പ്രധാനമന്ത്രിയുടെ ഓഫീസ്‌

പതിനെട്ടാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

Posted On: 07 SEP 2023 1:28PM by PIB Thiruvananthpuram


ആദരണീയനായ പ്രസിഡന്റ് വിഡോഡോ,
സമാദരണീയരേ,
വിശിഷ്ടാതിഥികളേ,

നമസ്‌കാരം

ഒരിക്കല്‍ കൂടി കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രസിഡണ്ട് വിഡോഡോയുടെ മികച്ച നേതൃത്വത്തിന് ഞാന്‍ എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കൂടാതെ, നിരീക്ഷകനെന്ന നിലയില്‍ ഈ യോഗത്തില്‍.
സന്നിഹിതനായിരിക്കുന്ന തിമോര്‍-ലെസ്റ്റെ പ്രധാനമന്ത്രി ആദരണീയനായ സനാന ഗുസ്മാവോയെ ഞാന്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കിഴക്കന്‍ ഏഷ്യ ഉച്ചകോടി വളരെ പ്രധാനപ്പെട്ട ഒരു വേദിയാണ്. ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപരമായ കാര്യങ്ങളില്‍ സംഭാഷണത്തിനും സഹകരണത്തിനും നേതാക്കള്‍ മാത്രം നയിക്കുന്ന സംവിധാനമാണിത്. കൂടാതെ, ഏഷ്യയിലെ, വിശ്വാസം വളര്‍ത്തുന്ന പ്രാഥമിക സംവിധാനമെന്ന നിലയിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതിന്റെ വിജയത്തിന്റെ താക്കോല്‍ ആസിയാന്‍ കേന്ദ്രീകരണമാണ്.

ആദരണീയരെ , വിശിഷ്ട വ്യക്തികളേ,

'ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാന്‍ കാഴ്ചപ്പാടിനെ' ഇന്ത്യ പൂര്‍ണമായി പിന്തുണയ്ക്കുന്നു. ഇന്തോ-പസഫിക്കിന് വേണ്ടിയുള്ള ഇന്ത്യയുടെയും ആസിയാന്റെയും കാഴ്ചപ്പാടില്‍ ഐക്യമുണ്ട്. 'ഇന്തോ-പസഫിക് സമുദ്ര സംരംഭം' നടപ്പാക്കുന്നതിനുള്ള ഒരു നിര്‍ണായക വേദി എന്ന നിലയില്‍ കിഴക്കന്‍ ഏഷ്യ ഉച്ചകോടിയുടെ പ്രാധാന്യം ഇത് അടിവരയിടുന്നു. ക്വാഡി ന്റെ കാഴ്ചപ്പാടില്‍ ആസിയാന്‍ ഒരു കേന്ദ്ര സ്ഥാനം വഹിക്കുന്നുണ്ട്. ക്വാഡിന്റെ ഗുണപരമായ അജന്‍ഡ ആസിയാനിന്റെ വിവിധ സംവിധാനങ്ങളുമായി ചേര്‍ന്നു പോകുന്നതാണ്.

ആദരണീയരെ, വിശിഷ്ട വ്യക്തികളേ,

നിലവിലെ ആഗോള സാഹചര്യം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളാലും അനിശ്ചിതത്വങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഭീകരത, തീവ്രവാദം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ നമുക്കെല്ലാവര്‍ക്കും വലിയ വെല്ലുവിളികളാണ്. അവയെ ചെറുക്കുന്നതിന് ബഹുരാഷ്ട്ര കൂട്ടായ്മയും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമവും അനിവാര്യമാണ്.

അന്താരാഷ്ട്ര നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടത് അത്യാവശ്യമാണ്; എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക അഖണ്ഡതയും ശക്തിപ്പെടുത്തുന്നതിന് എല്ലാവരുടെയും പ്രതിബദ്ധതയും കൂട്ടായ പരിശ്രമവും ആവശ്യമാണ്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ - ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല. സംഭാഷണവും നയതന്ത്രവും മാത്രമാണ് പരിഹാരത്തിലേക്കുള്ള ഏക വഴി.

ആദരണീയരെ, വിശിഷ്ട വ്യക്തികളേ,

മ്യാന്‍മറിലെ ഇന്ത്യയുടെ നയം ആസിയാന്‍ വീക്ഷണങ്ങള്‍ കണക്കിലെടുത്താണ്. അതേസമയം, അയല്‍രാജ്യമെന്ന നിലയില്‍ അതിര്‍ത്തികളില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നു; ഇന്ത്യ-ആസിയാന്‍ ബന്ധം വര്‍ദ്ധിപ്പിക്കുക എന്നതും ഞങ്ങളുടെ ഊന്നലാണ്. ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവ നമ്മുടെ എല്ലാവരുടെയും താല്‍പ്പര്യമാണ്.

 കപ്പല്‍ ഗതാഗത സ്വാതന്ത്ര്യവും വ്യോമഗതാഗതവും ഉള്ളിടത്ത്; എല്ലാവരുടെയും പ്രയോജനത്തിനായി തടസ്സമില്ലാത്ത നിയമാനുസൃത വാണിജ്യം ഉള്ളിടത്ത് യുഎന്‍ക്ലോസ് (UNCLOS)ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമം എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു ഇന്‍ഡോ-പസഫിക് ആണ് കാലഘട്ടത്തിന്റെ ആവശ്യം. ദക്ഷിണ ചൈനാ കടലിലെ പെരുമാറ്റച്ചട്ടം ഫലപ്രദവും യുഎന്‍ക്ലോസ് അനുസരിച്ച് ആയിരിക്കണമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. കൂടാതെ, ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കാത്ത രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കണം.

ആദരണീയരെ, വിശിഷ്ട വ്യക്തികളേ,

കാലാവസ്ഥാ വ്യതിയാനം, സൈബര്‍ സുരക്ഷ, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, ഊര്‍ജം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ദക്ഷിണ ലോക രാജ്യങ്ങളെ പ്രത്യേകിച്ച് ബാധിക്കുന്നു. ഞങ്ങളുടെ ജി20 അധ്യക്ഷ കാലത്ത് ദക്ഷിണ ലോക രാജ്യങ്ങളുമായി ബന്ധപ്പെട്ട ഈ സുപ്രധാന വിഷയങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.


ആദരണീയരെ, വിശിഷ്ട വ്യക്തികളേ,

കിഴക്കന്‍ ഏഷ്യ ഉച്ചകോടി പ്രക്രിയയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിയുക്ത അധ്യക്ഷന്‍ ലാവോ പി.ഡി.ആറിന് ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. അവരുടെ അധ്യക്ഷ സ്ഥാനത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ ഞാന്‍ ഉറപ്പുനല്‍കുന്നു.

നന്ദി.

 

NS



(Release ID: 1955440) Visitor Counter : 105