പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി7 ഉച്ചകോടിയുടെ ഏഴാം പ്രവർത്തകയോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രാരംഭപ്രസ്താവനയുടെ പൂർണരൂപം


പ്രവർത്തകയോഗം 7: സുസ്ഥിര ഗ്രഹത്തിനായുള്ള കൂട്ടായ പ്രയത്നം (കാലാവസ്ഥ, ഊർജം, പരിസ്ഥിതി ഉൾപ്പെടെ)

Posted On: 20 MAY 2023 5:08PM by PIB Thiruvananthpuram

 

ബഹുമാന്യരേ,

ഇന് നമ്മൾ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവിലാണ്. നിരവധി പ്രശ്നങ്ങളാൽ വലയുന്ന ലോകത്ത്, കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിസംരക്ഷണവും ഊർജസുരക്ഷയുമാണ് ഇന്ന് ഏറ്റവും വലിയ വെല്ലുവിളികൾ. കാലാവസ്ഥാവ്യതിയാനത്തെ ഊർജ വീക്ഷണകോണിൽനിന്നു മാത്രമേ കാണുന്നുള്ളൂ എന്നതാണ് ഈ വലിയ വെല്ലുവിളികളെ നേരിടുന്നതിലെ തടസങ്ങളിലൊന്ന്. നമ്മുടെ ചർച്ചകളുടെ വ്യാപ്തി വർധി‌പ്പിക്കേണ്ടതുണ്ട്.

ഇന്ത്യൻ സംസ്കാരത്തിൽ, ഭൂമിക്ക് അമ്മയുടെ സ്ഥാനമാണു നൽകിയിട്ടുള്ളത്. ഈ വെല്ലുവിളികൾക്കു പരിഹാരം കാണണമെങ്കിൽ ഭൂമി മാതാവിന്റെ വിളി നാം കേൾക്കേണ്ടതുണ്ട്. അതനുസരിച്ച്, നാം സ്വയം മാറണം. നമ്മുടെ പെരുമാറ്റരീതി മാറ്റണം. ഈ മനോഭാവത്തിൽ, ലൈഫ് ദൗത്യം, അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യം, ഹൈഡ്രജൻ ദൗത്യം, ജൈവ ഇന്ധന സഖ്യം, ബിഗ് ക്യാറ്റ് സഖ്യം എന്നിങ്ങനെ ലോകമെമ്പാടും വ്യവസ്ഥാപിത പരിഹാരങ്ങൾ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്. "ഓരോ തുള്ളിയിലും കൂടുതൽ വിള" എന്ന ദൗത്യം പിന്തുടർന്ന് ഓരോ തുള്ളി വെള്ളവും സംരക്ഷിച്ച്, ഇന്ന് ഇന്ത്യയിലെ കർഷകർ പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലാണ്. 2070-ഓടെ 'നെറ്റ് സീറോ' എന്ന ലക്ഷ്യത്തിലേക്കു ഞങ്ങൾ അതിവേഗം നീങ്ങുകയാണ്.

2030-ഓടെ ഞങ്ങളുടെ ബൃഹത്തായ റെയിൽവേ ശൃംഖല 'നെറ്റ് സീറോ' ആയി മാറാൻ തീരുമാനിച്ചു. നിലവിൽ, ഇന്ത്യയിൽ പുനരുപയോഗ ഊർജത്തിന്റെ സ്ഥാപിതശേഷി ഏകദേശം 175 മെഗാവാട്ടാണ്. 2030 ആകുമ്പോഴേക്കും ഇത് 500 മെഗാവാട്ടിലെത്തും. നമ്മുടെ എല്ലാ ശ്രമങ്ങളും ഭൂമിയോടുള്ള നമ്മുടെ ഉത്തരവാദിത്വമായി ഞങ്ങൾ കണക്കാക്കുന്നു. ഈ മൂല്യങ്ങൾ നമ്മുടെ വികസനത്തിന്റെ അടിത്തറയും നമ്മുടെ വികസനയാത്രയുടെ അഭിലാഷപൂർണമായ ലക്ഷ്യങ്ങളിൽ വേരൂന്നിയതുമാണ്. പാരിസ്ഥിതിക പ്രതിബദ്ധതകൾ തടസമല്ല, മറിച്ച് ഇന്ത്യയുടെ വികസനയാത്രയിലെ ഉത്തേജകമാണ്.

ബഹുമാന്യരേ,

കാലാവസ്ഥാപ്രവർത്തനത്തിലേക്ക് നീങ്ങുമ്പോൾ, ഹരിത-സംശുദ്ധ സാങ്കേതികവിദ്യ വിതരണശൃംഖലയെ നാം അതിജീവനശേഷിയുള്ളതാക്കേണ്ടതുണ്ട്. ആവശ്യമുള്ള രാജ്യങ്ങൾക്കു സാങ്കേതികവിദ്യ കൈമാറ്റവും താങ്ങാനാകുന്നവിധം സാമ്പത്തിക സഹായവും നാം നൽകിയില്ലെങ്കിൽ, നമ്മുടെ ചർച്ച വ്യർഥമാകും. താഴേത്തട്ടിൽ മാറ്റമേതും ഉണ്ടാകില്ല.

ഇന്ത്യയിലെ ജനങ്ങൾ പരിസ്ഥിതിയെക്കുറിച്ച് അവബോധമുള്ളവരാണെന്നും അവരുടെ ഉത്തരവാദിത്വങ്ങൾ മനസിലാക്കുന്നുവെന്നും എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. നൂറ്റാണ്ടുകളായി ഈ ഉത്തരവാദിത്വബോധം നമ്മിൽ ഉൾച്ചേർന്നിരിക്കുന്നു. ഏവർക്കുമൊപ്പം സംഭാവനയേകാൻ ഇന്ത്യ പൂർണമായും തയ്യാറാണ്.

നന്ദി.

ND

 


(Release ID: 1926115) Visitor Counter : 130