പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് മൂന്നാം പതിപ്പിന് പ്രധാനമന്ത്രി തുടക്കംകുറിച്ചു


''ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് 'ഏക് ഭാരത് ശ്രേഷ്ഠ് ഭാരതി'ന്റെ ഏറ്റവും മഹത്തായ മാധ്യമമായി മാറിയിരിക്കുന്നു''

'' കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇന്ത്യയുടെ കായികരംഗത്തു പുതുയുഗം ആരംഭിച്ചു; കായികരംഗത്തിലൂടെ സമൂഹത്തെ ശാക്തീകരിക്കുന്ന കാലം സമാഗതമായി''

''കായികരംഗം ഇന്ന് ആകര്‍ഷകമായ പ്രൊഫഷനായി മാറി; ഖേലോ ഇന്ത്യ അഭിയാന് അതില്‍ പ്രധാനപ്പെട്ട പങ്കുണ്ട്''

''ദേശീയ വിദ്യാഭ്യാസ നയത്തില്‍ സ്‌പോര്‍ട്‌സ് ഒരു വിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് കരിക്കുലത്തിന്റെ ഭാഗമായിരിക്കും''

''ഖേലോ ഇന്ത്യ, ഇന്ത്യയുടെ പരമ്പരാഗത കായിക ഇനങ്ങളുടെ യശസ്സ് വീണ്ടെടുത്തു''

''ഇന്ത്യയുടെ പുരോഗതി നിങ്ങളുടെ പ്രതിഭയിലും പുരോഗതിയിലുമാണ്. നിങ്ങളാണ് ഭാവിയിലെ ജേതാവ്''

''നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കതീതമായി ഒത്തൊരുമിച്ച് വിജയം നേടുന്നതിന് സ്‌പോര്‍ട്‌സ് സഹായിക്കുന്നു''

Posted On: 25 MAY 2023 8:17PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് 2023ന് തുടക്കം കുറിച്ചു. രാജ്യത്തെ 200 സര്‍വകലാശാലകളില്‍ നിന്നുള്ള 4750 താരങ്ങൾ 21 കായിക ഇനങ്ങളില്‍ മത്സരിക്കും.

ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് 2023 സംഘടിപ്പിച്ചതില്‍ സംഘാടകരെ അഭിനന്ദിച്ച പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് ഇന്ന് കായിക പ്രതിഭകളുടെ സംഗമസ്ഥാനമായി മാറിയെന്നും പറഞ്ഞു. ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസില്‍ പങ്കെടുക്കുന്ന 4000 കായികതാരങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും വന്നവരാണെന്നും ഈ സംസ്ഥാനത്ത് നിന്നുള്ള പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അവരെ പ്രത്യേകം സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിപാടിയുടെ സമാപന ചടങ്ങ് തന്റെ നിയോജകമണ്ഡലമായ വാരാണസിയില്‍ നടക്കുമെന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്ന വേളയില്‍ ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം നിരീക്ഷിച്ച പ്രധാനമന്ത്രി, ടീം സ്പിരിറ്റിനൊപ്പം 'ഏക് ഭാരത് ശ്രേഷ്ഠ ഭാരതം' എന്ന ചൈതന്യം വളര്‍ത്തുന്നതിനുള്ള മികച്ച മാധ്യമമായി ഈ പരിപാടി മാറിയിട്ടുണ്ടെന്ന് പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിന്ന് വരുന്ന അത്‌ലറ്റുകള്‍ പരസ്പരം ആശയവിനിമയം നടത്തുമെന്നും പരിപാടികള്‍ നടക്കുന്ന ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനം അത്തരം സ്ഥലങ്ങളുമായി ബന്ധം കെട്ടിപ്പടുക്കുന്നതിന് കാരണമാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസില്‍ പങ്കെടുക്കുന്നത് എല്ലാ അത്‌ലറ്റുകള്‍ക്കും അവിസ്മരണീയ അനുഭവമായായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന മത്സരങ്ങളില്‍ അവര്‍ക്ക് വലിയ വിജയം ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 9 വര്‍ഷത്തിനിടയില് ഇന്ത്യയില്‍ കായികരംഗത്ത് ഒരു പുതിയ യുഗം ആരംഭിച്ചു. അത് ഇന്ത്യയെ കായികരംഗത്ത് ഒരു വലിയ ശക്തിയാക്കി. സ്‌പോര്‍ട്‌സ് സമൂഹത്തെ ശാക്തീകരിക്കുന്ന ഒരു മാധ്യമം കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റുകളില്‍ നിന്ന് കായികരംഗത്തിന് ആവശ്യമായ പിന്തുണ ലഭിക്കാതിരുന്ന മുന്‍കാലങ്ങളില്‍ കായികരംഗത്തോടു കാട്ടിയ അലംഭാവം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇത് ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും ഗ്രാമത്തിലെ കുട്ടികള്‍ക്കും കായികരംഗത്ത് മികവ് പുലര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടാക്കി. ഒരു കരിയര്‍ എന്ന നിലയില്‍ പരിമിതമായ സാധ്യതകളുള്ളതിനാല്‍ പല മാതാപിതാക്കളും സ്‌പോര്‍ട്‌സിനെ അവഗണിക്കാന്‍ കാരണമായി.

