം നമ്മെ സന്തോഷിപ്പിക്കണം, മറ്റൊരാളുടെ ദുഃഖം നമ്മെ ഒരേപോലെ ദുഃഖിപ്പിക്കണം എന്ന ചിന്താഗതി വളര്‍ത്തിയെടുക്കണം.

ഒരു കുടുംബമായി ചിന്തിക്കുമ്പോള്‍, ഓരോ അംഗത്തെയും എങ്ങനെ ശാക്തീകരിക്കാം എന്നതും നാം മനസ്സില്‍ സൂക്ഷിക്കുന്നു.

ഈ മനോഭാവത്തിലാണ് ഇന്ത്യ അതിന്റെ എല്ലാ അനുഭവങ്ങളും അതിന്റെ വലിയ ആഗോള കുടുംബവുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നത്.

ഇന്ത്യയില്‍, വികസനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരമാക്കുന്നതിനുമുള്ള ഒരു പാലമായി ഞങ്ങള്‍ സാങ്കേതികവിദ്യയെ സ്വീകരിച്ചു.

ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍ ഐഡന്റിറ്റി, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ജാം (ജംഎഎം) ത്രിത്വം ഉപയോഗിച്ച് ഉള്‍പ്പെടുത്തല്‍, സുതാര്യത, ലക്ഷ്യബോധമുള്ള ഇടപെടലുകള്‍ എന്നിവയുടെ ഒരു പുതിയ മാതൃക ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 നേടാന്‍ 47 വര്‍ഷമെടുക്കുന്ന സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നിരക്ക് ജാം ത്രിത്വം മൂലം വെറും 6 വര്‍ഷത്തിനുള്ളില്‍  കൈവരിച്ചതായി ലോകബാങ്കും അംഗീകരിച്ചിട്ടുണ്ട്.

ഈ മാതൃക ഉപയോഗിച്ച്, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 360 ബില്യണ്‍ ഡോളര്‍ ആവശ്യക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ത്യ നേരിട്ട് കൈമാറി.

ജിഡിപിയുടെ ഏകദേശം 1.25% ആയ ഇത് ഏകദേശം 33 ബില്യണ്‍ ഡോളറിന്റെ ചോര്‍ച്ച തടഞ്ഞു.

തീര്‍ച്ചയായും, ഈ മാതൃക ആഗോള കുടുംബത്തിന്, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിന് വളരെ പ്രയോജനപ്രദമായിരിക്കും.


സുഹൃത്തുക്കളേ,

ഇന്ത്യയുടെ യുവാക്കള്‍, നമ്മുടെ യുവ പ്രതിഭകള്‍, ഒരു കുടുംബത്തിന്റെ രൂപത്തില്‍ ആഗോള നന്മയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്.

വരും കാലങ്ങളില്‍, ആഗോള വളര്‍ച്ച നിലനിര്‍ത്താന്‍ വന്‍തോതില്‍ വിദഗ്ധ യുവ പ്രതിഭകളുടെ കൂട്ടം നിര്‍ണായകമാണ്.

അതിനാല്‍, നമ്മള്‍ 'ആഗോള നൈപുണ്യ മാപ്പിംഗ്' എന്നതിലേക്ക് നീങ്ങണം.

ഗ്ലോബൽ സൗത്തിന് ഇതും മുന്‍ഗണന നല്‍കുന്നു.

സുഹൃത്തുക്കളേ,

ഒരു കുടുംബത്തെക്കുറിച്ച് പറയുമ്പോള്‍, നമ്മുടെ ആഗോള കുടുംബത്തിന് മുന്നിലുള്ള വെല്ലുവിളികളും നാം ഓര്‍ക്കണം.

കൊവിഡിന്റെ രൂപത്തില്‍ ഒരു വലിയ ആഗോള വെല്ലുവിളി വന്നപ്പോള്‍, പതിറ്റാണ്ടുകളായി നിര്‍മ്മിച്ച ആഗോള വിതരണ ശൃംഖലകള്‍ പൂര്‍ണ്ണമായും വെളിവാക്കപ്പെട്ടത് നാം കണ്ടു.

ഒരു കുടുംബം എന്ന ആശയത്തിന് കീഴില്‍, ഇന്ന് നാം വിശ്വാസവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്ന ഒരു ആഗോള വിതരണ ശൃംഖല നിര്‍മ്മിക്കണം.

ഇത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.

രാജ്യങ്ങളെയും മാനവികതയെയും കമ്പോളമായി മാത്രം കാണാന്‍ നമുക്ക് കഴിയില്ല.

പെട്ടെന്നു പ്രതികരിക്കുന്നതും ദീര്‍ഘകാലത്തേക്കുള്ളതുമായ സമീപനമാണ് നമുക്ക് വേണ്ടത്.

വികസ്വര രാജ്യങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.

അതിനാല്‍, മാപ്പിംഗ് ചട്ടക്കൂടിനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം നിലവിലുള്ള വിതരണ ശൃംഖലയെ ശക്തിപ്പെടുത്താന്‍ സഹായിക്കും.

ആഗോള വിതരണ ശൃംഖലയെ ഉള്‍പ്പെടുത്തുന്നതിന്, ചെറുകിട വ്യവസായങ്ങളുടെ സജീവമായ പങ്ക് നാം അംഗീകരിക്കുകയും വേണം.

