പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യത്ത അങ്ങോളമിങ്ങോളമുള്ള 508 റെയില്‍വേസ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിന്റെ ചരിത്രപരമായ ഉദ്യമത്തിന് ഓഗസ്റ്റ് 6 ന് പ്രധാനമന്ത്രി തറക്കല്ലിടും


അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിക്ക്് കീഴില്‍ 24,470 കോടിയിലധികം രുപയുടെ ചെലവിലാണ് സ്‌റ്റേഷനുകള്‍ പുനര്‍ വികസിപ്പിക്കുന്നത്

നഗരത്തിന്റെ ഇരുവശങ്ങളേയും ശരിയായ രീതിയില്‍ സംയോജിപ്പിച്ച് സിറ്റി കേന്ദ്രങള്‍ ആയി സ്‌റ്റേഷനുകള്‍ വികസിപ്പിക്കുന്നതിന് മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കുന്നു

നഗരത്തിന്റെ മൊത്തത്തിലുള്ള നഗരവികസനം റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാകണം എന്ന സമഗ്രമായ വീക്ഷണത്താല്‍ നയിക്കപ്പെടുന്ന സംയോജിത സമീപനം

പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ രൂപകല്‍പ്പന

Posted On: 04 AUG 2023 2:21PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 ഓഗസ്റ്റ് 04

രാജ്യത്തിലെ അങ്ങോളമിങ്ങോളമുള്ള 508 റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിന്റെ ചരിത്രപരമായ ഒരു ഉദ്യമത്തിനുള്ള തറക്കല്ലിടല്‍ ഓഗസ്റ്റ് 6 രാവിലെ 11 ന്‌വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിക്കും.
അത്യാധുനിക പൊതുഗതാഗത സംവിധാനത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി പലപ്പോഴും ഊന്നല്‍ നല്‍കാറുണ്ട്. റെയില്‍വേയാണ് രാജ്യത്തുടനീളമുള്ള ജനങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന ഗതാഗത മാര്‍ഗ്ഗം എന്ന് ചൂണ്ടിക്കാട്ടി, റെയില്‍വേ സ്‌റ്റേഷനുകളില്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നല്‍ നല്‍കുന്നുണ്ട്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, രാജ്യത്തുടനീളമുള്ള 1309 സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിനായാണ് അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിക്ക് സമാരംഭം കുറിച്ചത്.
ഈ പദ്ധതിയുടെ ഭാഗമായി 508 സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിനുള്ള തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. 24,470 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഈ സ്‌റ്റേഷനുകള്‍ പുനര്‍ വികസിപ്പിക്കുന്നത്. നഗരത്തിന്റെ ഇരുവശങ്ങളേയും ശരിയായ രീതിയില്‍ സംയോജിപ്പിച്ചുകൊണ്ട് ഈ സ്‌റ്റേഷനുകളെ നഗരകേങ്ങ്രള്‍ (സിറ്റി സെന്ററുകള്‍) ആയി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കിവരികയാണ്. നഗരത്തിന്റെ മൊത്തത്തിലുള്ള നഗരവികസനം റെയില്‍വേ സ്‌റ്റേഷനെ കേന്ദ്രീകരിച്ചാകണം എന്ന സമഗ്രമായ കാഴ്ചപ്പാടാണ് ഈ സംയോജിത സമീപനത്തെ നയിക്കുന്നത്.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതവും ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മദ്ധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്ത്, തെലങ്കാന, എന്നിവിടങ്ങളില്‍ 21 വീതം, ജാര്‍ഖണ്ഡില്‍ 20, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ 18 വീതം ഹരിയാനയില്‍ 15ഉം കര്‍ണ്ണാടകയില്‍ 13ഉം എന്നിങ്ങനെ രാജ്യത്തിന്റെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഈ 508 സ്‌റ്റേഷനുകളും വ്യാപിച്ചുകിടക്കുന്നത്.
മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത ട്രാഫിക് സര്‍ക്കുലേഷന്‍, ഇന്റര്‍-മോഡല്‍ ഇന്റഗ്രേഷന്‍, യാത്രക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശത്തിനായി നന്നായി രൂപകല്‍പ്പന ചെയ്ത സൂചനകള്‍ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ആധുനിക യാത്രാ സൗകര്യങ്ങളും പുനര്‍വികസനം ലഭ്യമാക്കും. പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും സ്‌റ്റേഷന്‍ കെട്ടിടങ്ങളുടെ രൂപകല്‍പ്പന.

 

ND



(Release ID: 1945745) Visitor Counter : 191