മാതാപിതാക്കള്‍ക്കിടയില്‍ സ്‌പോര്‍ട്‌സിനോടുള്ള മനോഭാവത്തില്‍ ഇപ്പോൾ വലിയ മാറ്റമുണ്ടായതായി പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. സ്‌പോര്‍ട്‌സിനെ ഇപ്പോള്‍ ആളുകള്‍ ആകര്‍ഷകമായ പ്രൊഫഷനായി കാണുന്നുണ്ടെന്നും അതില്‍ ഖേലോ ഇന്ത്യ അഭിയാന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതികള്‍ മുന്‍ ഗവണ്‍മെന്റുകള്‍ക്ക് കായികരംഗത്തോടുള്ള സമീപനത്തിന്റെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്നീട് രാജീവ് ഗാന്ധി അഭിയാന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട പഞ്ചായത്ത് യുവ ക്രീഡ ഔര്‍ ഖേല്‍ അഭിയാന്‍ പോലുള്ള പദ്ധതികളില്‍ ആത്മാര്‍ത്ഥത ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാലങ്ങളില്‍ കായിക മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ മോദി ഖേദം പ്രകടിപ്പിച്ചു. ഇതെല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളിലെ കായിക അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ, മുന്‍ ഗവണ്‍മെന്റുകള്‍ ആറുവര്‍ഷം കൊണ്ട് വെറും 300 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെങ്കില്‍ ഇപ്പോള്‍ ഖേലോ ഇന്ത്യയ്ക്ക് കീഴില്‍ 3000 കോടി രൂപ കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

30,000 ത്തോളം അത്‌ലറ്റുകള്‍ ഇതുവരെ ഖേലോ ഇന്ത്യാ ഗെയിംസില്‍ പങ്കെടുത്തതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ഇതില്‍ 1500 കായികതാരങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. 9 വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് സ്പോര്‍ട്‌സിന്റെ ബജറ്റ് മൂന്നിരട്ടി വര്‍ദ്ധിച്ചു.  ഗ്രാമീണ, വിദൂര പ്രദേശങ്ങളില്‍ പോലും മെച്ചപ്പെട്ട കായിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

ഉത്തര്‍പ്രദേശിനെക്കുറിച്ചു പരാമര്‍ശിക്കവേ, ലക്‌നൗവിലെ കായിക സൗകര്യങ്ങള്‍ വിപുലീകരിക്കൽ, വാരാണസിയിലെ സിഗ്ര സ്റ്റേഡിയം ആധുനികവൽക്കരിക്കൽ തുടങ്ങിയവയ്ക്കായി 400 കോടി രൂപ വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു. ലാൽപുരിലെ സിന്തറ്റിക് ഹോക്കി ഫീല്‍ഡ്, ഗോരഖ്പൂരിലെ വീര്‍ബഹദൂര്‍ സിംഗ് സ്‌പോര്‍ട്‌സ് കോളേജിലെ വിവിധോദ്ദേശ്യ ഹാള്‍, മീററ്റിലെ സിന്തറ്റിക് ഹോക്കി ഫീല്‍ഡ് തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

അത്‌ലറ്റുകള്‍ക്ക് ഇപ്പോള്‍ മെച്ചപ്പെട്ട മത്സരപരിചയം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് അവര്‍ക്ക് വിലയിരുത്താനും മെച്ചപ്പെടുത്താനും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു. ഖേലോ ഇന്ത്യ ഗെയിംസ് ആരംഭിച്ചതിന് പിന്നിലെ പ്രധാന കാരണം ഇതാണ്, ഇത് ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസിലേക്കും ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസിലേക്കും വ്യാപിച്ചു.  ഇത് നമ്മുടെ കായികതാരങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച ഫലങ്ങള്‍ നേടുന്നതിന് കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു.

സ്‌പോര്‍ട്‌സ് പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും രാജ്യത്തെ ആദ്യത്തെ ദേശീയ കായിക സർവകലാശാലയുടെ സമാരംഭം ഈ ലക്ഷ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാനങ്ങളില്‍ കായിക കേന്ദ്രീകൃത ഉന്നതവിദ്യാഭ്യാസത്തിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഉത്തര്‍പ്രദേശ് വളരെ പ്രശംസനീയമായ പ്രവര്‍ ത്തനമാണ് നടത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം മീററ്റിലെ മേജര്‍ ധ്യാന്‍ചന്ദ് കായിക സർവകലാശാലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം 1000 ഖേലോ ഇന്ത്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകടനം മെച്ചപ്പെടുത്തുന്നതിന് പരിശീലനത്തിനും കായിക ശാസ്ത്ര പിന്തുണയും നല്‍കുന്ന 12 ഓളം മികവിന്റെ ദേശീയ കേന്ദ്രങ്ങളും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. 'ഖേലോ ഇന്ത്യ ഇന്ത്യയുടെ പരമ്പരാഗത കായികവിനോദങ്ങളുടെ അന്തസ്സ് പുനഃസ്ഥാപിച്ചു'- ഗട്ക, മല്ലകാമ്പ, താങ്-ടാ, കളരിപ്പയറ്റ്, യോഗാസനം തുടങ്ങിയ വിവിധ തദ്ദേശീയ കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് നല്‍കിയ സ്‌കോളർഷിപ്പുകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

ഖേലോ ഇന്ത്യയില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തത്തിന്റെ പ്രോത്സാഹജനകമായ ഫലം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തെ പല നഗരങ്ങളിലും ഖേലോ ഇന്ത്യ വനിതാ ലീഗ് സംഘടിപ്പിക്കുന്നുണ്ടെന്ന് അറിയിച്ചു. വിവിധ പ്രായപരിധിയിലുള്ള 23,000 വനിതാ താരങ്ങൾ ഇതുവരെ ഇതില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസില്‍ വനിതാ അത്‌ലറ്റുകളുടെ വലിയ പങ്കാളിത്തം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

'ഇന്ത്യയുടെ പുരോഗതി നിങ്ങളുടെ കഴിവുകളിലാണ്, നിങ്ങളുടെ പുരോഗതിയിലാണ്. നിങ്ങളാണ് ഭാവി ജേതാവ് '- ത്രിവര്‍ണ പതാകയുടെ മഹത്വം പുതിയ ഉയരങ്ങളിലെത്തിക്കേണ്ടത് അത്‌ലറ്റുകളുടെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനെക്കുറിച്ചും ടീം സ്പിരിറ്റിനെക്കുറിച്ചും പരാമര്‍ശിക്കവേ, പരാജയവും വിജയവും അംഗീകരിക്കുന്നതിലും ടീം വര്‍ക്കിലും മാത്രമായി ഇത് പരിമിതപ്പെടുന്നുണ്ടോ എന്ന ചോദ്യം പ്രധാനമന്ത്രി ഉന്നയിച്ചു.  സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ അര്‍ത്ഥം ഇതിനേക്കാള്‍ വിശാലമാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് അതീതമായി കൂട്ടായ വിജയത്തിലേക്ക് കായികരംഗം നമ്മെ പ്രചോദിപ്പിക്കുന്നു. മര്യാദയും നിയമങ്ങളും പാലിക്കാന്‍ കായികരംഗം നമ്മെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് എതിരാകുമ്പോള്‍ കളിക്കാര്‍ക്ക് സംയമനം നഷ്ടപ്പെടില്ലെന്നും എല്ലായ്‌പ്പോഴും നിയമങ്ങളോട് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിധിക്കുള്ളില്‍ നില്‍ക്കുകയും എതിരാളിയെ ക്ഷമയോടെ മറികടക്കുകയും ചെയ്യുക എന്നതാണ് കളിക്കാരന്റെ സ്വത്വമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 'ഒരു വിജയി എല്ലായ്‌പ്പോഴും സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെയും അന്തസ്സിന്റെയും ചൈതന്യം പിന്തുടരുമ്പോള്‍ മാത്രമേ മികച്ച കളിക്കാരനാകൂ. അയാളുടെ ഓരോ പെരുമാറ്റത്തില്‍ നിന്നും സമൂഹം പ്രചോദനം ഉള്‍ക്കൊള്ളുമ്പോഴാണ് ഒരു വിജയി മികച്ച കളിക്കാരനാകുന്നത്', പ്രധാനമന്ത്രി പറഞ്ഞു.

 

പശ്ചാത്തലം

രാജ്യത്ത് കായിക സംസ്‌കാരം വികസിപ്പിക്കുന്നതിനും യുവാക്കളെ കായികരംഗത്തേക്ക് പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. വളര്‍ന്നുവരുന്ന കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിനായി ഗവണ്മെന്റ്  വിവിധ പദ്ധതികള്‍ ആരംഭിക്കുകയും രാജ്യത്തെ കായികരംഗത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് സംഘടിപ്പിക്കുന്നത് ഈ ദിശയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ്.

മെയ് 25 മുതല്‍ ജൂൺ 3 വരെ ഉത്തര്‍പ്രദേശില്‍ വെച്ചാണ് ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് മൂന്നാം പതിപ്പ് നടക്കുന്നത്. വാരാണസി, ഗോരഖ്പൂർ, ലക്നൗ, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 21 കായിക ഇനങ്ങളിലായി 200 ലധികം സര്‍വകലാശാലകളില്‍ നിന്നുള്ള 4750 ലധികം അത്‌ലറ്റുകള്‍ ഗെയിംസില്‍ പങ്കെടുക്കും. ഗെയിംസിന്റെ സമാപന ചടങ്ങ് ജൂണ്‍ മൂന്നിന് വാരണാസിയില്‍ നടക്കും. ഗെയിംസിന്റെ ഭാഗ്യ ചിഹ്നത്തിന് ജിത്തു എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഉത്തര്‍പ്രദേശിന്റെ സംസ്ഥാന മൃഗമായ സ്വാമ്പ് മാനിനെ (ബരാസിംഗ) പ്രതിനിധാനം ചെയ്യുന്നു.

*****

-ND-

(Release ID: 1927382) Visitor Counter : 116