സാംസ്‌കാരിക മന്ത്രാലയം
രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരർക്കു ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനായി 'മേരാ മിട്ടി മേരാ ദേശ്' യജ്ഞം സംഘടിപ്പിക്കും
ഗ്രാമങ്ങൾ മുതൽ ദേശീയതലം വരെ രാജ്യവ്യാപകമായി ജനപങ്കാളിത്തത്തോടെ പരിപാടികൾ
ഗ്രാമപഞ്ചായത്തുകളിൽ ശിലാഫലകങ്ങൾ (സ്മാരക ഫലകങ്ങൾ) സ്ഥാപിക്കും
അമൃതവാടിക നിർമിക്കുന്നതിനായി അമൃതകലശ യാത്രയിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള മണ്ണ് ഡൽഹിയിൽ എത്തിക്കും
Posted On:
03 AUG 2023 7:50PM by PIB Thiruvananthpuram
മൻ കി ബാത്ത് പ്രഭാഷണത്തിലൂടെ അടുത്തിടെയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'മേരാ മിട്ടി മേരാ ദേശ്' യജ്ഞം പ്രഖ്യാപിച്ചത്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെയും ധീരനേതാക്കളെയും ആദരിക്കുക എന്നതാണ് യജ്ഞത്തിന്റെ ലക്ഷ്യം.
ധീരരെ അനുസ്മരിക്കുന്നതിനായി രാജ്യത്തുടനീളം വിവിധ പരിപാടികളാണ് യജ്ഞത്തിൽ ഉൾപ്പെടുത്തുന്നത്. അമൃതസരോവരങ്ങൾക്ക് സമീപമുള്ള ഗ്രാമപഞ്ചായത്തുകളിൽ ധീരരോടുള്ള ആദരസൂചകമായി ശിലാഫലകങ്ങൾ (സ്മാരക ഫലകങ്ങൾ) സ്ഥാപിക്കും. 2021 മാർച്ച് 12ന് ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവി'ന്റെ സമാപനം കുറിക്കുന്നതാണ് ഈ യജ്ഞം. ഇന്ത്യയിലുടനീളം സംഘടിപ്പിച്ച രണ്ടു ലക്ഷത്തിലധികം പരിപാടികളോടെ, വലിയ തോതിലുള്ള പൊതുജന പങ്കാളിത്തത്തിന് (ജൻ ഭാഗീദാരി) 'ആസാദി കാ അമൃത് മഹോത്സവ്' സാക്ഷ്യം വഹിച്ചു.
'മേരാ മിട്ടി മേരാ ദേശ്' യജ്ഞത്തിന്റെ ഭാഗമായി 2023 ഓഗസ്റ്റ് 9 മുതൽ 30 വരെ ഗ്രാമങ്ങളിലും ബ്ലോക്ക് തലങ്ങളിലും തദ്ദേശ നഗര സ്ഥാപനങ്ങളും സംസ്ഥാന, ദേശീയ തലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും.
സ്വാതന്ത്ര്യസമര സേനാനികൾക്കും സുരക്ഷാ സേനയ്ക്കുമായി സമർപ്പിതമായ ശിലാഫലകങ്ങൾ സ്ഥാപിക്കലും, നമ്മുടെ ധീരനേതാക്കളുടെ വീരത്യാഗത്തെ ആദരിക്കുന്ന പഞ്ച് പ്രാൺ പ്രതിജ്ഞ, വസുധ വന്ദൻ, വീരോൻ കാ വന്ദൻ തുടങ്ങിയ സംരംഭങ്ങളും യജ്ഞത്തിൽ ഉൾപ്പെടുത്തും. ഗ്രാമം, പഞ്ചായത്ത്, ബ്ലോക്ക്, ടൗൺ, നഗരം, മുനിസിപ്പാലിറ്റി മുതലായവയിൽ നിന്നുള്ള പ്രാദേശിക വീരന്മാരുടെ ത്യാഗമനോഭാവത്തെ അഭിവാദ്യം ചെയ്യുന്ന ശിലാഫലകങ്ങൾ/സ്മാരക ഫലകങ്ങൾ നഗര-ഗ്രാമ മേഖലകളിൽ സ്ഥാപിക്കും. ആ പ്രദേശത്ത് നിന്ന് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പേരുകൾക്കൊപ്പം പ്രധാനമന്ത്രിയുടെ സന്ദേശവും ഫലകത്തിൽ രേഖപ്പെടുത്തും.
