വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഇന്ത്യയുടെ  കഥപറച്ചിലിന്റെ കരുത്ത് ലോകമെമ്പാടുമെത്തിക്കുന്നതിൽ സിനിമകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മാർഷെ ഡു ഫിലിമിലെ ഇന്ത്യ പവലിയൻ  ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡോ എൽ മുരുകൻ.

Posted On: 17 MAY 2023 5:44PM by PIB Thiruvananthpuram

 

ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ശ്രീ ജാവേദ് അഷ്‌റഫ്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്ര്യലയത്തിലെ  ജോയിന്റ് സെക്രട്ടറി ശ്രീ പൃഥുൽ കുമാർ, ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ താരങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകൻ ഇന്ന് കാനിലെ മാർഷെ ഡു ഫിലിമിൽ  ഇന്ത്യ പവലിയൻ ഉദ്ഘാടനം ചെയ്തു. .

50-ലധികം ഭാഷകളിലായി 3000-ലധികം സിനിമകളുള്ള ലോകത്തിലെ ഏറ്റവും വലിയ സിനിമ നിർമാണ രാജ്യമാണ് ഇന്ത്യയെന്ന് ചലച്ചിത്രതാരങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ.മുരുകൻ പറഞ്ഞു.   ഇന്ത്യയുടെ കഥപറച്ചിലിന്റെ ശക്തിയുടെ സന്ദേശം ഈ സിനിമകൾ ലോകമെമ്പാടുമെത്തിക്കുന്നു.

മുതുമലയിലെ എലിഫന്റ് വിസ്‌പറേഴ്‌സിന്റെ ഉദാഹരണം ഉദ്ധരിച്ച്, ഇന്ന് നല്ല ഉള്ളടക്കത്തിന് അതിരുകളില്ലെന്നും ഇന്ത്യൻ സിനിമകൾ  പ്രാദേശിക തലത്തിൽനിന്ന്  ആഗോളതലത്തിലേക്ക് പോകുന്ന ഒരു യുഗത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നതെന്നും മന്ത്രി എടുത്തുപറഞ്ഞു.

ലോക വേദിയിൽ ഇന്ത്യൻ സിനിമകളുടെയും സിനിമാ നിർമ്മാതാക്കളുടെയും സമീപകാല വിജയത്തെ ഡോ മുരുകൻ അനുസ്മരിച്ചു. ആനിമേഷൻ അല്ലെങ്കിൽ VFX ക്രെഡിറ്റുകളിൽ ഇന്ത്യൻ പേരില്ലാത്ത ഒരു സിനിമ കണ്ടെത്താൻ ഇന്ന് ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സാങ്കേതികവിദ്യകളുടെ വരവോടെയും ഡിജിറ്റൽ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ ഉയർച്ചയിലൂടെയും ഇന്ത്യൻ ചലച്ചിത്ര വ്യവസായം സമീപ വർഷങ്ങളിൽ കാര്യമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ വിനോദ& മാധ്യമ മേഖല 2023-ൽ 11.4% എന്ന അസാധാരണ വളർച്ച കൈവരിക്കാൻ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ ഈ രംഗത്തെ  വരുമാനം 2.36 ട്രില്യൺ രൂപയിലേക്ക് ഉയരും


ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ, ഗ്രാമീണ ടെലികോം കണക്റ്റിവിറ്റി, താങ്ങാൻ ആവുന്ന നിരക്കിൽ ഉള്ള ഡാറ്റ  ലഭ്യതയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്ന നയ പരിഷ്‌കാരങ്ങൾ എന്നിവയിലൂടെ ഇന്ത്യയിൽ സിനിമ വ്യവസായം ശക്തിപ്പെടുത്തുന്നതിനും ശക്തമായ സർഗാത്മക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിന് മന്ത്രാലയം സ്വീകരിച്ച നടപടികളെക്കുറിച്ച് ഡോ.മുരുകൻ പറഞ്ഞു. “ഐടി മേഖലയുടെ ഞങ്ങളുടെ സാങ്കേതിക ശക്തി കലാകാരന്മാരുടെ സമ്പന്നമായ പ്രതിഭാ ശേഷിയുമായി സമന്വയിപ്പിച്ചത്   ആഗോള സിനിമയിലെ ഉള്ളടക്ക സ്രഷ്ടാവായി പ്രവർത്തിക്കാൻ ഇന്ത്യയെ ഏറ്റവും അനുയോജ്യമാക്കുന്നു. ഈ മേഖലയുടെ പ്രോത്സാഹനത്തിനായി നമ്മുടെ ഗവൺമെന്റ് ഒരു കർമ്മ സമിതി  രൂപീകരിച്ചിരുന്നു. എവിജിസിക്കായി ഒരു നാഷണൽ സെന്റർ ഓഫ് എക്‌സലൻസും ഒരുങ്ങുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ സിനിമകൾക്ക് ഇന്ത്യ ആകർഷകമായ  കേന്ദ്രമാണെന്ന് ഡോ. മുരുകൻ പറഞ്ഞു. ഷൂട്ടിംഗ്, കോ-പ്രൊഡക്ഷൻ, ആനിമേഷൻ, ചെലവ് കുറഞ്ഞ പോസ്റ്റ്-പ്രൊഡക്ഷൻ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര സിനിമാ വ്യവസായത്തിന് താല്പര്യം തോന്നുന്ന വിധത്തിൽ ഇന്ത്യയെ വികസിപ്പിക്കാൻ ഗവൺമെന്റ്  പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി ശ്രീ അനുരാഗ് താക്കൂർ വീഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 'ഫെസ്റ്റിവൽ ഡി കാൻ' നമ്മുടെ സിനിമാ മികവ് പ്രോത്സാഹിപ്പിക്കുന്നതിൽ മാത്രമല്ല, ഇന്ത്യ-ഫ്രഞ്ച് ബന്ധം ശക്തിപ്പെടുത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് മന്ത്രി തന്റെ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

ഈ വർഷം ആദ്യമായി, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കഴിവുള്ള ചലച്ചിത്ര പ്രവർത്തകരുടെ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെ  കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് അയച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു .  സിനിമാ നിർമ്മാണത്തിലെ പ്രാദേശിക വൈവിധ്യങ്ങൾ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ട് ഇന്ത്യയുടെ സമ്പന്നമായ സിനിമാ സംസ്കാരത്തിന്റെ ആഴവും വൈവിധ്യവും കാനിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ആശയമെന്ന് അദ്ദേഹം പറഞ്ഞു.  ഈ വർഷം കാൻ ക്ലാസിക് വിഭാഗത്തിൽ തിരഞ്ഞെടുത്ത മണിപ്പൂരി ഭാഷാ ചിത്രമായ 'ഇഷാനോ'യുടെ നെഗറ്റീവുകൾ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ ഡിജിറ്റലൈസ് ചെയ്തതായി അദ്ദേഹം പ്രേക്ഷകരെ അറിയിച്ചു.

3 വ്യത്യസ്ത വിഭാഗങ്ങളിലായി 3 സിനിമകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും അവയിൽ 2 എണ്ണം ഓസ്‌കാറുകൾ കൊണ്ടുവരികയും ചെയ്തു. ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ സർഗ്ഗാത്മകത, ഉള്ളടക്കം, സാങ്കേതിക കഴിവുകൾ എന്നിവയുടെ ആഴം ലോകം ഇനിയും കൂടുതൽ കാണാനുണ്ടെന്ന്  ശ്രീ താക്കൂർ പറഞ്ഞു. ശക്തമായ ആഖ്യാനങ്ങൾ, ഉയർന്ന നിലവാരത്തിലുള്ള വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള ഉള്ളടക്ക ക്യൂറേഷൻ, പോസ്റ്റ്-പ്രൊഡക്ഷൻ കഴിവുകൾ, 16 രാജ്യങ്ങളുമായുള്ള കോ-പ്രൊഡക്ഷൻ ഉടമ്പടികൾ എന്നിവയിലൂടെ ഇന്ത്യ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് ആകർഷകമായ ലക്ഷ്യസ്ഥാനമായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 നവംബറിൽ ഗോവയിൽ സംഘടിപ്പിക്കുന്ന 54-ാമത്  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ   പോസ്റ്ററിന്റെയും ട്രെയിലറിന്റെയും അനാച്ഛാദനത്തിനും ചടങ്ങ് സാക്ഷ്യം വഹിച്ചു.

 

SKY

 

****



(Release ID: 1925046) Visitor Counter : 149