അവര്‍ക്ക് വിപണികളിലേക്കും വിവരങ്ങളിലേക്കും പ്രവേശനം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, മാത്രമല്ല അവര്‍ക്ക് വ്യാപാരച്ചെലവ് കുറയ്ക്കുകയും വേണം.

സുഹൃത്തുക്കളേ,

ഒരു കുടുംബം എന്ന മന്ത്രത്തില്‍ തുടരുമ്പോള്‍, വികസ്വര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വായ്പാ പ്രതിസന്ധിയെയും സംവേദനക്ഷമതയോടെ നാം അഭിസംബോധന ചെയ്യണം.

പ്രതിസന്ധിയിലായ രാജ്യങ്ങളെ അത് തരണം ചെയ്യാന്‍ അനുവദിക്കുകയും അത്തരം പ്രതിസന്ധികള്‍ ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒരു സംവിധാനം നാം സ്ഥാപിക്കേണ്ടതുണ്ട്.

ഈ ആവശ്യത്തിനായി ധനസഹായം വര്‍ദ്ധിപ്പിക്കുന്നതിന് 'സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള കര്‍മ പദ്ധതി' പ്രകാരം ഒരു ഉടമ്പടി ഉണ്ടെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഇതിന് നിങ്ങള്‍ എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഒരു 'ഹോളിസ്റ്റിക് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്' സംവിധാനത്തിന് ഒരു കുടുംബ സമീപനം ഒരുപോലെ അത്യാവശ്യമാണ്.

ഇന്ത്യയില്‍ സ്ഥാപിതമായ ഡബ്ല്യുഎച്ച്ഒയുടെ പാരമ്പര്യ ഔഷധങ്ങള്‍ക്കായുള്ള ആഗോള കേന്ദ്രം ലോകമെമ്പാടുമുള്ള ആരോഗ്യപരിരക്ഷാ പ്രോത്സാഹനത്തെ ശക്തിപ്പെടുത്തും.

പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ഒരു ആഗോള ശേഖരം സ്ഥാപിക്കാന്‍ നാം ഉടന്‍ ശ്രമിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ,

ലോകമെമ്പാടുമുള്ള എല്ലാ സമൂഹത്തിലും അമ്മമാരാണ് കുടുംബത്തിന്റെ ചാലകശക്തി.

ഇന്ന് ഇന്ത്യയില്‍ എല്ലാ മേഖലയിലും സ്ത്രീ നേതൃത്വത്തെ നാം കാണുന്നു.

ഇന്ത്യയിലെ സ്റ്റെം (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം) ബിരുദധാരികളില്‍ ഏകദേശം 45% സ്ത്രീകളാണ്.

ഇന്ന്, ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിലെ പല നിര്‍ണായക ദൗത്യങ്ങളും നമ്മുടെ വനിതാ ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്നു.

ഇന്ന്, ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഏകദേശം 90 ദശലക്ഷം സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളുടെ പ്രചാരണത്തില്‍ ചേരുന്നതിലൂടെ ചെറുകിട വ്യവസായങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു.

21-ാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം മാറ്റത്തിന്റെ പ്രധാന ചാലകമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.


സുഹൃത്തുക്കളേ,

ഈ ഒരു കുടുംബം സമ്മേളനത്തില്‍ നിങ്ങള്‍ക്കായി മൂന്ന് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ആദ്യം, ലോകത്തിലെ മികച്ച സ്പോര്‍ട്സ് ലീഗുകളോട് അവരുടെ വരുമാനത്തിന്റെ 5% ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലെ സ്ത്രീകള്‍ക്കുള്ള കായിക അടിസ്ഥാന സൗകര്യത്തിനായി  നിക്ഷേപിക്കാന്‍ നമുക്ക് അഭ്യര്‍ത്ഥിക്കാം.

ആഗോള തലത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഒരു പുതിയ മാതൃകയായി ഇത് പ്രവര്‍ത്തിക്കും.

രണ്ടാമതായി, എല്ലാ രാജ്യങ്ങളും വ്യത്യസ്ത വിഭാഗത്തിലുള്ള വിസകള്‍ നല്‍കുന്നതുപോലെ, നമുക്ക് ഒരു പ്രത്യേക വിഭാഗമായി 'ജി20 ടാലന്റ് വിസ' സ്ഥാപിക്കാം.

ആഗോള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ഇത്തരത്തിലുള്ള വിസ നമ്മുടെ മികച്ച ശാസ്ത്ര സാങ്കേതിക പ്രതിഭകള്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കും. അവരുടെ കഴിവുകള്‍ക്കും പ്രയത്‌നങ്ങള്‍ക്കും നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിയും.

മൂന്നാമതായി, ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തില്‍ ആഗോള ബയോ ബാങ്കുകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കാം.

ഈ ബയോ ബാങ്കുകള്‍ക്ക് ഹൃദ്രോഗങ്ങള്‍, സിക്കിള്‍ സെല്‍ അനീമിയ, എന്‍ഡോക്രൈന്‍ രോഗങ്ങള്‍, സ്തനാര്‍ബുദം തുടങ്ങിയ രോഗങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.

ഇന്ത്യയില്‍ ഇത്തരം ആഗോള ബയോ ബാങ്കുകള്‍ സ്ഥാപിക്കുന്നത് നമുക്ക് വലിയ സംതൃപ്തി നല്‍കും.

സുഹൃത്തുക്കളേ,

ഇനി, നിങ്ങളെല്ലാവരില്‍ നിന്നും കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

NS
 



(Release ID: 1956052) Visitor Counter : 103