'അമൃതവാടിക' നിർമിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും മണ്ണ് വഹിച്ച് 7500 കലശങ്ങളിൽ നിക്ഷേപിച്ച് 'അമൃതകലശ യാത്ര' നടത്തും. 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന മനോഭാവത്തോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായിരിക്കും ഈ 'അമൃതവാടിക'.
പരിപാടിയിൽ ബഹുജന പങ്കാളിത്തം (ജൻ ഭാഗിദാരി) പ്രോത്സാഹിപ്പിക്കുന്നതിനായി https://merimaatimeradesh.gov.in എന്ന വെബ്‌സൈറ്റിനു തുടക്കം കുറിച്ചു. ജനങ്ങൾക്ക് മണ്ണും മൺവിളക്കും പിടിച്ച് നിൽക്കുന്ന സെൽഫികൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ, ഇന്ത്യയെ വികസിത രാജ്യമാക്കുക, അടിമത്ത മനോഭാവം ഇല്ലാതാക്കുക, നമ്മുടെ സമ്പന്നമായ പൈതൃകത്തിൽ അഭിമാനിക്കുക, ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുക, പൗരന്മാരെന്ന നിലയിൽ കടമകൾ നിറവേറ്റുക, രാഷ്ട്രത്തെ സംരക്ഷിക്കുന്നവരെ ബഹുമാനിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പഞ്ചപ്രാൺ പ്രതിജ്ഞ എടുക്കാനാകും. പ്രതിജ്ഞയെടുത്ത ശേഷം പങ്കാളിത്തം വഹിച്ചതിന്റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
2023 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വരെ സംഘടിപ്പിക്കുന്ന പരിപാടികളോടെ ഈ മാസം 9-ന് രാജ്യവ്യാപക യജ്ഞത്തിനു തുടക്കം കുറിക്കും. 2023 ഓഗസ്റ്റ് 16 മുതൽ ബ്ലോക്ക്, മുനിസിപ്പാലിറ്റി/കോർപ്പറേഷൻ, സംസ്ഥാന തലങ്ങളിൽ തുടർന്നുള്ള പരിപാടികൾ നടക്കും. 2023 ഓഗസ്റ്റ് 30ന് ന്യൂഡൽഹിയിലെ കർത്തവ്യപഥത്തിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാണ് സമാപന ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. 'മേരാ മിട്ടി മേരാ ദേശ്' യജ്ഞത്തിനു കീഴിലുള്ള വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ https://yuva.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹർ ഘർ തിരംഗ: ഏവരുടെയും പങ്കാളിത്തത്തിലൂടെ കഴിഞ്ഞ വർഷം "ഹർ ഘർ തിരംഗ" പരിപാടി വൻ വിജയമായിരുന്നു. ഈ വർഷവും 2023 ഓഗസ്റ്റ് 13 മുതൽ 15 വരെ 'ഹർ ഘർ തിരംഗ' ആഘോഷിക്കും. എല്ലാ പൗരന്മാർക്കും രാജ്യത്ത് എവിടെയും ദേശീയ പതാക ഉയർത്താനും ത്രിവർണ്ണ പതാകയ്‌ക്കൊപ്പം സെൽഫി എടുക്കാനും, ഹർ ഘർ തിരംഗ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും കഴിയും. (hargartiranga.com)
ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വിവര-പ്രക്ഷേപണ സെക്രട്ടറി ശ്രീ അപൂർവ ചന്ദ്ര, സാംസ്കാരിക സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ, സെക്രട്ടറി, കായിക യുവജനകാര്യ സെക്രട്ടറി ശ്രീമതി മീട്ട രാജീവ് ലോചൻ എന്നിവരാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. പ്രസാർ ഭാരതി സിഇഒ ശ്രീ ഗൗരവ് ദ്വിവേദിയും പങ്കെടുത്തു.
--ND--
(Release ID: 1945582)
Visitor Counter : 189
Read this release in:
Kannada
,
Bengali
,
Urdu
,
English
,
Hindi
,
Nepali
,
Marathi
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu